

മൂന്നുദിവസങ്ങള്‍ക്കുമുമ്പ് ലോകമാകമാനം പരിസ്ഥിതിദിനം ആചരിച്ചപ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സമുദ്രങ്ങളിലെ മലിനീകരണവും, കാലാവസ്ഥാ വ്യതിയാനത്തില്‍ അതിന്റ പങ്കും, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഒക്കെയായിരുന്നു. ഇപ്പോളിതാ ലോക സമുദ്രദിനവും കടന്നു വരുമ്പോള്‍ അത് കൂടുതല്‍ ശക്തമായി, ഉറക്കെപ്പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു
കടല്‍ ഒരു അത്ഭുതലോകമാണ്. കടലിന്റെ ഓരോ വാര്‍ത്തകളും, നിഗൂഢതകളും നമ്മെ എന്നും ത്രസിപ്പിക്കുമ്പോള്‍ കടലിനെപ്പറ്റി വെറും 5% മാത്രമേ നാം ഇതേവരെ അറിഞ്ഞിട്ടുള്ളൂ എന്ന് പറയുമ്പോള്‍ ഇനിയെത്ര വിസ്മയങ്ങള്‍ കടല്‍ നമുക്കായി ഒരുക്കിവച്ചിരിക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഞങ്ങള്‍ ഭൂപടത്തിലേക്ക് നോക്കി അതിരുകള്‍ കണ്ടു, ചക്രവാളത്തിലേക്ക് നോക്കി ഭൂമിയുടെ അവസാനം കണ്ടു, സമുദ്രത്തെ ഞങ്ങളില്‍ നിന്ന് വിശാലവും വിദൂരവും വ്യാപിക്കുന്നതുമായ ഒന്നായി ഞങ്ങള്‍ കണക്കാക്കി. പക്ഷെ ആ അകലം നമ്മള്‍ തന്നെ സൃഷ്ടിച്ചതാണ്. കാരണം നമ്മുടെ സമുദ്രങ്ങള്‍ ഒരിക്കലും നമ്മുടെ അതിരുകളെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. അത് നമ്മിലൂടെ ഒഴുകുകയായിരുന്നു. നമ്മള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവില്‍, നമ്മള്‍ ഉള്ളിലേക്ക് എടുക്കുന്ന ഓരോ രണ്ടാമത്തെ ശ്വാസവും കടലില്‍ നിന്നുള്ള സമ്മാനമാണ്. നമ്മുടെ താറുമാറായ കാലാവസ്ഥയെ നിയന്ത്രിക്കുന്ന തെര്‍മോസ്റ്റാറ്റാണ് സമുദ്രങ്ങള്‍. ഭൂമിഗ്രഹത്തിലെ ഏറ്റവും വലിയ ജീവനുള്ള എഞ്ചിനാണിത്. അത് ശതകോടികളെ പോറ്റുന്നു. പുരാതന ആവാസവ്യവസ്ഥയെ അതിന്റെ സുന്ദരമായ തിരമാലകള്‍ക്കടിയില്‍ വഹിക്കുന്നു, കൂടാതെ ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഏതാണ്ട് 80% സമുദ്രം ഉള്‍ക്കൊള്ളുന്നു.
വെറും മൂന്നുദിവസങ്ങള്‍ക്കുമുമ്പ് ലോകമാകമാനം പരിസ്ഥിതിദിനം ആചരിച്ചപ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സമുദ്രങ്ങളിലെ മലിനീകരണവും, കാലാവസ്ഥാ വ്യതിയാനത്തില്‍ അതിന്റ പങ്കും, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഒക്കെയായിരുന്നു. ഇപ്പോളിതാ ലോക സമുദ്രദിനവും കടന്നു വരുമ്പോള്‍ അത് കൂടുതല്‍ ശക്തമായി, ഉറക്കെപ്പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു. ആവശ്യമെങ്കില്‍ ഇനിയുമിനിയും ആവര്‍ത്തിച്ച് പറയേണ്ടിയുമിരിക്കുന്നു. എന്തെന്നാല്‍ സമുദ്രങ്ങള്‍ ഭൂമിയുടെ ജീവന്‍ നിലനിര്‍ത്തുന്ന സങ്കേതങ്ങളാണ്. അതില്ലെങ്കില്‍ നാമില്ല എന്ന സത്യം ഇനിയുമെങ്കിലും നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ഓക്‌സിജന്റെ 50% ഉല്‍പ്പാദിപ്പിക്കുന്നത് സമുദ്രമാണ്. ഇതിനൊപ്പം ലോകമെമ്പാടുമുള്ള മനുഷ്യരുടെ ആഹാരത്തിന്റെ പ്രധാന ഉറവിടം കൂടെയാണ് സമുദ്രങ്ങള്‍. ഇതില്‍ ഒതുങ്ങുന്നതല്ല സമുദ്രത്തിന്റെ സംഭാവനകള്‍. മത്സ്യബന്ധനം, വിനോദസഞ്ചാരം, ഗതാഗതം, ഊര്‍ജ്ജോദ്പാദനം, ധാതുക്കളുടെ നിക്ഷേപം എന്നിങ്ങനെ എണ്ണമില്ലാത്ത സേവനങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും സമുദ്രം ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൊതുജനങ്ങളില്‍ അതിനായുള്ള അവബോധം വളര്‍ത്താനായാണ് സമുദ്രദിനം ആചരിക്കുന്നത്.
