തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍

തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍
Published on

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി അനീഷ് രചിച്ച് ലോഗോസ് ബുക്‌സ് പാലക്കാട് ജൂലൈ മാസത്തില്‍ ആദ്യപതിപ്പായി പുറത്തിറക്കിയ പുസ്തകമാണ് 'പരാജിത നായകര്‍: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ'. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തമിഴ് രാഷ്ട്രീയത്തില്‍ ഇടപെട്ട ചലച്ചിത്ര പ്രവര്‍ത്തകരില്‍ വിജയം കൊയ്യാനാകാതെ പോയ താരങ്ങളുടെ സിനിമാ ജീവിതത്തെയും അവരുടെ രാഷ്ട്രീയ വിനിമയങ്ങളെയും വിലയിരുത്തുകയാണ് ഈ പുസ്തകം. അക്കാദമികമായ ആശയ വിശകലനവും വസ്തുതാപരമായ പ്രതിപാദനവും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു എഴുത്ത് രീതിയാണ് അനീഷ് ഈ പുസ്തകത്തില്‍ പ്രകടിപ്പിക്കുന്നത്. ഈ സമ്മിശ്ര രീതി പുസ്തകത്തിന്റെ വായനക്കാര്‍ക്ക് ഒരേസമയം വിവരങ്ങളുടെ ഒരു ലോകത്തിലേക്കും ഒപ്പം ആഴത്തിലുള്ള ചിന്തകളുടെ ലോകത്തിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാനുള്ള നിരവധി വാതായനങ്ങള്‍ തുറന്നിടുന്നു. ലളിതമായി വായിക്കാന്‍ കഴിയുന്ന ഋജുവായ ഭാഷയും, വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള സംഭവവിവരണവും, അവയുടെയൊക്കെ ആഴമുള്ള വിശകലനവും ഒക്കെ ഒത്തുചേരുമ്പോള്‍ 'അക്കാദമിക് ത്രില്ലര്‍' എന്ന് നിസ്സംശയം വിളിക്കാന്‍ കഴിയുന്ന ഗ്രന്ഥമാണ് 'പരാജിത നായകര്‍: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ'.

