മതരാഷ്ട്രവാദികള്‍ക്കും, സമുദായത്തെ പട്ടാളവല്‍ക്കരിക്കുന്നവര്‍ക്കും എതിരെ നിലപാടെടുത്തവരാണ് ലീഗ് എന്ന് മറക്കരുത്

മതരാഷ്ട്രവാദികള്‍ക്കും, സമുദായത്തെ പട്ടാളവല്‍ക്കരിക്കുന്നവര്‍ക്കും എതിരെ നിലപാടെടുത്തവരാണ് ലീഗ് എന്ന് മറക്കരുത്
Summary

മുസ്ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി, ആശയധാരകളെ മുന്‍നിര്‍ത്തി ഒരു ആലോചന

ടി.വി.ചര്‍ച്ചകളില്‍ ബി.ജെ.പി ഹിന്ദുത്വ അനുകൂലികളായി പങ്കെടുക്കുന്നവരോട് അവര്‍ മുന്നോട്ടു വെയ്ക്കുന്ന ആശയധാരയെക്കുറിച്ച് അവതാരകരോ വിരുദ്ധചേരിയിലുള്ളവരോ എന്തുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാറില്ല എന്ന് എപ്പോഴും അത്ഭുതം തോന്നാറുണ്ട്. ഹിന്ദുത്വം മുന്നോട്ട് വെയ്ക്കുന്ന മതരാഷ്ട്രത്തെക്കുറിച്ചുള്ള നിശിതമായ ചോദ്യങ്ങള്‍ നമ്മുടെ ചര്‍ച്ചകളില്‍ കാണാറില്ല.

അവര്‍ ആത്യന്തികലക്ഷ്യമായി കാണുന്ന ഹിന്ദു മതരാഷ്ട്രസ്ഥാപനം നടന്നു കഴിഞ്ഞാല്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ എന്താവും അവരുടെ നിലപാട് എന്ന് ചോദിക്കേണ്ടതായിട്ടുണ്ട്:

ഹിന്ദു രാഷ്ട്രത്തില്‍ അഹിന്ദുക്കള്‍ക്ക് വോട്ടവകാശമുണ്ടാവുമോ? ഹിന്ദു രാഷ്ട്രത്തില്‍ മുസ്ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ? ഹിന്ദു രാഷ്ട്രത്തില്‍ ഒരാള്‍ ഹിന്ദു മതം വിട്ടു ക്രിസ്ത്യാനിയോ മുസ്ലിമോ സിഖോ ആയാല്‍ ഉള്ള ശിക്ഷ എന്തായിരിക്കും? ഉയര്‍ന്ന തസ്തികകളില്‍ അഹിന്ദുക്കള്‍ക്ക് ജോലി ചെയ്യാമോ? ഹിന്ദുരാഷ്ട്രത്തില്‍ മറ്റു മതങ്ങള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം ഉണ്ടാവുമോ?

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചേ തീരൂ.

നാം ഒരു ജനതയായി മാറുന്നത് ഒരു വിധി പങ്കിട്ടെടുക്കുന്നു എന്ന വിശ്വാസം മൂലമാണെന്ന് പറയാറുണ്ട്. അടിസ്ഥാനപരമായി ആഭ്യന്തരശത്രുത ഉണ്ടാക്കുകയും മറ്റു മതക്കാരെ രണ്ടാംകിട പൗരന്മാരായി കാണുകയും ചെയ്യുന്ന മതരാഷ്ട്രവാദം ഒരു ആശയം എന്ന നിലക്ക് തന്നെ ഏതു തരം കൂട്ടുജീവിതത്തിനും അത് കൊണ്ട് തന്നെ ഇന്ത്യ എന്ന ആശയത്തിനും എതിരാണ്.

2002 ഇലെ ഗുജറാത്ത് വംശഹത്യയെക്കാള്‍ കൊല്ലപ്പെട്ട മുസ്ലിംകളെക്കാള്‍ സിഖുകാര്‍ 1984 ഇലെ ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്ന് വെച്ച് ബി ജെ പിയേക്കാള്‍ അപകടമാണ് കോണ്‍ഗ്രസ് എന്ന് മതേതരവാദികള്‍ പറയാതിരിക്കാന്‍ കാരണം കോണ്‍ഗ്രസ് മതരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്നില്ല എന്നതും ബി ജെ പി വിശ്വസിക്കുന്നുണ്ട് എന്നതും ആണ്. കോണ്‍ഗ്രസിനു വഴി തെറ്റുന്നതാണ് വര്‍ഗീയതയും വംശഹത്യയുമെങ്കില്‍ ഹിന്ദുത്വവാദികളുടെ വഴി തന്നെ അതാണ്. മതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ തിരഞ്ഞെടുപ്പോ ആശയപ്രചരണമോ ആവശ്യമെങ്കില്‍ അക്രമമോ അവര്‍ ഉപയോഗിക്കും. മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് സ്വയം ന്യായീകരിക്കുകയും ചെയ്യും.

