പ്രിതീഷ് നന്ദി: സ്വയം മോഡലായി, പരീക്ഷണങ്ങൾക്ക് മടിക്കാത്ത പത്രാധിപർ

പ്രിതീഷ് നന്ദി: സ്വയം മോഡലായി, പരീക്ഷണങ്ങൾക്ക് മടിക്കാത്ത പത്രാധിപർ
Published on

ദി ഇലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ അടിമുടി പരിഷ്‌ക്കരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ളൊരു പരസ്യം. അത് ടൈംസ് ഓഫ് ഇന്ത്യയിലും മറ്റു ദേശീയ പ്രസിദ്ധീകരണങ്ങളിലും 1990കളില്‍ വരു ന്നു. ഏഴു കോളം നീളവും 25 സെന്റിമീറ്റര്‍ വീതിയുമുള്ള പരസ്യത്തില്‍ പ്രിതീഷ് നന്ദിയുടെ പഴയ സുന്ദരമായ രൂപവും പരസ്യത്തിനു വേണ്ടി തലമുണ്ഡനം ചെയ്ത ചെറുപുഞ്ചിരിയുമായിരിക്കുന്ന പുതിയ രൂപവും കാണാം. നരകയറിയ ഫ്രഞ്ച് രീതിയില്‍ കത്രിച്ച താടിയും. എന്തു മലക്കം മറിച്ചിലും നടത്തി ഇലസ്‌ട്രേറ്റഡ് വീക്കിലിയില്‍ കൂടുതല്‍ സ്‌പേസ് ഉണ്ടാക്കുമെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്.

ആംഗലേയത്തിലെ മികച്ചൊരു കവികൂടിയായ നന്ദിയെ പരസ്യ എജന്‍സികള്‍ക്ക് എളുപ്പം വീഴ്ത്താന്‍ കഴിഞ്ഞു. എന്തായാലും തന്റെ പ്രസിദ്ധീകരണത്തിന്റെ പരസ്യത്തിനു വേണ്ടി ഇത്ര വലിയൊരു ത്യാഗമനുഷ്ഠിക്കുന്ന ആദ്യത്തെ പത്രാധിപരായിരിക്കാം പ്രിതീഷ് നന്ദി.

ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്റെ ഭാഗമായി 1880ല്‍ ആരംഭിച്ച ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ രംഗം ഒഴിഞ്ഞത് 1993 നവംബര്‍ 13നാണ്. 113 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാരികകളില്‍ ഒന്നാണ് അങ്ങനെ നമുക്ക് നഷ്ടമായത്. ദി ടൈംസ് ഓഫ് ഇന്ത്യ ഇലസ്ട്രേറ്റഡ് വീക്കിലി എന്ന പേരില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനൊപ്പം വായനക്കാര്‍ക്ക് കിട്ടിയിരുന്ന ഈ പ്രസിദ്ധീകരണം 1901 മുതലാണ് പേരുമാറ്റി സ്വതന്ത്ര വാരികയായി രംഗത്തു വന്നത്. ദി ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയായി മാറിയെങ്കിലും അതില്‍ കാര്യമായ ഇലസ്ട്രേഷനോ, ഇന്ത്യയോ ഉണ്ടായിരുന്നില്ല.

1948 മുതല്‍ ഈ രീതിമാറി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ വേണ്ട വിഭവങ്ങള്‍ ഒരുക്കി ഒരു കുടുംബ വാരിക എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാരികയുടെ ആദ്യ ഇന്ത്യന്‍ എഡിറ്ററായി 1959ല്‍ എ. എസ്. രാമന്‍ നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ വാരികയില്‍ രാമന് എഴുതാനുള്ളതു കഴിഞ്ഞാല്‍ പിന്നെ പരസ്യം ചേര്‍ക്കാനുള്ള സ്ഥലം തന്നെ കമ്മിയാണ്. തമാശയ്ക്കെങ്കിലും അക്കാലത്ത് പ്രചരിച്ചിരുന്ന ഒരു ഡയലോഗായിരുന്നു ഇത്.

1969ല്‍ ഖുശ്വന്ത് സിംഗ് ഇലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപരായി വന്നതോടെയാണ്പ്രസിദ്ധീകരണത്തിനൊരു കുതിപ്പ് കിട്ടിയത്. ഖുശ്വന്ത് സിംഗ് വാരികയ്ക്കൊരു ജനകീയ മുഖം കൊടുത്തു. ഇന്ത്യയില്‍ ഈ പ്രസിദ്ധീകരണമാണ് ആദ്യമായി പോപ്പുലര്‍ ജേര്‍ണലിസം എന്ന ആശയം കൊണ്ടുവരുന്നത്. ശരാശരി വായനക്കാരന്റെ പ്രതിനിധി പത്രാധിപരാകുന്ന അസുലഭ നിമിഷങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് അദ്ദേഹം വാരികയെ വന്‍വിജയത്തിലേക്ക് ഉയര്‍ത്തി. ആര്‍ക്കും പിടികൊടുക്കാത്ത ഖുശ്വന്ത് സിംഗിന്റെ വ്യക്തിത്വം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

