യുഎഇയുടെ 51 മത് ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ 2,3 തിയതികളില്‍ കേരളോത്സവം സംഘടിപ്പിക്കുന്നു. ദുബായ് അൽ ഖിസൈസിലുള്ള ക്രെസെന്‍റ് സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതലാണ് കേരളോത്സവം നടക്കുക. മൂന്നാം തീയ്യതി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ടൂറിസം - പൊതുമരാമത്തു വകുപ്പുമന്ത്രി .പി. എ. മുഹമ്മദ് റിയാസെത്തും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും മറ്റ് പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യപ്രായോജകർ
ഗായിക പ്രസീത ചാലക്കുടിയും നാടൻപാട്ടു ബാന്‍റായ'കനലും'പാലാപ്പള്ളി' പാട്ടിലൂടെ പ്രസിദ്ധനായ അതുൽ നറുകരയും കേരളോത്സവത്തിന്‍റെ ഭാഗമാകും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും നടക്കും. സൈക്കിൾ യജ്‌ഞം, തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, പന്തംതിരി തുടങ്ങിയ നാടൻ കലാരൂപങ്ങള്‍ക്കൊപ്പം, വിവിധ സ്റ്റാളുകളും, ഭക്ഷണ ശാലകളും സജ്ജമാക്കും.
എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സാഹിത്യ സംവാദങ്ങൾ ,കവിത ആലാപനങ്ങൾ , പ്രശ്നോത്തരികൾ,പുസ്തകശാല, കേരളത്തിന്‍റെ ചരിത്രവും പോരാട്ടത്തിന്‍റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനങ്ങളും ഇതോടൊപ്പം നടക്കും. ലോകകപ്പ് ഫുട്ബോള്‍ പശ്ചാത്തലത്തില്‍ കാല്പന്തുകളിയുടെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ദുബായിലെ മലയാളം മിഷനിലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.
മലയാളം മിഷനിലേക്കുളള രജിസ്ട്രേഷനും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി,കെഎസ്എഫ് ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, റിയാസ്. സി. കെ, അനീഷ് മണ്ണാർക്കാട് എന്നിവരും, ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു