Videos

പാര്‍ട്ടി രൂപീകരണത്തില്‍ ഇല്ലാതിരുന്ന കെ.എം.മാണി എങ്ങനെ കേരള കോണ്‍ഗ്രസില്‍ ശക്തനായി? Watchകേരള കോണ്‍ഗ്രസ് ചരിത്രം Part-2

കേരള കോണ്‍ഗ്രസ് രൂപീകൃതമായതിന് പ്രത്യയശാസ്ത്രപരമായ ഒരു കാരണവും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസുമായി ആശയപരമായോ, നയപരമായോ എന്തെങ്കിലും എതിര്‍പ്പുണ്ടായതുകൊണ്ടല്ല പിളര്‍പ്പുണ്ടായത്. ആകസ്മികമായി ഉണ്ടായ സംഭവ പരമ്പരകളുടെ സൃഷ്ടിയായിരുന്നു കേരള കോണ്‍ഗ്രസ്. 49-ാമത്തെ വയസ്സില്‍ പി.ടി.ചാക്കോയുടെ അകാല നിര്യാണം ഉണ്ടായിരുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ഉണ്ടാവില്ലായിരുന്നുവെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ചാക്കോയുടെ വിയോഗത്തോടെ അനാഥരായിപ്പോയ അദ്ദേഹത്തിന്റെ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സമീപഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഭീതിയുമാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതിലേക്കും പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചത്.

കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ പാര്‍ട്ടിക്ക് പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നു. ഈ ചെറിയ കാലയളവില്‍ പാര്‍ട്ടിക്ക് ഒരു രാഷ്ട്രീയ അടിത്തറ ഉണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ രൂപീകരണം ഒരു രാഷ്ട്രീയ തമാശയായി മാത്രമേ കോണ്‍ഗ്രസും, കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടികളും വിലയിരുത്തിയിരുന്നുള്ളൂ. കേരള കോണ്‍ഗ്രസ് മധ്യവര്‍ഗ ഭൂസ്വാമികളുടെ പാര്‍ട്ടിയാണെന്നും കത്തോലിക്കാ മതമേലധ്യക്ഷന്മാരുടെയും മന്നത്ത് പത്മനാഭന്റെയും ഗൂഢാലോചനയുടെ അവിശുദ്ധ സന്താനമാണെന്നുമായിരുന്നു അവരുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാതിരുന്ന രണ്ടു പാര്‍ട്ടികള്‍ മുസ്ലീംലീഗും സി.രാജഗോപാലാചാരിയുടെ സ്വതന്ത്രാ പാര്‍ട്ടിയുമായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് എത്തി മുസ്ലീംലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ ബാഫഖി തങ്ങളുമായി ചര്‍ച്ച നടത്തി പിന്തുണ ഉറപ്പാക്കി.

ബാഫഖി തങ്ങൾ

സി.രാജഗോപാലാചാരി കോട്ടയത്തെത്തിയപ്പോള്‍ അദ്ദേഹവുമായി ആശയ വിനിമയം നടത്തി. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സഹായിക്കാന്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് രാജാജി വാഗ്ദാനം ചെയ്തു. ആ പണം കൈമാറുള്ള ചുമതല അദ്ദേഹം മിനു മസാനിയെ ഏല്‍പ്പിക്കുകയും ചെയ്തു. മുസ്ലീം ലീഗും സ്വതന്ത്രാ പാര്‍ട്ടിയുമായി ധാരണ ഉണ്ടാക്കിയത് കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്തിത്വത്തിനുള്ള അംഗീകാരമായി. പക്ഷെ കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഈ രണ്ടു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്ന സ്വാധീനം തുച്ഛമായിരുന്നുവെന്നത് കൊണ്ട് അത് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ലായിരുന്നു.

കേരളാ കോണ്‍ഗ്രസിന് മധ്യതിരുവിതാംകൂറില്‍ പൊതുജന സ്വാധീനം ഉറപ്പിക്കുന്നതിന് ശക്തമായ മാധ്യമ പിന്തുണ നല്‍കിയത് ഡോ.ജോര്‍ജ് തോമസിന്റെ കേരളധ്വനി ദിനപത്രമായിരുന്നു. വര്‍ക്കി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേരള ഭൂഷണവും ദീപികയും കേരള കോണ്‍ഗ്രസിനെ പിന്തുണച്ചു. മലയാള മനോരമ ശക്തമായി കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു.

