

2025 ഡിസംബർ 1 ന് വീണ്ടുമൊരു ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോൾ, എച്ച്ഐവിക്കെതിരായ പോരാട്ടം ഒരു നിർണ്ണായക ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. "പ്രതിസന്ധികളെ അതിജീവിച്ച്, എയ്ഡ്‌സ് പ്രതികരണത്തിൽ മാറ്റം വരുത്തുക" എന്ന ശക്തമായ പ്രമേയമാണ് ഈ വർഷം ലോകാരോഗ്യ സംഘടനയും പങ്കാളികളും മുന്നോട്ട് വെക്കുന്നത്. 2030-ഓടെ എയ്ഡ്‌സ് എന്ന മഹാമാരിയെ ലോകത്ത് നിന്ന് തുടച്ചുനീക്കുക എന്ന ചരിത്രപരമായ ലക്ഷ്യം കൈവരിക്കാൻ, ലോകനേതാക്കളും സമൂഹങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദിനം ഓർമ്മിപ്പിക്കുന്നു.
പതിറ്റാണ്ടുകളുടെ പുരോഗതിക്ക് ശേഷം, എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾ വലിയ വെല്ലുവിളികൾ നേരിടുകയാണ്. പലയിടത്തും ജീവൻരക്ഷാ സേവനങ്ങൾ തടസ്സപ്പെടുന്നുണ്ട്. ലോകത്ത് പല ദുർബല സമൂഹങ്ങളും വർദ്ധിച്ച അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നു. എന്നാൽ ഈ ഇരുണ്ട പശ്ചാത്തലത്തിലും, എയ്ഡ്‌സ് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹങ്ങളുടെ അസാധാരണമായ ദൃഢനിശ്ചയത്തിലും, പ്രതിരോധശേഷിയിലും, നൂതനാശയങ്ങളിലും പ്രത്യാശയുടെ തിളക്കം കാണാമെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
ശരീരത്തിൻ്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്ന ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന സങ്കീർണ്ണമായ ഒരവസ്ഥയാണ് എയ്ഡ്‌സ് (AIDS – Acquired Immunodeficiency Syndrome). വിവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണിത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇത് പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്നു എന്ന ഒറ്റ കാരണത്താൽ, നമ്മുടെ സമൂഹം ഈ രോഗത്തെ ഉറക്കെ സംസാരിക്കാൻ പാടില്ലാത്ത ഒന്നായി മാറ്റിനിർത്തിയിരിക്കുന്നു. വാസ്തവത്തിൽ, എയ്ഡ്‌സ് രോഗികൾ ചികിത്സയും, അതിലുപരിയായി സാമൂഹികമായ ബഹുമാനവും പിന്തുണയും അർഹിക്കുന്നു.
നമ്മുടെ കേരളത്തിൽ പോലും, എയ്ഡ്‌സ് എന്ന യാഥാർത്ഥ്യം ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലും സ്വകാര്യ സംഭാഷണങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു രഹസ്യമായി തുടരുന്നു എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. രോഗത്തെക്കുറിച്ചുള്ള ഈ സാമൂഹിക മനോഭാവമാണ് പല രോഗികളെയും കൃത്യ സമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, ഈ രോഗം നമ്മുടെ സമൂഹത്തിൽ അപ്രത്യക്ഷമായ ഒന്നല്ലെന്നും, അത് ഇവിടെ നിലനിൽക്കുന്നുണ്ടെന്നും, അതിനോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നും നാം ഓരോരുത്തരും ഓർക്കേണ്ടിയിരിക്കുന്നു.
പോരാട്ടം തുടരുമ്പോൾ
എച്ച്ഐവിക്കെതിരായ പോരാട്ടം എത്രത്തോളം കഠിനമാണെന്ന് 2024-ലെ ആഗോള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 40.8 ദശലക്ഷം ആളുകളാണ് ലോകമെമ്പാടും എച്ച്ഐവി ബാധിതരായി ജീവിക്കുന്നത്. ദുഃഖകരമെന്നു പറയട്ടെ, അതേ വർഷം 630,000 ആളുകൾ എച്ച്ഐവി സംബന്ധമായ കാരണങ്ങളാൽ മരണപ്പെട്ടു. ഈ പോരാട്ടത്തിൻ്റെ വെല്ലുവിളി വർദ്ധിപ്പിച്ചുകൊണ്ട്, 1.3 ദശലക്ഷം ആളുകൾക്ക് പുതുതായി എച്ച്ഐവി ബാധയുണ്ടാവുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ഒരു വർഷം ഇത്രയധികം പുതിയ രോഗബാധകൾ ഉണ്ടാകുന്നു എന്നത്, എയ്ഡ്‌സ് എന്ന മഹാമാരി അവസാനിപ്പിക്കാൻ പ്രതികരണ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തേണ്ടതിൻ്റെ അനിവാര്യത അടിവരയിടുന്നു.
