1989 ജനുവരി 1. ഗസിയാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഡല്‍ഹിക്കടുത്തുള്ള ജന്ദാപൂര്‍ ഗ്രാമത്തില്‍ ജനനാട്യ മഞ്ച് ട്രൂപ്പിന്റെ ഹല്ലാ ബോല്‍ എന്ന നാടകം നടക്കുന്നു. നാടകം കാണാന്‍ നൂറുകണക്കിന് ആളുകള്‍ ഗ്രാമത്തില്‍ തടിച്ചുകൂടി.
ഈ സമയത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹന റാലി ഇതുവഴി കടന്നുവന്നത്. നാടകം നടക്കുന്ന വേദിക്ക് മുന്നില്‍ വാഹനങ്ങള്‍ നിന്നു. വേദിയില്‍ നിന്ന് ഒരാള്‍ ഇറങ്ങി ചെന്ന്, ഇവിടെ ഒരു നാടകം നടക്കുകയാണെന്നും വാഹനങ്ങള്‍ തൊട്ടടുത്ത വഴിയിലൂടെ മാറിപ്പോകാമോ എന്നും ചോദിക്കുന്നു.
അത്രയും നേരം സമാധാനപരമായിരുന്ന ആ ഗ്രാമാന്തരീക്ഷം ഒറ്റ നിമിഷം കൊണ്ട് മാറിമറിഞ്ഞു. പ്രചരണ വാഹനത്തില്‍ നിന്നും ചാടിയിറങ്ങിയ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയ്യില്‍ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട്, വഴി മാറിപ്പോകാന്‍ പറഞ്ഞ നാടകക്കാരന്റെ തലയ്ക്ക് അടിച്ചു. അടികൊണ്ട് വീണിട്ടും വെറുതെ വിടാതെ തുടരെ തുടരെ അടിച്ച് അയാളുടെ തല തകര്‍ത്തു. തങ്ങളുടെ വഴി തടഞ്ഞ ഒരാളോട് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ നിന്നുണ്ടായ അക്രമമായിരുന്നില്ല അത്. കാലങ്ങളായി ഉള്ളില്‍ കൊണ്ടുനടന്ന രാഷ്ട്രീയ പകപോക്കലായിരുന്നു അത്.
അന്ന് അവിടെ കോണ്‍ഗ്രസ് ഗുണ്ടകളുടെ അടിയേറ്റ് കൊല്ലപ്പെട്ടയാള്‍ വെറുമൊരു നാടകക്കാരന്‍ മാത്രമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന, ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ, തന്റെ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും മുതലാളിത്ത ചൂഷണങ്ങള്‍ക്കും എതിരെ നിരന്തരം കലഹിച്ച, ഇന്ത്യന്‍ തെരുവ് നാടകങ്ങള്‍ക്ക് ചോര കൊണ്ട് ഊര്‍ജ്ജം പകര്‍ന്ന സഫ്ദര്‍ ഹാഷ്മി ആയിരുന്നു.
ഒരു നാടകക്കാരന്‍ എന്നതിലുപരിയായി സഫ്ദര്‍ മറ്റെന്തെല്ലാമോ ആയിരുന്നു. അയാളുടെ ഓരോ ശ്വാസത്തിലും രാഷ്ട്രീയമുണ്ടായിരുന്നു. പറഞ്ഞുവരുമ്പോള്‍ അയാളുടെ ജീവിതവും വിവാഹവും തൊഴിലും ഒടുക്കം മരണവുമെല്ലാം അയാള്‍ക്ക് ആ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയായിരുന്നു.
1954 ഏപ്രില്‍ 12 നാണ് ഡല്‍ഹിയില്‍ സഫ്ദര്‍ ഹാഷ്മിയുടെ ജനനം. അലിഗഡിലെ ബാല്യവും കൗമാരവും കടന്ന് ഡല്‍ഹിയിലായിരുന്നു സഫ്ദറിന്റെ കോളേജ് വിദ്യാഭ്യാസ കാലം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. ഈ കാലത്താണ് ഇടത് വിദ്യാര്‍ഥി സംഘടനായ എസ്.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇതേ സമയത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷനോടൊപ്പം ചേര്‍ന്ന് ചില നാടകങ്ങളില്‍ പ്രവര്‍ത്തിച്ചു.
