The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ
Published on
Summary

സൗഹൃദവും, ചതിയും, സ്നേഹബന്ധങ്ങളും, നഷ്ടങ്ങളും, രതിയുമെല്ലാം The Dead Know Nothing ന്‍റെ കഥാഭൂമികയിലെ വിവിധ അടരുകളായി തെളിഞ്ഞു വരുന്നുണ്ട്. കടലോരത്തിന്‍റെ ജീവിതസ്ഥലികളെ കണ്ടെത്താനനുള്ള ജൈവികമായ രചനാശ്രമമാണത്.

സിനിമാ നിരൂപകനും എൻ. എസ്. എസ്. കോളേജ്, ഒറ്റപ്പാലം അസി. പ്രൊഫസ്സറുമായ ഹരിനാരായണൻ എസ്. എഴുതുന്നു

പരാജിതരായ മനുഷ്യരുടെ കഥകൾ വായനക്കാർക്ക് നൽകുക ജീവിതത്തിന്‍റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളും, അതിൽ നിന്നുണ്ടാവുന്ന നോവും നൊമ്പരങ്ങളുമാണ്. വിജയിച്ചു നിൽക്കുന്ന നായകരെക്കാൾ പരാജയപ്പെട്ടു നിൽക്കുന്ന മനുഷ്യരുടെ നിസ്സഹായത വായനക്കാരിൽ അളമുറിയാത്ത സഹാനുഭൂതിയും സ്നേഹവും സൃഷ്ടിക്കുന്നു. ഈ സഹവർത്തിത്വം തങ്ങൾ പരിചയപ്പെട്ട കഥാഭൂമികയിലേക്ക് വായനക്കാരെ പറിച്ചു നടുകയയാണ്. ഈ ആഖ്യാന ഭൂമികയിലെ മനുഷ്യരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ, പ്രതിസന്ധികളോടുള്ള പടവെട്ടലുകൾ, പരിഗണനയ്ക്കായുള്ള നിസ്വർഥ ശ്രമങ്ങൾ-ഇവയെല്ലാം വായനക്കാരുടെത് കൂടിയായി മാറുന്നു. ഫലത്തിൽ പരാജയപ്പെടുന്നവർ ഒറ്റയ്ക്കല്ല. അവർക്ക് വായനക്കാർ തങ്ങളുടെ നീസ്സീമമായ സ്നേഹവും കരുതലും ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. ഈ വർഷമിറങ്ങിയ, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരണത്തിൽ കിഷോർ റാം രചിച്ച The Dead Know Nothing (മരിച്ചവർക്ക് ഒന്നുമറിയില്ല) എന്ന പുസ്തകം ഇത്തരം ചിന്തകളിലേക്കാണ് നമ്മെയെത്തിക്കുക.

കൊല്ലത്തെ കടലോരത്തെ മനുഷ്യരുടെ ജീവിതസമരത്തിന്‍റെ പശ്ചാത്തലത്തിൽ കുറ്റാന്വേഷണവും, നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ഒരു കഥാപരിസരം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. സാമ്പ്രദായിക കുറ്റാന്വേഷണ, കൊലപാതലക ആഖ്യാനരീതികളെ തെല്ലും അവലംബിക്കാതെ, ഒരു കൊലപാതകം കഥയെ മൊത്തത്തിൽ വലയം ചെയ്തിരിക്കുന്ന രീതിയിലാണ് കിഷോർ റാം കഥ പറയുന്നത്. അതിലൂടെ ഒരുകൂട്ടം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതങ്ങളെ സമർഥമായി അടയാളെപ്പെടുത്തുകയും ചെയ്യുന്നു.

The Dead Know Nothing, Kishore Ram, Penguin India.
The Dead Know Nothing, Kishore Ram, Penguin India.