എച്ച് ഐ വി- എയിഡ്സ് ഇന്ത്യയില്‍
1986 ചെന്നൈയില്‍ ലൈംഗിക തൊഴിലാളികളിലാണ് ആദ്യമായി HIV അണുബാധ സ്ഥിരീകരിച്ചത്. സുനീതി സോളമൻ, സെല്ലപ്പൻ നിർമ്മല എന്നീ രണ്ടു ഡോക്ടറുമാരാണ് ആദ്യമായി എച്ച് ഐ വി വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തുന്നത്.1987ല്‍ കേരളത്തിലെ ആദ്യത്തെ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . 1992 ല്‍ കേന്ദ്ര സര്‍ക്കാര്‍ എച്ച് ഐ വി- എയിഡ്സ് രോഗം കണ്ടെത്തുന്നതിനും, ചികിത്സ നല്‍കുന്നതിനും തടയുന്നതിനുമായി നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു.
ഇന്ത്യയും കേരളവും എച്ച്.ഐ.വി. രോഗവ്യാപനം: കണക്കുകളും പ്രവണതകളും
ഇന്ത്യയിൽ എച്ച്.ഐ.വി./എയിഡ്‌സ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. നാഷണൽ എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (ഇന്ത്യ എച്ച്.ഐ.വി. എസ്റ്റിമേറ്റ്സ് 2023), രാജ്യത്ത് എച്ച്.ഐ.വി. യുമായി ജീവിക്കുന്ന ആളുകളുടെ (PLHIV) ഏകദേശ എണ്ണം 25.44 ലക്ഷം ആണ്. 2010 മുതൽ രാജ്യത്തെ പുതിയ അണുബാധകളുടെ എണ്ണത്തിൽ 44%-ലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ദേശീയ എയിഡ്‌സ് നിയന്ത്രണ പരിപാടിയുടെ (NACP) വിജയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രായപൂർത്തിയായവരിൽ (15-49 വയസ്സ്) എച്ച്.ഐ.വി. വ്യാപന നിരക്ക് നിലവിൽ 0.19% ആണ്. എങ്കിലും, രാജ്യത്ത് പ്രതിവർഷം ഏകദേശം 68,450 പുതിയ അണുബാധകൾ ഉണ്ടാകുന്നുണ്ടെന്ന കണക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുന്നു.
എച്ച്.ഐ.വി.യുമായി ജീവിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കാലത്ത് ലോകത്ത് മുൻനിരയിൽ ഉണ്ടായിരുന്ന രാജ്യം ആണെങ്കിലും, ഏറ്റവും പുതിയ UNAIDS 2023 കണക്കുകൾ പ്രകാരം ഇന്ത്യ നിലവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്നില്ല. ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികളുള്ള മുൻനിരയിൽ.
സംസ്ഥാനതലത്തിൽ നോക്കുമ്പോൾ, ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എച്ച്.ഐ.വി. നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും NACO-യുടെയും കണക്കുകൾ ഇത് ശരിവെക്കുന്നു. 2010 മുതൽ 2023 വരെയുള്ള കാലയളവിൽ പുതിയ എച്ച്.ഐ.വി. അണുബാധകളുടെ എണ്ണത്തിൽ കേരളം ഏകദേശം 74.39% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
ഇന്ത്യയിലെ ചില ഹൈ-റിസ്ക് വിഭാഗങ്ങളിൽ അണുബാധയുടെ തോത് പൊതുജനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടുകൾ പ്രകാരം, ഈ വിഭാഗങ്ങളിലെ കണക്കുകൾ ആശങ്കാജനകമാണ്. മയക്കുമരുന്ന് കുത്തിവെപ്പ് എടുക്കുന്നവരിലാണ് ഏറ്റവും ഉയർന്ന നിരക്ക്, ഏകദേശം 9.9%. ഇതിനു പുറമെ, ലൈംഗിക ന്യൂനപക്ഷങ്ങൾ (ട്രാൻസ്ജെൻഡർ വ്യക്തികൾ) ഏകദേശം 7.7% എന്ന തോതിലും, സ്വവർഗ്ഗ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ ഏകദേശം 4.4% എന്ന തോതിലും, സ്ത്രീ ലൈംഗിക തൊഴിലാളികൾ ഏകദേശം 2.2% എന്ന തോതിലും അണുബാധയുള്ളവരാണ്.