1973 ലാണ് സഫ്ദര്‍ സാധാരണക്കാരന്റെ വേദനയും പ്രശ്നങ്ങളും പറയുന്ന പുരോഗമന നാടക സംഘം എന്ന നിലയില്‍ ജന നാട്യ മഞ്ചിന് രൂപം നല്‍കുന്നത്. ജനം എന്ന ചുരുക്കപ്പേരില്‍ ആ സംഘം വളര്‍ന്നു. ആദ്യകാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ജനം പതിയെ ആ ചട്ടക്കൂടിന് പുറത്തേക്ക് കടക്കുകയും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. എഴുപതുകളില്‍ സഫ്ദര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി.
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സഫ്ദര്‍, 'കുര്‍സി കുര്‍സി കുര്‍സി' എന്ന പേരില്‍ ഒരു തെരുവ് നാടകം കളിച്ചു. ആദ്യത്തെ ഒരാഴ്ച തുടര്‍ച്ചയായി ഡല്‍ഹിയുടെ തെരുവുകളില്‍ ഈ നാടകം കളിച്ചു. ഇത് ജന നാട്യ മഞ്ചിന്റെ ആദ്യ വഴിത്തിരിവായി മാറി. തെരുവുകള്‍ തോറും നാടകങ്ങളുമായി സഫ്ദറും സംഘവും മുന്നേറി.
എന്നാല്‍ 1975 ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ എല്ലാം മാറിമറിഞ്ഞു. രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ടു. ഇതോടെ സഫ്ദര്‍ ഗര്‍വാലിലെയും കശ്മീരിലെയും ഡല്‍ഹിയിലെയും യൂണിവേഴ്സിറ്റികളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. പക്ഷേ അത് സഫ്ദറിന് ആ നാളുകളെ അതിജീവിക്കാനുള്ള താത്കാലിക മാര്‍ഗം മാത്രമായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ 1977 ല്‍ തിരിച്ചെത്തിയ സഫ്ദര്‍ വീണ്ടും രാഷ്ട്രീയത്തിലും രാഷ്ട്രീയ നാടകങ്ങളിലും സജീവമായി. ഇക്കാലത്ത് നാടകത്തിലും രാഷ്ട്രീയത്തിലും തന്റെ സഖാവായ മൊലായശ്രീയെ സഫ്ദര്‍ തന്റെ ജീവിത സഖിയായി ഒപ്പം കൂട്ടി.
അങ്ങനെ അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ വേദനയും രാജ്യത്തെ തൊഴിലില്ലായ്മയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമെല്ലാം ജനത്തിന്റെ നാടകങ്ങളില്‍ വിഷയങ്ങളായി. ഇതേ സമയം ദൂരദര്‍ശന് വേണ്ടി ചില ഡോക്യുമെന്ററികളും സീരിയലുകളും സഫ്ദര്‍ ചെയ്തു. കൂടാതെ പല പുസ്തകങ്ങളും എഴുതി. കലയില്‍ പരീക്ഷണം നടത്താന്‍ ഭയമില്ലാത്ത കലാകാരനായിരുന്നു സഫ്തര്‍. അതുകൊണ്ടു തന്നെ അയാളുടെ ഓരോ എഴുത്തുകളിലും അന്ന് വരെ ആരും ധൈര്യപ്പെടാതിരുന്ന പല പരീക്ഷണങ്ങളും അയാള്‍ നടത്തിയിരുന്നതായി കാണാം.