തമിഴ് രാഷ്ട്രീയം, ആ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുള്ള സിനിമാ താരങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണെന്ന പൊതുബോധത്തെ വസ്തുതാപരമായി ചോദ്യം ചെയ്യുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ പ്രാഥമികമായി ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും എങ്ങനെയാണ് ഇഴപിരിയാതെ കിടക്കുന്നതെന്ന് അക്കാദമിക് ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് വിശകലനം ചെയ്തത് 'The Image Trap: M.G. Ramachandran in film and politics' എന്ന പുസ്തകത്തിലൂടെ എം.എസ്.എസ് പാണ്ഡ്യനാണ്. കൃത്യമായ ചേരുവകള്‍ ചേര്‍ത്ത് സിനിമയിലൂടെ സൃഷ്ടിച്ചെടുക്കുന്ന കൃത്രിമമായ ഒരു വ്യക്തിബിംബത്തെ രാഷ്ട്രീയപാര്‍ട്ടിയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേതാവെന്ന, ജനനേതാവെന്ന കൃത്രിമമായ, അയഥാര്‍ത്ഥമായ ഒരു ഇമേജ് ആളുകളുടെ മനസ്സില്‍ ഉണ്ടാക്കിയെടുക്കുകയും അതിലൂടെ അധികാരത്തിന്റെ ഇടനാഴികളില്‍ അനുയായികളെക്കൊണ്ട് നിറക്കുകയും അതിന്റെ സുരക്ഷയില്‍ എക്കാലവും നേതൃത്വത്തില്‍ തുടരുകയും ചെയ്യുന്ന ഒരവസ്ഥ തമിഴ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് എംജിആറിന്റെ സിനിമാ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തിക്കൊണ്ട് എം.എസ്.എസ് പാണ്ഡ്യന്‍ പറയാന്‍ ശ്രമിച്ചത്. പാണ്ഡ്യന്‍ നിശിതമായ അക്കാദമിക് കൂര്‍മ്മതയോടെ എംജിആറിനെ സമീപിക്കുമ്പോഴും അതൊരിക്കലും വ്യക്തിഹത്യയുടെയോ പരിഹാസത്തിന്റെയോ തലത്തിലേക്ക് പോകുന്നില്ല. പാണ്ഡ്യന്‍ പുലര്‍ത്തിയ അതേ അക്കാദമിക് നിഷ്പക്ഷത ഒട്ടും ചോരാതെ ടി അനീഷും ഈ ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയില്‍ പുലര്‍ത്തുന്നു എന്നത് ഈ പുസ്തകത്തിന്റെ മൂല്യം ഉയര്‍ത്തുന്ന ഘടകമാണ്. ഒരു സര്‍ജന്‍ പുലര്‍ത്തേണ്ട കൃത്യതയോടെ തന്റെ വിഷയത്തിനകത്തേക്ക് പ്രവേശിക്കാനും, വൈകാരികതയേക്കാള്‍ അക്കാദമിക് സൂക്ഷ്മതയോടെ കാര്യങ്ങളെ വിശകലനം ചെയ്യാനുമാണ് ഗ്രന്ഥകാരന്റെ പരിശ്രമം. പുസ്തകത്തില്‍ ഒരിടത്ത് പോലും എഴുത്തുകാരന്റെ വ്യക്തിപരമായ ഇഷ്ടമോ ഇഷ്ടക്കേടോ വിഷയത്തിന്റെ വിശകലനത്തില്‍ കടന്നു വന്നിട്ടില്ല എന്നത് ഈ പുസ്തകത്തെ മികച്ചൊരു അക്കാദമിക് വര്‍ക്കായി ഉയര്‍ത്തുന്നു.