ഇത് കൂടാതെ അണുബാധ പൊതുസമൂഹത്തില്‍ എത്തിക്കുന്ന ചില ബ്രിഡ്ജ് വിഭാഗങ്ങള്‍ ഉണ്ട്. ട്രക്ക് ഡ്രൈവർമാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. നിലവില്‍ ഇത്തരം ഹൈറിസ്ക് വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ട് .അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തതും, ആരോഗ്യ സേവനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതിലെ പരിമിതികളും, ലൈംഗികസുരക്ഷയെ കുറിച്ചുള്ള അറിവില്ലായ്‌മയും, ഇവര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും ഒക്കെയാകാം ഈ കൂട്ടായ അണുബാധാനിരക്കിനു കാരണം.
നിലവിലെ രോഗവ്യാപന പ്രവണത അനുസരിച്ച്, എച്ച്.ഐ.വി.യുമായി ജീവിക്കുന്ന ആളുകളുടെ ഒരു വലിയ ഭാഗം ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽ നിന്ന് പൊതുസമൂഹത്തിലേക്ക് വ്യാപിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ചില പ്രാദേശിക റിപ്പോർട്ടുകൾ കേരളത്തിൽ കേസുകൾ ഉയരുന്ന പ്രവണതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 4,477 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി KSACS- യുടെ ഡാറ്റ സൂചിപ്പിക്കുന്നു. ഈ പുതിയ കേസുകളിൽ ഭൂരിഭാഗവും (3,393) പുരുഷന്മാരിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ എച്ച്.ഐ.വി. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എറണാകുളം ജില്ലയിലാണ്. പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ, പരിശോധന സംവിധാനങ്ങൾ, ആന്റി-റെട്രോവൈറൽ തെറാപ്പി കേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ ചികിത്സാ ലഭ്യത എന്നിവ കേരളത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. എന്നിരുന്നാലും, പുതിയ കേസുകൾ വർധിക്കുന്നത്, പ്രതിരോധ പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും ദുർബല ജനവിഭാഗങ്ങൾക്കിടയിലും, ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എച്ച്.ഐ.വി.യുമായി ജീവിക്കുന്ന ആളുകൾ ഉള്ളത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് (തെലങ്കാന ഉൾപ്പെടെ), കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം, എച്ച്.ഐ.വി. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതോടൊപ്പം പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുകയും ചെയ്യുന്നത്, കൃത്യമായ ബോധവൽക്കരണം ജനങ്ങളിലേക്ക് എത്തുന്നു എന്നതിൻ്റെ ശുഭസൂചനയാണ്. ഇന്ത്യ ഒട്ടാകെ നോക്കുമ്പോൾ, എച്ച്.ഐ.വി. രോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നാഷണൽ എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ 2023 ലെ റിപ്പോർട്ട് അനുസരിച്ച്, 15-49 വയസ്സിനിടയിലുള്ള പ്രായപൂർത്തിയായവരിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള രോഗവ്യാപന നിരക്ക് 0.19% ആണ്. എന്നാൽ, കേരളത്തിൽ ഈ വ്യാപന നിരക്ക് താരതമ്യേന വളരെ കുറവാണ്. ഇന്ത്യയിൽ ആകെയുള്ള പുതിയ എച്ച്.ഐ.വി. അണുബാധകളിൽ, കേരളത്തിൽ 74.39% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ദേശീയ ശരാശരിയേക്കാൾ (44.23%) മികച്ചതും നമുക്ക് അഭിമാനിക്കാവുന്നതുമായ നേട്ടമാണ്.
ലഹരി ഉപയോഗവും എയിഡ്സും
സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്. ഈ വസ്തുത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലഹരി ഉപയോഗം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തിൽ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്.
ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നതും ആയിരിക്കും.
