പതിനാലാം വയസ്സിൽ നടനാകണം എന്ന് തീരുമാനിച്ചു, ഇന്ന് എഴുപത്തിനാലാം വയസ്സിൽ എത്തി നിൽക്കുമ്പോൾ പല ഭാഷകളിലായി ഇരുനൂറ് ചിത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ്, മലയാളം, ബംഗാളി, ഉറുദു തുടങ്ങി കേവലം സംസാരഭാഷയല്ല സിനിമയുടെ ഭാഷ എന്നത് ഉദ്ധരിച്ചു പറയാനാകുന്ന ബോഡി ഓഫ് വർക്ക്. ഹീറോ ആകാൻ ബോളിവുഡിൽ എത്തി ഹിന്ദി സിനിമയിലെ അഥവാ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറിയ ഒരു വ്യക്തി. ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ ഏറ്റവും വലിയ ഒന്ന്. അരനൂറ്റാണ്ടിലേറെ നീളുന്ന അഭിനയ സപര്യ. ഫീച്ചർ ഫിലിമുകൾക്ക് പുറമെ ഷോർട്ഫിലിമുകൾ, നാടകങ്ങൾ, ടിവി സീരീസുകൾ തുടങ്ങി അഭിനയസാധ്യതകൾ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം തന്റെ പേര് ചാർത്തിയ ഒരേ ഒരു നസീറുദ്ദീൻ ഷാ. നായകനായും, പ്രതിനായകനായും, സ്വഭാവനടനായുമെല്ലാം ഇന്ത്യൻ സിനിമയിൽ, ലോക സിനിമയിൽ അഭിനയം തുടർന്നു പോരുന്ന, തിരശീല വിട്ടാൽ സ്റ്റേജിൽ കയറി അഭിനയം തുടരുന്ന അഭിനയമോഹി.
പഠനത്തിൽ എല്ലാക്കാലത്തും ഒന്നാമതായിരുന്ന തന്റെ സഹോദരങ്ങളെ പോലെ തനിക്ക് പഠിക്കാൻ സാധിക്കുന്നില്ലായിരുന്നല്ലോ എന്ന നിരാശയെ അയാളിൽ നിന്നകറ്റിയത് അഭിനയമാണ്. സ്കൂളിൽ പഠിപ്പിച്ച നാടകങ്ങളിൽ നിന്ന് തുടങ്ങിയ ആ അഭിനിവേശം ആ പതിനാല്കാരനിൽ ഉണർത്തിയത് താൻ എന്താകണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. സ്കൂൾ പഠന കാലത്ത് കഴിയാവുന്നത്ര നാടകങ്ങൾ പഠിച്ചു, സിനിമകൾ കണ്ടു. സ്കൂളിന് ശേഷം അലിഗർ മുസ്ലീം യൂണിവേഴ്സിറ്റിയിൽ ആർട്ട്സ് പഠിച്ചു. പിന്നീട് നാഷണൽ ഡ്രാമ സ്കൂൾ ഡൽഹി, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ എന്നിവിടങ്ങളിൽ പഠനം. ഷേക്പേറിയൻ നാടകങ്ങളിൽ തുടങ്ങി തട്ടകത്തിലും തിരശ്ശീലയിലുമായി എണ്ണമറ്റ കഥാപാത്രങ്ങൾക്ക് മുഖവും, ശബ്ദവും, ശരീരവുമായി. മുഴുനീള കഥാപാത്രമായി ആദ്യം അഭിനയിക്കുന്ന ചിത്രം നിഷാന്ത് ആണെങ്കിലും, 1967-ൽ പുറത്തിറങ്ങിയ അമൻ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം നസീറുദ്ദീൻ ഷാ ചെയ്തിരുന്നു. നിഷാന്ത് ആകട്ടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠന കാലത്താണ് സംഭവിക്കുന്നത്. ആ സമയത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ കൂടെ ആയിരുന്ന ശ്യാം ബെനഗളിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിട്ടും, തന്റെ അഭിനയത്തിന് പ്രശംസകൾ കിട്ടിയിട്ടും തനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നത് കൊണ്ട് ആ എൻട്രിയേയും ഷായ്ക്ക് ആഘോഷിക്കാനായില്ല.
ബെനഗളിന്റെ തന്നെ സംവിധാനത്തിൽ ഒരുങ്ങിയ രണ്ടാം ചിത്രം മന്തൻ ആണ് സിനിമാഭിനയത്തിൽ തനിക്ക് പിന്നീട് അവസരങ്ങൾ ഉണ്ടാക്കി തന്നത് എന്ന് അദ്ദേഹം പലയാവർത്തി പറഞ്ഞിട്ടുണ്ട്. അലിഗഡിൽ പഠിക്കുന്ന കാലത്ത് തന്നെ ഹിന്ദി സിനിമ കാണുന്നത് ഉപേക്ഷിച്ചത് കൊണ്ട് ബോളിവുഡ് തന്നെ ഭ്രമിപ്പിച്ചതുമില്ല. ആഗ്രഹിച്ചിരുന്നു സൂപ്പർ സ്റ്റാർ ആകണമെന്ന് പക്ഷേ കമേഷ്യൽ സിനിമകൾ അല്ല തനിക്ക് ഹൈ തരുന്നത് എന്ന് തിരിച്ചറിഞ്ഞ പക്ഷം ആ ആഗ്രഹം വെടിഞ്ഞു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ചെയ്ത വാണിജ്യ സിനിമകൾ വളരെ മോശമായിരുന്നു എന്ന് അദ്ദേഹം തന്നെ വിലയിരുത്തുന്നു. ഷാ തന്റേത് എന്ന് തിരിച്ചറിഞ്ഞു തിരഞ്ഞെടുത്ത് പോയ വഴികളിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ചത് അമൂല്യങ്ങളായ ഒരുപിടി ചിത്രങ്ങളാണ്. ശ്യാം ബെനഗൾ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യം കൂടെയായി മാറിയിരുന്നു അദ്ദേഹം അപ്പോഴേക്കും. തന്നെ വഴി തിരിച്ച് വിട്ടത് ശ്യാം ബെനഗൾ ആണെന്ന് ഷാ വിശ്വസിച്ചു പോന്നു. നിഷാന്തും, ഭൂമികയും, മന്തനും, ജുനൂനും കൊണ്ട് തന്റെ കരിയർ അവസാനിച്ച് പോയിരുന്നെങ്കിൽ പോലും കുഴപ്പമില്ലായിരുന്നുവെന്നാണ് ബെനഗളിനെ ഓർത്തുകൊണ്ട് ഷാ പറഞ്ഞിട്ടുള്ളത്.
1979 - ൽ പുറത്തിറങ്ങിയ സ്പർശ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ നസീറുദ്ധീൻ ഷാ എന്ന പേര് കൂടുതൽ ആളുകളിലേക്കെത്തി. വിഷ്വലി ഇമ്പേയെഡ് ആയ ബ്ലൈൻഡ് സ്കൂളിലെ പ്രിൻസിപ്പൽ അനിരുദ്ധ് പാർമറും, ടീച്ചർ കവിതയും തമ്മിലുള്ള സ്നേഹബന്ധം പറയുന്ന ചിത്രം പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ നേടി. ജുനൂൻ, സ്പർശ്, ആക്രോശ്, ആൽബർട്ട് പിന്റോ കോ ഖുസ്സ ക്യൂ ആതാ ഹേ തുടങ്ങി ഒരുപിടി ചിത്രങ്ങൾക്ക് ശേഷം 1980 ൽ പുറത്തിറങ്ങിയ ഹംപാഞ്ച് എന്ന അന്നത്തെ ഇൻഡസ്ട്രി ഹിറ്റ് കൂടെയായ മൾട്ടിസ്റ്റാർ ചിത്രം നസീറുദ്ദീൻ ഷായെ ഹിന്ദി സിനിമയ്ക്ക് മുന്നിൽ വച്ച് നീട്ടിയിരുന്നു. പക്ഷെ 1983 ൽ പുറത്തിറങ്ങിയ മാസൂം ആണ് നസീറുദ്ദീൻ ഷായുടെ അഭിനയത്തിലെ അടുത്ത നാഴികക്കല്ലായത്. ചിത്രം ആരംഭിക്കുമ്പോൾ ആരും കൊതിക്കുന്ന അച്ഛനും ഭർത്താവുമായാണ് ഷാ പ്രത്യക്ഷപ്പെടുന്നതെങ്കിൽ ആദ്യ പകുതി കഴിയുമ്പോഴേക്ക് അയാൾ തെറ്റ് കൊണ്ട് തല കുനിച്ച് നിൽക്കുന്ന ഒരാളായി മാറുകയാണ്. ഷബാന ആസ്മി - നസീറുദ്ദീൻ ഷാ കോമ്പിനേഷനുകളിൽ ഇന്നും ഏറ്റവും മികച്ചവയിൽ ഒന്ന് എന്ന് പറയാൻ സാധിക്കുന്ന പെർഫോർമൻസുകൾ തന്ന മാസൂം ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് അടക്കം അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടുകയുണ്ടായി.