1989 പുതുവത്സര ദിനം, ഗസിയാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. സി.ഐ.ടി.യുനേതാവും സി.പി.ഐ.എം പ്രവര്‍ത്തകനുമായ രാമാനന്ദ് ജായുടെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി സഫ്ദറും സംഘവും ഹല്ലാ ബോല്‍ എന്ന നാടകം കളിക്കുന്നു. സഹിബാബാദിലെ ജന്ദാപൂര്‍ ഗ്രാമത്തിലാണ് നാടകം നടക്കുന്നത്. നാടകം കാണാന്‍ കര്‍ഷകരും കുട്ടികളും അടക്കം നിരവധി പേര്‍ തടിച്ചുകൂടി.
ഈ സമയത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുകേഷ് ശര്‍മ്മയുടെ വാഹന പ്രചരണ ജാഥ ഇതുവഴി വരുന്നത്. നാടകം നടക്കുന്ന വേദിക്ക് മുന്നില്‍ വാഹനങ്ങള്‍ നിന്നു. വേദിയില്‍ നിന്ന് ഒരാള്‍ ഇറങ്ങി ചെന്ന്, ഇവിടെ ഒരു നാടകം നടക്കുകയാണെന്നും വാഹനങ്ങള്‍ തൊട്ടടുത്ത വഴിയിലൂടെ മാറിപ്പോകാമോ എന്നും ചോദിക്കുന്നു. സമാധാനപരമായിരുന്ന ആ ഗ്രാമാന്തരീക്ഷം ഒറ്റ നിമിഷം കൊണ്ട് കലാപകലുഷിതമായി.
പ്രചരണ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ നാടകക്കാരെയും കൂടിയിരുന്ന ഗ്രാമീണരെയും ക്രൂരമായി അക്രമിച്ചു. വാഹനത്തില്‍ കരുതിയ പലകയും കമ്പികളും ഉപയോഗിച്ച് തല്ലിച്ചതച്ചു. തടയാനെത്തിയ സഫ്ദറിനെ മുകേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ക്രൂരമായി അക്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈത്തോക്കുകളില്‍ നിന്ന് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുണ്ടകള്‍ പാഞ്ഞു. വെടിയേറ്റ് റാം ബഹദൂര്‍ എന്ന തൊഴിലാളി കൊല്ലപ്പെട്ടു. അടികൊണ്ടു വീണ സഫ്ദറിന്റെ തല ഇരുമ്പ് ദണ്ഡ് കൊണ്ട് അവര്‍ തല്ലിത്തകര്‍ത്തു.
അക്രമണ ഭയത്തില്‍ നാടകപ്രവര്‍ത്തകര്‍ നാടക വേഷങ്ങള്‍ അഴിച്ച് ധാബകളില്‍ ഒളിച്ചു. ഇവരെ തെരഞ്ഞുപിടിച്ച് അക്രമിക്കാന്‍ ഗുണ്ടകള്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന കലാപാന്തരീക്ഷം ശാന്തമായപ്പോള്‍ ജന നാട്യ മഞ്ചിന്റെ പ്രവര്‍ത്തകരെ കാത്തിരുന്നത് ഹൃദയം നടുക്കുന്ന വാര്‍ത്തയായിരുന്നു. തലക്ക് ആഴത്തില്‍ മുറിവേറ്റ തങ്ങളുടെ പ്രിയപ്പെട്ട സഫ്ദറിനെ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. സഹപ്രവര്‍ത്തകരും സഖാക്കളും സഫ്ദറിനെ അറിയുന്നവരും രാംമനോഹര്‍ ലോഹ്യ ഹോസ്പിറ്റലിലേക്ക് ഒഴുകിയെത്തി.
അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും പരമാവധി ശ്രമിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങളെ നിഷ്ഫലമാക്കി ജനുവരി 2 ന് സഫ്ദര്‍ അരങ്ങൊഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞതനുസരിച്ച് ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് രക്തം വന്നിരുന്നു. തലയോട്ടിയിലും നെറ്റിയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അക്രമണത്തില്‍ ഇരുമ്പുവടികൊണ്ട് 20 പ്രാവശ്യമെങ്കിലും തലയ്ക്ക് അടിയേറ്റിരുന്നു.
