തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?
Published on

രാത്രികളില്‍ നൂറിലേറെ കുട്ടികള്‍ക്കായി ഒരു ടോയ്‌ലെറ്റ് മാത്രം. വയനാട് തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിഭാഗക്കാരായ 129 പെണ്‍കുട്ടികള്‍ മാസങ്ങളായി അനുഭവിച്ചു വന്ന കൊടിയ ദുരിതത്തിന്റെ ചിത്രമാണ് ഇത്. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഉപയോഗശൂന്യമായതോടെയാണ് ഈ പ്രതിസന്ധി തുടങ്ങിയത്. ഹോസ്റ്റലിലെ 129 പെണ്‍കുട്ടികളെയും ഇതോടെ സ്‌കൂള്‍ കെട്ടിടത്തിലെ മൂന്ന് മുറികളിലേക്ക് മാറ്റി. പഠനവും താമസവും എല്ലാം സ്‌കൂളില്‍ തന്നെ. കഴിഞ്ഞ ജൂലൈയിലാണ് ഹോസ്റ്റല്‍ കെട്ടിടം ഇനി താമസത്തിന് യോഗ്യമല്ലെന്ന് പിഡബ്ല്യുഡി വിധിയെഴുതിയത്. ഇതോടെ സ്‌കൂള്‍ മുറിയിലേക്ക് മാറേണ്ടി വന്നത് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍. അടിയര്‍, പണിയര്‍ എന്നീ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. അവരെയാണ് അസൗകര്യങ്ങള്‍ക്ക് നടുവില്‍ നാല് മാസത്തോളം പാര്‍പ്പിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ പഞ്ചായത്താണ് തിരുനെല്ലി. സംഭവം വാര്‍ത്തയായതോടെ പട്ടിക വര്‍ഗ്ഗ വകുപ്പ് നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. നാല് ബയോ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുകയും മൂന്ന് ക്ലാസുകളിലെ 36 പെണ്‍കുട്ടികളെ 38 കിലോമീറ്റര്‍ അകലെയുള്ള കണിയാമ്പറ്റ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.

257 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇവരില്‍ ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലും എല്‍പി സ്‌കൂള്‍ കെട്ടിടവും 'സെമി പെര്‍മനന്റ്' ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലാണ് തകരാറില്‍ ആയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. പകരം സൗകര്യമൊരുക്കാന്‍ ആറളം ഫാമിലാണ് സ്ഥലം കണ്ടെത്തിയത്. തിരുനെല്ലിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ആറളം ഫാമില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് മൂലം ഇവിടേക്ക് കുട്ടികളെ മാറ്റാനാകാത്ത സ്ഥിതിയായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന് നാല്‍പത് വര്‍ഷത്തിന് മേല്‍ പഴക്കമുണ്ടെന്നാണ് സ്‌കൂള്‍ സൂപ്രണ്ട് ജയന്‍ ദ ക്യുവിനോട് പറഞ്ഞത്. തുടക്കത്തില്‍ പ്രീമെട്രിക് ഹോസ്റ്റലായിരുന്ന കെട്ടിടം 2000ലാണ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയി മാറുന്നത്. 2023ല്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് ഇടിഞ്ഞു വീഴാന്‍ തുടങ്ങി.

അപ്പോള്‍ നിര്‍മിതി കേന്ദ്രയുമായി ബന്ധപ്പെട്ട് പുതുക്കി പണിയാന്‍ കഴിയുമോ എന്ന് അന്വേഷിച്ചു. രേഖാമൂലം എഴുതിക്കൊടുത്തു. റെനോവേറ്റ് ചെയ്യാന്‍ അല്‍പം റിസ്‌കാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് സണ്‍ഷേഡ് പ്രാദേശികമായിട്ട് പൊളിച്ചു മാറ്റി. ഈ വര്‍ഷമാണ് പിഡബ്ല്യുഡി കെട്ടിടം അണ്‍ഫിറ്റാണെന്ന് റിപ്പോര്‍ട്ട് തന്നത്. ഈ വര്‍ഷം ജൂലൈയിലാണ് സംഭവം. ജൂലൈയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്‌കൂള്‍ കെട്ടിടത്തിലെ മൂന്ന് ക്ലാസ് റൂമുകളിലേക്ക് കുട്ടികളെ മാറ്റി. പഠനം മുടങ്ങാതിരിക്കാന്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്മുറി, കമ്പ്യൂട്ടര്‍ ലാബ് ഈ മൂന്ന് ക്ലാസ് റൂമുകളിലായിട്ട് പഠനം തുടരുകയാണ്. കുട്ടികളെ തറയിലൊന്നുമല്ല കിടത്തുന്നത്. ഹോസ്റ്റലിലെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടാണ് അവരെ താമസിപ്പിച്ചത്. പഠനത്തിന് തടസം വരാതെയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജയന്‍, സൂപ്രണ്ട്