ഖുശ്വന്ത് സിംഗ് ഉയരങ്ങളിലെത്തിച്ച ഇലസ്ട്രേറ്റഡ് വീക്കിലിയില്‍ നിന്നും അദ്ദേഹത്തിന് ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് രാജിവച്ച് പിരിയേണ്ടി വന്നു. സിംഗ് ഇന്ദിരാഗാന്ധിയെ തുണയ്ക്കുന്നുവെന്ന് പറഞ്ഞ് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍ തന്ത്രം അരങ്ങേറിയത്.

ഖുശ്വന്ത് സിംഗിനെ യാത്രയാക്കിയശേഷം മറ്റൊരു ഖുശ്വന്തിനെ തിരക്കിയുള്ള യാത്രയിലാണ് പ്രതീഷ് നന്ദിയെ ഇലസ്ട്രേറ്റഡ് വീക്കിലിക്ക് കിട്ടിയത്. വാരികയുടെ ഉടമസ്ഥരായ ജയിന്‍ കുടുംബത്തിലെ ഒരു പ്രധാന അംഗവുമായി ചങ്ങാത്തം ഉണ്ടായിരുന്നതിനാല്‍ ടൈംസ് ഗ്രൂപ്പിന്റെ പത്രങ്ങളൊഴിച്ചുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടേയും എഡിറ്റോറിയല്‍ ഡയറക്ടറായിട്ടായിരുന്നു പ്രിതീഷ് നന്ദിയുടെ നിയമനം.

വീക്കിലിയുടെ മാസ്റ്റ്ഹെഡ്ഡില്‍ എഡിറ്റര്‍ പ്രിതീഷ് നന്ദി എന്ന് അച്ചടിച്ചു തുടങ്ങുന്ന പേരുകള്‍ അവസാനിക്കുന്നത് പബ്ലിഷര്‍ പ്രിതീഷ് നന്ദിയില്‍ തന്നെയായിരുന്നു. നന്ദിയുടെ കാലത്തായിരുന്നു വാരികയില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായത്. അത്യാധുനിക അച്ചടി സൗകര്യങ്ങള്‍ ഉപയോഗിച്ച് വാരികയെ കാഴ്ചയ്ക്ക് മനോഹരമാക്കി. പരിസ്ഥിതി പ്രശ്നങ്ങള്‍, അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ ചെറിയൊരു ചലനം സൃഷ്ടിക്കാന്‍ പ്രിതീഷ് നന്ദിക്കു കഴിഞ്ഞു. എന്നാല്‍ അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിനൊട്ട് ആയതുമില്ല. അതിനു ഒരു കാരണം ക്രമാതീതമായ ഗോസിപ്പുകളാണ്. വാരികയുടെ വിശ്വസനീയത നഷ്ടമാകാന്‍ ഇതു കാരണമായി. പലപ്പോഴും വാര്‍ത്ത അച്ചടിച്ച ശേഷം തെറ്റായി റിപ്പോര്‍ട്ടു ചെയ്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള പത്രാധിപരുടെ കുറിപ്പ് വാരികയെ വായനക്കാരില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ തന്നെ ഇൻഡിപെൻഡൻ്റ് പത്രത്തിൽ കേവലം 18 ദിവസം മാത്രം പത്രാധിപരായിരുന്നതിനുശേഷം വിനോദ് മേത്ത അത് വിട്ടപ്പോൾ പ്രിതീഷ് നന്ദി അതിന്റെ പത്രാധിപത്യവും ഏറ്റെടുത്തു.