കടലോരത്തെ കീഴാള ജീവിതങ്ങളെയും, അവിടുത്തെ മനുഷ്യരുടെ അറിവനുഭവങ്ങളെയും കൗതുകത്തോടെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ആധിപത്യ മനോഭാവത്തിലൂന്നിയ നോട്ടങ്ങൾ സാഹിത്യത്തിൽ പതിവുള്ളതാണ്. പോസ്റ്റ് കൊളോണിയൽ അപനിർമ്മിതികളുടെ കാലത്ത് കിഴക്കിനെ പുച്ഛത്തോടെ നോക്കുന്ന പടിഞ്ഞാറിന്‍റെ ആധിപത്യ മനോഭാവങ്ങളെ എഡ്വേർഡ് സെയ്ദ് വിമർശിക്കുന്നുണ്ട്. പടിഞ്ഞാറൻ ഉപരിവർഗ്ഗത്തിന് തികച്ചും അപരിചിതമായ ഏഷ്യൻ, ആഫ്രിക്കൻ യാഥാർഥ്യങ്ങൾ അവിടുത്തെ സാഹിത്യത്തിൽ അവതരിപ്പിക്കപ്പെട്ട രീതിയാണ്(ലോകപ്രശസ്ത എഴുത്തുകാരുൾപ്പടെ) പോസ്റ്റ് കൊളോണിയൽ ചിന്തകർ പ്രശ്നവൽക്കരിച്ചത്. കേരളത്തിലെ ദളിത്, ആദിവാസി, കടലോര ജനതയെ അപരവൽക്കരിക്കുന്ന രീതിശാസ്ത്രം മലയാളത്തിലെ സാഹിത്യ-സിനിമാ ലോകത്ത് പ്രബലമായിരുന്നു. കാലക്രമേണ politically correct ആവേണ്ട സാഹചര്യത്തിലേക്ക് ഈ മേഖലകളിലെ സംവാദങ്ങൾ വികസിക്കുകയും പ്രകടമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തതായി

നിരീക്ഷിക്കാവുന്നതാണ്. ഈ നോവലിലെ ഒരു പ്രത്യേകതയായി അനുഭവപ്പെടുന്നത്, ഒരുകൂട്ടം അരികുജീവിതങ്ങളെ തെല്ലും ആധിപത്യ നോട്ടത്തിന്‍റെ അകമ്പടിയില്ലാതെ അവതരിപ്പിച്ച രചനാ ശൈലിയാണ്. ഒരു പറ്റം മനുഷ്യരെ, ആവരുടെ ജീവിതത്തിലെ അസാധാരണ സംഭവവികാസങ്ങളെ എഴുത്തുകാരൻ സത്യസന്ധമായി സമീപിക്കുകയാണ്. മുൻവിധികളില്ലാതെ, അവരുടെ ജീവിതത്തിലേക്ക് വായനക്കാരെ ആനയിക്കുന്ന ലളിതമായ എഴുത്താണ് ഈ നോവലിനെ ഹൃദ്യമാക്കുന്നത്. ആകാക്ഷ നിറഞ്ഞ മുഹൂർത്തങ്ങളും, അസ്തിത്വസംബന്ധിയായ സന്ദേഹങ്ങളും ഒരേപോലെ ഇവിടെ സംഗതമാവുന്നുണ്ട്.

Fathima Island
/ Kishore Ram facebook
Fathima Island / Kishore Ram facebookFathima Island / Kishore Ram facebook

കൊല്ലം അഷ്ടമുടിയിലെ ഫാത്തിമ ദ്വീപിലെ മനുഷ്യരുടെ കഥയാണ് ഈ നോവലിൽ കിഷോർ റാം വരച്ചിടുന്നത്. സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെട്ട, പഠനത്തിൽ ശരാശരി മാത്രമായ തങ്കച്ചനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആഖ്യാനം വികസിക്കുന്നത്. തന്‍റെ സഹോദരനായ മാത്തപ്പന്‍റെ ജീവിതവും, അതിലെ നിഗൂഢതകളും, അവ തങ്കച്ചന്‍റെ ജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളും, ചില സത്യങ്ങൾ തേടിയുള്ള അയാളുടെ അലച്ചിലുമാണ് കഥാതന്തു. സ്വയം ഒരു പരാജയമായി കരുതുന്ന, തന്‍റെ ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള ശേഷിയില്ലാത്ത ഒരാളാണ് തങ്കച്ചൻ. മതപഠനത്തിലും, കോളേജ് വിദ്യാഭ്യാസത്തിലും ഒരേപോലെ പരാജിതനാണ് അയാൾ. സ്വന്തം ആഗ്രഹങ്ങൾ കുഴിച്ചു മൂടി സഹോദരന്‍റെ കൂടെ കടലിൽ പോവാനും അതിലൂടെ കുടുംബത്തിന് ഒരു സഹായമാവാനും തങ്കച്ചൻ തീരുമാക്കുന്ന സന്ദർഭത്തിലാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അയാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നത്. വർഷങ്ങൾക്കു മുൻപ് നടന്ന ചില കൊലപാതകങ്ങളും, അതിലേക്കുള്ള ചില സമകാലീന സൂചനകളും സമാധാനപരമായി പോവുന്ന ആ ദ്വീപിലെ മനുഷ്യരുടെ ജീവിതങ്ങളെ, പ്രത്യേകിച്ചും തങ്കച്ചന്‍റെ ജീവിതത്തെ ബാധിക്കുന്നതും, ആ അപ്രതീക്ഷിതമായ സംഭവവികാസങ്ങളോട് പൊരുത്തപ്പെടാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് പിന്നീട് കഥയെ വികസിപ്പിക്കുന്നത്. മണ്ണും, മനുഷ്യനും, അസ്തിത്വ സന്ദേഹങ്ങളുമെല്ലാം കഥയുടെ ആന്തരിക ശരീരത്തിനോടൊപ്പം സുപ്രധാനമായ ആശയലോകങ്ങളായി വായനക്കാർക്കു മുന്നിൽ വെളിപ്പെടുകയാണ്.

