ഉത്തേജക മരുന്നില്‍ വീണുപോയ അത്‌ലറ്റ്, ദേശീയ ഹീറോയില്‍ നിന്ന് ദേശീയ അപമാനമായി മാറിയ താരം; ബെന്‍ ജോണ്‍സണ്‍

ഉത്തേജക മരുന്നില്‍ വീണുപോയ അത്‌ലറ്റ്, ദേശീയ ഹീറോയില്‍ നിന്ന് ദേശീയ അപമാനമായി മാറിയ താരം; ബെന്‍ ജോണ്‍സണ്‍
Published on

ലോക ചാംപ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും ലോകറെക്കോര്‍ഡ് നേടിയെങ്കിലും അധികം വൈകാതെ അവ പിന്‍വലിക്കപ്പെട്ട താരം. ലോകറെക്കോര്‍ഡോടെയുള്ള ഒളിമ്പിക്‌സ് സ്വര്‍ണ്ണ നേട്ടത്തില്‍ നാഷണല്‍ ഹീറോയെന്ന് വാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് ദേശീയ അപമാനമെന്ന് വിളിക്കപ്പെട്ടയാള്‍. വേള്‍ഡ്‌സ് ഫാസ്റ്റസ്റ്റ് മാന്‍ എന്ന വിശേഷണത്തില്‍ നിന്ന് മരുന്നടിക്ക് പിടിക്കപ്പെട്ട് നാണംകെട്ട് മടങ്ങിയ താരം. മോശം വാര്‍ത്തകളാല്‍ കനേഡിയന്‍ പ്രസ്സിന്റെ 1988ലെ ന്യൂസ്‌മേക്കര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട താരം. മറഡോണയ്ക്കും ഗദ്ദാഫിയുടെ മകനും പേഴ്‌സണല്‍ ട്രെയിനറായ താരം. ബിഗ് ബെന്‍ എന്ന് വിളിക്കപ്പെട്ട ബെഞ്ചമിന്‍ സിന്‍ക്ലെയര്‍ ജോണ്‍സണ്‍ എന്ന ബെന്‍ ജോണ്‍സണ്‍.

കൊക്കെയ്ന്‍ ഉപയോഗത്തിന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ റിഹാബിലിറ്റേഷന്‍ ചികിത്സയിലായിരുന്ന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ 1997ല്‍ ബൊക്കയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പരിശീലനം ആരംഭിച്ചപ്പോള്‍ ട്രെയിനറായി ഒരു ലോകപ്രശസ്ത സ്പ്രിന്ററെയാണ് ഒപ്പം കൂട്ടിയത്. കനേഡിയന്‍ സ്പ്രിന്ററായിരുന്ന ബെന്‍ ജോണ്‍സണെ. 1988ലും 1993ലും ഉത്തേജക മരുന്ന് വിവാദത്തില്‍ അകപ്പെട്ട് സ്‌പോര്‍ട്‌സ് കരിയര്‍ തന്നെ ഉപേക്ഷിച്ച ബെന്‍ ജോണ്‍സണും മറഡോണയും ഒരുമിച്ച് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്റെ പേഴ്‌സണല്‍ ട്രെയിനറായും പ്രവര്‍ത്തിച്ച ബെന്‍ ജോണ്‍സണ് അന്ന് അത്ര നല്ല പേരായിരുന്നില്ല കായികലോകത്ത്. 1997 ജൂലൈയിലാണ് ബെന്‍ ജോണ്‍സണ്‍ മറഡോണയുടെ ട്രെയിനറായി എത്തിയത്. ഓഗസ്റ്റില്‍ മറഡോണ കളിച്ച അര്‍ജന്റീന ജൂനിയേഴ്‌സുമായുള്ള മാച്ചില്‍ 4-2ന് ബൊക്ക വിജയിച്ചു. പക്ഷേ, ഡീഗോ ഉത്തേജക മരുന്ന് ടെസ്റ്റില്‍ പരാജയപ്പെട്ടു. മറഡോണയുടെ മൂത്ര സാമ്പിളില്‍ നിന്ന് കൊക്കെയിന്‍ ഉപയോഗം വീണ്ടും തെളിയിക്കപ്പെട്ടു. പിന്നീട് 2013ല്‍ ദുബായില്‍ വെച്ചാണ് ഇരുവരും വീണ്ടും ഒത്തുചേര്‍ന്നത്. അത് പക്ഷേ, ഒരു ലഹരി വിരുദ്ധ പരിപാടിയിലായിരുന്നുവെന്നതാണ് വിചിത്രം. സ്‌പോര്‍ട്‌സിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നാലാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ മറഡോണയും ബെന്‍ ജോണ്‍സണും പ്രഭാഷകരായെത്തി. ഉത്തേജക മരുന്നും മയക്കുമരുന്നും ഉപയോഗിച്ചതിലൂടെ തെറ്റ് ചെയ്തതായി രണ്ട് താരങ്ങളും അന്ന് സമ്മതിക്കുകയും അത് തങ്ങളുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിച്ചതായും അവര്‍ ഏറ്റുപറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത തെറ്റ് യുവ തലമുറ ആവര്‍ത്തിക്കരുതെന്ന് അന്ന് ബെന്‍ ജോണ്‍സണ്‍ പറഞ്ഞു.

