Gulf Stream

പഴയ പത്രത്താളുകളിൽ ഷാർജയുടെ വളർച്ച; ചരിത്രശേഖരവുമായി ഈജിപ്ഷ്യൻ ആർക്കൈവിസ്റ്റ്

ആറു പതിറ്റാണ്ടിനിടെ ഷാർജ കൈവരിച്ച മാറ്റങ്ങളും വളർച്ചയും ചരിത്രരേഖകളിലൂടെ അടയാളപ്പെടുത്തുന്ന അപൂർവ ശേഖരം 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. 1954 മുതലുള്ള പഴയ പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, ചരിത്രഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തിയ ശേഖരമാണ് ഈജിപ്ഷ്യൻ ആർക്കൈവിസ്റ്റ് മുഹമ്മദ് സാദിഖ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആദ്യകാല പ്രസംഗം പ്രസിദ്ധീകരിച്ച 'ആഖിർ സാഅ' മാസികയുടെ അപൂർവ പതിപ്പും ശേഖരത്തിലുണ്ട്. 1972-ൽ ഭരണച്ചുമതലയേറ്റ ശേഷം അദ്ദേഹം മുന്നോട്ടുവച്ച നഗരവികസന കാഴ്ചപ്പാടുകളും ഇസ്‌ലാമിക വാസ്തുവിദ്യയും ജനങ്ങളിൽ നിക്ഷേപം നടത്തേണ്ടതിന്‍റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ ചരിത്രരേഖയെന്ന് സാദിഖ് പറഞ്ഞു.

ഈജിപ്തിലെ അറബ് ഹെറിറ്റേജ് ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടറായ മുഹമ്മദ് സാദിഖ് നാലാം തവണയാണ് ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. യുഎഇ, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വർഷങ്ങളായി ശേഖരിച്ച രേഖകളാണ് പ്രദർശനത്തിലുള്ളത്. അറബി, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ ഷാർജയുടെ ഔദ്യോഗിക സന്ദർശനങ്ങൾ, വിദ്യാഭ്യാസരംഗത്തെ മുന്നേറ്റങ്ങൾ, പ്രധാന വികസന പദ്ധതികൾ, സാംസ്കാരിക നേട്ടങ്ങൾ എന്നിവയുടെ ചരിത്രം പരിചയപ്പെടാം. 'ഈ വർഷം കഴിഞ്ഞ 60 വർഷത്തെ ഷാർജയുടെ ചരിത്രം അവതരിപ്പിക്കാനാണ് തീരുമാനിച്ചത്. ഒരു നഗരത്തിന്റെ രൂപീകരണവും വളർച്ചയും അടയാളപ്പെടുത്തുന്ന രേഖകളാണിവ. തുടക്കം മുതല്‍ ഇന്നുവരെയുള്ള ഷാർജയുടെ കഥ ഈ ശേഖരത്തിലുണ്ട്' സാദിഖ് പറഞ്ഞു.

1972-ൽ ഭരണാധികാരിയായി ചുമതലയേറ്റ ഷെയ്ഖ് സുൽത്താൻ മാതൃകാനഗരം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ഇസ്‌ലാമിക വാസ്തുവിദ്യയെക്കുറിച്ചും ജനങ്ങളുടെ വികസനത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നതായി അദ്ദേഹം ഓർമിച്ചു. പൈതൃകത്തെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നാടാണ് ഷാർജയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലമുറകളെ ബന്ധിപ്പിക്കുന്ന ബാല്യകാല ഓർമകൾ