എം.എസ്.എസ് പാണ്ഡ്യന്‍
എം.എസ്.എസ് പാണ്ഡ്യന്‍

തങ്ങളുടെ ആശകളും അഭിലാഷങ്ങളും നിര്‍ദ്ദാക്ഷിണ്യം താരരാഷ്ട്രീയക്കാര്‍ ചവറ്റുകുട്ടയിലേക്ക് എറിയുമ്പോഴും അവര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന അണികളാകാന്‍ എങ്ങനെയാണ് സമൂഹത്തിലെ പാര്‍ശ്വവല്‍കൃത ജനതകള്‍ക്ക് കഴിയുന്നതെന്ന ചോദ്യമാണ് പാണ്ഡ്യന്‍ തന്റെ പുസ്തകത്തിലൂടെ മുന്നോട്ട് വെച്ചത്. തമിഴ് ജനതയുടെ വീരാരാധനയാണ് എംജിആറിനെ രാഷ്ട്രീയ സിംഹാസനത്തിലേക്ക് ആനയിച്ചതും അവിടെ തുടരാന്‍ സഹായിച്ചതുമെന്നാണ് പാണ്ഡ്യന്‍ മുന്നോട്ട് വെച്ച വാദം. ഘടനാപരമായ മാറ്റങ്ങളിലൂടെ ജാതിബദ്ധമായ തമിഴ് പൊളിറ്റിക്കല്‍ ഇക്കോണമിയെ കീഴാള സമൂഹങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുന്നതിന് പകരം ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു ഹീറോ ഇമേജിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയാധികാരം കയ്യാളുന്നു എന്ന വിമര്‍ശനമാണ് പാണ്ഡ്യന്‍ മുന്നോട്ട് വെച്ചത്. എംജിആറിന് ശേഷവും തമിഴ് ജനതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഇത്തരം ബിംബക്കെണിക്കകത്താണ് തമിഴ് ജനത എന്ന പൊതുബോധം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആഖ്യാനങ്ങളെ നിശിതമായി ചോദ്യം ചെയ്യുകയാണ് അനീഷ് ഈ പുസ്തകത്തില്‍. അനീഷ് എഴുതുന്നു 'സിനിമയും ഭരണാധികാരവും തമ്മിലുള്ള ചരിത്രപരമായ സംയോജനത്തെ കയ്യൊഴിയാതെ തന്നെ, ദ്രാവിഡ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആശയാടിത്തറയില്‍ നിന്നുകൊണ്ടും പരമ്പരാഗത സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിച്ചും സാമൂഹിക ക്ഷേമ മാതൃകയെ ഏറ്റെടുത്ത് മുന്നോട്ട് പോയി എന്നതാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയ വ്യതിരിക്തത'. ഈ പുസ്തകത്തിന്റെ അടിത്തറ എന്നത് ദ്രാവിഡ മൂല്യബോധവും അത് മുന്നോട്ട് വെച്ച സ്വാഭിമാനത്തിന്റെ, വിഭവപങ്കാളിത്തത്തിന്റെ രാഷ്ട്രീയത്തെ എത്രത്തോളം രാഷ്ട്രീയക്കാര്‍ സ്വാംശീകരിച്ചു എന്നതാണ്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നിട്ടും താരമൂല്യം ഉണ്ടായിട്ടും തമിഴക രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയാതെ പോയ ആളുകളുടെ താരജീവിതത്തേയും അവരുടെ രാഷ്ട്രീയ ജീവിതത്തെയും വിമര്‍ശനാത്മകമായി വിലയിരുത്തി കൊണ്ടാണ് ഗ്രന്ഥകാരന്‍ തന്റെ വാദങ്ങളെ സമര്‍ത്ഥിക്കുന്നത്. ശിവാജി ഗണേശന്‍, എസ്.എസ്.രാജേന്ദ്രന്‍, കെ.ഭാഗ്യരാജ്, ടി.രാജേന്ദര്‍, ശരത്കുമാര്‍, കമല്‍ ഹാസന്‍, വിജയകാന്ത്, കാര്‍ത്തിക്, കരുണാസ്, സീമാന്‍ തുടങ്ങിയവരുടെ രാഷ്ട്രീയ പരാജയത്തെ വിശകലനം ചെയ്തു വീരാരാധനയുടെ പിടിയിലാണ് തമിഴ് രാഷ്ട്രീയമെന്ന മിത്തിനെ അനീഷ് ഉടയ്ക്കുന്നു. സിനിമയുടെ മണ്ഡലത്തില്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ തന്നെയാണ് ഇവരെല്ലാം സിനിമയുടെ ലോകത്തിലേക്ക് കടന്നത്. സിനിമയിലൂടെ തങ്ങള്‍ ആര്‍ജ്ജിച്ച ഇമേജിനെ രാഷ്ട്രീയാധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെ എത്തിയ ബഹുഭൂരിപക്ഷം താരങ്ങളും ഈ രംഗത്ത് അമ്പേ പരാജയപ്പെട്ടു എന്ന് അനീഷ് വസ്തുതകളെ നിരത്തി പറയുന്നു. താരപരിവേഷം കൊണ്ട് മാത്രം കീഴടക്കാന്‍ കഴിയുന്നവരല്ല തമിഴ് ജനതയെന്ന വാദമാണ് അനീഷ് മുന്നോട്ടുവയ്ക്കുന്നത്. തന്തൈ പെരിയാറും അണ്ണാ ദുരൈയും മുന്നോട്ടുവെച്ച ദ്രാവിഡരാഷ്ട്ര സങ്കല്‍പ്പത്തെ ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ടാണ് തമിഴ് രാഷ്ട്രീയം എന്നും മുന്നോട്ട് പോയത്. ഭരണത്തെ പിന്തുണയ്ക്കുന്ന അണികളും അവരെ നയിക്കുന്ന നേതാക്കളും മാറുമ്പോഴും ദ്രാവിഡ രാഷ്ട്രീയത്തിന്റെ മൂല്യബോധം എക്കാലവും തമിഴ്‌നാട്ടില്‍ ഉറച്ചുതന്നെ നിലനിന്നു. ഈ രാഷ്ട്രീയ അടിത്തറയെ കൈവിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയവും തമിഴ്‌നാട്ടില്‍ വേര് പിടിച്ചിട്ടില്ല എന്നാണ് ഈ പുസ്തകം പറയുന്നത്.

തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍
ഗൗരി ലങ്കേഷ് ഓർമ്മിക്കപ്പെടുമ്പോൾ

തമിഴ് രാഷ്ട്രീയത്തില്‍ ഇടപെട്ട സിനിമാതാരങ്ങള്‍ അവരുടെ താരപരിവേഷത്തേയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ മൂല്യബോധത്തേയും കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയിച്ചപ്പോള്‍ മാത്രമാണ് അവര്‍ വിജയം കൈവരിച്ചത്. അതില്‍ പരാജയപ്പെട്ട എല്ലാ സിനിമക്കാരെയും നിര്‍ദാക്ഷിണ്യം തോല്‍പ്പിക്കാന്‍ തമിഴ് ജനത യാതൊരു മടിയും കാണിച്ചില്ല. തമിഴ് രാഷ്ട്രീയവും തമിഴ് ജനതയും സിനിമാക്കാരുടെ കുഴലൂത്തുകാര്‍ മാത്രമാണെന്ന പൊതുബോധ നിര്‍മ്മിതിയെ പൊളിക്കുകയാണ് ഈ പുസ്തകത്തിലൂടെ അനീഷ് ചെയ്തിട്ടുള്ളത്. ജയിച്ച സിനിമാക്കാരെക്കാളും കൂടുതലുള്ളത് പാതിവഴിയില്‍ വീണുപോയവരാണ്. രാഷ്ട്രീയ ബോധവും ബോധ്യവുമുള്ള ജനതയാണ് തമിഴര്‍ എന്നതിന്റെ ഒരടയാളമായിക്കൂടിയാണ് പരാജിതരായ സിനിമാക്കാരുടെ രാഷ്ട്രീയാനുഭാവങ്ങളെ ഗ്രന്ഥകര്‍ത്താവ് അക്കാദമിക് ലോകത്തിനും വായനക്കാര്‍ക്കും മുന്‍പില്‍ വച്ചിട്ടുള്ളത്.

തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍
നേപ്പാൾ ദുരന്തം കേരളത്തെ ബാധിച്ചത് എങ്ങനെ? ഡോ.സുനിൽ പി.എസ് അഭിമുഖം

ഒരുപാട് സിനിമാക്കാര്‍ തോറ്റുപോയ സ്ഥലത്ത് എങ്ങനെയാണ് ജോസഫ് വിജയ് വെന്നിക്കൊടി പാറിച്ചത് എന്ന് അറിയാനുള്ള ഒരു താക്കോലാണ് ഈ പുസ്തകം. ദ്രാവിഡ മൂല്യബോധത്തെ തങ്ങളുടെ രാഷ്ട്രീയാധികാരം നിലനിര്‍ത്താനുള്ള ഒരു കൗശലമായി മാത്രം ഇരു ദ്രാവിഡ പാര്‍ട്ടികളും കൈവശം വെച്ചപ്പോള്‍, അതുയര്‍ത്തിയ ജനകീയ വിരോധത്തെ ഒരു ആശയമണ്ഡലമാക്കി പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയമായി ഉപയോഗിക്കാനും വിജയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിനും വ്യക്തമായ ആസൂത്രണത്തിലൂടെ സാധിച്ചു. അദ്ദേഹത്തിന്റെ താരമൂല്യം അതിനെ സഹായിച്ചു എന്നതല്ലാതെ താര ഇമേജിലുള്ള അന്ധമായ വിശ്വാസമോ പിന്തുണയൊ അല്ല അതെന്ന വായനക്കുള്ള സാദ്ധ്യതകള്‍ അനീഷിന്റെ പുസ്തകം തുറന്നു വയ്ക്കുന്നുണ്ട്. പുതിയകാലം, പുതുതലമുറ, കൃത്യമായ രാഷ്ട്രീയബോധ്യങ്ങള്‍ ഉള്ള ജനതയാണ് ഇന്നത്തെ തമിഴ്‌നാട്. ഓരോ നിമിഷവും താരശരീരങ്ങളും, രാഷ്ട്രീയക്കാരും സാമൂഹ്യ മാധ്യമങ്ങളുടെ റഡാറിലൂടെ കൃത്യമായി നിരീക്ഷിക്കപ്പെടുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒറ്റ നിമിഷം കൊണ്ട് അവരുടെ രാഷ്ട്രീയ ഒട്ടോപ്‌സി എഴുതപ്പെടും. ആളുകളുടെ ചെയ്തികള്‍ മാത്രമല്ല അവരുടെ വാക്കുകളും എന്തിന് അവരുടെ ശരീരഭാഷ പോലും പൊതുസമൂഹം മൂല്യനിര്‍ണ്ണയം ചെയ്യുന്ന വര്‍ത്തമാന കാലത്ത് നിര്‍മ്മിക്കപ്പെടുന്ന താര ഇമേജുകള്‍ കേവലം മുക്കുപണ്ടങ്ങള്‍ മാത്രമാണെന്ന് ആളുകള്‍ എളുപ്പം തിരിച്ചറിയും എന്നാണ് ഈ പുസ്തകത്തിന്റെ സൂക്ഷ്മവായന നമുക്ക് നല്‍കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ തോറ്റുപോയവര്‍ ജോസഫ് വിജയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകകള്‍ ആണ്.

തമിഴ് താരരാഷ്ട്രീയത്തിന്റെ കഥയുടെ വായന; ടി.അനീഷിന്റെ പരാജിത നായകര്‍
ലഹരി ഉപയോഗം നിര്‍ത്തിയാലും മാനസിക പ്രശ്‌നങ്ങള്‍ തുടരും | Dr.Cyriac P.J. Interview

അനീഷിന്റെ പുസ്തകത്തിന് അവതാരികയെഴുതിയ പി.എന്‍.ഗോപീകൃഷ്ണന്‍ വളരെ സൂക്ഷ്മമായി ഗ്രന്ഥകാരന്‍ എങ്ങനെയാണ് താരപരിവേഷവും ദ്രാവിഡ രാഷ്ട്രീയത്തിന്റെ മൂല്യബോധവും തമ്മിലുള്ള വിനിമയങ്ങളില്‍ ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കുകയല്ല മറിച്ച് രണ്ടും പരസ്പര പൂരകമായാണ് നിലകൊണ്ടത് എന്ന വാദത്തെ സമര്‍ത്ഥിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'താര രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും ആലോചിക്കാനുള്ള നിരവധി ടേക്ക് ഓഫ് ബിന്ദുക്കള്‍ ഈ പുസ്തകം തരുന്നുണ്ട്' എന്ന ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍ അനീഷിന്റെ നിരീക്ഷണങ്ങള്‍ക്കുള്ള വലിയ പിന്തുണയാണ്. മികച്ച ഗവേഷണ മൂല്യമുള്ള ഈ കൃതി ഒരു ത്രില്ലര്‍ പോലെ ഒറ്റയിരിപ്പിനു വായിച്ച് തീര്‍ക്കാമെന്നതാണ് പുസ്തകത്തിന്റെ അധിക സവിശേഷത.

logo
The Cue
www.thecue.in