1987-88 സീസണില്‍ ലോകത്തെ ഏറ്റവും വേഗമേറിയയാള്‍ എന്ന പേര് കേട്ട താരമാണ് ബെന്‍ ജോണ്‍സണ്‍. 100 മീറ്ററിലും 60 മീറ്റര്‍ ഇന്‍ഡോര്‍ ഓട്ടത്തിലും ലോകറെക്കോര്‍ഡ് ഭേദിച്ച താരം. 1987ല്‍ റോമില്‍ വെച്ച് നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ 9.83 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയെത്തി ബെന്‍ ജോണ്‍സണ്‍ പുതിയ ലോകറെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. 1983ല്‍ അമേരിക്കന്‍ താരം കാല്‍വിന്‍ സ്മിത്ത് കുറിച്ച 9.93 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് അന്ന് ബെന്‍ തിരുത്തിക്കുറിച്ചത്. അമേരിക്കയുടെ കാള്‍ ലൂയിസിനെ ആയിരുന്നു ബെന്‍ ജോണ്‍സണ്‍ അന്ന് പിന്നിലാക്കിയത്. ട്രാക്കില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിക്കൊണ്ടിരുന്ന ബെന്‍ ജോണ്‍സണ് കാനഡ 1987ല്‍ തന്നെ ഉന്നത സിവിലിയന്‍ പദവികളില്‍ ഒന്നായ മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് കാനഡ നല്‍കി ആദരിച്ചിരുന്നു. 1986ല്‍ കാനഡയുടെ ടോപ് അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ട് ലൂ മാര്‍ഷ് ട്രോഫിക്ക് അര്‍ഹനായ ബെന്‍ ജോണ്‍സണെ ബിഗ് ബെന്‍ എന്ന് ആരാധകര്‍ വിളിച്ചു തുടങ്ങിയിരുന്നു. റോമിന് ശേഷം 1988ലെ സോള്‍ ഒളിമ്പിക്‌സിലും ബെന്‍ ജോണ്‍സണ്‍ ലൂയിസിനെ ഓടിത്തോല്‍പിച്ചു. അതും സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട്. 9.79 സെക്കന്‍ഡായിരുന്നു പുതിയ സമയം. അതോടെ കാനഡയുടെ ദേശീയ താരമായി ബെന്‍ മാറി. 1928ലെ ഒളിമ്പിക്‌സില്‍ പേഴ്‌സി വില്യംസ് 100 മീറ്ററില്‍ വിജയം നേടിയതിന് ശേഷം ആദ്യമായി ഒരു കനേഡിയന്‍ താരം ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുകയാണ്. അതും ലോക റെക്കോര്‍ഡോടെ. ജമൈക്കയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ ബെന്‍ ജോണ്‍സണിന്റെ നേട്ടത്തില്‍ അന്ന് കാനഡ കോരിത്തരിച്ചു. കാള്‍ ലൂയിസിനെ പിന്നിലാക്കിക്കൊണ്ട് ഫിനിഷ് ചെയ്യുമ്പോള്‍ ബെന്‍ ജോണ്‍സണ്‍ ഗ്യാലറിയിലേക്ക് കൈ ഉയര്‍ത്തി കാട്ടിയിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ റെക്കോര്‍ഡ് സമയം ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നാണ് ബെന്‍ ജോണ്‍സണ്‍ പിന്നീട് ഒരിക്കല്‍ പ്രതികരിച്ചത്.

