ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?
Published on
Summary

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ യൂണിഫോം ബൈലോ അനുസരിച്ച് യൂണിഫോം മാത്രമേ കുട്ടികള്‍ ധരിക്കാന്‍ പാടുള്ളു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു. ഹിജാബ് വിവാദത്തില്‍ സംഭവിക്കുന്നത് എന്താണ്?

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് എത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാനേജ്‌മെന്റ് വിലക്കിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങള്‍ വലിയ വിവാദമാണ്. സ്‌കൂളിന്റെ യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട് എന്നതാണ് സ്‌കൂള്‍ അധികാരികള്‍ വാദിക്കുന്നത്. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു. കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന് ശേഷം നല്‍കിയ ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് രക്ഷിതാവ് ഇതിനിടെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങാന്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. ഹിജാബ് വിവാദത്തില്‍ സംഭവിക്കുന്നത് എന്താണ്?

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?
അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

പള്ളുരുത്തിയില്‍ നടന്നത് എന്ത്?

സെന്റ് റീത്താസ് സ്‌കൂളിന്റെ യൂണിഫോം ബൈലോ അനുസരിച്ച് യൂണിഫോം മാത്രമേ കുട്ടികള്‍ ധരിക്കാന്‍ പാടുള്ളു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. മതപരമായ വസ്ത്രങ്ങള്‍ക്ക് അടക്കം വിലക്കുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ശിരോവസ്ത്രം ധരിച്ചെത്തിയത് ഈ നിയമങ്ങളുടെ പേര് പറഞ്ഞ് സ്‌കൂള്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചില ദിവസങ്ങളില്‍ കുട്ടി ശിരോവസ്ത്രം ധരിച്ച് എത്തിയപ്പോഴും അധികൃതര്‍ വിലക്കിയിരുന്നു. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ കുട്ടി ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തുകയും സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ക്ലാസില്‍ കയറ്റാന്‍ തയ്യാറാകാതെ രക്ഷിതാവിനെ വിളിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിനൊപ്പം മറ്റു ചിലര്‍ സ്‌കൂളില്‍ എത്തി പ്രകോപനം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പൊലീസിനെ വിളിച്ചു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് വന്ന പ്രവൃത്തി ദിവസങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌കൂള്‍ അടച്ചിട്ടു. ഇതിനിടയില്‍ കുട്ടിയുടെ പിതാവ് സ്‌കൂള്‍ അധികൃതരുമായി ധാരണയില്‍ എത്തുകയും യൂണിഫോം നിയമങ്ങള്‍ പാലിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഹൈബി ഈഡന്‍ എംപി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണയില്‍ എത്തിയത്. ഇക്കാര്യം എംപിയും കുട്ടിയുടെ പിതാവും മാധ്യമങ്ങളോട് പറയുകയും ചെയ്തു. സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാമെന്നും വര്‍ഗ്ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പിതാവ് അനസ് അന്ന് അറിയിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പിതാവ് പരാതി നല്‍കിയിരുന്നു.

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍

ഇതിനിടയില്‍ വിദ്യാഭ്യാസ വകുപ്പിന് പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. എറണാകുളം ഡിഡിഇയുടെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തുകയും ഡിഡിഇ ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ കുട്ടിയെ പുറത്തു നിര്‍ത്തിയ സ്‌കൂളിന്റെ തീരുമാനം ചട്ടവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശിരോവസ്ത്രത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പഠനം തുടരാന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച് ഒക്ടോബര്‍ 15ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കൂളിനോട് മന്ത്രി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പലിന്റെ പ്രതികരണം

മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിശദീകരണം അയച്ചതിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ഹെലീന മാധ്യമങ്ങളെ കണ്ടു. 11 മണിക്ക് തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച അവര്‍ വിഷയത്തില്‍ സ്‌കൂളിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. അഭിഭാഷകക്കൊപ്പമായിരുന്നു അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. എഇഒ ആണ് സ്‌കൂളില്‍ എത്തി തങ്ങളോടും കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ചതെന്നും ഡിഡിഇ നല്‍കിയ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കോടതിയുടെ പരിധിയിലാണ് കേസെന്നും അവര്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യൂണിഫോം തീരുമാനിക്കാനുള്ള അധികാരം സ്‌കൂള്‍ മാനേജ്‌മെന്റിനാണെന്ന് 2018ലെ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകുകയുള്ളുവെന്ന നിലപാട് അറിയിക്കുകയായിരുന്നു അവര്‍.

കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിച്ചിട്ടില്ല. ഇപ്പോഴും കുട്ടിയുടെ പേര് സ്‌കൂള്‍ രജിസ്റ്ററിലുണ്ട്. റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് മറുപടി നല്‍കി. നിലവില്‍ നിരവധി മുസ്ലീം കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. അവര്‍ ഇതേ നിയമങ്ങള്‍ തന്നെയാണ് പാലിക്കുന്നത്. സ്‌കൂളിന്റെ നിയമം പാലിക്കുമെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് അനുസരിച്ച് പിതാവിനെ നേരിട്ട് കണ്ട് പ്രതികരണം എഴുതി വാങ്ങും. മതേതര രാജ്യമാണ്. ഇവിടെ എല്ലാ കുട്ടികളും ഈക്വല്‍ ആണ്. അവര്‍ ഈക്വലായിട്ട് തന്നെ പഠിച്ചോട്ടെ. ഒരു സ്റ്റാന്‍ഡേര്‍ഡ് റൂളില്‍ ഓരോ കുട്ടിക്കും, ഈ മതത്തില്‍ പെട്ടവര്‍ ഇന്നത് ധരിക്കണം എന്ന് എഴുതാന്‍ പാടില്ല. സ്‌കൂളിന്റെ റൂള്‍സ് അനുസരിച്ച് ഒരു യൂണിഫോം സ്‌കൂളിനുണ്ട്. മാനേജ്‌മെന്റിന് കീഴില്‍ വരുന്നതുകൊണ്ട് മാനേജ്‌മെന്റിന്റെ തീരുമാനം ഉണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി കുട്ടികളും രക്ഷിതാക്കളും അംഗീകരിക്കുന്നതും അഡ്മിഷന്‍ സമയത്ത് അവരോട് പറയാറുള്ളതുമാണ്. ഇതുവരെ അക്കാര്യത്തില്‍ രക്ഷിതാക്കളില്‍ നിന്ന് പരാതിയൊന്നും ഉണ്ടായിട്ടില്ല.

പിടിഎ പ്രസിഡന്റ്

2025-26 അധ്യയനവര്‍ഷത്തില്‍ എത്തിയ വിദ്യാര്‍ത്ഥിനി പഠനത്തില്‍ പിന്നാക്കമാണെങ്കിലും കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളായതിനാല്‍ പ്രവേശനം കൊടുത്തതാണെന്ന അവകാശവാദമാണ് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ നടത്തിയത്. യൂണിഫോം നിയമങ്ങള്‍ രക്ഷിതാക്കളെ അഡ്മിഷന്‍ സമയത്ത് തന്നെ പറഞ്ഞ് മനസിലാക്കിയിരുന്നതാണെന്നും എന്നിട്ടും അവര്‍ ചട്ടങ്ങള്‍ ലംഘിക്കുകയാണ് ഉണ്ടായിരുന്നതെന്നും പിടിഎ പ്രസിഡന്റ് പറയുന്നു. സ്‌കൂള്‍ സമയത്ത് ഹിജാബ് അനുവദിക്കില്ലെന്നാണ് പിടിഎ പ്രസിഡന്റ് ആവര്‍ത്തിച്ചത്.