സഫ്ദറിന്റെ തലയോട്ടിയില്‍ നിന്നും വാര്‍ന്നൊലിച്ച ചോര ഗലികളിലൂടെ പടര്‍ന്ന് ഡല്‍ഹി ചുവന്നു. തന്റെ നാടകങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന പ്രിയ കലാകാരന്റെ മൃതദേഹം വി.പി ഹൗസിലെ പാര്‍ട്ടി ഓഫീസില്‍ എത്തുന്നതിന് മുമ്പ് തന്നെ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സഫ്ദറിന്റെ ചെങ്കൊടിയില്‍ പൊതിഞ്ഞ ശരീരം പൊതുദര്‍ശനത്തിന് എത്തിച്ചപ്പൊഴേക്കും ജനക്കൂട്ടം ആയിരങ്ങള്‍ കവിഞ്ഞു. ചുവന്ന കടല്‍ പോലെ ഇരമ്പിയെത്തിയ റെഡ് വളണ്ടിയര്‍മാരും തൊഴിലാളി സഖാക്കളും സഫ്ദറിന് അന്തിമോപചാരം അര്‍പ്പിച്ചു.
സഫ്ദറിന്റെ മൃതദേഹം കയറ്റിയ ടെമ്പോയില്‍ മൊലായശ്രീയും മാതാപിതാക്കളും പ്രകാശ് കാരാട്ട് അടക്കമുള്ള പാര്‍ട്ടി സഖാക്കളും കയറി. ടെമ്പോയ്ക്ക് പിന്നില്‍ സഫ്ദര്‍ രക്തവും ജീവനും നല്‍കി വളര്‍ത്തിയ ജന നാട്യ മഞ്ചിലെ കലാകാരന്‍മാര്‍ ബാനറും പിടിച്ച് നടന്നു. അതിന് പിന്നില്‍ മനുഷ്യരുടെ ഒരു കടല്‍ ഉണ്ടായിരുന്നു.
അന്ന് ആ ടെമ്പോയെ അനുഗമിച്ച പതിനായിരങ്ങളില്‍ ഭൂരിഭാഗവും ആരായിരുന്നെന്ന് തങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു എന്ന് സഫ്ദറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സുധന്‍വ പിന്നീട് സഫ്ദറിനെ പറ്റിയുള്ള ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആ ബഹുജന റാലി നിഗംബോധ് ഘട്ടിലെ വൈദ്യുത ശ്മശാനത്തിലെത്തി. സഫ്ദറിന്റെ മൃതദേഹം വൈദ്യുത ചൂളയിലേക്ക് കയറ്റിയ ശേഷം മൊലായശ്രീ ജനത്തിന്റെ കലാകാരന്‍മാര്‍ കൂടി നില്‍ക്കുന്നിടത്തേക്ക് എത്തി, അവരോടായി ഒരു കാര്യം ചോദിച്ചു. നാളെ ജന്ദാപൂരില്‍ ഹല്ലാ ബോല്‍ കളിക്കണമെന്ന് കരുതുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? ആ അവസ്ഥയില്‍ അവരില്‍ നിന്ന് ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും എല്ലാവരും തലയാട്ടി.