സ്വര്‍ണ്ണ നേട്ടത്തില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തി. ബെന്‍ഫാസ്റ്റിക് എന്നാണ് ആ സ്വര്‍ണ്ണ നേട്ടത്തെ കനേഡിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പക്ഷേ ആ പുകഴ്ത്തല്‍ വൈ, ബെന്‍ എന്ന് തിരുത്താന്‍ അവര്‍ക്ക് അധിക ദിവസങ്ങള്‍ വേണ്ടി വന്നില്ല. ദേശീയ ഹീറോയില്‍ നിന്ന് വില്ലന്‍ പരിവേഷത്തിലേക്ക് ബെന്‍ ജോണ്‍സണ്‍ എടുത്തെറിയപ്പെട്ടു. ഉത്തേജക മരുന്ന് പരിശോധനയില്‍ സ്റ്റാനോസൊലോള്‍ എന്ന അനബോളിക് സ്റ്റിറോയ്ഡ് ബെന്‍ ഉപയോഗിച്ചതായി തെളിഞ്ഞു. സ്വര്‍ണ്ണവും ലോക റെക്കോര്‍ഡും നേടി മൂന്നാം ദിവസം മെഡല്‍ പിന്‍വലിക്കപ്പെട്ടു. മത്സരത്തില്‍ കാള്‍ ലൂയിസ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ലോക റെക്കോര്‍ഡ് ഇന്റര്‍നാഷണല്‍ അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കി. ബെന്നിന്റെ നേട്ടം കാനഡയില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഉത്തേജക മരുന്ന് പരിശോധനാഫലം വരുന്നതു ബെന്നിനെ അയോഗ്യനാക്കുന്നതും. വിജയ ദിവസം ബെന്നിനെ കനേഡിയന്‍ പ്രധാനമന്ത്രി ബ്രയാന്‍ മുള്‍റോണി ഫോണില്‍ നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ മൂന്നു ദിവസത്തിനുള്ളില്‍ കാനഡയുടെ സ്വരം മാറി. കടുത്ത വംശീയ അധിക്ഷേപം ബെന്‍ ജോണ്‍സണിന്റെ നേര്‍ക്കുയര്‍ന്നു. കിംഗ്‌സ്റ്റണ്‍ വിഗ് സ്റ്റാന്‍ഡാര്‍ഡ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ആയിരുന്നു അതിന് വഴിമരുന്നിട്ടത്. ഒരു കനേഡിയന്‍, തുടര്‍ന്ന് ഒരു ജമൈക്കന്‍-കനേഡിയന്‍, ഒടുവില്‍ ഒരു ജമൈക്കന്‍ ഐഡന്റിറ്റികള്‍ നല്‍കുന്ന മൂന്ന് ചിത്രങ്ങളായിരുന്നു ആ കാര്‍ട്ടൂണിലുണ്ടായിരുന്നത്. ഒരു കറുത്തവനായ ജമൈക്കക്കാരന്‍ കാനഡയെ അപമാനത്തില്‍ മുക്കിയെന്ന് മുറവിളികള്‍ ഉയര്‍ന്നു. ബെന്‍ ജമൈക്കയിലേക്ക് മടങ്ങിപ്പോകണമെന്ന് വംശവെറിയന്‍മാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. കനേഡിയന്‍ ന്യൂസ് ഏജന്‍സിയായ കനേഡിയന്‍ പ്രസ് ബെന്‍ ജോണ്‍സണെ 1988ലെ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു. പക്ഷേ അത് മോശം വാര്‍ത്തകളുടെ പേരിലായിരുന്നു.

