ഇറ്റലിയിലെ റോമിൽ നടന്ന ഒരു നയതന്ത്ര കൂടിക്കാഴ്ചയ്ക്കിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെലോഡി മിഠായി പൊതി നീട്ടി, ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് കൊടുത്തു. അത്രയേ ഉള്ളൂ. പക്ഷേ ഇത് ലോകശ്രദ്ധ പിടിച്ചുപറ്റി. ഓഹരി വിപണിയിൽ ബഹളം, പ്രതിപക്ഷത്തിന്റെ ആഞ്ഞടി, എല്ലാം ഒരു മിഠായി കാരണമാണോ?
ഇതൊരു മധുരമുള്ള കഥ മാത്രമല്ല. രാഷ്ട്രീയ പ്രതിച്ഛായയുടെ, സാമൂഹ്യ മാധ്യമങ്ങളുടെ, ഇന്ത്യൻ വിപണിയുടെ ഒക്കെ കഥ കൂടിയാണ്.
“മെലോഡി" ആദ്യം സൈബർ ലോകം ഉണ്ടാക്കി, പിന്നെ മോദി ഏറ്റെടുത്തു
2024-ൽ ജി-7 ഉച്ചകോടിയിൽ, മെലോണി ഒരു കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ ഇട്ടു, "Hello from the 'Melodi' team" എന്ന് പറഞ്ഞ്, മോദിക്കൊപ്പം കൈ വീശി. ആ പേര് ഉണ്ടാക്കിയത് സൈബർ ലോകമായിരുന്നു. മോദി + മെലോണി = മെലോഡി. രണ്ടു നേതാക്കൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഇന്റർനെറ്റ് തമാശകളാക്കി. ആ തമാശ ലോകമൊട്ടാകെ പരന്നു.
ആ തമാശക്ക് ഒരു നയതന്ത്ര തുടർച്ച ഉണ്ടാകുമെന്ന് ആരും കരുതിയില്ല. മെയ് 20-ന്, റോമിൽ ഔദ്യോഗിക സന്ദർശനത്തിൽ, മോദി ഒരു മെലോഡി മിഠായി പൊതി മെലോണിക്ക് നൽകി. മെലോണി ആ നിമിഷം ചിത്രീകരിച്ച് ഓൺലൈനിൽ പങ്കുവച്ചു. "പ്രധാനമന്ത്രി മോദി ഇന്ത്യയിൽ നിന്ന് ഒരു വളരെ പ്രത്യേക സമ്മാനം കൊണ്ടുവന്നു". ആ ദൃശ്യം ലോകമൊട്ടാകെ പടർന്നു. "മെലോഡി" എന്ന് മിഠായി പൊതി കാണിക്കുന്ന മോദി, ഒപ്പം ചിരിക്കുന്ന മെലോണിയും. ഇന്ത്യൻ സൈബർ ലോകം സംഭവം വൈറലാക്കി.
മിഠായി വൈറലായി; ഓഹരി വിപണിയിൽ കോലാഹലമായി
കഥ ഇവിടെ തീരുന്നില്ല. ആ ദൃശ്യം ശ്രദ്ധ പിടിച്ചുപറ്റിയതോടെ പാർലെ ഇൻഡസ്ട്രീസ് ഓഹരി 5 ശതമാനം ഉയർന്ന്, ഒരു മണിക്കൂറിനുള്ളിൽ 4.95 രൂപയിൽ നിന്ന് 5.25 രൂപയിൽ എത്തി. ഓഹരി വിപണിയിൽ ആളുകൾ "പാർലെ" തിരഞ്ഞ് ഓഹരി വാങ്ങി. പക്ഷെ മെലോഡി ഉണ്ടാക്കുന്ന പാർലെ പ്രൊഡക്ടസ് ഒരു സ്വകാര്യ കമ്പനിയും, ഓഹരി വിപണിയിൽ ഉള്ളത് പാർലെ ഇൻഡസ്ട്രീസും. ഓഹരിയുമായി മെലോഡിക്ക് ഒരു ബന്ധവുമില്ല.
വെറും ഒരു രൂപയുടെ മിഠായിക്ക് ഓഹരി വിപണിയിൽ ഇളക്കം ഉണ്ടാക്കാൻ കഴിഞ്ഞു. ആ മിഠായിയുടെ കരുത്തല്ല ഇത്. സൈബർ ലോകത്തിലെ ബഹളം ഓഹരി വിപണിയെ ഉലയ്ക്കുന്ന വിധത്തിന്റെ ഒരു തികഞ്ഞ ഉദാഹരണം. ഒരു തമാശയിൽ നിന്ന് വിപണി കൃത്രിമത്തിലേക്കുള്ള ദൂരം ഇത്ര ചെറുതാണോ?
