‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കരിനിയമമാണെന്നും അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് അത്. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല. കേരളം ഇത് നടപ്പാക്കില്ല. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല.

മുഖ്യമന്ത്രി

ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണ് എന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ്.

ഇന്ത്യാ വിഭജനം നടന്നപ്പോള്‍ 'ഞങ്ങള്‍ക്ക് മതരാഷ്ട്രമായ പാകിസ്ഥാന്‍ അല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാന്‍ താല്‍പര്യം' എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങള്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാകിസ്താനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍എസ്എസിന്റേത്.

‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാര്‍വദേശീയ ഖ്യാതി. അത് തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്.

കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ ദത്തമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നയം. സവര്‍ക്കര്‍ തുടങ്ങിവെച്ച് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജണ്ട പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

നമ്മുടെ ഭരണഘടനയാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പുവരുത്തുന്നത്. ആ ഭരണഘടന രൂപപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വിവിധ ചിന്താഗതികളെയും സമരങ്ങളെയും ഒക്കെ സ്വാംശീകരിച്ച പുരോഗമന മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ്. മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടെയോ സംസ്‌കാരത്തിന്റേയോ ലിംഗത്തിന്റേയോ തൊഴിലിന്റേയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യന്‍ പൗരത്വം. ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്രം പാസാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍.

കാലാകാലങ്ങളായി ഈ പ്രദേശത്ത് വന്നെത്തിയ ജനങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് സമ്പുഷ്ഠമായ സമൂഹമാണ് നമ്മുടേത്. നാനാത്വത്തില്‍ ഏകത്വമെന്ന ആശയം ഇന്ത്യന്‍ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തെയും അതിന്റെ ശക്തിയേയും ചോര്‍ത്തിക്കളയുന്ന നീക്കമാണ്.

‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
‘മതത്തിന്റെ പേരിലുള്ള വിഭജനം ആപത്ത്’; പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ 

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ അട്ടിമറിക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമവും ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്നത് വ്യക്തമാണ്. അത് ബോധ്യമുള്ളപ്പോള്‍ തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നതിനു പിന്നില്‍ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ജനാധിപത്യത്തേയും സമത്വത്തേയും പിച്ചിച്ചീന്തി സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഭരണഘടനാ വിരുദ്ധമായ ഒന്നിനും കേരളത്തില്‍ സ്ഥാനമില്ല’; പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
‘ട്രാന്‍സ്‌ജെന്‍ഡറായത് കൊണ്ട് അവര്‍ക്കെന്നെ ഒഴിവാക്കണമായിരുന്നു’; സര്‍ക്കാര്‍ സ്‌കൂളിലെ പഠനം അവസാനിപ്പിച്ച് ആദിവാസി വിദ്യാര്‍ത്ഥിനി 

Related Stories

No stories found.
logo
The Cue
www.thecue.in