നാം തിരക്കേറിയ ഒരു കോസ്റ്റ്‌ലൈനില്‍ നില്‍ക്കുകയോ കടലില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ ജീവിച്ചിരിക്കുകയോ ചെയ്താലും, നമ്മുടെ ജീവിതം ഇപ്പോഴും സമുദ്രത്തിലെ വേലിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിന്റെ തണുത്തുറഞ്ഞ നിശബ്ദത മുതല്‍ ശാന്തസമുദ്രത്തിന്റെ അനന്തമായ നീല വരെയും, ശക്തമായ അറ്റ്‌ലാന്റിക് കറന്റ് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂടുവെള്ളം വരെയും അത് പടര്‍ന്നു കിടക്കുന്നു. നമുക്ക് തൊട്ടുകൂടാത്ത മരുഭൂമിയായ അന്റാര്‍ട്ടിക്കയിലേക്ക് എന്നുവേണ്ട സമുദ്രം ഭൂമിയുടെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നു.
മനുഷ്യരാശിയുടെ അതിര്‍ത്തികള്‍ കെട്ടിപ്പടുക്കുന്നതിന് വളരെ മുമ്പുതന്നെ ഗ്രഹത്തിന് കുറുകെ കടല്‍ ജീവന്‍ വഹിച്ചു. അത് നാഗരികതകളെ രൂപപ്പെടുത്തുകയും രാഷ്ട്രങ്ങളെ പോഷിപ്പിക്കുകയും നമ്മെ നിലനില്‍ക്കാന്‍ അനുവദിക്കുന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥ നിയന്ത്രിക്കുകയും ചെയ്തു. കാല്‍പനികമായും, വസ്തുനിഷ്ഠമായും സമുദ്രങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോരാതെവരും. അതിരില്ലാത്ത കടലിന്റെ സുന്ദരമായ ഒരു ഓരത്ത് തിരയെണ്ണിയിരിക്കുന്ന നമ്മുടെ മനസ്സിലെ സമാധാനത്തിന്റെ ആഴവും, ഇനിയും നമുക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സമുദ്രത്തിലെ അഗാധ ഗര്‍ത്തങ്ങളും ഒക്കെ സമുദ്രത്തെ വിസ്മയങ്ങളുടെ വിസ്മയമായി മാറ്റിയെടുക്കുമ്പോള്‍ മറ്റൊരുവശത്തു അതിനെ നാം ഇഞ്ചിഞ്ചായി കൊല്ലുന്ന അവസ്ഥ ഒന്ന് ആലോചിച്ചുനോക്കുക.
ഒരര്‍ത്ഥത്തില്‍ നമ്മുടെ ജീവന്‍ തന്നെ നിലനിര്‍ത്തുന്നതിനെ നാം തന്നെ തകര്‍ക്കുന്ന വിരോധാഭാസം. അതേ, ആ അദ്ഭുതങ്ങളുടെ കലവറ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്. കൊല്ലരുതേയെന്ന് നമ്മോടു ആവര്‍ത്തിച്ച് കേഴുന്ന ഒരു മാലിന്യക്കൂമ്പാരം. ഭീമാകാരനായ ആനയെ മെരുക്കി ഒരു ചെറിയ തോട്ടിയുടെ തുമ്പില്‍ നിര്‍ത്തുന്ന മാജിക് നമുക്ക് വശമുണ്ട്. പക്ഷേ, അത് ആനയ്ക്ക് അതിന്റെ ശക്തി സ്വയം തിരിച്ചറിയുന്ന നിമിഷംവരെ മാത്രമാണെന്നോര്‍ക്കണം. അതുപോലെ സമുദ്രവും അതിനെ തിരിച്ചറിഞ്ഞാല്‍, നമുക്കെതിരെ ഒന്ന് തിരിച്ചടിക്കാന്‍ തുനിഞ്ഞാല്‍ അതോടെ തീരാനുള്ളതേയുള്ളൂ നമ്മളെല്ലാം. ഇതാ അങ്ങനെയൊരു സാഹചര്യം സംജാതമായിരിക്കുന്നു. സമുദ്രം നിലനിര്‍ത്തിയിരുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ 17 ശതമാനവും, സമുദ്രത്തിന്റെ 8 ശതമാനവും മാത്രം സംരക്ഷണപരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബാക്കി വരുന്ന ബഹുഭൂരിപക്ഷവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രമായി നാശത്തിന്റെ പാതയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
സ്വച്ഛമായ ഒരു നദിപോലെ ഒഴുകിയിരുന്ന സമുദ്രജീവികളുടെ ജീവിതം ഏതാണ്ട് പെട്ടെന്നാണ് മാറിമറിഞ്ഞത്. സമുദ്രം പ്‌ളാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞു, കാലാവസ്ഥാ വ്യതിയാനം മൂലം ജലത്തിന്റെ ഊഷ്മാവില്‍ വന്ന മാറ്റം മത്സ്യങ്ങളുടെ കൂട്ടമായുള്ള നാശത്തിന് കാരണമായി. ജെല്ലി മത്സ്യങ്ങളെ ഭക്ഷിച്ചിരുന്ന കടലാമകള്‍ കാഴ്ചയില്‍ ജെല്ലിഫിഷുകളെ പോലെ തോന്നിപ്പിച്ച പ്‌ളാസ്റ്റിക് കവറുകള്‍ ഭക്ഷിച്ചു. വലുപ്പംകൊണ്ട് ഒന്നാമനായ നീലത്തിമിംഗലത്തിന്റെ വയര്‍ പ്‌ളാസ്റ്റിക് കൊണ്ടുനിറഞ്ഞു. വീണ്ടും വീണ്ടും നാം സമുദ്രത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. അതിന്റെ ഔദാര്യം നീണ്ടുനീണ്ടു പോയിക്കൊണ്ടിരുന്നു.
കടലിനെ ആശ്രയിച്ചു കഴിയുന്നവരോട് ഒന്ന് ചോദിച്ചു നോക്കുക. അവരോടൊന്ന് മനസു തുറക്കാന്‍ പറയുക. ഒഴിഞ്ഞ വലയുമായി തിരികെ വരേണ്ടിവരുന്ന ബോട്ടുകള്‍, മഴക്കാലത്ത് വീടുകളിലേക്ക് അപ്രതീക്ഷിതമായി ഇരച്ചുവരുന്ന സമുദ്രം. കടലിനെ ആശ്രയിച്ചുകഴിഞ്ഞവര്‍ ഇന്ന് ഒരു ചോദ്യചിഹ്നമായി കടലിലേക്കുതന്നെ നോക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത് സമുദ്രത്തിലേക്കാണ്. ഭൂമിയുടെ ശ്വാസകോശമാണ് സമുദ്രങ്ങള്‍. ജീവികള്‍ക്കുവേണ്ട പകുതിയോളം ഓക്‌സിജനും തരുന്ന ജീവദാതാവ്. പുറന്തള്ളപ്പെടുന്ന 25 ശതമാനം കാര്‍ബണ്‍ ഡയോക്‌സൈഡും ആഗിരണം ചെയ്യുന്നതും സമുദ്രങ്ങള്‍ തന്നെ. മെഡിറ്ററേനിയന്‍ കടലാണ് ലോകത്തെ ഏറ്റവും മലിനമായ ജലാശയം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഫലമായി വംശനാശം സംഭവിച്ച ജീവികള്‍ വരെ ലോകത്തുണ്ട്. അവയില്‍ കൂടുതലും കടല്‍ ജീവികള്‍ ആണ്. കടലാമകള്‍, ചില കടല്‍ പക്ഷികള്‍, കടല്‍ സീലുകള്‍ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ഫിലിപ്പൈന്‍സില്‍ 2019ല്‍ കടല്‍ത്തീരത്ത് ചത്തടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് നാല്‍പതു കിലോ പ്‌ളാസ്റ്റിക് ആയിരുന്നു. നാം പുഴകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവസാനം ഒഴുകിയെത്തുന്നത് കടലിലേക്ക് തന്നെയാണല്ലോ. ഏകദേശം നൂറു മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
2026 ജനുവരിയില്‍ ഐക്യരാഷ്ട്രസംഘടന വിപ്ലവാത്മകമായ ഒരു തീരുമാനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു നീക്കം നടത്തി. ജനുവരി 17 നു സമുദ്രങ്ങളുടെ സംരക്ഷണത്തിനായി ഹൈ സീസ് ഉടമ്പടി (High Seas treaty) പ്രാബല്യത്തില്‍ വന്നു. 2023ല്‍ മുന്നോട്ടുവച്ച ഉടമ്പടി ആയിരുന്നെങ്കിലും അത് നിലവില്‍ വന്നത് മാസങ്ങള്‍ക്കുമുമ്പാണ്. ഹൈ സീസ് ഉടമ്പടി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന 'Agreement under the United Nations Convention on the Law of the Sea on the Conservation and Sustainable Use of Marine Biological Diversity of Areas Beyond National Jurisdiction (BBNJ)' രാജ്യങ്ങളുടെ ദേശീയ പരിധിക്കപ്പുറം സമുദ്രങ്ങളുടെ സംരക്ഷണങ്ങള്‍ക്കുള്ള ശക്തമായ നീക്കമായി കണക്കാണുന്നു. പ്രതീക്ഷ അല്‍പമെങ്കിലും ഉയരുന്നതും യുവാക്കള്‍ സമുദ്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടു വരുന്നതിനാലാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ദേശീയ പരിധികള്‍ക്കപ്പുറം ഒറ്റക്കെട്ടായി ഒരു ലക്ഷ്യത്തിനായി കൈകോര്‍ക്കുന്നത് എന്നതാണ് ഏറ്റവും പ്രതീക്ഷാ നിര്‍ഭരമായ കാര്യം.