

അറുപതു കഴിഞ്ഞ അറുപത് ലക്ഷം മനുഷ്യർ. ഒരൊറ്റ പ്രഖ്യാപനം. ഒരൊറ്റ വാക്ക്. "വയോജന ക്ഷേമ വകുപ്പ്" ആ വാക്കിൽ ഇന്ന് കോടിക്കണക്കിന് പ്രതീക്ഷകൾ ഒളിഞ്ഞുകിടക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ തികയും മുൻപ് പുതിയ യുഡിഎഫ് സർക്കാർ ഒരു ചരിത്ര തീരുമാനം കൈക്കൊണ്ടു. 60 വയസ്സ് കഴിഞ്ഞ ഓരോ കേരളീയനുമായി, ഒരു പ്രത്യേക സർക്കാർ വകുപ്പ്. ഇന്ത്യയിൽ ഇത്തരത്തിൽ ഒരു പൂർണ്ണ വകുപ്പ് ഇതാദ്യമാണ്. പക്ഷേ ഇത് ഒരു "വലിയ കാര്യം" തന്നെ ആണോ? പ്രഖ്യാപനത്തിൽ നിന്ന് ഫലത്തിലേക്ക് എത്തുമോ?
1. എന്താണ് വയോജന ക്ഷേമ വകുപ്പ്? എന്തിനാണ് ഈ വകുപ്പ്?
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ വകുപ്പ് പ്രഖ്യാപിച്ചത്. 60 വയസ്സ് കഴിഞ്ഞവരുടെ ക്ഷേമം, ആരോഗ്യ ആനുകൂല്യങ്ങൾ, സുരക്ഷ, പെൻഷൻ, ഇവ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു സ്വതന്ത്ര വകുപ്പ്. UDF-ന്റെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനമായിരുന്നു ഇത്.
ഇതുവരെ കേരളത്തിൽ 60 വയസ്സ് കഴിഞ്ഞ ഒരാളുടെ പെൻഷൻ മുടങ്ങിയാലോ, ആശുപത്രി ആനുകൂല്യം വേണ്ടി വന്നാലോ, ദ്രോഹത്തിന് ഇരയായാലോ ഓടേണ്ടിവരുന്നത് സാമൂഹിക നീതി വകുപ്പിലേക്കായിരുന്നു (Social Justice Department). ഒരേ ഓഫീസ്. ഒരേ ഫണ്ട്. ഒരേ ഉദ്യോഗസ്ഥർ. ഒരേ ക്യൂ.
അനാഥരും ഭിന്നശേഷിക്കാരും വയോധികരുമെല്ലാം ഒരേ വരിയിൽ നിൽക്കേണ്ട അവസ്ഥയായിരുന്ന്. പുതിയ വകുപ്പ് ഈ അവസ്ഥ മാറ്റാൻ ലക്ഷ്യമിടുന്നു. വയോജന ക്ഷേമ വകുപ്പ് (Department of Senior Citizens Welfare) എന്ന പുതിയ സംവിധാനം വഴി 60 വയസ്സിനു മുകളിലുള്ളവരുടെ ആവശ്യങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക സംവിധാനം നിലവിൽ വരികയാണ്. സ്വന്തമായി ഫണ്ടും, പ്രത്യേക ഉദ്യോഗസ്ഥരും, കൃത്യമായ ഫോക്കസും ഈ വകുപ്പിനുണ്ടാകും.
“യുവാക്കൾക്ക് IT വകുപ്പും യുവജന ക്ഷേമ വകുപ്പുമുള്ളത് പോലെ, ഇനി മുതിർന്ന പൗരന്മാർക്കും അവരുടെ സ്വന്തം വകുപ്പ്!”
2. ഇങ്ങനെ ഒന്ന് ഇപ്പോളെന്തിന്?
കേരളം യുവ സംസ്ഥാനം ആണെന്ന ചിന്ത ഇനി നമുക്ക് മാറ്റാം. നമ്മുടെ സംസ്ഥാനത്തെ ജനസംഖ്യാ കണക്കുകൾ അത് തിരുത്തുന്നു.
16.5%: പേർ 60 വയസ്സ് കഴിഞ്ഞവർ
22.8%: 2035ൽ ഉയരുന്ന നിരക്ക്.
#1 സ്ഥാനം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോധികരുള്ള സംസ്ഥാനമാണ് കേരളം.
2021ൽ കേരളത്തിൽ 12.6% പേരായിരുന്നു 60 വയസ്സിന് മുകളിൽ. 2021ൽ അത് 16.5% ആയി ഉയർന്നു. സങ്കല ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പഠനം പ്രകാരം 2035ഓടെ ഇത് 22.8% ആകും. കേരളീയരിൽ നാലിൽ ഒരാൾ വയോധികൻ.