ഒപ്പം ഒരു മൾബറി മരവും; ബന്ധത്തിന്റെ അടയാളം
മെലോഡി മാത്രമല്ല റോമിൽ ഉണ്ടായത്. മോദിയും മെലോണിയും ഒരു കറുത്ത മൾബറി തൈ ഒരുമിച്ച് നട്ടു. ഇന്ത്യ-ഇറ്റലി ബന്ധത്തിന്റെ ദൃശ്യ അടയാളമായി മാറി ഇത്. ഈ ചിത്രവും സാമൂഹ്യ മാധ്യമത്തിൽ വൻ ചർച്ചാ വിഷയമായി. Couple goals, made for each other, romance in rome പോലുള്ള കമന്റുകളും റീലുകളും പ്രചരിച്ചു. ഇതിനു മെലോണിയുടെ രസകരമായ മറുപടിയായിരുന്നു. “We aren’t dating. We are just friends, friends with benefits.”
മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ കോലാഹലം; ഇത് നേതൃത്വമല്ല, കണ്ണഞ്ചിപ്പിക്കലാണെന്ന് കോൺഗ്രസ്
ഈ സന്ദർശനത്തിൽ, ഇന്ത്യ-മധ്യപൂർവ്വ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉൾപ്പെടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന ചർച്ചകൾ നടന്നു. മരം നടൽ, മിഠായി സമ്മാനം തുടങ്ങിയവ നയതന്ത്ര കൂടിക്കാഴ്ചകളിൽ പതിവാണ്. ഇവ ദൃശ്യ ആംഗ്യങ്ങൾ ആണ്, നയതന്ത്ര ചടങ്ങിന്റെ ഭാഗമെന്ന് ഒരു കൂട്ടർ. എന്നാൽ മറുഭാഗവുമായി എതിരാളികളുമുണ്ട്.
രാഹുൽ ഗാന്ധി എഴുതി, "സാമ്പത്തിക കൊടുങ്കാറ്റ് ഇവിടെ ആഞ്ഞടിക്കുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുകയാണ്! കർഷകരും, തൊഴിലാളികളും, ചെറുകിട കച്ചവടക്കാരും കരയുമ്പോൾ, പ്രധാനമന്ത്രി ചിരിക്കുകയും ദൃശ്യങ്ങൾ പങ്കവെക്കുകയും ചെയ്യുന്നു."
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്, “ജനങ്ങൾ സർക്കാർ നയങ്ങളുടെ ദുരിതം അനുഭവിക്കുമ്പോൾ, പ്രസംഗങ്ങളുടെ "മെലോഡി" കേൾക്കാൻ നിർബന്ധിക്കപ്പെടുന്നു”. 2014-ൽ 414 രൂപയായിരുന്നു അടുപ്പ് വാതക സിലിണ്ടർ വില 2026-ൽ 915 കടന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
"M for Melody, not Mehangai", കോൺഗ്രസ്സിന്റെ വാദം ഇങ്ങനെ ആയിരുന്നു.
ജനങ്ങൾ അവശ്യ സാധനങ്ങളുടെ വില ഏറ്റുവാങ്ങുമ്പോൾ, ഒരു ദേശീയ നേതാവ് വിദേശ സന്ദർശനത്തിൽ ഇങ്ങനെ ശ്രദ്ധ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഉണ്ടാക്കുന്നത് ശരിയോ? നയതന്ത്ര സന്ദർശനങ്ങൾ എന്നും ഇത്തരം ദൃശ്യ ആംഗ്യങ്ങൾ ഉൾക്കൊള്ളുന്നതല്ലേ? ഇതൊരു അപൂർവ സംഭവമാണോ?
ഒടുവിൽ: ഒരു രൂപയുടെ മിഠായിയുടെ വ്യാപ്തി
പാർലെ പ്രൊഡക്ടസ് ഉണ്ടാക്കുന്ന ഒരു മെലോഡി മിഠായി. ഒരു രൂപ വിലയുള്ളത്. ഒരു നയതന്ത്ര സന്ദർശനത്തിൽ സമ്മാനമായി. ആ ദൃശ്യം ലോകശ്രദ്ധ നേടി. ഓഹരി വിപണിയിൽ ഒരു കമ്പനിക്ക് 5 ശതമാനം ഉയർച്ചയുണ്ടായി, തെറ്റായ കമ്പനി ആണെങ്കിൽ കൂടിയും. ഒരു രാഷ്ട്രീയ വാദ പ്രതിവാദത്തിന് വഴി തുറന്നു.
സാമൂഹ്യ മാധ്യമങ്ങളുടെ ശക്തി ഇതാണ്. ഒരു നിമിഷം ലോകശ്രദ്ധ നേടുന്നത് ആ നിമിഷത്തിന്റെ പ്രാധാന്യം ഉറപ്പ് വരുത്തുന്നില്ല. "വൈറൽ ആയത് = പ്രധാനം". ഈ സമവാക്യം ശെരിയാണോ? വൈറലായത് ആഘോഷിക്കുമ്പോൾ, ആ ആഘോഷം വല്യ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴി ഒരുക്കുന്നു.