ഒരിടയ്ക്ക് ഇലസ്ട്രേറ്റഡ് വീക്കിലി മസാലപ്പത്രത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നുവെന്ന് ആ വാരികയിലെ തന്നെ പത്രാധിപസമിതി അംഗമായിരുന്ന ആര്‍.കെ.ജി. പറയുകയുണ്ടായി. എപ്പോഴൊക്കെയോ വാരികയുടെ രൂപമാറ്റത്തില്‍ ശുഭകരമല്ലാത്ത സംശയം സാക്ഷാല്‍ പ്രിതീഷ് നന്ദിക്കു തന്നെ ഉണ്ടായി. പഴയ ഇലസ്ട്രേറ്റഡ് വീക്കിലി (ഖുഷ്വന്ത് സിംഗിന്റെ കാലത്തെ)യാണ് തനിക്കിഷ്ടമെന്ന് അതിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ തന്നെ പ്രിതീഷ് നന്ദി പറഞ്ഞിട്ടുണ്ട്. പത്രമാസികകളുടെ ലോകത്ത് കൂടുതല്‍ മത്സരം വന്നതോടെ സാങ്കേതികമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനുപുറമെ ഒട്ടുമിക്ക ദിനപത്രങ്ങളുടേയും ഞായറാഴ്ചപ്പതിപ്പുകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരവും ഈടുറ്റതും തടിച്ചതുമായതോടെ ഇലസ്ട്രേറ്റഡ് വീക്കിലിയ്ക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നു. മാത്രമല്ല, സ്വന്തം പ്രസിദ്ധീകരണ ഗ്രൂപ്പിലെ സണ്‍ഡേ ടൈംസും (ടൈംസ് ഓഫ് ഇന്ത്യയുടെ ഞായറാഴ്ചപ്പതിപ്പ്) ഇന്‍ഡിപ്പെന്‍ഡന്റിന്റെ മെട്രോ പള്‍സും (അത് അന്ന് ശനിയാഴ്ച തോറും ഇറങ്ങിയിരുന്നു) പാളയത്തിലെ പടയായി മാറി. അപ്പോഴൊക്കേയും പ്രിതീഷ് നന്ദി പല പലപരിഷ്‌ക്കാരങ്ങളിലൂടെ ഇലസ്ട്രേറ്റഡ് വീക്കിലിയെ മുന്നോട്ടുകൊണ്ടുപോകാന്‍ നോക്കി.

ഇന്ത്യയില്‍ ആദ്യമായി മുഴുനീള കളറില്‍ വാരികയെ അണിയിച്ചൊരുക്കി നോക്കി. ഒരു ഇരുപത് ഇഞ്ച് ടിവി സ്‌ക്രീനിനേക്കാള്‍ 44 ശതമാനം വലുപ്പക്കൂടുതലോടെ പ്രസിദ്ധീകരിച്ചു നോക്കി. ഒടുവില്‍ വാരികയുടെ പരസ്യത്തിനു വേണ്ടി പത്രാധിപരായ പ്രിതീഷ് നന്ദി തലമുണ്ഡനം ചെയ്ത് മോഡലായി നിന്നുകൊണ്ടുള്ള പരസ്യം പ്രചരിപ്പിക്കുക കൂടി ചെയ്തു നോക്കി. എന്നിട്ടും ഫലം കാണാതായപ്പോള്‍ പ്രിതീഷ് നന്ദി പത്രാധിപസ്ഥാനം ഉപേക്ഷിച്ച് സ്ഥലം കാലിയാക്കി. പിന്നെ അനില്‍ ധാര്‍ക്കറുടെ ഊഴമായിരുന്നു. ആകെ കുത്തഴിഞ്ഞുപോയ വാരികയെ ചെത്തി ചിന്തേരിട്ട് ഒരൊതുക്കമുള്ള രൂപത്തിലാക്കി. വില പത്തു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി കുറച്ചു. അതിനു ഫലമുണ്ടാകുകയും ചെയ്തു. ഏതാണ്ട് എട്ടുമാസംകൊണ്ട് വാരികയെ ഒന്നു പച്ചപിടിപ്പിച്ചു. പ്രചാരം മെല്ലെ ഉയരാന്‍ തുടങ്ങി.

അനില്‍ ധാര്‍ക്കര്‍ വാരികയുടെ ചുമതല ഏറ്റെടക്കുമ്പോള്‍ വെറും നാല്‍പ്പതിനായിരം കോപ്പികളാണ് വിറ്റഴിച്ചിരുന്നതെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുമ്പോള്‍ അത് ഇരട്ടിയിലേറെയായി. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചത്? പരസ്യത്തിന്റെ അഭാവം. ഇലസ്ട്രേറ്റഡ് വീക്കിലി വിട്ട പ്രിതീഷ് നന്ദി പിന്നെ സണ്‍ഡേ ഒബ്സര്‍വറിന്റെ പത്രാധിപരായി. അതും മോടിയില്‍ ഒട്ടും കുറവുവരാതെ കുറേനാള്‍ കൊണ്ടുനടന്നശേഷം വിഷ്വല്‍ മീഡിയയിലേക്ക് കടന്നു. 1993ല്‍ അദ്ദേഹം പ്രിതീഷ് നന്ദി കമ്മ്യൂണിക്കേഷന്‍സ് സ്ഥാപിച്ചു, 1990കളില്‍ ദൂരദര്‍ശനില്‍ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതല്‍ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. ഇന്ത്യയിലെ മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സ്, മേനകാ ഗാന്ധിയുമായി ചേര്‍ന്ന് സ്ഥാപിച്ചു. ശിവസേന വഴി മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലും ഇരുന്നിട്ടുണ്ട്.. പത്മശ്രീ ഉള്‍പ്പടെ ഒട്ടേറെ ആദരം ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in