Kishore Ram facebook
Kishore Ram facebook

കിഷോർ റാമിന്‍റെ രചനാശൈലിയുടെ സവിശേഷത സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന നർമ്മ സംഭാഷണങ്ങളും സന്ദർഭങ്ങളുമാണ്. ഇരുണ്ട ഹാസ്യവും നോവലിൽ പലയിടത്തായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗൗരവതരമായ സംഭവങ്ങൾ വിശദീകരിക്കുന്ന ഭാഗങ്ങളിൽ തന്നെ, നർമ്മത്തിൽ ചാലിച്ച നിരവധി മുഹൂർത്തങ്ങളും ഇവിടെയുണ്ട്. ഭൂതകാലത്തെ ഒരു കൊലപാതകം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്‍റെ അലയൊലികളെ ഭംഗിയായി ഒരു കൂട്ടം മനുഷ്യരുടെ ജീവിതസാഹചര്യങ്ങളോട് സന്നിവേശിപ്പിക്കുകയാണ് എഴുത്തുകാരൻ. ഒരു കുറ്റാന്വേഷണ കഥയുടെ ചട്ടക്കൂടിലേക്ക് എളുപ്പം വഴുതി വീണേക്കാവുന്ന നിരവധി സാഹചര്യങ്ങളിലും The Dead Know Nothing തികച്ചും മൗലികമായ രചനാസങ്കേതത്തെയാണ് പിൻപറ്റുന്നത്. കൊലപാതകവും, അതേത്തുടർന്ന് ചുരുളഴിഞ്ഞു വരുന്ന രഹസ്യങ്ങളും നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനോട് അവർ എങ്ങനെ പൊരുത്തപ്പെടാൻ ശ്രമിക്കുന്നുവെന്നും ഇവിടെ കാണാം. ഒരു നാടിന്‍റെ രേഖാചിത്രം വരച്ചിടുന്നതിലേ രചനാകൗശലം ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ വ്യതിരിക്തതയും, കാരിക്കേച്ചർ സ്വഭാവവും വായന അനായസമാക്കുകയും, ആ ജീവിതങ്ങളെ എളുപ്പത്തിൽ വായനക്കാർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നുമുണ്ട്. നുറുങ്ങു ഹാസ്യവും, കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയും ചില പാത്രസൃഷ്ടികളെ അവിസ്മരണീയമാക്കുന്നു. ഉദാഹരത്തിന് ആ നാട്ടിലെ ചാരായവിൽപ്പനക്കാരൻ താൻ വിൽക്കുന്ന മദ്യത്തിന്‍റെ തീക്ഷ്ണതയാൽ അറിയപ്പെടുന്നത് ‘വാപൊള്ളി’ എന്നാണ്. ഇത്തരത്തിൽ പേര് കൊണ്ടും, സവിശേഷമായ സ്വഭാവരീതികൾ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്.