മണ്ഡി, പാർ, ഇജാസത്, ദി പെർഫെക്റ്റ് മർഡർ, ത്രിദേവ്, ഓംകാര, മഖ്‌ബൂൽ, മൺസൂൺ വെഡിങ് തുടങ്ങിയ ചിത്രങ്ങൾ ഒന്ന് ഒന്നിനോട് സാമ്യമല്ലാത്ത ഷാ കഥാപാത്രങ്ങളെ കൊണ്ട് തന്നു. പൊന്തന്മാടയിലെ തമ്പ്രാനെ നോക്കൂ. വെള്ള മുണ്ടും വെള്ള ഷർട്ടുമിട്ട് പാടവരമ്പത്ത് കൂടെ മുണ്ടിന്റെ കോന്തല പൊക്കിപ്പിടിച്ച് നടക്കുന്നയാളെ കണ്ടാൽ മലയാള മണ്ണിനോട് പരിചയമില്ലാത്ത ഒരാളാണ് അതെന്ന് പറയുമോ? മണ്ണിനോടും മാടയോടും അത്രമാത്രം ഇഴുകിച്ചേർന്ന തമ്പ്രാൻ. നസീറുദ്ധീൻ ഷാ - മമ്മൂട്ടി മാജിക്കിൽ പൊന്തന്മാട തിളങ്ങി നിന്നു. ഹേ റാമിലെ മഹാത്മാഗാന്ധിയും, മിർസാ ഗാലിബിലെ ഗാലിബും ആ ജീവിതങ്ങളുടെ ഷാ ഇന്റർപ്രെട്ടേഷൻ ആയി. ജഗ്ജിത് സിംഗിന്റെ പിന്നണിയിൽ ഗാലിബായി നസീറുദ്ധീൻ ഷാ ഇരുന്ന് പാടുന്നത് കാണുമ്പോൾ ഗാലിബ് അങ്ങനെയായിരുന്നു എന്ന് തോന്നിയേക്കാം. ഗുൽസാർ എഴുത്തിന്റെ അതേ ഭംഗിയോടെ, ജഗ്ജിത് സിംഗിന്റെ ഗാനങ്ങളുടെ തെളിമയോടെയും ഒഴുക്കോടെയും സ്‌ക്രീനിൽ അദ്ദേഹം ഇരിക്കുമ്പോൾ ഗസൽ നേരിട്ട് കാണുന്ന അനുഭൂതിയുണ്ടാകുമെന്നത് ഉറപ്പ്. അതേ നസീറുദ്ധീൻ ഷാ ആണ് വില്ലനായി വന്ന് വെറുപ്പ് സമ്പാദിക്കുന്നത്. സർഫറോഷിലെ വില്ലൻ കഥാപാത്രം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ആന്റഗോണിസ്റ്റുകളിൽ ഒരാളാണ്. കൃഷിലെ ഡോക്റ്റർ ആര്യയും പെർഫോമൻസ് കൊണ്ട് വില്ലനായ ഒരാൾ. പാരലൽ സിനിമയുടെ വക്താവായി അറിയപ്പെടുമ്പോഴും, ടിപ്പിക്കൽ ബോളിവുഡ് സിനിമകളെ വിമർശിക്കുമ്പോഴും പെർഫോമൻസ് സാധ്യതയുള്ള ചിത്രങ്ങളാണെങ്കിൽ മെയ്ൻസ്ട്രീം ബോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
യൂ ഹോതാ തോ ക്യാ ഹോതാ എന്നൊരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. കൊങ്കണ സെൻ ശർമ, ഇർഫാൻ ഖാൻ, രത്ന പാഠക്, ബൊമൻ ഇറാനി തുടങ്ങിയ വലിയ താരനിരയോട് കൂടെ വന്ന ചിത്രം 9 / 11 അറ്റാക്കിലേക്ക് എത്തപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകൾ ചേർന്നതായിരുന്നു. സിനിമയ്ക്ക് പുറമെ നാടകം എന്ന മീഡിയത്തെയും നസീറുദ്ധീൻ ഷാ കൊണ്ട് നടന്നിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിക്കുകയോ, സംവിധാനം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. ഒരു പൗരൻ എന്ന നിലയിൽ സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന് വിശ്വസിക്കുന്ന, ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിശ്ശബ്ദനായിരിക്കാതെ നിരന്തരം രാഷ്ട്രീയം പറയുന്ന, ബിജെപി ഗവണ്മെന്റിനെ നിശിതമായി വിമർശിക്കുന്ന ഒരാൾ കൂടെയാണ് ഷാ.
ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് രാജ്യം പത്മശ്രീയും, പത്മഭൂഷണും നൽകി ആദരിച്ചു. ആദ്യമേ പറഞ്ഞ ഭാഷയുടെ അതിർവരമ്പ് മാത്രമല്ല, ദേശങ്ങളുടെ അതിർവരമ്പിനപ്പുറത്തും ചെന്ന് അഭിനയിച്ചു. ഇന്റർനാഷണൽ ആക്ടർ, or rather an actor in all senses . റോബർട്ട് ഡിനീറോ ഓഫ് ഇന്ത്യ എന്ന വിളികളെ എടുത്തെറിഞ്ഞ്, വേണമെങ്കിൽ ഡിനീറോയെ നസീറുദ്ധീൻ ഷാ ഓഫ് അമേരിക്ക എന്ന് വിളിക്കട്ടെ എന്ന് പറഞ്ഞയാൾ. ഏത് അവാർഡിനേക്കാളും പ്രേക്ഷകരുടെ സ്നേഹത്തിന് വില നൽകുന്ന, ബോളിവുഡിന്റെ സൂപ്പർ സ്റ്റാർഡം ആവശ്യമില്ലാത്ത, unaparallelled നസീറുദ്ധീൻ ഷാ.