ഷാർജയുടെ ചരിത്രത്തിനൊപ്പം വിവിധ തലമുറകളുടെ ബാല്യകാല ഓർമകളിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് പ്രദർശനത്തിലെ മറ്റൊരു വിഭാഗം. പഴയ പത്രങ്ങൾ, ചിത്രങ്ങൾ, പുസ്തകങ്ങൾ, കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചില പ്രസിദ്ധീകരണങ്ങളുമുണ്ട്. മിക്കി മൗസ്, സൂപ്പർമാൻ, ടാർസൻ, സമീർ, മാജിദ് തുടങ്ങിയ കഥാപാത്രങ്ങളുള്ള പഴയ കോമിക് പ്രസിദ്ധീകരണങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. കുട്ടിക്കാലത്ത് വായിച്ചിരുന്ന പുസ്തകങ്ങളും കഥകളും മക്കൾക്ക് പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കുന്നതാണ് ഈ ശേഖരം. 'അച്ഛൻ മക്കളോടൊപ്പം എത്തി താൻ കുട്ടിയായിരുന്നപ്പോൾ വായിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുന്നു. പഴയകാല വായനാനുഭവങ്ങൾ പങ്കുവയ്ക്കാനും കുട്ടികളുമായി ഓർമകൾ കൈമാറാനും ഇത്തരം ശേഖരങ്ങൾ സഹായിക്കുന്നു' സാദിഖ് പറഞ്ഞു. യുഎഇയിലെ സ്ത്രീകളുടെ ചരിത്രം, സർവകലാശാലകളുടെ സ്ഥാപനം, സായുധസേനയുടെ ഏകീകരണം തുടങ്ങിയ സുപ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകളും പ്രദർശനത്തിലുണ്ട്.

ചരിത്രത്തിന്‍റെ പല കാഴ്ചപ്പാടുകൾ

ഒരു സംഭവത്തെക്കുറിച്ച് അക്കാലത്ത് വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാൻ ഇത്തരം രേഖകൾ സഹായിക്കുമെന്ന് സാദിഖ് പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള പ്രസിദ്ധീകരണങ്ങൾ ഒരുമിച്ചുചേർക്കുന്നതിലൂടെ ചരിത്രത്തെ പല കാഴ്ചപ്പാടുകളിലൂടെ വിലയിരുത്താൻ വരുംതലമുറയ്ക്ക് സാധിക്കും.കാലപ്പഴക്കംകൊണ്ട് മാഞ്ഞുപോകുമായിരുന്ന ഓരോ പത്രത്താളും ചിത്രവും പുസ്തകവും ഒരു കാലഘട്ടത്തിന്‍റെ അടയാളങ്ങളാണ്. ഷാർജയുടെ വളർച്ചയ്ക്കും സാംസ്കാരിക സ്വത്വത്തിനും രൂപം നൽകിയ ആശയങ്ങളും തീരുമാനങ്ങളും നേട്ടങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചരിത്രശേഖരം.

45-ാമത് ഷാർജ പുസ്തകമേള ; കുടുംബങ്ങളടക്കം വിവിധ എമിറേറ്റുകളിൽനിന്ന് സന്ദർശകരുടെ ഒഴുക്ക്

റീവാഖിന്‍റെ സൗജന്യ സുരക്ഷാ പരിശീലന പദ്ധതിക്ക് രണ്ടാംഘട്ടം

കൗമാരക്കാരിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു, ആളെ കൊല്ലുന്ന ​ഗെയിമുകളും വില്ലൻമാരാകാം; ഡോ.സി.ജെ.ജോൺ അഭിമുഖം

അമിതാഭ് ബച്ചനൊപ്പം ആദ്യമായി EYE-TO-EYE നോക്കിയ നിമിഷം… ലൈഫ് ലോങ് സ്‌ക്രീൻഷോട്ട്; കല്യാൺ പരസ്യചിത്ര വിശേഷങ്ങളുമായി അഖിൽ സത്യൻ

വെടിച്ചിട്രാ... ഈ വരവ് രണ്ടും കൽപ്പിച്ചാണ്; ദീപാവലി സ്പെഷ്യൽ പോസ്റ്ററുമായി 'മമ്മൂട്ടിയുടെ മേള'

SCROLL FOR NEXT