വാര്‍ത്തയായതോടെ നടപടി

നാല് മാസത്തിലേറെയായി തുടരുന്ന ദുരിതം വാര്‍ത്തയായതോടെയാണ് നടപടിയുണ്ടായത്. 129 പേരില്‍ 36 കുട്ടികളെ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റി. നാല് ബയോ ടോയ്‌ലെറ്റുകള്‍ സ്‌കൂളില്‍ സ്ഥാപിച്ചു. സ്‌കൂള്‍ താല്‍ക്കാലികമായി മാറ്റാന്‍ ഉദ്ദേശിക്കുന്ന ആറളം ഫാമിലെ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു. ഈ മാറ്റം താല്‍ക്കാലികമാണെന്ന് സ്‌കൂള്‍ സൂപ്രണ്ട് അടക്കം ആവര്‍ത്തിക്കുകയാണ്. നിലവിലുള്ള കെട്ടിടം പൊളിച്ചു പണിഞ്ഞ് ഇവിടേക്ക് തന്നെ കുട്ടികളെ തിരികെ എത്തിക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ രാത്രി മാത്രമേ ഒരു ടോയ്‌ലെറ്റ് ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകുന്നുള്ളുവെന്ന് കൂടി സൂപ്രണ്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

രാത്രി ഉപയോഗത്തിന് മാത്രമാണ് ഒരു ടോയ്‌ലെറ്റ്. അപകടാവസ്ഥയിലായതിനാല്‍ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് കുട്ടികളെ വിടേണ്ടെന്ന് വെച്ചു. ബോയ്‌സ് ഹോസ്റ്റലിനോട് അനുബന്ധിച്ച് രണ്ട് ടോയ്‌ലെറ്റ് സമുച്ചയങ്ങളുണ്ട്. അതില്‍ ഒന്ന് പെണ്‍കുട്ടികളുടെ ഉപയോഗത്തിനായി വിട്ടിട്ടുണ്ടായിരുന്നു. പകല്‍ അവര്‍ അത് ഉപയോഗിക്കും. രാത്രി ഗ്രില്‍ അടച്ചു കഴിഞ്ഞാല്‍ സ്‌കൂളിനുള്ളിലെ ഒരു ബാത്ത്‌റൂം മാത്രമേ ഉപയോഗിക്കാനാവൂ.
ജയന്‍, സൂപ്രണ്ട്

കുറച്ച് കുട്ടികളെ മാറ്റിയിട്ടുണ്ടെങ്കിലും മറ്റു പെണ്‍കുട്ടികള്‍ നിലവിലുള്ള ദുരിതത്തില്‍ തന്നെ കഴിയേണ്ടതായി വരും.

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?
എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

മക്കിമലയിലെ സ്‌കൂള്‍ നിര്‍മാണം

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളെ മാറ്റുന്നതിനായി മക്കിമലയില്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. വയനാട് സ്വദേശിയായ പി.കെ.ജയലക്ഷ്മി മന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുമില്ല. കോണ്‍ട്രാക്ടര്‍ മരണപ്പെട്ടതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവിടേക്ക് ഇനി സ്‌കൂള്‍ മാറാനുള്ള സാധ്യതയില്ല. കടുവയും ആനയും അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഇവിടെ സ്‌കൂള്‍ നിര്‍മിക്കാനുള്ള നിര്‍ദേശം വന്നത് പോലും വിചിത്രമാണെന്നാണ് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും ഗവേഷകയുമായി നീതു കെ.ആര്‍. ദ ക്യുവിനോട് പറഞ്ഞത്.

