

യുഎഇയിലെ തൊഴിലാളികൾക്കായി റീവാഖ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ആരോഗ്യ, സുരക്ഷ, മാനസികാരോഗ്യ ബോധവത്കരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ആഗോള എൻജിഒ ഏജൻസിയായ നെബോഷിന്റെ പങ്കാളിത്തത്തോടെയും യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. റീവാഖ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ ഡോ. മോസ ഗൊബാഷ് അൽ മുഹൈരിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 32 കമ്പനികളിലായി 38 പരിശീലന സെഷനുകൾ സംഘടിപ്പിച്ച് 2,323 തൊഴിലാളികൾക്ക് സൗജന്യ പരിശീലനം നൽകി. പരിശീലനം നേടിയവരെ ദുബായ് ആംബുലൻസിന്റെ 'ഹാർട്ട് സേഫ് സിറ്റി' വൊളന്റിയർ നെറ്റ്വർക്കിന്റെ ഭാഗമാക്കുകയും ചെയ്തു.
രണ്ടാംഘട്ടത്തിൽ 5,000ത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും 15,000ത്തിലേറെ പേർക്ക് പരോക്ഷമായും പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യം. ഫസ്റ്റ് എയ്ഡ്, സിപിആർ, അഗ്നിസുരക്ഷ, വൈദ്യുത സുരക്ഷ, കടുത്ത ചൂടിൽനിന്നുള്ള സംരക്ഷണം, ഉയരങ്ങളിൽനിന്നുള്ള വീഴ്ച തടയൽ എന്നിവയിൽ പരിശീലനം നൽകും. തൊഴിൽ സമ്മർദം, മാനസിക ക്ഷീണം, ജോലിസ്ഥലത്തെ അപകടങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം ഭാഷകളിൽ ലഭ്യമാകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠനസാമഗ്രികളും സൗജന്യമായി നൽകും. റീവാഖ് ക്യാംപസിലോ കമ്പനികളുടെ തൊഴിലിടങ്ങളിലോ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലോ പരിശീലനം സംഘടിപ്പിക്കും.ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രോജക്ട് ലീഡ് ഡോ. ആമിന അജ്മൽ ഉൾപ്പെടെയുള്ള റീവാഖ് പ്രതിനിധികൾ പങ്കെടുത്തു.