

രാസലഹരിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാകും. അതുപോലെ തന്നെ ലഹരി ഉണ്ടാക്കുന്ന ദന്താരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്.
ഓപ്പറേഷൻ തൂഫാനിന്റെ കാലത്ത് , രാസ ലഹരി കാരണം തൂഫാനാകുന്ന പല്ലുകളെ കുറിച്ചാണീ ലേഖനം. പാടത്തെയും പറമ്പിലെയും കളിക്കളങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികള്‍ ജിബിയും റാമും എണ്ണി പറയുന്ന ഇലക്ട്രോണിക് ഡിവൈസുകളിലേക്ക് മാറിയപ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള ദുശ്ശീലങ്ങളുടെ വലയവും ഒരുപാട് വളര്‍ന്നിട്ടുണ്ട്. ലഹരിയുടെ അതിപ്രസരം കുടുംബങ്ങളെയും സാമൂഹിക വ്യവസ്ഥിതിയേയും തച്ചുടക്കുന്ന വാര്‍ത്തകള്‍ നാം നിത്യം കേട്ടുകൊണ്ടിരിക്കുകയാണ്. രാസലഹരിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാകും. അതുപോലെ തന്നെ ലഹരി ഉണ്ടാക്കുന്ന ദന്താരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്.
എല്ലാ ലഹരി പദാര്‍ത്ഥങ്ങളും ധാരാളം ദന്താരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഇതില്‍ പ്രധാനി മെത്ത് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെത്താംഫിറ്റമിനാണ്. ഇത് വായിലും പല്ലിലുമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ചേര്‍ത്ത് വിളിക്കുന്ന പേരാണ് മെത്ത് മൗത്ത് (Meth Mouth). മെത്ത് ഉപയോഗിക്കുന്നത് മൂലം വായിലെ ഉമിനീരിന്റെ ഉത്പാദനം കുറയുകയും തന്മൂലം പല്ലുകള്‍ കേടുവരുന്നതിനും ദ്രവിച്ച് പോകുന്നതിനും കാരണമാകുന്നു. പല്ലുകളുടെ മോണയോട് ചേര്‍ന്ന ഭാഗം പ്രത്യേക രീതിയില്‍ ദ്രവിച്ച് പോകുന്നതാണ് മെത്ത് മൗത്തിന്റെ പ്രധാന ലക്ഷണം. മെത്ത് വളരെയധികം അസിഡിറ്റിയുള്ള ഒരു പദാര്‍ത്ഥമാണ്. ഇത് പല്ലിന്റെ ഇനാമലിനെ നേരിട്ട് നശിപ്പിക്കുന്നു. പലയാളുകളിലും വായില്‍ അണുബാധയുണ്ടാകുന്നതിനും മെത്ത് കാരണമാകാറുണ്ട്. ഒരാളുടെ മെത്ത് ഉപയോഗം തിരിച്ചറിയാന്‍ വായിലെ ഈ ലക്ഷണങ്ങള്‍ സഹായിച്ചേക്കാം.
ദന്താരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മറ്റൊരു മറ്റൊരു പ്രധാന ലഹരിവസ്തുവാണ് കൊക്കെയിന്‍. ചിലയാളുകള്‍ കൊക്കെയിന്‍ നേരിട്ട് മോണയില്‍ ഉരസി ഉപയോഗിക്കുന്നവരാണ്. ഇങ്ങിനെയുള്ളവരില്‍ മോണയിലേക്കുള്ള രക്തപ്രവാഹം കുറയുകയും മോണയില്‍ വേദനയുള്ള വലിയ വൃണങ്ങള്‍ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഒരേസ്ഥലത്ത് തന്നെ ഇതുപോലെ തുടര്‍ച്ചയായി വൃണങ്ങളുണ്ടായാല്‍ അത് പിന്നീട് ഓറല്‍ കാന്‍സറായും മാറാറുണ്ട്. പല്ലുകള്‍ പൊടിഞ്ഞു പോകുന്നതും കൊക്കെയിനിന്റെ ഒരു പ്രധാന പാര്‍ശ്വഫലമാണ്. മൂക്കിലൂടെ വലിച്ചെടുത്ത് കൊക്കെയിന്‍ ഉപയോഗിക്കുന്നവരില്‍ വായക്കും മൂക്കിനും ഇടയിലുള്ള പാളിയായ ഹാര്‍ഡ് പാലറ്റില്‍ അതായത് നമ്മുടെ വായയുടെ മുകള്‍ ഭാഗത്തായി വലിയ സുഷിരങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഇത് വായക്കും മൂക്കിനും ഇടയില്‍ കമ്മ്യൂണിക്കേഷന്‍ ഉണ്ടാകുന്നതിന് കാരണമാകുകയും അത് വഴി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇത് പിന്നീട് ക്യാന്‍സറായി വരെ മാറാനുള്ള സാധ്യതയുമുണ്ട്.
ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ ധാരാളം സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ രാസലഹരിയാണ് MDMA. എംഡിഎംഎയുടെ ഉപയോഗം ഉമിനീര്‍ ഗ്രന്ഥികളെ സാരമായി ബാധിക്കുകയും തന്മൂലം ഉമിനീര്‍ ഉത്പാദനം കുറയുകയും ഇത് ഡ്രൈ മൗത്തിന് കാരണമാകുകയും ചെയ്യും. എംഡിഎംഎ ഉപയോഗത്തിന് ശേഷമുള്ള 48 മണിക്കൂറോളം ഈ ഡ്രൈ മൗത്ത് നീണ്ടുനിന്നേക്കാം. എംഡിഎംഎ മോണരോഗത്തിനും അത് പോലെ തന്നെ മോണയില്‍ പുണ്ണ് ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. എംഡിഎംഎ താടിയെല്ലുകളിലെ മസ്സിലുകളെ അമിതമായി ഉത്തേജിപ്പിക്കുന്നത് മൂലം അനാവശ്യമായി പല്ല് കടിക്കുകയും അത് പല്ലിന്റെയും താടിയെല്ലുകളുടെയും തേയ്മാനത്തിനും കാരണമാകാറുണ്ട്.
ലഹരി മൂലമുണ്ടാകുന്ന ദന്താരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുന്നത് ഒരാള്‍ ലഹരിയില്‍ നിന്ന് മുക്തനായി പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോളാണ്. ലഹരി ഉപയോഗം മൂലം നശിച്ച പല്ലുകളും മോണയും ഇയാളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ പ്രശ്‌നമായി മാറുകയും ആത്മവിശ്വാസം നഷ്‌പ്പെടുത്തുകയും ആളുകളെ അഭിമുഖീകരിക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യും. ഇത് വീണ്ടും അയാളെ ലഹരിയുടെ വഴികളിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ചികിത്സയോടൊപ്പം തന്നെ ദന്താരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടേണ്ടതാണ്. ഇത് പുതിയ ജീവിതത്തെ സധൈര്യം നേരിടാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കും.
ലഹരി സൃഷ്ടിക്കുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലഹരി മൂലമുണ്ടാകുന്ന ദന്താരോഗ്യ പ്രശ്‌നങ്ങള്‍ ലളിതമാണെന്ന് തോന്നുമെങ്കിലും കൂനിന്‍ മേല്‍ കുരു പോലെ എല്ലാം നഷ്ടമായവരെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാന്‍ ഈ പ്രശ്‌നങ്ങള്‍ കാരണമായേക്കാം. നമ്മുടെ സമൂഹത്തേയും വ്യക്തി ജീവിതത്തേയും കാര്‍ന്നുതിന്നുന്ന രാസലഹരിയുടെ അതിപ്രസരണത്തെ തടയേണ്ടത് സാമൂഹിക ബോധമുള്ള പൗരന്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് നാം തിരിച്ചറിയണം. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു യോദ്ധാവായി മുന്നിട്ടിറങ്ങാന്‍ നാം തയ്യാറാകണം. ലഹരിയുടെ പുകച്ചുരുളുകള്‍ എന്നെന്നേക്കുമായി എരിഞ്ഞടങ്ങട്ടെ.