ജനുവരി 4 ന്, സഫദറിന്റെ മരണത്തിനു 48 മണിക്കൂര്‍ തികയും മുന്‍പ് ജന നാട്യ മഞ്ചിലെ സഫ്ദറിന്റെ സഖാക്കള്‍, അവര്‍ ആക്രമിക്കപ്പെട്ട അതേ തെരുവില്‍ ഒത്തുകൂടി. പാതിവഴിയില്‍ ചോരയില്‍ കുളിച്ച് അവസാനിപ്പിക്കേണ്ടി വന്ന നാടകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. സഫ്ദറിനെ സ്നേഹിക്കുന്ന ആയിരങ്ങള്‍ അവിടെ നാടകം കാണാനെത്തി. സംഘത്തിലെ 21 വയസുകാരന്‍ സുധന്‍വ ദേശ്പാണ്ഡെ മുന്നോട്ടു വന്ന് കൂടിനിന്ന ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
'ഞങ്ങളുടെ തടസപ്പെട്ടുപോയ നാടകം കളിക്കാനാണ് ഞങ്ങളിവിടെ വന്നത്. ഞങ്ങളുടെ കാണികളോടുള്ള ചുമതല പൂര്‍ത്തീകരിക്കാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. അവര്‍ക്ക് ഞങ്ങളെ കൊല്ലാം, എന്നാല്‍ അവര്‍ക്ക് ഞങ്ങളെ തടയാനാകില്ലെന്ന് പറയാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. സഖാവ് റാം ബഹദൂറിനെ ആദരിക്കാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. സഫ്ദര്‍ ഹാഷ്മി മരിച്ചിട്ടില്ല എന്നതിനാലാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്. സഫ്ദര്‍ ഇവിടെ ജീവിക്കുകയാണ്, നമുക്കിടയില്‍, രാജ്യമെമ്പാടുമുള്ള അസംഖ്യം യുവതികളുടെയും യുവാക്കളുടെയും ഇടയില്‍'.
സഫ്ദറിന്റെ പഴയ സുഹൃത്ത് കാജല്‍ ഘോഷിന്റെ നേതൃത്വത്തിലുള്ള പര്‍ച്ചം എന്ന ഗാനസംഘം രണ്ട് ഗാനങ്ങള്‍ ആലപിച്ചു. അതിലൊന്നിലെ വരികള്‍ ഇങ്ങനെയായിരുന്നു. സഖാവേ, ചെങ്കൊടിയും പിടിച്ച് ഞങ്ങള്‍ മാര്‍ച്ച് ചെയ്യുന്നു. നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ വിലപിക്കുന്നു, പക്ഷേ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
നാടകം തുടങ്ങി. പൊട്ടിച്ചിരിക്കേണ്ട ആദ്യ രംഗത്തില്‍ അഭിനേതാക്കള്‍ വളരെ നിസംഗമായി എന്തൊക്കെയോ പറയുന്നു. നാടകം നിര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് കഥാപാത്രത്തിന് മറുപടിയായി എന്തുപറയണമെന്നറിയാതെ എല്ലാവരും കുഴങ്ങി. ഒരു അഭിനേതാവിന്റെ ശബ്ദം പോലും ആള്‍ക്കൂട്ടത്തിലേക്ക് എത്തുന്നില്ല എന്ന അവസ്ഥ. തൊട്ടടുത്ത നിമിഷം അവിടെ നിറഞ്ഞ നിശബ്ദത ഭേദിച്ച് മൊലായശ്രീയുടെ ശബ്ദമുയര്‍ന്നു.
അഭിനേതാക്കളുടെ നേരെ തിരിഞ്ഞ് നിങ്ങള്‍ക്കെല്ലാം എന്താണ് പറ്റിയത്, വരൂ, ചിരിക്കൂ, എന്ന് അവര്‍ അലറിവിളിച്ചു. പെട്ടെന്നൊരു ഗ്ലൂക്കോസ് കുത്തിവയ്പ്പ് കിട്ടിയത് പോലെ നാടകത്തിന് ജീവന്‍ വെച്ചു. ആ നാടകം അവര്‍ പൂര്‍ത്തീകരിച്ചു. ഒരുപക്ഷെ രാജ്യം കണ്ട ഏറ്റവും ഉജ്ജ്വലമായ നാടകാവതരണം ആയിരുന്നു അത്.