1965ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഓരോ മണ്ഡലത്തിലേക്കും അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനായി ഒരു തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് കാരണമായ 15 എംഎല്‍എമാരില്‍ ടി.എ.ധര്‍മരാജന്‍ പാര്‍ട്ടിയില്‍ സജീവമായില്ല. ദലിത് വിഭാഗത്തില്‍ പി.ചാക്കോ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന തിരുവല്ല സീറ്റിന് വേണ്ടി ഇ. ജോണ്‍ ജേക്കബ് രംഗത്തു വന്നപ്പോള്‍ ചാക്കോയെ ഒഴിവാക്കി. ബാക്കിയുള്ള പതിമൂന്ന് മുന്‍ എഎല്‍എമാരും സ്ഥാനാര്‍ഥികളായി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.

പിന്നീടുള്ള പ്രശ്നം പാലാ ആയിരുന്നു. കേരള കോണ്‍ഗ്രസിന്റെ രൂപീകരണ സമ്മേളത്തിലോ ആലോചന യോഗങ്ങളിലോ കെ.എം മാണി പങ്കെടുത്തിരുന്നില്ല. അന്ന് അദ്ദേഹം കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പാലാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നു. പക്ഷെ കോണ്‍ഗ്രസ് പാലായില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് തിരുക്കൊച്ചി നിയമസഭാ മുന്‍ സ്പീക്കര്‍ ആര്‍.വി.തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസിനെയായാണ്. ഒരു ഘട്ടത്തില്‍ കെ.എം.മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാനായി നേതാക്കളെ സമീപിച്ചു. പക്ഷെ പാലായില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ മാണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്തു. സ്വയം സ്ഥാനാര്‍ഥിയാവാനും മാത്തച്ചന്‍ വിസമ്മതിച്ചു. അവസാനം മറ്റു വഴികളില്ലാതെ മാണിയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്രം എഴുതിയ ജോസഫ് പുലിക്കുന്നേല്‍ രേഖപ്പെടുത്തുന്നു. മാണി ആവശ്യപ്പെട്ട ഇരുപത്തിയാറായിരം രൂപയും ഒരു ജീപ്പും മോഹന്‍ കുളത്തിങ്കലും വര്‍ക്കി ജോര്‍ജും ചേര്‍ന്ന് നല്‍കുകയും ചെയ്തു.

1965ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 53 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കുതിരയായിരുന്നു. കുതിര ചിഹ്നത്തില്‍ മത്സരിച്ച് 24 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മത്സരിച്ചവരില്‍ പൂഞ്ഞാറില്‍ സ്വതന്ത്രാ പാര്‍ട്ടിയിലെ പി.ഡി. തൊമ്മനും ചാത്തന്നൂരില്‍ സ്വതന്ത്രനായ തങ്കപ്പന്‍ പിള്ളയും വിജയിച്ചു. ഇതിന് പുറമെ, കല്‍പ്പറ്റ, പെരുമ്പാവൂര്‍, ഉടുമ്പന്‍ചോല, കോന്നി, കോവളം എന്നീ നിയോജക മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.

തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് മന്നത്ത് പത്മനാഭനില്‍ നിന്നാണ്. അദ്ദേഹത്തിന്റെ സ്വാധീന മേഖലകളില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത്. ക്രൈസ്തവ സഭകളുടെ നേതൃത്വം അത്രമേല്‍ ഉറച്ച നിലപാടെടുത്തിരുന്നില്ല. അന്നത്തെ പാലാ മെത്രാന്‍ ബിഷപ്പ് വയലില്‍ കേരള കോണ്‍ഗ്രസിനെതിരെ ഉറച്ച നിലപാടെടുത്തു. മറ്റു രൂപതകള്‍ മൗനം പാലിക്കുകയും കോണ്‍ഗ്രസുമായി സമദൂര സിദ്ധാന്തം പാലിക്കുകയും ചെയ്തു.