ഇക്കാര്യം ആലോചിച്ചു പോയത് മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത കണ്ടത് കൊണ്ടാണ്.

മുന്നണി രാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയോട് ചേര്‍ന്ന് മത്സരിക്കുന്നതില്‍ എന്താണ് അപാകത?

അപാകത ആശയധാരയുടേതാണ്. മുസ്ലിം ലീഗ് സാമുദായിക ശാക്തീകരണത്തിലൂടെ സാമൂഹ്യമാറ്റം എന്ന ആശയധാരയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ജമാഅത്തെ ഇസ്ലാമി രൂപം നല്‍കിയ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാംമതരാഷ്ട്രമാണ് ആത്യന്തികമായി വേണ്ടത് എന്ന് വിചാരിക്കുന്നവരാണ്. സാമുദായിക രാഷ്ട്രീയം പ്രാദേശികവും മതപരവും ഭാഷാപരവും സാംസ്‌കാരികവുമായ ബഹുസ്വരതയുടെ ഭാഗമാണെങ്കില്‍ മതരാഷ്ട്രവാദം ആ വ്യത്യസ്തതകളെ തള്ളിക്കളഞ്ഞാണ് നിലനില്‍ക്കുന്നത്. സാമുദായിക രാഷ്ട്രീയം ഭരണഘടനാദേശീയതയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മതരാഷ്ട്രീയം മതത്തിന്റെ വേദപുസ്തകങ്ങള്‍ ആണ് ഭരണഘടന എന്ന് വിശ്വസിക്കുന്നു; അത് കൊണ്ട് തന്നെ രാഷ്ട്രത്തിന്റെ അടിസ്ഥാനമായ ഭരണഘടനയെ തള്ളിക്കളയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും വ്യത്യസ്തവും വിരുദ്ധവുമായ രാഷ്ട്രീയആശയങ്ങളില്‍ വിശ്വസിക്കുന്നു. രണ്ടിലൊരാള്‍ തങ്ങളുടെ ആശയം കൈവെടിയാതെ തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം സാധ്യമല്ല. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിക്കെതിരെയും മതരാഷ്ട്രവാദത്തിനെതിരെയും ലീഗ് മുമ്പുകാലങ്ങളില്‍ സ്വീകരിച്ച സുശക്തമായ നിലപാടുകള്‍ ഇന്നും പൊതുസമൂഹത്തിനു ലഭ്യമാണ്. അവയും തിരുത്തിപ്പറയേണ്ടി വരും.

മാത്രവുമല്ല, ഇപ്പോള്‍ ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിന് പ്രധാന കാരണമായി പറയുന്നത് ഹിന്ദുത്വഫാഷിസം ഭീഷണമായ രീതിയില്‍ വളരുന്നു എന്നതാണ്. ഉത്തരേന്ത്യയുടെ കാര്യത്തില്‍ എങ്കിലും ഹിന്ദുത്വത്തിനെതിരായ സഖ്യം ശരിയുമാണ്. പക്ഷെ ഒരു ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി ഇതിനെ എതിര്‍ക്കാനാവില്ല. അങ്ങിനെ ഒരു ധ്രുവീകരണമുണ്ടാക്കിയാല്‍ ഹിന്ദുത്വക്കാര്‍ക്കു ആവശ്യമുള്ളത് ചെയ്തു കൊടുക്കുകയാവും അത്. അതിനാല്‍തന്നെ അങ്ങിനെയൊരു നീക്കം അധാര്‍മികവും നശീകരണോന്മുഖവും ആത്മഹത്യാപരവുമാണ്. ഹിന്ദുത്വത്തിന്റെ ഇരകളായിവരുന്നവരും ആ പ്രത്യയശാസ്ത്രത്തിനെ എതിര്‍ക്കുന്നവരുമായ എല്ലാവരുടെയും ഒരു കൂട്ടായ്മക്ക് മാത്രമേ അക്രമാസക്തമാവുന്ന ഹിന്ദുത്വത്തെ ഫലപ്രദമായി നിര്‍വീര്യമാക്കാന്‍ കഴിയൂ. ഇന്ത്യയില്‍ ആ കൂട്ടായ്മയുടെ അടിസ്ഥാനം സാമൂഹ്യനീതിയിലും സമുദായികസൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ അംബേദ്കറിന്റെ ഭരണഘടന തന്നെ ആവണം. ഈ കൂട്ടായ്മക്ക് ഒരു തരം മതരാഷ്ട്രവാദത്തെയും ആശയപരമായി അംഗീകരിക്കാന്‍ കഴിയുക ഇല്ല.