2011ൽ കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവർ 12.6 ശതമാനം. 2021ൽ അത് 16.5 ശതമാനം ആയി ഉയർന്നു. ജനസംഖ്യയുടെ 16.5 മുതൽ 18.7 ശതമാനം വരെ ഇപ്പോൾ വയോധികരാണ്. 2035 ആകുമ്പോഴേക്കും ഇത് 22.8 ശതമാനം ആകുമെന്ന് സങ്കല ഫൌണ്ടേഷൻ കണക്കാക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധ ജനസംഖ്യ ഉള്ള സംസ്ഥാനം, കേരളം.
60 കഴിഞ്ഞ സ്ത്രീകൾ ശരാശരി 22 വർഷം കൂടി ജീവിക്കുന്നു. പുരുഷൻ 18 വർഷവും. ആ ഇരുപതോളം വർഷം ഈ മനുഷ്യർ എന്തുചെയ്ത് കഴിയണം? ഏത് ഓഫീസ് കയറണം? ആരെ വിളിക്കണം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വകുപ്പ്.
ഗൾഫിൽ മക്കൾ. കേരളത്തിൽ ഒറ്റപ്പെട്ട് പോയ അച്ഛനമ്മമാർ. ഇത് ഒരു നിശബ്ദ പ്രതിസന്ധി ആണ്. 2025ൽ ഒരു വയോജന നയം ഉണ്ടാക്കി. എന്നാൽ അത് പ്രായോഗികമായില്ല. ഇത്തവണ, ഒരു വകുപ്പ് തന്നെ നിലവിൽ വരുന്നു.
3. ആരാണ് ഇതിന് പിന്നിൽ?
ഇത് ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായ ആശയമല്ല. ഈ വകുപ്പിന്റെ വേരുകൾ കണ്ടെത്താൻ കുറച്ച് വർഷങ്ങൾ പിന്നോട്ട് പോകേണ്ടിവരും.
മുൻ LDF സർക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ ഒരു "വയോജന ബജറ്റ്" ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു. തുടർന്ന് ഇന്ത്യയിൽ ആദ്യമായി ഒരു വയോജന കമ്മീഷൻ നിലവിൽ വന്നതും കേരളത്തിലാണ്. 60 വയസ്സ് കഴിഞ്ഞവർക്ക് ഉപദേശവും നിർദ്ദേശങ്ങളും നിയമ സഹായവും നൽകുന്ന ഒരു അർദ്ധ-നിയമ സ്ഥാപനം. എന്നാൽ ആ കമ്മീഷൻ ഒരു ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഉപദേശം നൽകാൻ ഒരു കമ്മീഷൻ മതിയാകില്ല, നടപ്പാക്കാൻ അധികാരമുള്ള ഒരു സ്വതന്ത്ര ഡയറക്ടറേറ്റ് വേണം. സാമൂഹിക വിദഗ്ധരും ഇതേ ആവശ്യം ആവർത്തിച്ചു.
ആ ആവശ്യത്തെ UDF ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനമാക്കി. അഞ്ച് ഇന്ദിരാ ഗ്യാരന്റികളിൽ ഒന്ന്, വയോജന ക്ഷേമ വകുപ്പ്. അധികാരത്തിൽ വന്നതിന് ശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉത്തരവ് ഇറക്കി. ഒരു കമ്മീഷൻ ഉപദേശം നൽകും, ഒരു വകുപ്പ് അത് നടപ്പാക്കും. ഇതാണ് ഈ ആശയത്തിന്റെ ഘടനാപരമായ മാറ്റം.
4. ഇതിന് മുൻപ് ഇവിടെ?
ഇന്ത്യയിൽ കേന്ദ്ര തലത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ വയോജനങ്ങൾക്കായി മാത്രമായി ഒരു 'സ്വതന്ത്ര മന്ത്രാലയം' ഇല്ല. 'മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ്' എന്ന വലിയ വകുപ്പിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് വയോജന ക്ഷേമം. അതിനെ മൈക്രോ ലെവലിൽ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
ആഗോളതലത്തിൽ കാനഡയിൽ 'മിനിസ്റ്റർ ഫോർ സീനിയേഴ്സ്' (Minister for Seniors) എന്ന പ്രത്യേക പദവിയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ വയോധികരുള്ള ജപ്പാനിലും ഇതിനായി പ്രത്യേക മന്ത്രാലയമുണ്ട്. ആ ഒരു അന്താരാഷ്ട്ര മാതൃകയിലേക്കാണ് കേരളവും ഇപ്പോൾ ചുവടുവെക്കുന്നത്.
5. ജപ്പാൻ മോഡൽ, എന്താണ് ലക്ഷ്യം?