തിരുനെല്ലി എംആര്‍എസിന്റെ ഹോസ്റ്റല്‍ വളരെ ശോചനീയാവസ്ഥയിലാണ്. ആ സമയത്താണ് പി.കെ.ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്ത് മക്കിമലയില്‍ മറ്റൊരു കെട്ടിടം പണിയുന്നതിനായി നീക്കം ആരംഭിച്ചത്. അവിടെ പണി പാതിയായി നിലച്ച അവസ്ഥയിലാണ്. ആ സ്ഥലം പക്ഷേ ഒരിക്കലും ഒരു സ്‌കൂളിന് പറ്റിയതല്ല. ആനയും കടുവയും അടക്കമുള്ള വന്യജീവികള്‍ ഇറങ്ങുന്ന പ്രദേശമാണ്. എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടേറിയ സ്ഥലവുമാണ്. അവിടെ കെട്ടിടം പണിയുന്ന പണമുണ്ടായിരുന്നെങ്കില്‍ തിരുനെല്ലിയിലെ കെട്ടിടം പുതുക്കി പണിയാമായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അധികാരികള്‍ അവിടെപ്പോയി ഒരു കെട്ടിടം പണിതതെന്ന് അറിയില്ല.
നീതു കെ.ആര്‍.
തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?
ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

ആ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങള്‍ മൂലമാണ് അവര്‍ ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്നത്. അവരുടെ ഗതികേടിനെ അധികാരികള്‍ ചൂഷണം ചെയ്യരുതെന്നു നീതു പറയുന്നു. കെട്ടിടം പെട്ടെന്ന് അല്ല ശോച്യാവസ്ഥയിലേക്ക് എത്തിയത്. മക്കിമലയില്‍ ചെലവഴിച്ച കോടികള്‍ കൊണ്ട് തിരുനെല്ലിയിലെ കെട്ടിടം പുതുക്കാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മക്കിമലയിലേക്കുള്ള ദൂരം കൂടുതലായതിനാല്‍ അവിടേക്ക് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആറളം ഫാമിലെ എംആര്‍എസ്

2020ല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് വേണ്ടി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടമാണ് ആറളത്തേത് എന്നാണ് സ്‌കൂള്‍ സൂപ്രണ്ട് ജയന്‍ അറിയിച്ചത്. അതുകൊണ്ടാണ് അവിടേക്ക് മാറാമെന്ന് തീരുമാനിച്ചത്. എന്നാല്‍ ചെറിയ ക്ലാസിലെ കുട്ടികളെ അടക്കം ഇത്രയും ദൂരത്തേക്ക് മാറ്റി നിര്‍ത്തുന്നത് അവരുടെ രക്ഷിതാക്കളെ കാണാനുള്ള സാധ്യത പോലും ഇല്ലാതാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ആറളം താല്‍ക്കാലികമാണെന്നാ പറയുന്നത്, എന്നാല്‍ അത് സ്ഥിരമാകാനാണ് സാധ്യത. അവിടേക്ക് എത്തിപ്പെടാനോ കുട്ടികളെ കാണാനായി രക്ഷിതാക്കള്‍ പോകുന്നതോ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള രക്ഷിതാക്കളാണ് അവിടെ ഏറെയും ഉള്ളത്. തിരുനെല്ലിയിലെ അത്രയും പ്രിമിറ്റീവായ ഗോത്രവര്‍ഗ്ഗത്തിന് മാത്രമുള്ള സ്‌കൂളാണ് അത്. അവര്‍ക്ക് അത്രയും എത്തിച്ചേരാനുള്ള വിവരം പോലും ഉണ്ടാവില്ല. കുട്ടികളെ അവര്‍ വല്ലപ്പോഴുമല്ലേ കാണുന്നത്. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ എന്ന് പറഞ്ഞാല്‍ അവരുടെ പ്രായം ആലോചിക്കാമല്ലോ. ഈ സ്‌കൂള്‍ മാത്രമാണ് അവരുടെ ആശ്രയം. ഇല്ലെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസം പോലും ഉണ്ടാവില്ല.
നീതു കെ.ആര്‍.

നവോദയ സ്‌കൂളുകളുടെ മാതൃകയില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍. വയനാട്ടിലെ ആദിവാസി മേഖലയില്‍ ഒരുപക്ഷേ ഈ സ്‌കൂളുകള്‍ ഇല്ലായിരുന്നെങ്കില്‍ അവരുടെ വിദ്യാഭ്യാസം പോലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ എംആര്‍എസുകള്‍ എന്ന് അറിയപ്പെടുന്ന ഈ സ്‌കൂളുകളുടെ അവസ്ഥ എത്രമാത്രം ശോചനീയമാണെന്നാണ് തിരുനെല്ലി സ്‌കൂളിന്റെ അവസ്ഥ കാണിച്ചു തരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in