SakkirPhotography
ലീഗിന്റെ ഇന്നോളമുള്ള ആശയപരമായ അടിത്തറയെ വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയോട് മതരാഷ്ട്രവാദപരമായുള്ള നിലപാടുകളെ തള്ളിപ്പറയിച്ചു കൊണ്ട് മുന്നോട്ടു പോവുക അല്ലെങ്കില്‍ സ്വന്തം അടിത്തറയെയും പാരമ്പര്യത്തെയും തള്ളിപ്പറഞ്ഞു മതരാഷ്ട്രവാദത്തെ പുല്‍കുക. രണ്ടും വഴികളാണ്.

പൗരത്വപ്രക്ഷോഭങ്ങളുടെ കാലത്തു ഇത് നാം കണ്ടതാണ്. ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ ചെയ്തത് പോലെ ഇന്ത്യന്‍ ദേശീയപതാകയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചു മുസ്ലിംകളും മറ്റു മതന്യൂനപക്ഷങ്ങളും ഫാസിസ്റ്റു വിരുദ്ധരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന/ നടത്തേണ്ട സമരവും പൗരത്വാബില്‍ ഒരു മുസ്ലിം വിഷയം മാത്രമാണെന്നും അത് മുസ്ലിംകള്‍ മുസ്ലിംകള്‍ക്ക് വേണ്ടി മുസ്ലിംകളാല്‍ വേണ്ടി നടത്തുന്ന ഇസ്ലാമിക സമരമാണെന്നുമുള്ള രണ്ടു ആലോചനധാരകള്‍ ഉണ്ടായിരുന്നല്ലോ. ഇത് തമ്മിലുള്ള വൈരുധ്യം വ്യക്തമായിരുന്നു താനും.

കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും ചെറിയ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മുസ്ലിംകളിലെ മാത്രമല്ല, കേരളത്തിലെ മൊത്തത്തില്‍ എടുത്താല്‍ പോലും രണ്ടാമത് വരുന്ന പാര്‍ട്ടി ആണ് മുസ്ലിം ലീഗ്. ഇവര്‍ തമ്മില്‍ ഒരു സഖ്യം വന്നാല്‍ ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയെ വിഴുങ്ങിക്കളയും എന്നാണു സാമാന്യമായി ധരിക്കേണ്ടത്. പക്ഷേ ഇവിടെ തിരിച്ചാവാം സംഭവിക്കുക എന്നാണ് തോന്നുന്നത്. ഇതെന്തു കൊണ്ടാവാം?

മുസ്ലിം ലീഗ് ഒരിക്കലും ചെയ്യാതിരിക്കുകയും ജമാഅത്തെ ഇസ്ലാമി പല പേരില്‍ ചെയ്തു പോരുകയും ചെയ്ത ഒരു കാര്യം ആളുകള്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുകയും പൊതുമണ്ഡലത്തില്‍ ചര്‍ച്ചകളെ സ്വാധീനിക്കാന്‍ കഴിയുന്ന വിധം ഇടപെടുകയും ആണ്. തങ്ങളുടെ രാഷ്ട്രീയനിലപാടുകളില്‍ യഥേഷ്ടം ഉണ്ടായിരുന്ന വൈരുദ്ധ്യങ്ങളെ പല പേരില്‍ പലസംഘടനകള്‍ ഉണ്ടാക്കി ജമാ അത്തെ ഇസ്ലാമി കൈകാര്യം ചെയ്തു.

മതരാഷ്ട്രവാദികള്‍ക്കും സമുദായത്തെ പട്ടാളവല്‍ക്കരിക്കാന്‍ നോക്കിയ സംഘടനകള്‍ക്കെതിരെയുള്ള ശക്തമായ നിലപാടുകളും- അത്രയുമാണ് ലീഗിനിന്നുള്ള പേരിന്റെയും അടിത്തറയുടെയും കാരണം.