അഭിഭാഷക

സംഭവത്തില്‍ ചര്‍ച്ചയായ ഒന്നായിരുന്നു സ്‌കൂള്‍ അഭിഭാഷക വിമല ബിനുവിന്റെ ഇടപെടല്‍. രക്ഷിതാവിന്റെ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് എടുത്ത നടപടിയെയും വിശദീകരണം ചോദിച്ചതിനെയും അവര്‍ വ്യാഖ്യാനം ചെയ്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പ്രിന്‍സിപ്പല്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അഭിഭാഷകയും പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവര്‍ സ്വമേധയാ രംഗത്തെത്തുകയായിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റും പേരന്റും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയ വിഷയത്തിലാണ് വിദ്യാഭ്യാസമന്ത്രി നടപടി ആരംഭിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി പരിഹരിക്കാമോ, ആ രീതിയില്‍ പരിഹരിച്ച് ഒത്തുതീര്‍പ്പാകുന്ന സമയത്ത്, കുഞ്ഞിനെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോകുവാന്‍ താല്‍പര്യമില്ല എന്ന് പിതാവ് തന്നെ പറഞ്ഞതാണ്. ഈ സ്‌കൂളില്‍ തന്നെ കുഞ്ഞിനെ തുടര്‍ന്നും പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇനി വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ പേര് പറഞ്ഞ് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല എന്ന് പറഞ്ഞ് അദ്ദേഹം ഓപ്പണായി പത്രസമ്മേളനം നടത്തിയതിന് ശേഷമാണ് പബ്ലിക്കായി ഒരു നോട്ടീസോ ഓര്‍ഡറോ ഡിറക്ഷനോ ഇന്നലെ വരെ നല്‍കാതെ ഇന്ന് രാവിലെ ഒന്‍പതേകാലിനാണ് ഇത്തരം ഒരു നോട്ടീസ് കം ഓര്‍ഡര്‍ മാനേജ്‌മെന്റിന് കിട്ടുന്നത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞത് തെറ്റാണെന്നതിന് കേരള ഹൈക്കോടതി വിധികളും കര്‍ണാടക ഹൈക്കോടതി വിധികളും പരിശോധിച്ചാല്‍ നമുക്ക് അറിയാവുന്ന കാര്യമാണ്. വിദ്യാഭ്യാസമന്ത്രി കാര്യങ്ങളെ യാതൊരു രീതിയിലും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് അത്. കുഞ്ഞിനെ ഈ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു എന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ഞിനെ ഈ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടിട്ടില്ല. 7,8, 10 തിയതികളില്‍ കുട്ടി സ്‌കൂളില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റിയേ മതിയാകൂ. നമ്മുടെ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ദേശിച്ചിരിക്കുന്നത്. ആ ഗവണ്മെന്റ തന്നെ മറ്റൊരു തരത്തില്‍ സംസാരിക്കുന്നു. സ്‌കൂളിലെ യൂണിഫോം എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് സ്‌കൂള്‍ മാനേജ്‌മെന്റാണ്.

ഒത്തുതീര്‍പ്പ് അനുസരിച്ച് ഒക്ടോബര്‍ പതിനഞ്ചിന് കുട്ടി ക്ലാസില്‍ എത്തുമെന്ന് പിതാവ് അറിയിച്ചെങ്കിലും കുട്ടി ക്ലാസില്‍ എത്തിയില്ല.

മന്ത്രിയുടെ പ്രതികരണം

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തെ സ്‌കൂള്‍ മാനേജ്‌മെന്റും അഭിഭാഷകയും പിടിഎയും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചത്. ഗവണ്‍മെന്റിനെയും വിദ്യാഭ്യാസ വകുപ്പിനെയും ഭീഷണിപ്പെടുത്തുകയാണ് അവര്‍. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയത് സ്വാഭാവിക നടപടിക്രമം. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ. ഈ വിഷയത്തെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ നിന്ന് മാറ്റി തികച്ചും രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പിന്നീട് കണ്ടത്. സ്‌കൂള്‍ അധികൃതരും അഭിഭാഷകയും നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഒരു കാര്യം ബോധ്യമാകും. പ്രത്യേക അജണ്ടയുടെ ഭാഗമായാണ് ഇതെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്ക് വേണ്ടിയോ രാഷ്ട്രീയപരമോ വര്‍ഗ്ഗീയപരമോ ആയ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുവാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ അത് ഒരു കാരണവശാലും അനുവദിക്കില്ല. അവര്‍ ഗവണ്‍മെന്റിനെ വെല്ലുവിളിക്കുകയാണ്.ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. പ്രത്യേക അജണ്ടയുടെ ഭാഗമായാണ് ഇതെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെല്ലുവിളി വേണ്ടെന്നും മന്ത്രി.

പ്രതിപക്ഷനേതാവിന്റെ പ്രതികരണം

എറണാകുളം എംപി ഹൈബി ഈഡനും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നടത്തിയ മധ്യസ്ഥതയിലൂടെ പരിഹരിച്ച പ്രശ്‌നമാണ് ഇതെന്നും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണം.