ബിഷപ്പ് വയലിൽ

തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കൂട്ടുകെട്ടിനും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഓരോ കക്ഷികളും ഇന്നയിച്ച മുന്നുപാധികള്‍ പരസ്പരം സ്വീകാര്യമല്ലായിരുന്നു. കോണ്‍ഗ്രസ് രൂപീകരിക്കുന്ന മന്ത്രിസഭയെ പിന്തുണക്കാമെന്ന കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നിര്‍ദേശം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ തങ്ങള്‍ മന്ത്രിസഭ ഉണ്ടാക്കാമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുഖവിലക്കെടുത്തില്ല.

ചൈനാ യുദ്ധത്തെ തുടര്‍ന്ന് ഇടത് കമ്യൂണിസ്റ്റുകളെ തടങ്കലിലാക്കിയതിനെ അപലപിച്ചാല്‍ കേരള കോണ്‍ഗ്രസ്-ലീഗ് മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നായി ഇഎംഎസ് നമ്പൂതിരിപ്പാട്. കമ്യൂണിസ്റ്റുകളുമായി സഖ്യമുണ്ടാക്കിയാല്‍ അത് തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കും എന്ന് ഭയന്ന കേരളാ കോണ്‍ഗ്രസ് നേതൃത്വം അതിന് തയ്യാറായില്ല. കോണ്‍ഗ്രസിന് പങ്കില്ലാത്ത ഒരു സര്‍ക്കാര്‍ രൂപം കൊള്ളുന്നതിന് കേന്ദ്രഗവണ്‍മെന്റിന് താല്‍പര്യമില്ലാതിരുന്നതിനാല്‍ അധികം താമസിയാതെ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ഈ തെരഞ്ഞെടുപ്പിലെ അനുഭവം കോണ്‍ഗ്രസുകള്‍ വീണ്ടും യോജിക്കണമെന്ന വികാരം ശക്തമാക്കി. ഭിന്നിച്ചു നിന്നാല്‍ അതിന്റെ പ്രയോജനം ലഭിക്കുക കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് ഇടതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാവും എന്ന് ബോധ്യമായ കമ്യൂണിസ്റ്റ് വിരോധം എന്ന പൊതുലക്ഷ്യം പങ്കുവെക്കുന്നവരാണ് അതിന് മുന്‍കൈ എടുത്തത്.

കേരളത്തിലെത്തിയ ഗുല്‍സാരിലാല്‍ നന്ദ മന്നത്ത് പത്മനാഭന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. താമസിയാതെ കേന്ദ്രസര്‍ക്കാര്‍ മന്നത്തിന് പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചു. അത് ഏറ്റുവാങ്ങാനായി ഡല്‍ഹിക്ക് പോയ അദ്ദേഹം മടങ്ങിയെത്തിയത് കോണ്‍ഗ്രസ് ഐക്യത്തിന്റെ പ്രവാചകനായിട്ടാണ്. കോണ്‍ഗ്രസുമായി ലയിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കെ.എം.ജോര്‍ജിനെയും മറ്റും ഉപദേശിച്ചു. കോണ്‍ഗ്രസ് വിരോധം മുഖമുദ്രയാക്കി മാറിക്കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഈ നിര്‍ദേശം സ്വീകാര്യമല്ലായിരുന്നു. മാത്രവുമല്ല കോണ്‍ഗ്രസിലേക്ക് മടങ്ങിയാല്‍ തങ്ങള്‍ മാന്യമായി പുനരധിവസിക്കപ്പെടില്ല എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. അവര്‍ മന്നത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞു. പക്ഷെ മന്നത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡോ. ജോര്‍ജ് ജോസഫ്, ടി.കെ.ഗോപാലകൃഷ്ണ പണിക്കര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചു. നായര്‍ പ്രമാണിമാര്‍ ഒന്നൊന്നായി കേരള കോണ്‍ഗ്രസ് വിട്ടു പുറത്തുവന്നു. മന്നത്തിന്റെ പിന്മാറ്റം കേരള കോണ്‍ഗ്രസ് തകരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. നായര്‍-ക്രിസ്ത്യന്‍ ഐക്യം എന്ന കോണ്‍ഗ്രസിന്റെ സാമുദായിക അടിത്തറ തകര്‍ന്നു.