സി എച്ച് മുഹമ്മദ് കോയയുടെ കാലത്തെ മികച്ച സാമൂഹികബോധവും ഗുണപരതയും ഉള്ള വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും പാണക്കാട് മുഹമ്മദാലി തങ്ങളുടെ കാലത്തെ സാമുദായികസൗഹാര്‍ദ്ദത്തിന് വേണ്ടിയുള്ള സൗമ്യമായുള്ള പ്രവര്‍ത്തനങ്ങളും പിന്നീട് കെ എം സി സി യുടെയും സി എച്ച് സെന്ററിന്റെയും സമുദായത്തിന് പുറത്തേക്കും പടര്‍ന്ന ഏറെ വ്യാപ്തിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളും ഒപ്പം മതരാഷ്ട്രവാദികള്‍ക്കും സമുദായത്തെ പട്ടാളവല്‍ക്കരിക്കാന്‍ നോക്കിയ സംഘടനകള്‍ക്കെതിരെയുള്ള ശക്തമായ നിലപടുകളും- അത്രയുമാണ് ലീഗിനിന്നുള്ള പേരിന്റെയും അടിത്തറയുടെയും കാരണം.

ഈ പേര് നഷ്ടപ്പെടാതിരിക്കാന്‍ പാര്‍ട്ടിക്കും സമുദായത്തിനും നാടിനും സംഭവിച്ചാലും സ്വന്തം താല്പര്യങ്ങള്‍ നടന്നാല്‍ മതി എന്ന വീക്ഷണമുള്ളവരല്ല; തങ്ങള്‍ക്കു ഒരു സാമൂഹികവും ചരിത്രപരവുമായ ദൗത്യമുണ്ടെന്നു വിചാരിക്കുന്നവര്‍ വേണം ലീഗിന്റെ തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ പിടിക്കാന്‍.

ലീഗിന്റെ ഇന്നോളമുള്ള ആശയപരമായ അടിത്തറയെ വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയോട് മതരാഷ്ട്രവാദപരമായുള്ള നിലപാടുകളെ തള്ളിപ്പറയിച്ചു കൊണ്ട് മുന്നോട്ടു പോവുക അല്ലെങ്കില്‍ സ്വന്തം അടിത്തറയെയും പാരമ്പര്യത്തെയും തള്ളിപ്പറഞ്ഞു മതരാഷ്ട്രവാദത്തെ പുല്‍കുക. രണ്ടും വഴികളാണ്.

ഒന്നാമത്തേതാണ് നടക്കുന്നതെങ്കില്‍ അത്തരത്തില്‍ മതരാഷ്ട്രവാദത്തെ തള്ളിപ്പറയുന്നത് മുസ്ലിം സമുദായത്തിനും കേരളീയ സമൂഹത്തിനും ഗുണകരമാവുക മാത്രമല്ല, വലിയൊരു ഉദാഹരണം സംസ്ഥാനത്തിനും രാജ്യത്തിനും മുമ്പില്‍ വെക്കാന്‍ ലീഗിനാവും. രണ്ടാമത്തേതാണ് നടക്കുന്നതെങ്കില്‍ ഇന്നത്തെ സംഘര്‍ഷഭരിതമായ കാലാവസ്ഥ കൂടുതല്‍ രൂക്ഷമാകും.

ഇനി ആശയാടിത്തറയെക്കുറിച്ചു മൗനം അവലംബിച്ചു പ്രായോഗിക അധികാര രാഷ്ട്രീയത്തില്‍ തത്കാലമുണ്ടാക്കാവുന്ന ലാഭം ഉണ്ടാക്കാം എന്നതാണ് ലീഗ് നേതൃത്വത്തിന്റെ ചിന്തയെങ്കില്‍, അത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ മുസ്ലിംകള്‍ക്കിടയില്‍ സാമാന്യവല്‍ക്കരിക്കുന്നതിലേക്കാണ് എത്തിക്കുക എന്ന് കരുതാനെ ഇപ്പോള്‍ നിവൃത്തിയുള്ളൂ.

(ദയാപുരം വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രത്തിന്റെ പേട്രണും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ സി ടി അബ്ദുറഹീം ഒരു മലയാളി മുസ്ലിമിന്റെ വേറിട്ട ചിന്തകള്‍, മുസ്ലിം ഭീകരവാദത്തിന്റെ തായ്വേരുകള്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്).

No stories found.
The Cue
www.thecue.in