ലോകോത്തര നിലവാരത്തിലുള്ള ജപ്പാൻ മോഡൽ പരിപാലന രീതി കേരളത്തിൽ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇതാണ് ഈ വകുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ചർച്ചയാകുന്ന ഭാഗം.
ജപ്പാൻ ലോകത്ത് ഏറ്റവും കൂടുതൽ പ്രായം ചെന്നവരുള്ള രാഷ്ട്രമാണ്. ആ രാജ്യം "Long Term Care Insurance", ദീർഘകാല പരിചരണ ഇൻഷുറൻസ്, എന്ന പദ്ധതി ദശകങ്ങൾ മുൻപേ നടപ്പാക്കി. ഒരു വൃദ്ധൻ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടിൽ ആകുമ്പോൾ ആ ഇൻഷുറൻസ് വഴി 90 ശതമാനം ചികിത്സ ചെലവും ജപ്പാൻ സർക്കാർ വഹിക്കുന്നു.
ഇതിനൊപ്പം ജപ്പാൻ ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികൾ: ഓരോ വൃദ്ധന്റെയും ആരോഗ്യനില വിലയിരുത്തി ആവശ്യമായ പരിചരണം നൽകൽ, പകൽ സംരക്ഷണ കേന്ദ്രങ്ങൾ (ഡേ കെയർ), ഹ്രസ്വകാല താമസ സൗകര്യം, കിടപ്പുരോഗികളെ പരിചരിക്കുന്ന കെയർ റോബോട്ടുകൾ, മറവി രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കൽ, ഒറ്റപ്പെടൽ തടയൽ.
ഇതൊക്കെ കേരളത്തിൽ നടപ്പാകണമെങ്കിൽ ഘടനാപരമായ മാറ്റങ്ങൾ, സ്ഥിരമായ ഫണ്ടിങ്, തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം, ഇവ ഒരുമിച്ച് വേണ്ടിവരും. ജപ്പാൻ ഇതിനായി ദശകങ്ങൾ എടുത്തു. കേരളം ഈ ലക്ഷ്യം എത്ര കാലത്തിനകം സാക്ഷാത്കരിക്കും എന്നത് ഇനി നോക്കിക്കാണേണ്ടതാണ്.
6. ഗുണങ്ങൾ എന്തൊക്കെ?
വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലൂടെ വലിയ പ്രതീക്ഷകളാണുള്ളത്.
സിംഗിൾ വിൻഡോ സിസ്റ്റം: മുതിർന്ന പൗരന്മാരുടെ പെൻഷൻ, ആരോഗ്യം, മറ്റ് പരാതികൾ എന്നിവയ്ക്കെല്ലാം ഇനി ഒരൊറ്റ ഓഫീസിൽ പരിഹാരം ലഭിക്കും. പല വകുപ്പുകൾ കയറിയിറങ്ങേണ്ടി വരില്ല.
പ്രത്യേക ബജറ്റ്: വയോജന ക്ഷേമ പദ്ധതികൾക്കായി മാത്രം തുക മാറ്റിവെക്കപ്പെടുന്നതിനാൽ ഫണ്ട് മറ്റ് കാര്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കപ്പെടില്ല.
വേഗത്തിലുള്ള ഫയൽ നീക്കം: വയോധികരുടെ അപേക്ഷകൾ മറ്റ് പൊതു ഫയലുകൾക്കൊപ്പം സാധാരണ ഓഫീസുകളിൽ കിടന്ന് ചുവപ്പുനാടയിൽ കുടുങ്ങില്ല.
പ്രത്യേക സുരക്ഷ: ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും അവർക്ക് നിയമസഹായം നൽകാനും പ്രത്യേക സംവിധാനമുണ്ടാകും.
കഴിവുകളുടെ വിനിയോഗം: മുതിർന്നവരെ വെറും 'ആശ്രിതർ' മാത്രമായി കാണാതെ, അവരുടെ പരിചയസമ്പത്തും കഴിവുകളും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിക്കാം.
7. നേരിടേണ്ടി വരുന്ന വെല്ലുവിളികൾ (Cons & Challenges):
ഗുണങ്ങളോടൊപ്പം തന്നെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാർ നേരിടേണ്ടതുണ്ട്.
ഡിജിറ്റൽ ഡിവൈഡ് (Digital Divide): വയോജനങ്ങളിൽ ഭൂരിഭാഗം പേർക്കും സ്മാർട്ട്‌ഫോണോ ഓൺലൈൻ സംവിധാനങ്ങളോ കൈകാര്യം ചെയ്യാൻ അറിയില്ല. അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുമ്പോൾ അവർക്ക് മറ്റുള്ളവരെ അമിതമായി ആശ്രയിക്കേണ്ടി വരും.