ചാര്‍ലീ ഫ്രാന്‍സിസ് എന്ന കോച്ച് ആയിരുന്നു ബെന്‍ ജോണ്‍സണ്‍ എന്ന അത്‌ലറ്റിന് എന്നും പിന്‍ബലമായി കൂടെയുണ്ടായിരുന്നത്. ചാര്‍ലിയെ കണ്ടുമുട്ടിയതിന് ശേഷമാണ് ബെന്‍ തന്റെ മേഖല തിരിച്ചറിഞ്ഞത്. എന്നാല്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാന്‍ ബെന്നിനെ പ്രേരിപ്പിച്ചതും ചാര്‍ലി ഫ്രാന്‍സിസ് ആയിരുന്നുവെന്നതാണ് നിര്‍ഭാഗ്യകരം. ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഒരിക്കല്‍ പോലും കരുതാത്ത പരിശീലകനായിരുന്നു മുന്‍ ഒളിമ്പ്യന്‍ കൂടിയായ ചാര്‍ലി ഫ്രാന്‍സിസ്. പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ ഉപയോഗിക്കാത്തതായി ട്രാക്കില്‍ ആരുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഓട്ടത്തിന് വേഗം കൂട്ടാനല്ല, പരിശീലനത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുന്നവയായാണ് ഉത്തേജക മരുന്നുകളെ അദ്ദേഹം കണ്ടത്. ബെന്‍ ജോണ്‍സണ്‍ മറ്റൊരു മരുന്നായിരുന്നു ഉപയോഗിക്കാന്‍ തയ്യാറായതെങ്കിലും ചാര്‍ലിയുടെ നിര്‍ദേശ പ്രകാരം സ്റ്റാനോസൊലോള്‍ തെരഞ്ഞെടുക്കുകയായിരുന്നു.

തന്റെ 14-ാം വയസിലാണ് ബെന്‍ ജോണ്‍സണ്‍ ജമൈക്കയില്‍ നിന്ന് കാനഡയില്‍ എത്തുന്നത്. ചാര്‍ലീ ഫ്രാന്‍സിസിന്റെ കീഴില്‍ പിന്നീട് ബെന്‍ പരിശീലനത്തിനെത്തി. 1982ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്ററിലും 400 മീറ്റര്‍ റിലേയിലും ബെന്‍ വെള്ളി നേടി. 1983ലെ ലോക ചാംപ്യന്‍ഷിപ്പിലും അഞ്ചാമത് പാന്‍ അമേരിക്കന്‍ ഗെയിംസിലും കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ബെന്നിന് കഴിഞ്ഞില്ല. പക്ഷേ, 1984ലെ ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 400 മീറ്ററിലും വെങ്കലം നേടി. 1986ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അതേയിനങ്ങളില്‍ സ്വര്‍ണ്ണവും 200 മീറ്ററില്‍ വെങ്കലവും കരസ്ഥമാക്കി. 60 മീറ്റര്‍ ഇന്‍ഡോര്‍ ഓട്ടത്തില്‍ ലോകറെക്കോര്‍ഡ് ജേതാവായ ബെന്‍ 1987ല്‍ ഓര്‍ഡര്‍ ഓഫ് കാനഡ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെയാണ് ലോക ചാംപ്യന്‍ഷിപ്പില്‍ 9.83 എന്ന 100 മീറ്റര്‍ ലോകറെക്കോര്‍ഡ് ബെന്‍ കുറിക്കുന്നത്. പിന്നീട് 88 ഒളിമ്പിക്‌സിലെ 9.79 സെക്കന്‍ഡ് എന്ന സമയം റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും 1999ല്‍ മോറിസ് ഗ്രീന്‍ എന്ന അത്‌ലറ്റ് തിരുത്തിക്കുറിക്കുന്നതു വരെ ഭേദിക്കപ്പെടാതെ നിന്നു.

