

തമിഴ്‌നാട് സര്‍ക്കാര്‍ നവജാത ശിശുക്കള്‍ക്കായി നടപ്പാക്കുന്ന തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ ജോയ് ആലുക്കാസിന് കരാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് ഒരു ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമോതിരം നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ പദ്ധതിയാണ് തായ് മാമന്‍ തങ്കമോതിരം. സ്വര്‍ണ്ണ മോതിരങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള 755 കോടി രൂപയുടെ കരാറാണ് ജോയ് ആലുക്കാസിന് ലഭിച്ചത്. വെട്രി ദര്‍ശന പദ്ധതിയുടെ കീഴില്‍ നടപ്പാക്കുന്ന തായ് മാമന്‍ തങ്കമോതിരം സെപ്റ്റംബര്‍ 15ന് മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്യും.
സ്വര്‍ണ്ണ വിലക്ക് പുറമേ ഒരു പൈസ മാത്രം സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് ക്വോട്ട് ചെയ്തുകൊണ്ടാണ് ജോയ് ആലുക്കാസ് ഈ കരാര്‍ സ്വന്തമാക്കിയത്. സ്വര്‍ണ്ണത്തിന്റെ വില തമിഴ്‌നാട് സര്‍ക്കാരാണ് നല്‍കുന്നത്. പണിക്കൂലിയോ പാക്കിംഗ് ചാര്‍ജോ ജോയ് ആലുക്കാസ് ഈടാക്കുന്നില്ല. സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ ലാഭേച്ഛയില്ലാതെ പിന്തുണക്കുക എന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനുമായാണ് കരാര്‍. തമിഴ് സംസ്‌കാരത്തില്‍ നവജാത ശിശുവിനെ അമ്മയുടെ സഹോദരന്‍ മോതിരമിട്ട് സ്വീകരിക്കുന്നത് ഒരു ആചാരമാണ്. ആ സംസ്‌കാരം കടമെടുത്താണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ തന്നെ സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഈ പദ്ധതിയനുസരിച്ച് സ്വര്‍ണ്ണ മോതിരം ലഭിക്കും.