അണുബാധ പകരുന്ന മാര്‍ഗങ്ങള്‍
രണ്ടു തരത്തിലുള്ള HIV അണുക്കളുണ്ട്. ഇന്തയില്‍ ഭൂരിഭാഗം അണുബാധയും HIV Type 1 വൈറസ് മൂലമാണ്. അണുബാധ പകരുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം,രക്തവും മറ്റു രക്തഘടകങ്ങളും വഴി, അമ്മയില്‍ നിന്ന് കുട്ടികളിലേക്ക്, മയക്കുമരുന്ന് കുത്തിവെപ്പ് എന്നിവയാണ്.
പ്രധാനമായും 3 രീതിയിൽ ആണ് എച്ച് ഐ വി പടരുന്നത്. വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ, അണു വിമുക്തമാക്കാത്ത കുത്തിവെപ്പ് സൂചികൾ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന ലൂബ്രിക്കേഷൻ സ്രവങ്ങൾ എന്നീ മാർഗങ്ങളിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരാം.
എയ്ഡ്സ് രോഗാണുബാധ ഉള്ളവരുമായി കോണ്ടം ഉപയോഗിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക. (HIV പോസിറ്റീവ് ആയ ഒരാള് കൃത്യമായി മരുന്ന് കഴിക്കുകയും, ആ വ്യക്തിയുടെ VIRAL LOAD രണ്ടു അടുത്തതടുത്ത ടെസ്റ്റുകളിൽ UNDECTATABLE ആണെങ്കിൽ ആ വ്യക്തിയിൽ നിന്ന് HIV പകരുവാൻ സാധ്യത കുറവാണ്.)
വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനമാണ്. ശരിയായ ചികിത്സ സ്വീകരിച്ചാൽ എച്ച് ഐ വി പോസറ്റീവ് ആയ മാതാവിന് എച്ച് ഐ വി നെഗറ്റീവ് ആയ കുഞ്ഞിനെ പ്രസവിക്കാൻ കഴിയും. ആനൽ സെക്സ് എച്ച് ഐ വി പടരാൻ കാരണമാകാറുണ്ട്. (എന്നാൽ പുരുഷ ലിംഗത്തിൽ കോണ്ടം അല്ലെങ്കിൽ ഗുദത്തിൽ സ്ത്രീകൾക്കുള്ള കോണ്ടം അഥവാ ആന്തരിക കോണ്ടം ഉപയോഗിച്ചാൽ അണുബാധ പകരാൻ സാധ്യത കുറവാണ്.)
ഗുഹ്യരോമം ഷേവ് ചെയ്യുന്നത് നിമിത്തം ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം പകരുന്നു. എയ്ഡ്സ് രോഗാണുബാധ ഉള്ള വ്യക്തിയുമായി ഗുഹ്യചർമങ്ങൾ തമ്മിലുള്ള ഉരസൽ ഇതിന് കാരണമാകാം. ഓറൽ സെക്സ് വഴി സാധാരണ ഗതിയിൽ എച്ച് ഐ വി പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ എയ്ഡ്സ് രോഗാണുബാധ ഉള്ള ആളുകൾ സ്രവിക്കുന്ന സ്നേഹദ്രവത്തിലോ, ശുക്ലത്തിലോ രോഗാണുക്കൾ ഉണ്ടാകാറുണ്ട്. ഇത്തരം സ്രവങ്ങൾ ഉള്ളിൽ ചെന്നാൽ രോഗാണുബാധ പകരാം. മാത്രമല്ല ലിംഗത്തിലോ, യോനിയിലോ, വായയിലോ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അതുവഴിയും പകരാം. അതിനാൽ കോണ്ടം ഉപയോഗിക്കാതെ ഇത്തരം വ്യക്തികളുമായി ഓറൽ സെക്സിൽ ഏർപ്പെട്ടാൽ രോഗാണുബാധ പകർന്നേക്കാം.
മേൽപ്പറഞ്ഞ കാരണങ്ങളല്ലാതെ കെട്ടിപ്പിടിക്കുക, സംസാരിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, ഒരുമിച്ച് യാത്ര ചെയ്യുക, ജിമ്മിൽ ഒക്കെ ഉപയോഗിക്കേണ്ടതു പോലെയുള്ള പൊതുവായ ഉപകരണങ്ങൾ ഉപയോഗിക്കുക ഇതുവഴിയൊന്നും എച്ച് ഐ വി അണുബാധ പകരില്ല.