ജനിച്ച മണ്ണിൽ നിന്ന് നിർബന്ധിതമായി കൂടിയിറപ്പെടുന്നവരുടെ പക്ഷത്ത് നിന്നാണ് ഈ നോവൽ പൗരരുടെ അവകാശങ്ങൾക്കു മേലുള്ള സ്റ്റേറ്റിന്‍റെ അധിനിവേശത്തെ അടയാളപ്പെടുത്തുന്നത്. കീഴാളരായ മനുഷ്യർ ഏത് സമയത്തും അധികാരത്തിന്‍റെ സൗകര്യാർഥം തങ്ങളുടെ ഭൂമിയും സ്വത്തും ഒഴിഞ്ഞു കൊടുക്കണമെന്ന ഫാഷിസ്റ്റ് തീട്ടൂരത്തെ ഫാത്തിമ ദ്വീപിലെ നിവാസികൾ ജീവൻ കൊടുത്തും ചെറുക്കാൻ തയ്യാറാവുന്നുണ്ട്. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്‍റെ പ്രതീകങ്ങളാണ് നിരക്ഷരരായ ആ മനുഷ്യർ. പരിസ്ഥിതിയുടെ രാഷ്ട്രീയവും ആഖ്യാനത്തിലേക്ക് ഉൾച്ചേർക്കാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുള്ളതായി കാണാം. പരിസ്ഥിതിയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന മുതലാളിത്ത മനോഭാവവും ഇവിടെ വിമർശനവിധേയമാവുകയാണ്. സംഘടിത മതത്തിന്‍റെ പ്രവർത്തന രീതികളും, അതിന്‍റെ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാത്ത വ്യക്തികളെ എങ്ങനെയെല്ലാം അപരവൽക്കരിക്കുന്നുവെന്നും കിഷോർ റാം ചിന്തിക്കുന്നുണ്ട്. തങ്കച്ചൻ സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെടുന്നത് അവന്‍റെതല്ലാത്ത കാരണത്താലാണ്. തങ്കച്ചന്‍റെ കീഴാളസ്വത്വം മതസദാചാരത്തിന്‍റെ നിയമസംഹിതകൾക്കും, അതിന്‍റെ ആണിക്കല്ലായ പാരമ്പര്യ മാമൂലുകൾക്കും ഉൾക്കൊള്ളാനാവുന്നില്ല. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അവനിൽ നിന്ന് മതബോധത്താൽ നയിക്കപ്പെടുന്ന ഒരു സമൂഹം പ്രതീക്ഷിക്കുന്നത് പാരമ്പര്യമായ തൊഴിൽ മേഖലയിലേക്ക് തന്നെ ചെന്നെത്താനാണ്. വിദ്യാഭ്യാസം നേടാനുള്ള തങ്കച്ചന്‍റെ ശ്രമത്തെ വിഫലമാക്കേണ്ടത് പലരുടെയും ഉത്തരവാദിത്തമായും മാറുകയാണ്.

സൗഹൃദവും, ചതിയും, സ്നേഹബന്ധങ്ങളും, നഷ്ടങ്ങളും, രതിയുമെല്ലാം The Dead Know Nothing ന്‍റെ കഥാഭൂമികയിലെ വിവിധ അടരുകളായി തെളിഞ്ഞു വരുന്നുണ്ട്. കടലോരത്തിന്‍റെ ജീവിതസ്ഥലികളെ കണ്ടെത്താനനുള്ള ജൈവികമായ രചനാശ്രമമാണത്. അതിൽ കാപട്യമോ ഏച്ചു കെട്ടലുകളോ കാണാനില്ല. വിജയശ്രീലാളിതനായി തലയുയർത്തി നിൽക്കുന്ന നായകരൂപനങ്ങളെ കണ്ടു പരിചയിച്ചവരെ തെല്ല് അസ്വസ്ഥമാക്കിയേക്കാവുന്ന പരാജയങ്ങളിൽ നിന്ന് കൂടുതൽ പരാജയങ്ങളിലേക്ക് വിധിയുടെ ക്രൂരമായ കളിനിയമങ്ങളാൽ വീണു പോവുന്ന തങ്കച്ചന്‍റെ ജീവിതമാണ് ഈ പുസ്തകത്തിൽ തെളിഞ്ഞു വരുന്നത്. ആ പരാജയത്തിന്‍റെ വേദന വായനക്കാരുടേത് കൂടിയാവുകയാണ്. ഇംഗ്ലീഷിലായിരിക്കുമ്പോൾ തന്നെ മലയാളഭാഷയും, സാംസ്കാരികമായി സവിശേഷമായ ഭാഷാപ്രയോഗങ്ങളും ധാരാളമായി ഈ കൃതിയിൽ കടന്നു വരുന്നുണ്ട്. മലയാളത്തിന്‍റെ ഗന്ധം പേറുന്ന ഒരു ഇംഗ്ലീഷ് നോവലെന്നും ഇതിനെ വിളിക്കാം..

Related Stories

No stories found.
logo
The Cue
www.thecue.in