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയതയാണ് ചിലയാളുകള്‍ക്ക്. അവര്‍ എവിടെയെങ്കിലും ഒരു അവസരം കിട്ടിയാല്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എന്താ ചെയ്യേണ്ടത്. ആ വിഷയം ചെന്ന് പരിഹരിക്കുക. ഹൈബി ഈഡനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

<div class="paragraphs"><p>v d satheesan&nbsp;</p></div>

v d satheesan 

കുട്ടിയെ സ്‌കൂള്‍ മാറ്റുകയാണെന്ന് പിതാവ്

വിവാദം തുടരുന്നതിനിടെ കുട്ടിയെ സ്‌കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കുന്നില്ലെന്ന് പിതാവ് അറിയിച്ചു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന് കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തിയെന്നും പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കും എന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും പിതാവ് പറഞ്ഞു. ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തി. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മര്‍ദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. അതില്‍ സ്‌കൂളിലെ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കും എന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം.

സ്‌കൂള്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ കുട്ടിക്ക് പഠനം തുടരാം; പ്രിന്‍സിപ്പല്‍

കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെന്ന പിതാവിന്റെ പ്രഖ്യാപനത്തോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീണ്ടും മാധ്യമങ്ങളില്‍ പ്രതികരണവുമായെത്തി. വിദ്യാഭ്യാസമന്ത്രിക്കും കോടതിക്കും വിഷയത്തില്‍ ഇടപെട്ട ഹൈബി ഈഡനും സ്‌കൂളില്‍ എത്തിയ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനും അടക്കം നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ തുടങ്ങിയത്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറായാല്‍ കുട്ടിക്ക് തുടര്‍ന്നും വിദ്യാഭ്യാസം നല്‍കാമെന്നും സ്‌കൂളില്‍ ഭാരതീയ പാരമ്പര്യം അടക്കം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറാകാതെ അവര്‍ മടങ്ങുകയും ചെയ്തു.

കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ അധികാരികള്‍; വിദ്യാഭ്യാസമന്ത്രി

അതേസമയം കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷമുണ്ടായാല്‍ സ്‌കൂള്‍ അധികാരികളായിരിക്കും അതിന് ഉത്തരവാദികളെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ സംസ്ഥാനത്ത് ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഡിഡിഇ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ഇതിനിടയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. കുട്ടി ശിരോവസ്ത്രം ധരിച്ച് എത്തിയാലും സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും പഠിപ്പിക്കണമെന്നുമുള്ള ഉത്തരവിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.

രാഷ്ട്രീയ വിവാദം

ഹിജാബ് വിവാദത്തില്‍ രാഷ്ട്രീയം കലരുന്നുവെന്ന് ആദ്യം ആരോപണം ഉയര്‍ത്തിയത് സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജ്‌മെന്റുമായിരുന്നു. കുട്ടിയുടെ പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആയിരുന്നെന്ന് മാധ്യമങ്ങളില്‍ നല്‍കിയ പ്രതികരണത്തില്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയതിന് ശേഷം സ്‌കൂളിന് വേണ്ടി സംസാരിച്ച അഭിഭാഷകയുടെ രാഷ്ട്രീയവും ഇതിനിടയില്‍ ചോദ്യം ചെയ്യപ്പെട്ടു. അഭിഭാഷകയുടെയും പ്രിന്‍സിപ്പലിന്റെയും പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന വിധത്തിലാണെന്നും പ്രശ്‌ന പരിഹാരമല്ല അവര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രിയും പ്രതികരിച്ചു. സ്‌കൂളിന്റെ എന്‍ഒസി പുതുക്കേണ്ട സമയമാണെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ നിയമ വശങ്ങള്‍ പറഞ്ഞുകൊണ്ട് അഭിഭാഷക രംഗത്തെത്തിയിരുന്നു. മന്ത്രി നിലപാട് തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രിയുടെ മറ്റൊരു പരാമര്‍ശവും വിവാദത്തിലായി. പ്രസ്താവന. ശിരോവസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും അത് വിരോധാഭാസമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞതാണ് ചര്‍ച്ചയായത്.

ദിവസങ്ങളോളം നീണ്ട വിവാദത്തിന് ഒടുവില്‍ തല്‍ക്കാലം കുട്ടിയെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കോടതി തീരുമാനം അനുസരിച്ച് മറ്റു നടപടികള്‍ ആലോചിക്കാം എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ തയ്യാറാകുന്നതായും വാര്‍ത്തകള്‍ വരുന്നു. പ്രിന്‍സിപ്പല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അതുകൊണ്ട് തങ്ങളുടെ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുകയാണെന്നുമാണ് ചില രക്ഷിതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in