എയ്‌ഡ്‌സ് രോഗാണുക്കൾ ശരീരത്തിലുള്ള എല്ലാവർക്കും ആദ്യമേ അല്ലെങ്കിൽ ഉടനെ രോഗലക്ഷണങ്ങൾ തുടങ്ങുന്നില്ല.രോഗാണു ബാധിതർ 10-20 വർഷത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങാം. രോഗലക്ഷണം ഉള്ളവർ മാത്രമല്ല എയ്‌ഡ്‌സ് രോഗാണുബാധിതർ എല്ലാവരും തന്നെ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കഴിവുള്ളവരാണ്. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊരുങ്ങുന്നത് വളരെയധികം അപകടകരമാണ്.
വൈറസിന്റെ പ്രവർത്തന രീതി
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ, രോഗപ്രതിരോധശേഷിക്ക് നിർണായകമായ CD4 എന്ന വെള്ള രക്താണുക്കളെയാണ് ആക്രമിക്കുന്നത്. വൈറസ് ഈ കോശങ്ങളിൽ പ്രവേശിച്ച ശേഷം, അതിന്റെ ജനിതക ഘടകങ്ങൾ കോശത്തിന്റെ DNA-യുമായി കൂട്ടിച്ചേർത്ത് കോശത്തെ വൈറസ് നിർമ്മിക്കുന്ന ഫാക്ടറിയാക്കി മാറ്റുന്നു. കാലക്രമേണ, അണുബാധയേറ്റ ഈ CD4 കോശങ്ങൾ നശിക്കുമ്പോൾ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയും ദുർബലമാവുകയും ചെയ്യുന്നു. തൽഫലമായി, സാധാരണഗതിയിൽ ഉണ്ടാകാത്ത പലതരം രോഗാണുബാധകൾ (അവസരവാദ അണുബാധകൾ) ബാധിക്കുകയും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ചിലരിൽ പ്രാഥമിക ലക്ഷണങ്ങൾ (ഒന്നാം ഘട്ടം) കണ്ടുതുടങ്ങാം. പനി, ശരീരവേദന, തൊണ്ടവേദന, കഴലവീക്കം എന്നിവ വൈറൽ പനിപോലെ ഈ ഘട്ടത്തിൽ ഉണ്ടാകാം. തുടർന്ന് രോഗലക്ഷണങ്ങൾ കാര്യമായി ഇല്ലാത്ത, ചിലപ്പോൾ പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു നിശ്ശബ്ദ ഘട്ടം (രണ്ടാം ഘട്ടം) ഉണ്ടാവാം. ഈ സമയം വൈറസ് പതിയെ വളരുകയും CD4 കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. CD4 കോശങ്ങളുടെ എണ്ണം കുറയുന്നതോടെ, ശോഷിച്ച രോഗപ്രതിരോധ ശേഷിയുടെ (മൂന്നാം ഘട്ടം) ലക്ഷണങ്ങളായ തുടർച്ചയായ പനി, ചുമ, വയറിളക്കം, ഭാരം കുറയൽ എന്നിവ കാണപ്പെടും. ഇതിനുശേഷം, ശരീരം തീർത്തും ദുർബലമാവുകയും മറ്റു അണുബാധകളും ചിലതരം കാൻസറുകളും പിടിപെടുകയും ചെയ്യുന്ന അവസാന ഘട്ടമാണ് എയ്ഡ്സ്.
എച്ച് ഐ വി പരിശോധന
അണുബാധ കണ്ടെത്താൻ ICTC പോലുള്ള കേന്ദ്രങ്ങളിൽ റാപിട് സ്ക്രീനിംഗ് ടെസ്റ്റ് ആണ് പ്രാഥമികമായി ഉപയോഗിക്കുന്നത്. രോഗം ഉറപ്പിക്കാൻ എലിസ പോലുള്ള ടെസ്റ്റുകളും നടത്തും. ഈ പരിശോധനകൾ രക്തത്തിലെ എച്ച് ഐ വി ആന്റിബോഡികളെ ആണ് കണ്ടെത്തുന്നത്. എന്നാൽ, വൈറസ് ശരീരത്തിൽ കടന്ന് ആന്റിബോഡികൾ രൂപപ്പെടാൻ എടുക്കുന്ന 'വിൻഡോ പിരീഡ്' (1-3 മാസം) ഒരു പരിമിതിയാണ്. ഈ കാലയളവിൽ രോഗം ഉറപ്പാക്കാൻ, വൈറസിന്റെ സാന്നിധ്യം നേരിട്ട് കണ്ടെത്തുന്ന NAT (Nucleic Acid-based Tests) പോലെയുള്ള കൂടുതൽ കൃത്യതയുള്ള നൂതന പരിശോധനകൾ ഇന്ന് ലഭ്യമാണ്.