മോറിസ് ഗ്രീൻ
മോറിസ് ഗ്രീൻ

മറ്റ് താരങ്ങളും ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും ബെന്‍ ജോണ്‍സണെ മാത്രം ബലിയാടാക്കുകയാണെന്നും ചാര്‍ലീ ഫ്രാന്‍സിസ് വാദിച്ചു. കാള്‍ ലൂയിസിന്റെ സാന്റ മോണിക്ക ട്രാക്ക് ക്ലബ് ടീം മേറ്റായിരുന്ന ആന്ദ്രേ എ. ജാക്‌സണ്‍ മരുന്ന് പരിശോധനയുടെ സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നെന്ന് ബെന്‍ ജോണ്‍സണും പിന്നീട് പറഞ്ഞു. പരിശോധനയ്ക്ക് മൂത്രം ശേഖരിക്കുന്നതിനായി നല്‍കിയ ബിയറില്‍ ആേ്രന്ദ ജാക്‌സണ്‍ സ്റ്റിറോയ്ഡ് ചേര്‍ത്തതായിരിക്കുമെന്നാണ് ബെന്‍ വാദിച്ചത്. ബിയര്‍ നല്‍കിയെന്ന് ജാക്‌സണ്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ, അതില്‍ ഉത്തേജക മരുന്ന് ചേര്‍ത്താല്‍ തനിക്കെന്ത് ലാഭമെന്നായിരുന്നു ജാക്‌സണ്‍ ഉന്നയിച്ച മറുവാദം. തന്റെ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് അഡിഡാസിനെ മാറ്റിയതാണ് തനിക്ക് നേരിട്ട ദുരവസ്ഥയ്ക്ക് കാരണമെന്നും ബെന്‍ പിന്നീട് പറഞ്ഞു. അഡിഡാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറില്ലെന്നായിന്നു ന്യായീകരണം.

കാൾ ലൂയിസ്
കാൾ ലൂയിസ്

ബെന്‍ ജോണ്‍സന്‍ സംഭവം ഉത്തേജക മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. കാള്‍ ലൂയിസിനെതിരെയും ആരോപണം ഉയര്‍ന്നു. ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ നിരോധിക്കപ്പെട്ട മൂന്ന് ഉത്തേജക മരുന്നുകള്‍ ലൂയിസ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. എ്ന്നാല്‍ താന്‍ ഉപയോഗിച്ച ആഹാര സപ്ലിമെന്റുകളില്‍ നിന്ന് അബദ്ധത്തില്‍ ഇവ തന്റെ ശരീരത്തില്‍ എത്തുകയായിരുന്നുവെന്ന് ലൂയിസ് വാദിച്ചു. അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി ആ വാദം അംഗീകരിക്കുകയും ചെയ്തു. കനേഡിയന്‍ ഗവണ്‍മെന്റ് ബെന്‍ ജോണ്‍സണ്‍ വിവാദത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡൂബിന്‍ ഇന്‍ക്വയറി എന്ന് അറിയപ്പെടുന്ന ഈ അന്വേഷണത്തില്‍ താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ബെന്‍ സമ്മതിച്ചു. 1981 മുതല്‍ ബെന്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടന്ന് കോച്ച് ചാര്‍ലി ഫ്രാന്‍സിസും പറഞ്ഞു.