മൊലായശ്രീയുടെ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പിറ്റേന്ന് രാജ്യത്തെ എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ അച്ചടിച്ച് വന്നു. ഇന്ത്യന്‍ നാടകവേദി കണ്ട ഏറ്റവും തീവ്രമായ, ശാന്തമായ ധിക്കാരത്തിന്റെ ഭാവമായിരുന്നു അന്ന് അവരുടെ മുഖത്ത്. അന്ന് ആ നാടകത്തില്‍ പ്രധാനിയായിരുന്ന, നാടകത്തിലും ജീവിതത്തിലും സഫ്ദറിന്റെ സന്തത സഹചാരിയായിരുന്ന സുധന്‍വ ദേശ്പാണ്ഡെ സഫ്ദറിന്റെ രക്തസാക്ഷിത്വത്തിന് മുപ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം എഴുതിയ, ഹല്ലാ ബോല്‍, ദ ഡെത്ത് ആന്റ് ലൈഫ് ഓഫ് സഫ്ദര്‍ ഹാഷ്മി, എന്ന പുസ്തകത്തില്‍ ഈ സംഭവങ്ങളൊക്കെ കൃത്യമായി വിവരിക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം ചെറുപട്ടണങ്ങളിലും വലിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മൊലായശ്രീ ബോംബെയിലും ത്രിപുരയിലും കേരളത്തിലുമെത്തി വലിയ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.
സഫ്ദറിനെയും മൊലായശ്രീയെയും കുറിച്ച് കവിതകളും പാട്ടുകളും നാടകങ്ങളും പിറന്നു. കലാകാരന്മാര്‍ പെയിന്റിംഗുകളും പോസ്റ്ററുകളും നിര്‍മ്മിച്ചു. ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും തെരുവുകളില്‍ പ്രസംഗങ്ങള്‍ നടത്തി. അങ്ങനെ സഫ്ദര്‍ ഹാഷ്മി സ്മാരക സമിതി നിലവില്‍ വന്നു. വര്‍ഗീയതയ്‌ക്കെതിരെയും ഹിന്ദു വലതുപക്ഷത്തിന്റെ ഉയര്‍ച്ചയ്‌ക്കെതിരെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും അണിനിരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റിന്റെ രൂപീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു അത്. അങ്ങനെ സഫ്ദറിന്റെ ജന്‍മദിനമായ ഏപ്രില്‍ 12 ദേശീയ തെരുവ് നാടക ദിനമായി.
സഫ്ദറിനെ അടുത്തറിഞ്ഞവര്‍ക്കൊക്കെ അയാളിന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന ഒരു ഊര്‍ജ്ജമാണ്. നാല് വര്‍ഷക്കാലം ജന നാട്യ മഞ്ചില്‍ പ്രവര്‍ത്തിച്ച നടി നന്ദിത ദാസ് സഫ്ദറിനെ പറ്റി ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നത്, ജീവിതത്തില്‍ അറിഞ്ഞിട്ടുള്ള ഏറ്റവും കലാപകാരിയായ ആക്ടിവിസ്റ്റും സഹാനുഭൂതിയുള്ള മനുഷ്യനും എന്നാണ്.
കൊല്ലപ്പെടുമ്പോള്‍ വെറും 34 വയസാണ് സഫ്തര്‍ ഹാഷ്മിയുടെ പ്രായം. പക്ഷേ ആ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ, ആ കാലഘട്ടത്തിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. താന്‍ ജീവിച്ചിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ തീച്ചൂളയിലാണ് അയാള്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്. സഫ്ദര്‍ ഹാഷ്മിയെന്ന ഇടതുപക്ഷക്കാരനായ കലാപ്രവര്‍ത്തകന്‍ കലയെ സാമൂഹിക വിമോചനവുമായി ചേര്‍ത്ത് വെക്കുന്ന ഓരോരുത്തരും അറിയേണ്ട ജീവിതമാണ്. പോരാളികള്‍ക്ക്, പ്രണയിതാക്കള്‍ക്ക്, ലോകം കൂടുതല്‍ മെച്ചപ്പെട്ടതായിക്കാണാന്‍ സ്വപ്നം കാണുന്നവര്‍ക്ക് ഇന്നും വിലമതിക്കാനാകാത്ത പാഠപുസ്തകമാണ് സഫ്ദര്‍ ഹാഷ്മി.