

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ എങ്ങനെ വര്‍ക്കാകും? തൃശൂരില്‍ ഒരു പാര്‍ലമെന്റ് ഇലക്ഷനും ഒരു നിയമസഭാ തെരഞ്ഞെടുപ്പും വൃത്തിയായി തോറ്റതിന് ശേഷമാണ് സുരേഷ് ഗോപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂര്‍ എടുക്കുന്നതിന് വേണ്ടി സുരേഷ് ഗോപി നടത്തിയ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കാണുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. എംപിയും കേന്ദ്രമന്ത്രിയും ആയതിന് ശേഷം സുരേഷ് ഗോപി ചെയ്ത കാര്യങ്ങള്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
കഴിഞ്ഞുപോയ തദ്ദേശ തെരഞ്ഞെടുപ്പ് നോക്കാം. അതില്‍ ഈ പറയുന്ന സുരേഷ് ഗോപി ഫാക്ടര്‍ അത്രക്കങ്ങോട്ട് വര്‍ക്കായില്ല. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫാണ് ഭരണം പിടിച്ചത്. ഭരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷം 24 സീറ്റില്‍ നിന്ന് 11 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ യുഡിഎഫ് അഞ്ചില്‍ നിന്ന് 33ലേക്ക് വളര്‍ന്നു. കോര്‍പറേഷനില്‍ 6 സീറ്റില്‍ മാത്രമുണ്ടായിരുന്ന എന്‍ഡിഎ എട്ടിലേക്ക് വളര്‍ന്നിട്ടുണ്ട്. മോശം പറയാന്‍ പറ്റില്ല. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് തുടരുന്നു. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് ചെറിയ ക്ഷീണമൊക്കെ ഉണ്ടായെങ്കിലും രണ്ട് മുന്നണികളെയും തൃശൂരുകാര്‍ ഉപേക്ഷിച്ചില്ല. ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലാണ് ബിജെപി കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിച്ച് ഒരു കളി കളിച്ച് നോക്കിയത്. അതിന്റെ ഓളം ഇതുവരെ അടങ്ങിയിട്ടില്ല. അതായത് സുരേഷ് ഗോപിയെ വിജയിപ്പിച്ചപ്പോള്‍ ബിജെപിക്ക് അനുകൂലമായി ഉണ്ടായ ഒരു വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തതിന്റെ കോലാഹലം അവിടെ വേറെ നടക്കുന്നുമുണ്ട്.
ആദ്യം രണ്ട് തെരഞ്ഞെടുപ്പുകള്‍ തോറ്റതിനും ജയിച്ചതിനും ഇടയിലുള്ള ഇടവേളയില്‍ തൃശൂര്‍ എടുക്കുന്നതിന് വേണ്ടി സുരേഷ് ഗോപി ചെയ്യാത്തതായി ഒന്നുമില്ല. വീട് തിരുവനന്തപുരത്താണെങ്കിലും അദ്ദേഹം തൃശൂരിലുണ്ടായിരുന്നു. വിഷുക്കൈനീട്ടം കൊടുക്കുന്നത് മുതല്‍ ചാരിറ്റി പരിപാടികള്‍ വരെ നേരിട്ട് നടത്തി. ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണകിരീടം, ഓശാന ഞായറില്‍ കുരുത്തോല പ്രദക്ഷിണം, അങ്ങനെ എന്നും ഓരോന്ന. ഒടുവില്‍ ബിജെപിക്ക് കേരളത്തില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട എംപിയെ കിട്ടി. വെറും എംപിയായല്ല, കേന്ദ്ര സഹമന്ത്രിയാക്കി മൂന്നാം മോദി സര്‍ക്കാര്‍. വെറും തൃശൂര്‍ എംപിയല്ലാത്ത, കേരളത്തിന്റെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പിന്നെ കലുങ്ക് സദസ്സുകളും കാപ്പികുടി സദസ്സുകളും സംഘടിപ്പിച്ചുകൊണ്ട് വാര്‍ത്തയുണ്ടാക്കി. മാധ്യമപ്രവര്‍ത്തകരുടെ നേരെ കുതിച്ചു ചാടി. എയിംസ് വരും എന്ന് ഉറപ്പിച്ച് പറഞ്ഞു. സാധാരണക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കേണ്ട എംപി അത് വാങ്ങാന്‍ കൂട്ടാക്കാത്തത് വാര്‍ത്തയായി.
മൊത്തത്തില്‍ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും വിവാദം. ചെയ്യുന്നതെല്ലാം സിനിമാ സ്റ്റൈലില്‍ ആയതുകൊണ്ട് അതിനെ എതിര്‍ക്കുന്നവരും കയ്യടിക്കുന്നവരുമായി രണ്ട് പക്ഷം ഉണ്ടാകുമല്ലോ. ഇവിടെ കയ്യടിക്കാന്‍ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരിലും സുരേഷേട്ടന്‍ ചെയ്യുന്നത് ഇച്ചിരി കൂടുതലല്ലേ എന്ന് ഉള്ളിലെങ്കിലും തോന്നലുണ്ടായിരുന്നു. എയിംസ് വരുമെന്ന് ഒന്നോ രണ്ടോ വേദികളിലല്ല സുരേഷ് ഗോപി വിളിച്ചു പറഞ്ഞത്. പല നിലവാരത്തില്‍ അത് പറഞ്ഞുവെന്നതാണ് പ്രത്യേകത. ഒടുവില്‍ കേന്ദ്ര ബജറ്റ് വന്നു. എയിംസ് കിട്ടിയില്ലെന്ന് മാത്രമല്ല കുറച്ച് ദിവസത്തേക്ക് സുരേഷ് ഗോപിക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. 2047ല്‍ ഉണ്ടാകാനിടയുള്ള സന്ദിഗ്ധാവസ്ഥ മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഇതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്. ഇനി പ്രതികരിക്കും.
പറഞ്ഞുവന്നത് സുരേഷ് ഗോപി എങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനമായി മാറും എന്ന ചോദ്യത്തെക്കുറിച്ചാണ്. അതിപ്പോ തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡും കേന്ദ്ര ബജറ്റുമൊക്കെ വെച്ച് നോക്കുമ്പോള്‍ അത് എങ്ങനെ വേണമെന്ന് തൃശൂരുകാര്‍ നേരത്തേ തന്നെ തീരുമാനിച്ച ലക്ഷണമാണ് കാണുന്നത്.