എയ്ഡ്‌സ് ചികിത്സാ സേവനങ്ങൾ
ഇന്ത്യയിൽ NACO (National AIDS Control Organisation) ആണ് എയ്ഡ്‌സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 100% കേന്ദ്ര ഫണ്ടിൽ പ്രവർത്തിക്കുന്ന NACO, സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി വഴി നാഷണൽ എയ്ഡ്‌സ് കണ്ട്രോൾ പ്രോഗ്രാം (NACP) നടപ്പിലാക്കുന്നു. ഇതിന്റെ ഫലമായി എച്ച് ഐ വി അണുബാധയുടെയും മരണത്തിന്റെയും നിരക്കുകൾ കുറഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഈ പ്രവർത്തനങ്ങൾക്ക് കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്. അവർ നൽകുന്ന പ്രധാന സേവനങ്ങൾ താഴെപ്പറയുന്നവയാണ്:
1. ICTC - ഇന്റഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്റ്റിങ് സെന്റർസ്: ''ജ്യോതിസ്
എച്ച് ഐ വി രോഗബാധ കണ്ടുപിടിക്കാനുള്ള സൗകര്യമാണ് ജ്യോതിസില്‍ ഉള്ളത് . ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് പരിശോധനക്ക് എത്തുന്നവര്‍ക്ക് രക്ത പരിശോധനക്ക് മുന്‍പും ശേഷവും കൗണ്‍സിലിംഗ് സേവനവും നല്‍കുന്നുണ്ട്. 3 തരത്തിലുള്ള പരിശോധനകള്‍ ഇവിടെ സൌജന്യമായി ലഭ്യമാണ്. 2023 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 688 ജ്യോതിസ് കേന്ദ്രങ്ങളുണ്ട് .
2.ART CENTRES- ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്- 'ഉഷസ്'
എച്ച് ഐ വി അണുബാധക്കും, രോഗപ്രതിരോധം കുറയുമ്പോള്‍ ഉണ്ടാകുന്ന മറ്റു അണുബാധകള്‍ക്കും ചികിത്സ നല്‍കുന്നത് ഈ വിഭാഗത്തിലാണ്. ഒപ്പം CD4 കോശങ്ങളുടെ എണ്ണം നോക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. 2023 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 22 ഉഷസ് കേന്ദ്രങ്ങളാണ് ഉള്ളത് . മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ സേവനങ്ങളും സൗജന്യമാണ്.
3. ടാർഗറ്റഡ് ഇന്റർവെൻഷൻ (TI) - 'സുരക്ഷ'
അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക ലൈംഗിക ആഭിമുഖ്യമുള്ള വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുക .കേരളത്തില്‍ 64 സുരക്ഷ കേന്ദ്രങ്ങളുണ്ട്. ഈ ടാര്‍ഗറ്റ് ഗ്രൂപ്പിലെ ആളുകള്‍ക്ക് ബോധവല്കരണം നല്‍കുക , സുരക്ഷിത ലൈംഗികബന്ധത്തിന് വേണ്ട നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗ്ഗങ്ങളും നല്‍കുക തുടങ്ങിയവയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍.
4. STI ക്ലിനിക്‌സ് –സെക്ഷ്വലി ട്രാൻസ്‌മിറ്റെഡ് ഇൻഫെക്ഷൻ ക്ലിനിക്‌സ് -'പുലരി'
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി ഉണ്ടാകുന്ന അണുബാധകള്‍ ചികിത്സിക്കാനും തടയാനും ഉള്ള കേന്ദ്രങ്ങളാണ് പുലരി. കേരളത്തില്‍ 23 പുലരി കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലുമായി പ്രവര്‍ത്തിക്കുന്നു .
5. ബ്ലഡ് സേഫ്റ്റി
രക്തവും രക്ത ഘടകങ്ങളും സ്വീകരിക്കുന്നതിലൂടെ അണുബാധ ഉണ്ടാകുന്നതു തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍. സന്നദ്ധ രക്തധാനം കൂട്ടുകയാണ് ഇതിലെ പ്രധാന പ്രവര്‍ത്തനം. ഒപ്പം രക്തബാങ്കുകളുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുന്നതും ആവശ്യമായ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുന്നതും ഇവരാണ്.
