ഗൗരി ലങ്കേഷ് ഓർമ്മിക്കപ്പെടുമ്പോൾ

ഗൗരി ലങ്കേഷ് ഓർമ്മിക്കപ്പെടുമ്പോൾ
Published on

ഒരു നിമിഷത്തിന്റെ അന്ധകാരത്തിൽ ഒരു ജീവനെ അറുത്തുമാറ്റാം, എന്നാൽ ആ ജീവിതം കൊളുത്തിവെച്ച ആശയങ്ങളുടെ വെളിച്ചത്തെ കെടുത്തിക്കളയാൻ ഒരു വെടിയുണ്ടയ്ക്കും കഴിയില്ലെന്നതിന്റെ തെളിവാണ് ഗൗരി ലങ്കേഷ്.

2017 സെപ്റ്റംബർ 5-ന് ബംഗളൂരു രാജരാജേശ്വരി നഗറിലെ സ്വന്തം വീടിന് മുന്നിൽ വെടിയേറ്റു വീഴുമ്പോൾ, ഗൗരി ലങ്കേഷ് എന്ന മുതിർന്ന മാധ്യമപ്രവർത്തകയെ നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർ കരുതിയത് ഒരു വിമർശനാത്മക ശബ്ദത്തിന്റെ അന്ത്യമാണെന്നാണ്. എന്നാൽ, അവരുടെ കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും, ആ കേസിന്റെ അന്വേഷണ പുരോഗതിയും, അവർ നേരിട്ട പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങളും ഇന്ത്യൻ മാധ്യമരംഗത്തെയും നിയമവ്യവസ്ഥയെയും സംബന്ധിച്ചിടത്തോളം കാതലായ രാഷ്ട്രീയ ചോദ്യങ്ങളുയർത്തുന്നു.

കൊല്ലപ്പെടുന്നതിന് കുറച്ചുനാളുകൾക്ക് മുമ്പ്, സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത ഭീഷണികളെക്കുറിച്ചും കേസുകളെക്കുറിച്ചും സംസാരിക്കവെ ഗൗരി ലങ്കേഷ് വ്യക്തമാക്കിയ ഒരു കാര്യമുണ്ടായിരുന്നു: "അവർ ഏതെങ്കിലും തരത്തിൽ എന്നെ നിശ്ശബ്ദയാക്കാൻ ആഗ്രഹിക്കുന്നു" ('They are keen to somehow shut me up'). കേവലം വാക്കുകൾ കൊണ്ടുള്ള എതിർപ്പുകൾക്കപ്പുറം, തനിക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ നീക്കങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ വാക്കുകൾ.

പിതാവ് പി. ലങ്കേഷ് ആരംഭിച്ച 'ലങ്കേഷ് പത്രികെ'യിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച ഗൗരി, പിന്നീട് 'ഗൗരി ലങ്കേഷ് പത്രികെ' എന്ന സ്വന്തം വാരികയിലൂടെയാണ് പരസ്യ വരുമാനങ്ങളെ ആശ്രയിക്കാതെ സ്വതന്ത്ര മാധ്യമപ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. അഴിമതികൾ, ജാതീയ വേർതിരിവുകൾ, തീവ്ര വർഗീയ അജണ്ടകൾ എന്നിവയ്‌ക്കെതിരെ അവർ നിരന്തരം എഴുതി. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി അവർ സ്ജബ്ദചിച്ചു കൊണ്ടിരുന്നു.

2006-ൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട ഒരു അഴിമതി റിപ്പോർട്ടിന്റെ പേരിൽ നൽകപ്പെട്ട മാനനഷ്ടക്കേസിൽ 2016-ൽ വിചാരണക്കോടതി അവരെ ശിക്ഷിച്ചിരുന്നു. അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയെങ്കിലും, തനിക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ വേട്ടയാടലുകളെ ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ നേരിടാൻ തന്നെയാണ് അവർ തീരുമാനിച്ചത്.

ഇന്ത്യൻ ജനാധിപത്യവും സ്വതന്ത്ര മാധ്യമപ്രവർത്തനവും അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അതേ അസഹിഷ്ണുതയുടെയും വർഗീയതയുടെയും ശക്തികൾ തന്നെയാണ് ഗൗരിയുടെ നെഞ്ചിലേക്കും തോക്കുചൂണ്ടിയത്. ഭയമില്ലാതെ സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരെയും ചിന്തകരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുക എന്ന ഭരണകൂട അനുബന്ധ ശക്തികളുടെ തന്ത്രമായിരുന്നു അത്. എന്നാൽ, ഗൗരിയുടെ കൊലപാതകം ഉണ്ടാക്കിയത് അവർ പ്രതീക്ഷിച്ച ഭയമല്ല, മറിച്ച് രാജ്യവ്യാപകമായ വൻ പ്രതിഷേധ തരംഗമായിരുന്നു. 'ഞാൻ ഗൗരി' (I Am Gauri) എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് യുവാക്കളും മാധ്യമപ്രവർത്തകരും തെരുവിലിറങ്ങി.

കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) കേസിൽ സമർപ്പിച്ച 9,000-ത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ, സനാതൻ സംസ്ഥ, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകളുമായി ബന്ധമുള്ള ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റാണ് ഈ ആസൂത്രിത കൊലപാതകം നടത്തിയത് എന്ന് വ്യക്തമാക്കുന്നു. 2010 മുതൽ പ്രവർത്തിച്ചിരുന്ന ഈ സംഘം, 2016 ഓഗസ്റ്റിലാണ് ഗൗരിയെ വധിക്കാൻ പദ്ധതിയിടുന്നത്. ബെളഗാവിയിൽ വെച്ച് ബെൽജിയം നിർമ്മിത പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ച പരശുറാം വാഗ്മോറെയാണ് ഗൗരിക്ക് നേരെ വെടിയുതിർത്തത്. പ്രൊഫ. എം.എം. കൽബുർഗിയെ വധിക്കാൻ ഉപയോഗിച്ച അതേ ആയുധം തന്നെയാണ് ഗൗരിയെ കൊല്ലാനും ഉപയോഗിച്ചതെന്ന് ബാലിസ്റ്റിക് പരിശോധനകളിൽ തെളിഞ്ഞു.

എന്നാൽ അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ ആവേശം വിചാരണ ഘട്ടത്തിൽ മന്ദഗതിയിലായതായി കാണാം. ആകെ പ്രതി ചേർത്ത 18 പേരിൽ 17 പേരും ഇതിനോടകം വിവിധ കോടതികളിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. ബെംഗളൂരു കോടതി ജാമ്യം അനുവദിച്ച ശരദ് ഭാവുസാഹെബ് കലാസ്കർ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതോടെ, കസ്റ്റഡിയിലുണ്ടായിരുന്ന അവസാന പ്രധാന പ്രതിക്കും നിയമപരമായ ഇളവ് ലഭിച്ചു. കേസിലെ വികാസ് പാട്ടീൽ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്. 2022-ൽ സാക്ഷിവിസ്താരം ഔദ്യോഗികമായി ആരംഭിച്ചെങ്കിലും, നൂറുകണക്കിന് സാക്ഷികളെ വിസ്തരിച്ചു തീർക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.

വിചാരണ നീണ്ടുപോകുന്നതിനിടയിൽ പുറത്തുവരുന്ന വാർത്തകൾ ഈ നിയമപോരാട്ടത്തിന്റെ ഗതികേടിനെ ചൂണ്ടിക്കാണിക്കുന്നതാണ്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളിലൊരാളായ ശ്രീകാന്ത് പങ്കാർക്കർ, മഹാരാഷ്ട്രയിലെ ജൽന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഒരു മാധ്യമപ്രവർത്തക കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിടുന്നയാൾ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത് കേസിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിഫലനങ്ങളെ വ്യക്തമാക്കുന്നു.

മറുഭാഗത്ത്, നീതിക്കായി പോരാടിയ കുടുംബത്തിന് വ്യക്തിപരമായ വലിയ നഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്. മകളുടെ കൊലപാതകികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒൻപത് വർഷത്തോളം നിയമപോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരാ ലങ്കേഷ്, വിചാരണ പൂർത്തിയാകുന്നതും കാത്തുനിൽക്കാതെ 83-ാം വയസ്സിൽ അന്തരിച്ചു. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന ഓർമ്മപ്പെടുത്തലോടെ, ഒരു കുടുംബത്തിന്റെ പോരാട്ട വീര്യത്തെയും പ്രതീക്ഷകളെയും ബാക്കിയാക്കിയാണ് ആ ജീവൻ പൊലിഞ്ഞത്.

കേവലം ഒരു എഡിറ്റർ എന്നതിലുപരി, തെരുവുകളിലെ പോരാളികൂടിയായിരുന്നു ഗൗരി ലങ്കേഷ്. കൽബുർഗിയുടെ വധത്തിൽ പ്രതിഷേധിച്ച് കർണാടകയിലുടനീളം നടന്ന മതേതര മുന്നേറ്റങ്ങളിൽ അവർ മുൻപന്തിയിലുണ്ടായിരുന്നു. ദളിത്-ബഹുജൻ അവകാശങ്ങൾക്ക് വേണ്ടിയും അവർ സജീവമായി നിലകൊണ്ടു. കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും ഉമർ ഖാലിദിനെയും പോലുള്ള യുവ നേതാക്കളെ 'തന്റെ ദത്തുപുത്രന്മാർ' എന്ന് സ്നേഹത്തോടെ വിളിച്ച ഗൗരി, പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് അമ്മയെപ്പോലെ തണലാവുകയായിരുന്നു.

തോക്കുകൾക്കും കൊലപാതകികൾക്കും ഒരാളുടെ ശരീരത്തെ മാത്രമേ ഇല്ലാതാക്കാൻ കഴിയൂ, അവരുടെ ആശയങ്ങൾ ചരിത്രത്തിൽ എന്നും നിലനിൽക്കും. കൊലയാളികൾക്ക് ഗൗരിയെ കൊല്ലാനായിട്ടുണ്ടാകാം, എന്നാൽ അവർ വിതച്ച വിത്തുകൾ ഇന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും മുളച്ചുപൊന്തിയിരിക്കുന്നു. അനീതിക്കെതിരെ ഉയരുന്ന ഓരോ സ്വരത്തിലും, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഓരോ പോരാട്ടത്തിലും ഗൗരി ലങ്കേഷ് എന്ന പേര് ഒരു മുദ്രാവാക്യമായി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും.

logo
The Cue
www.thecue.in