ഗ്രാമീണ മേഖലകളിലെ ലഭ്യത: നഗരങ്ങളിൽ ലഭിക്കുന്ന അത്രയും വേഗത്തിൽ ഉൾനാടൻ ഗ്രാമങ്ങളിലെയും മലയോര മേഖലകളിലെയും സാധാരണക്കാരായ വയോധികരിലേക്ക് ഈ വകുപ്പിന്റെ സേവനങ്ങൾ എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
പെൻഷൻ വിതരണത്തിലെ സാമ്പത്തിക പ്രതിസന്ധി: നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ, ഒരു പുതിയ വകുപ്പ് വന്നതുകൊണ്ട് മാത്രം ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യാൻ സാധിക്കുമോ എന്നത് കണ്ടറിയണം.
തദ്ദേശ സ്ഥാപനങ്ങളുമായുള്ള ഏകോപനം: പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ നിലവിലുള്ള കുടുംബശ്രീ, ആശാ വർക്കർമാർ തുടങ്ങിയ സംവിധാനങ്ങളുമായി പുതിയ വകുപ്പ് എങ്ങനെ ഒത്തുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വിജയം.
നിലവിലുള്ള സംവിധാനങ്ങളുമായി ഒത്തൊരുമ: കുടുംബശ്രീ, ആശ, ആർദ്രം മിഷൻ, ഇവ ഇതിനകം വൃദ്ധരുമായി ഇടപഴകുന്ന ഘടനകളാണ്. പുതിയ വകുപ്പ് ഇവരുമായി ഏകോപിക്കാതിരുന്നാൽ ഒരേ ആൾ ഒന്നിലേറെ ഓഫീസുകൾ കയറേണ്ടി വരും.
ജപ്പാൻ മോഡലിന്റെ ചെലവ്: ജപ്പാൻ ഈ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ദശകങ്ങൾ എടുത്തു. കേരളം ഇന്ന് ഗുരുതരമായ ധനക്കമ്മി നേരിടുന്ന ഒരു സംസ്ഥാനമാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു ലക്ഷ്യം കൈവരിക്കാനുള്ള ഫണ്ട് എവിടുന്ന് വരും എന്ന ചോദ്യം ഉത്തരം ലഭിക്കാതെ കിടക്കുന്നു.
8. ആനുകൂല്യങ്ങൾ എങ്ങനെ നേടാം?
നിലവിലുള്ള സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സംവിധാനങ്ങളിലൂടെ താഴെ പറയുന്ന രീതികളിൽ സേവനങ്ങൾ ലഭ്യമാകും.
ഓൺലൈൻ പോർട്ടൽ വഴി: സർക്കാർ ആരംഭിക്കുന്ന പ്രത്യേക വയോജന കവാടത്തിലൂടെ നേരിട്ട് അപേക്ഷിക്കാം.
അക്ഷയ കേന്ദ്രം: ഇന്റർനെറ്റ് ഇല്ലാത്തവർക്ക്, അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ചെന്ന് അപേക്ഷ സമർപ്പിക്കാം.
പഞ്ചായത്ത് ഹെൽപ് ഡെസ്‌ക്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വയോജന സഹായ മേശ (Helpdesk) ഉണ്ടാകും. നേരിട്ട് സഹായം ലഭ്യം.
ഹെൽപ്പ്‌ലൈൻ: സർക്കാർ ഹെൽപ്പ്‌ലൈൻ നമ്പർ ഉടൻ പ്രഖ്യാപിക്കും.
പോർട്ടൽ, ഹെൽപ്പ്‌ലൈൻ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം അറിയിക്കും.
ഇത് ഒരു പ്രതീക്ഷ നൽകുന്ന നടപടി ആണ്. ജപ്പാൻ മോഡൽ വരെ ലക്ഷ്യം വെക്കുന്ന ഒരു പ്രഖ്യാപനം ഇന്ത്യൻ ഭരണ ചരിത്രത്തിൽ ആദ്യമാണ്. 60 ലക്ഷം വൃദ്ധർ ഈ ഒരൊറ്റ പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിക്കുന്നു.
പക്ഷേ ഉത്തരം കിട്ടേണ്ടത് നടപ്പാക്കലിൽ ആണ്. വെറും പ്രഖ്യാപനമായി ഒതുങ്ങുമോ? ഡിജിറ്റൽ സാക്ഷരതയില്ലാത്ത, ഒറ്റപ്പെട്ട ഗ്രാമത്തിലുള്ള വയോജനങ്ങൾക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ ഈ വകുപ്പ് അവരുടെ അരികിലേക്ക് എത്തുമോ? അങ്ങനെ സംഭവിച്ചാൽ ഇത് ചരിത്രമാകും. അതോ ഇതും മറ്റൊരു സാധാരണ സർക്കാർ പ്രഖ്യാപനം മാത്രമായി അവശേഷിക്കുമോ? കണ്ടറിയാം.