എച്ച് ഐ വി നിയന്ത്രണം: വെല്ലുവിളികളും പ്രതീക്ഷയും
ഇന്ത്യൻ എയ്ഡ്‌സ് നിയന്ത്രണ പരിപാടികൾ കൈവരിച്ച പുരോഗതികൾക്കിടയിലും, നിലവിൽ കേരളത്തിൽ നിരവധി പരിമിതികളും വെല്ലുവിളികളും നേരിടുന്നുണ്ട്. സാമ്പത്തിക വിഹിതത്തിലെ കുറവ് പുതിയതും ഫലപ്രദവുമായ മരുന്നുകൾ ലഭ്യമാക്കുന്നതിനെ ബാധിക്കുന്നു. ചികിത്സാ-പരിശോധനാ കേന്ദ്രങ്ങളുടെയും (ഉദാഹരണത്തിന്, പുലരി കേന്ദ്രങ്ങൾ), അസുഖം വേഗം കണ്ടെത്താൻ സഹായിക്കുന്ന ആധുനിക ലാബുകളുടെയും എണ്ണത്തിലുള്ള കുറവ് രോഗികൾക്ക് പ്രയാസമുണ്ടാക്കുന്നു. കൂടാതെ, രക്തബാങ്കുകളിൽ NAT പരിശോധന നിർബന്ധമാക്കാത്തത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഏറ്റവും പ്രധാനമായി, ആവശ്യത്തിന് ബോധവൽക്കരണം നൽകിയിട്ടും എച്ച് ഐ വി അണുബാധിതരോടുള്ള സമൂഹത്തിന്റെ വിവേചനപരമായ സമീപനം നിലനിൽക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. എങ്കിലും, ഇന്ന് കൃത്യമായ ചികിത്സകളും നിർദ്ദേശങ്ങളും നൽകാൻ സംവിധാനങ്ങൾ ലഭ്യമായതിനാൽ, എയ്ഡ്‌സ് പിടിപെട്ടാലും ജീവിതം അവസാനിച്ചു എന്ന ചിന്ത ഒഴിവാക്കി സാധാരണ ജീവിതം നയിക്കാൻ സാധിക്കും എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്.
എയ്ഡ്‌സിനെ ഇല്ലാതാക്കാൻ നാല് സുപ്രധാന തന്ത്രങ്ങൾ
എച്ച്ഐവി പ്രതികരണത്തിൽ സമൂലമായ മാറ്റം വരുത്തി, മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി പകരാൻ നാല് പ്രധാന തന്ത്രങ്ങൾ ലോകാരോഗ്യസംഘടന മുന്നോട്ട് വെക്കുന്നുണ്ട്. എച്ച്ഐവി പ്രതികരണ പ്രവർത്തനങ്ങൾ ഇപ്പോൾ ഒരു വഴിത്തിരിവിലാണ്, ഇത് കാര്യങ്ങൾ പുനഃക്രമീകരിക്കാൻ ഒരു സുപ്രധാന അവസരം നൽകുന്നു. എച്ച്ഐവി പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയുടെ ലഭ്യത ലളിതമാക്കുകയും അവയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്നതിലൂടെയും, മരുന്നുകളോടുള്ള പ്രതിരോധശേഷിയുടെയും, ഗുരുതരാവസ്ഥയിലുള്ള എച്ച്.ഐ.വി. രോഗത്തിൻ്റെയും പരിപാലനം ശക്തിപ്പെടുത്തുന്നതിലൂടെയും രാജ്യങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഏറ്റവും പ്രധാനം, ഈ സേവനങ്ങളെല്ലാം പ്രാഥമികാരോഗ്യ സംരക്ഷണ സമീപനവുമായി സംയോജിപ്പിക്കുക എന്നതാണ്.
ഇതിലൂടെ, രാജ്യങ്ങൾക്ക് കൂടുതൽ ആളുകളിലേക്ക് സമഗ്രമായ സേവനങ്ങൾ എത്തിക്കാനും, ഇതുവരെ നേടിയ പുരോഗതി നിലനിർത്താനും, എല്ലാവർക്കും എല്ലായിടത്തും സേവനം നൽകാൻ കഴിയുന്ന പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും സാധിക്കും.