ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത് ശബരിമല യുവതീ പ്രവേശനം മാത്രമാണോ? ഏപ്രിൽ ഏഴിന് വാദം കേള്‍ക്കുന്നത് എന്തൊക്കെ?

ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത് ശബരിമല യുവതീ പ്രവേശനം മാത്രമാണോ? ഏപ്രിൽ ഏഴിന് വാദം കേള്‍ക്കുന്നത് എന്തൊക്കെ?
Published on

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ ഏപ്രില്‍ 7 മുതല്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുകയാണ്. മാര്‍ച്ച് പതിനാലിനുള്ളില്‍ കക്ഷികള്‍ക്ക് മാര്‍ച്ച് പതിനാലിന് മുന്‍പായി നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല വിധിയിലാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതെങ്കിലും ഈ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളില്‍ ശബരിമലയെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോടതി പരിഗണിക്കുക. ഏഴ് നിയമപ്രശ്‌നങ്ങളാണ് ബെഞ്ചിന് മുന്നിലുള്ളത്. ശബരിമല കൂടാതെ മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനാനുമതി നല്‍കുന്നത്, ഷിയാ മുസ്ലീങ്ങളിലെ ദാവൂദി ബോറ സമുദായത്തിലെ പെണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന ആവശ്യം, മറ്റുമതങ്ങളിലുള്ളവരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളെ ക്ഷേത്രങ്ങളില്‍ വിലക്കുന്ന വിഷയം തുടങ്ങിയ കേസുകളിലെ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവയും ബെഞ്ച് പരിശോധിക്കുന്നുണ്ട്.

supreme court 
supreme court google

പരിഗണനാ വിഷയങ്ങള്‍

  1. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് കീഴില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ സാധ്യതയും പരിധിയും

  2. 25-ാം അനുച്ഛേദ പ്രകാരം വ്യക്തികളുടെ അവകാശത്തിനും 26-ാം അനുച്ഛേദ പ്രകാരം പ്രത്യേക വിശ്വാസി സമൂഹത്തിന്റെ അവകാശത്തിനും ഇടയിലുള്ള പരസ്പര ബന്ധം എന്താണ്?

  3. 26-ാം അനുച്ഛേദ പ്രകാരം വിശ്വാസി സമൂഹത്തിന്റെ അവകാശങ്ങള്‍, പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവക്ക് പുറമേ ഭരണഘടനയുടെ മൂന്നാം പാര്‍ട്ടിലെ മറ്റ് വകുപ്പുകള്‍ക്ക് വിധേയമാണോ?

  4. 25, 26 അനുച്ഛേദത്തിന് കീഴിലെ ധാര്‍മികത എന്ന വാക്കിന്റെ സാധ്യത, പരിധി എന്നിവ എന്താണ്? ഭരണഘടനാ ധാര്‍മികത അതില്‍ ഉള്‍പ്പെടുമോ?

  5. 25-ാം അനുച്ഛേദ പ്രകാരമുള്ള മതാചാരങ്ങള്‍ കോടതികള്‍ക്ക് പരിശോധിക്കുന്നതില്‍ പരിമിതിയുണ്ടോ?

  6. ഭരണഘടനയുടെ 25(2)(ബി)യില്‍ പറയുന്ന ഹിന്ദുക്കളുടെ വിഭാഗങ്ങള്‍ എന്നതിന്റെ വിശദീകരണം

  7. മതാചാരങ്ങള്‍ അതാത് മതങ്ങള്‍ക്ക് പുറത്തുള്ളവര്‍ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്താല്‍ അംഗീകരിക്കാനാകുമോ?

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. അതേസമയം പരിഗണനാ വിഷയങ്ങള്‍ വിശാലമായതിനാല്‍ സമാനമായ കേസുകള്‍ കൂടി ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ശബരിമല കേസില്‍ കക്ഷികളുടെ നിലപാട് ചോദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും നല്‍കേണ്ടി വരും. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഈ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതില്‍ രാഷ്ട്രീയ പ്രാധാന്യം ഏറുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in