നായര്‍ നേതൃത്വത്തെ കൈപ്പിടിയിലാക്കിയ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അതിന് ശേഷം ക്രൈസ്തവ നേതൃത്വത്തെയാണ് സ്വാധീനിച്ചത്. അതിന്റെ ഫലമായി കോണ്‍ഗ്രസ് ഐക്യത്തിന്റെ സന്ദേശവാഹകരായി പ്രമുഖ ബിഷപ്പുമാര്‍ രംഗത്തിറങ്ങി. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡഡിക്ട് മാര്‍ ഗ്രിഗോറിയോസ് പലവട്ടം കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥനായി. കോണ്‍ഗ്രസ് ചില വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ലനയത്തിന് തയ്യാറാണെന്ന് കെ.എം.ജോര്‍ജ് ചര്‍ച്ചകളില്‍ വ്യക്തമാക്കി. വ്യവസ്ഥകള്‍ അദ്ദേഹം ബിഷപ്പിന് എഴുതി നല്‍കി. കോണ്‍ഗ്രസ് വ്യവസ്ഥകള്‍ അംഗീകരിച്ചു. 1965ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജയിച്ച സീറ്റുകളും രണ്ടാം സ്ഥാനത്തുവന്ന സീറ്റുകളും ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കി. കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജ് നിയോഗിച്ച കേന്ദ്രമന്ത്രി എ.എം.തോമസ്, കേരള കോണ്‍ഗ്രസിന് വേണ്ടി ജോര്‍ജ് വര്‍ഗീസ് കണ്ണന്താനം, വി.കെ.ചാക്കോ എന്നിവരായിരുന്നു ചര്‍ച്ചകള്‍ നയിച്ചത്. ലയന വ്യവസ്ഥകള്‍ നേരത്തേ അംഗീകരിച്ചിരുന്ന കെ.എം.ജോര്‍ജ് പെട്ടെന്ന് തന്നെ വിരുദ്ധ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ നയങ്ങളെ വിമിര്‍ശിച്ചുകൊണ്ട് അദ്ദേഹം ഇംഗ്ലീഷ് പത്രങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ലയനം വേണ്ട, തെരഞ്ഞെടുപ്പ് ധാരണ മതി എന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍ ഇത് കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നില്ല.

യൂഹാനോന്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയും കോട്ടയം ബിഷപ്പ് തോമസ് തറയിലും മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ സംഘടിപ്പിച്ചെങ്കിലും അവയും ഫലം കണ്ടില്ല. 1967ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പരസ്പരം പോരാട്ടതിന് തയ്യാറെടുത്തു. കേരള കോണ്‍ഗ്രസിന്റെ അയവില്ലാത്ത നിലപാടില്‍ അമര്‍ഷം പൂണ്ട ബിഷപ്പുമാര്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നു. അതേസമയം പാതിരിമാരും ഇടവക വികാരികളും കേരള കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്.

കേരളാ കോണ്‍ഗ്രസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവരുടെ നേതാക്കളെ ഒറ്റക്കൊറ്റയ്ക്ക് അടയര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീവ്രശ്രമങ്ങള്‍ നടത്തി. തന്റെ നിര്‍ദേശങ്ങളെ അവഗണിച്ച കേരളാ കോണ്‍ഗ്രസിനെതിരെ മന്നത്ത് പത്മനാഭന്‍ കോണ്‍ഗ്രസ് വേദികളില്‍ പ്രത്യക്ഷപ്പെട്ടു. കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രസ്താവനകളും താക്കീതുകളുമായി അദ്ദേഹം കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തി. കത്തോലിക്കാ ബിഷപ്പുമാര്‍, വിശിഷ്യാ, കര്‍ദിനാള്‍ ഗ്രാഷ്യസ് തിരുമേനി കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ആലപ്പുഴ മെത്രാന്‍ ഡോ മൈക്കിള്‍ ആറാട്ടുകളം, പാലാ ബിഷപ്പ് സെബാസ്റ്റ്യന്‍ വയലില്‍, യൂഹാനോസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, തിരുവനന്തപുരം ബിഷപ്പ് പീറ്റര്‍ ബര്‍നാഡ് പെരേര തുടങ്ങിയവര്‍ കേരളാ കോണ്‍ഗ്രസിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തി. പക്ഷെ കോട്ടയത്തും പാലായിലും ബിഷപ്പുമാരുടെ ആഹ്വാനങ്ങള്‍ അവഗണിച്ച് അച്ചന്മാര്‍ കേരള കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടു. കത്തോലിക്കാ വൈദിക നേതൃത്വത്തിലുള്ള ദീപിക ദിനപത്രവും കേരള കോണ്‍ഗ്രസിന് കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് പിഎസ്പിയും സ്വതന്ത്രാ പാര്‍ട്ടിയുമായി ധാരണയിലായിരുന്നു.