ഉത്തേജക മരുന്ന് വിവാദത്തിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ബെന്‍ ജോണ്‍സണെ അത്‌ലറ്റിക്‌സില്‍ നിന്ന് വിലക്കിയിരുന്നു. 1991ല്‍ ഈ വിലക്കിന് ശേഷം ബെന്‍ തിരിച്ചെത്തി. ഹാമില്‍ട്ടണ്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 50 മീറ്റര്‍ ഓട്ടത്തില്‍ 5.77 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു ആ തിരിച്ചുവരവ്. 17,000ലേറെ ആളുകള്‍ ഈ മത്സരം നേരിട്ടു കാണാന്‍ എത്തിയിരുന്നു. 91ലെ ലോക ചാംപ്യന്‍ഷിപ്പിലും പരാജയപ്പെട്ടു. 1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ സെമിയില്‍ ഏറ്റവുമൊടുവിലാണ് ബെന്‍ ഫിനിഷ് ചെയ്തത്. 1993ല്‍ ഫ്രാന്‍സില്‍ നടന്ന 50 മീറ്റര്‍ ഓട്ടത്തില്‍ 5.65 സെക്കന്‍ഡില്‍ ബെന്‍ ജോണ്‍സണ്‍ ഫിനിഷ് ചെയ്തു. ലോക റെക്കോര്‍ഡിന് 0.04 സെക്കന്‍ഡ് മാത്രം അകലെ. അവിടെയും ഉത്തേജക മരുന്ന് ബെന്നിനെ ചതിച്ചു. ടെസ്റ്റില്‍ പിടിക്കപ്പെട്ട ബെന്‍ ജോണ്‍സണിന്റെ സ്‌പോര്‍ട്‌സ് കരിയര്‍ ഇതോടെ അവസാനിച്ചു. ഇന്റര്‍നാഷണല്‍ അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അദ്ദേഹത്തെ ആജീവനാന്തം വിലക്കി. ബെന്‍ ജോണ്‍സണ്‍ ഒരു ദേശീയ അപമാനമാണെന്ന് അമച്വര്‍ സ്‌പോര്‍ട്‌സ് മന്ത്രി പിയര്‍ കാര്‍ദ്യൂ പ്രസ്താവനയിറക്കി. ബെന്‍ ജമൈക്കയിലേക്ക് പോകണമെന്ന് കാര്‍ദ്യൂ ആവശ്യപ്പെട്ടു. ആജീവനനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സാങ്കേതികപ്പിഴവുണ്ടെന്ന് 1999ല്‍ കണ്ടെത്തുകയും അപ്പീല്‍ നല്‍കാന്‍ അവസരം കൊടുക്കുകയും ചെയ്തു. ഒന്റാരിയോയില്‍ നടന്ന ഒരു മത്സരത്തില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ട ഗതികേടിലേക്ക് വരെ ബെന്‍ തള്ളിവിടപ്പെട്ടു. 11 സെക്കന്‍ഡിലാണ് അന്ന് ബെന്‍ ഓടിയെത്തിയത്. അതേ വര്‍ഷം തന്നെ വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ ബെന്‍ പരാജയപ്പെട്ടു. നിരോധിക്കപ്പെട്ട മരുന്നിന്റെയും അതിന്റെ സാന്നിധ്യം മറയ്ക്കാനുള്ള മറ്റൊരു മരുന്നിന്റെയും സാന്നിധ്യമാണ് കണ്ടെത്തിയത്.

പിന്നീടാണ് ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ അല്‍ സാദി ഗദ്ദാഫിയുടെ പേഴ്‌സണല്‍ ട്രെയിനറായി ബെന്‍ നിയമിതാകുന്നത്. ഒരു ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ മകന് അവസരം നല്‍കുന്നതിനായാണ് ഗദ്ദാഫി ബെന്‍ ജോണ്‍സണെ വിളിച്ചത്. ഒടുവില്‍ അല്‍സാദി ഒരു ക്ലബ്ബില്‍ അരങ്ങേറ്റം നടത്തി. ആദ്യ ഗെയിമിന് ശേഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട അല്‍സാദിയെ ക്ലബ്ബ് പുറത്താക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in