ശരണം വിളിച്ച് നരേന്ദ്രമോദി ; വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സർക്കാർ വേറെ എവിടെയുണ്ടെന്ന് പ്രധാനമന്ത്രി

ശരണം വിളിച്ച് നരേന്ദ്രമോദി ; വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സർക്കാർ വേറെ എവിടെയുണ്ടെന്ന് പ്രധാനമന്ത്രി

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേര് പറഞ്ഞ പ്രധാനമന്ത്രി അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഹങ്കാരികൾ ആയിരിക്കുകയാണെന്നും സോളാർ, സ്വർണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ടെന്നും നരേന്ദ്രമോദി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ 

 കേരളത്തിൽ എൽഡിഎഫും യുഡിഎഫും 7 തെറ്റുകൾ ചെയുന്നു. ഇരു മുന്നണികളും അഹങ്കാരികൾ ആയിരിക്കുന്നു. രണ്ട് മുന്നണികൾക്കും പണത്തിനോടാണ് കൂടുതൽ ആഗ്രഹം. എൽഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താൻ മത്സരിക്കുന്നു. സോളാർ, സ്വർണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുന്നു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ട്.

ഒരു മുന്നണി ഉണ്ടാക്കുന്നതിനേക്കാൾ അധികം പണം ഉണ്ടാക്കാൻ മറ്റേ മുന്നണി മത്സരിക്കുകയാണ്. വർഗീയ ശക്തികൾ അടക്കമുള്ളവരുമായി സഖ്യം ഉണ്ടാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽഡിഎഫ് - യുഡിഎഫ് ധാരണ ഉണ്ടാകുന്നു. കേരളത്തിൽ കുടുംബാധിപത്യ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളുടെ മക്കളുടെ പ്രവർത്തനങ്ങളും അതിന്റെ തെളിവാണ്. ഇടത് പക്ഷത്തെ ഒരു നേതാവിന്റെ മകന്റെ കുറച്ചു നാളുകളായുള്ള അവസ്ഥ കാണണം . വികസനോൻമുഖ അജണ്ടയ്ക്കാണ് എൻഡിഎ ശ്രമം.

കേരളത്തിന്റെ സംസ്കാരത്തെ എൽഡിഎഫ് ആക്ഷേപിച്ചു. കേരളത്തിലെ പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഇടത് പക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. അയ്യപ്പ ഭക്തരെ ലാത്തി ഉപയോഗിച്ച് അടിച്ച സർക്കാരാണിത്. ഭക്തർ കുറ്റവാളികൾ അല്ല. ഇടതു പക്ഷത്തിന്റെ കള്ളത്തരങ്ങൾ അധികനാൾ വില പോകില്ലെന്നും ഇറക്കു മതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ നാടിന്റെ സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നും നാടിന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കങ്ങളെ ബിജെപി പ്രവർത്തകർ ചെറുത്‌ തോൽപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in