ഫലം വന്നപ്പോല്‍ ഇരുപാര്‍ട്ടികള്‍ക്കും കനത്ത പരാജയമാണ് ഉണ്ടായത്. സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി 133ല്‍ 117 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസിന്റെ അംഗസംഖ്യ 24ല്‍ നിന്നും അഞ്ചായി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുശതമാനത്തില്‍ 65ലെ 33.03 ശതമാനത്തില്‍നിന്ന് 34.22 ആയി നേരിയ തോതില്‍ ഉയര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രിസന്റെ 13.11ല്‍ നിന്ന് 7.31 ആയി കുറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ ജനപിന്തുണയില്‍ കാര്യമായ ശോഷണം ഉണ്ടായി എന്നത് വ്യക്തമായിരുന്നു.

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രൂപവും ഭാവവും മാറിയിരുന്നു. കെ.കരുണാകരന്‍ നിയമസഭാ കക്ഷിനേതാവായി. വള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റിലെ കൊലക്കേസില്‍ തന്നെ പ്രതിയാക്കി കുടുക്കാന്‍ ശ്രമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി.ചാക്കോയാണ് എന്ന് വിശ്വസിച്ചിരുന്ന ആളാണ് കരുണാകരന്‍. അദ്ദേഹത്തിന് അക്കാലത്ത് കേരള കോണ്‍ഗ്രസിനോട് മുദുല ഭാവങ്ങളൊന്നും ഇല്ലായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് യുവജന വിദ്യാര്‍ഥി വിഭാഗങ്ങള്‍ ശക്തമായ സാന്നിധ്യമായി മാറുന്ന കാലമാണത്. കേരള കോണ്‍ഗ്രസിനെ ഭൂപ്രഭുക്കന്മാരുടെയും കായല്‍ രാജാക്കന്മാരുടെയും പാര്‍ട്ടിയായാണ് അവര്‍ കണക്കാക്കിയിരുന്നത്. മാത്രവുമല്ല കോണ്‍ഗ്രസിലെ യാഥാസ്ഥിതിക പക്ഷക്കാരാണ് കേരളാ കോണ്‍ഗ്രസായി പുറത്തു പോയതെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ പുരോഗമന നിലപാടുകള്‍ക്ക് മുന്‍തൂക്കം നേടിയെടുക്കാന്‍ കഴിഞ്ഞതെന്നും വിദ്യാര്‍ഥി യുവജനങ്ങള്‍ വിശ്വസിച്ചു. ഈ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി സോഷ്യലിസത്തിന് ഊന്നല്‍ നല്‍കുന്ന ഇടതുപക്ഷാഭിമുഖ്യമുള്ള നയങ്ങളോട് പ്രതിപത്തി പുലര്‍ത്തിയിരുന്നതിനാല്‍ കേരള കോണ്‍ഗ്രസുമായുള്ള ഐക്യത്തിന് വലിയ താല്‍പര്യം കാണിച്ചില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും 1969ല്‍ ഇഎംഎസ് മന്ത്രിസഭ തകര്‍ത്ത് അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.എം.ജോര്‍ജ് അതില്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. അങ്ങനെ കേരള കോണ്‍ഗ്രസ് ആദ്യമായി അധികാരത്തില്‍ പങ്കാളിയായി. ഇതേസമയം തന്നെ പാര്‍ട്ടിക്കുള്ളില്‍ ചെയര്‍മാനും മന്ത്രിയും ഒരാളായിക്കൂടാ എന്ന വാദം ഉയര്‍ന്നു. വയലാ ഇടിക്കുളയെ ചെയര്‍മാനാക്കാനുള്ള അണിയറ നീക്കങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചു. ആ നീക്കത്തെ കെ.എം. ജോര്‍ജ് തകര്‍ത്തത് കെ.എം. മാണിയെ ജനറല്‍ സെക്രട്ടറി ആക്കി അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പുവരുത്തിയാണ്. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ പരാജയപ്പെടുകയും പാലായില്‍നിന്നും കെ.എം.മാണി വിജയിക്കുകയും ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ മാണിയുടെ പ്രതാപം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമ്പോഴും കേരള കോണ്‍ഗ്രസ് ഐക്യമുന്നണിയോടൊപ്പമായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയുടെ ശക്തനായ വക്താവായിരുന്നു കെ.എം.ജോര്‍ജ്. ഐക്യമുന്നണിയില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പക്ഷെ സീറ്റ് വിഭജന ചര്‍ച്ചക്കിടെ റാന്നി, പത്തനംതിട്ട, പൂഞ്ഞാര്‍ എന്നീ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചു. ഇതിന് വഴങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസും സിപിഐയും തയ്യാറല്ലായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചക്കിടെ ആര്‍ക്കോ അസുഖമാണെന്ന് പറഞ്ഞ് കെ.എം.ജോര്‍ജ് കോട്ടയത്തേക്ക് തിരിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാത്തിരുന്ന ഐക്യമുന്നണി നേതാക്കളെ തേടിയെത്തിയത് കേരള കോണ്‍ഗ്രസ് സംഘടനാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെന്ന വര്‍ത്തയാണ്. കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലെ സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളും കൈവശപ്പെടുത്തിക്കൊണ്ടാണ് കേരളാ കോണ്‍ഗ്രസ് സംഘടനാ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത്. സംഘടനാ കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ കേരള കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ലാത്ത മേഖലകളിലെ സീറ്റുകളും. തെരഞ്ഞെടുപ്പില്‍ 31 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 13 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെയും സിപിഐയുടെയും നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. ആര്‍.ബാലകൃഷ്ണപിള്ള വീണ്ടും കൊട്ടാരക്കരയില്‍ പരാജയപ്പെട്ടു. ഇത്തവണ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണന്‍ എന്ന യുവാവിനോടാണ് പിള്ള പരാജയം ഏറ്റുവാങ്ങിയത്. കടുത്ത മത്സരത്തിനൊടുവില്‍ കെ.എം.മാണി പാലായില്‍ 364 വോട്ടുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടു. ഐക്യമുന്നണിയുമായി സമരസപ്പെടാന്‍ കേരള കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് നിലപാട് തടസ്സമായി. മുസ്ലീം ലീഗ് നേതാവ് ബാഫക്കി തങ്ങളുമായി കെ.എം.ജോര്‍ജ് പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വിമുഖത കാട്ടി.

പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അയഞ്ഞു. കേരളാ കോണ്‍ഗ്രസും ഐക്യമുന്നണിയുമായി സീറ്റ് ധാരണയുണ്ടാക്കി. കേരളാ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 1969ലെ പോലെ കേരളാ കോണ്‍ഗ്രസിനെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താം എന്നൊരു ധാരണയും ഉണ്ടായിരുന്നു. പക്ഷെ ബദ്ധവൈരിയായ സി.എം.സ്റ്റീഫനെ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് കേരള കോണ്‍ഗ്രസ് അണികള്‍ക്ക് സഹിച്ചില്ല. ആ പ്രദേശത്തെ കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പ് രൂക്ഷമായി. ജോര്‍ജ് ജോസഫ് മുണ്ടക്കന്‍ എന്ന മുണ്ടക്കന്‍ ബേബി കേരള കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി.

ഫലം വന്നപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിച്ചു. മാവേലിക്കരയില്‍നിന്ന് ആര്‍.ബാലകൃഷ്ണപിള്ളയും കോട്ടയത്തുനിന്ന വര്‍ക്കി ജോര്‍ജും പീരുമേട്ടില്‍നിന്ന് പ്രൊഫസര്‍ എ.എം.ജോസഫും എംപിമാരായി. അങ്ങനെ ആദ്യമായി കേരള കോണ്‍ഗ്രസിന് ലോക്സഭയില്‍ പ്രാതിനിധ്യം ലഭിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT