45-ാമത് ഷാർജ പുസ്തകമേള ; കുടുംബങ്ങളടക്കം വിവിധ എമിറേറ്റുകളിൽനിന്ന് സന്ദർശകരുടെ ഒഴുക്ക്

45-ാമത് ഷാർജ പുസ്തകമേള ; കുടുംബങ്ങളടക്കം വിവിധ എമിറേറ്റുകളിൽനിന്ന് സന്ദർശകരുടെ ഒഴുക്ക്
Published on: 

പുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടും വായനക്കാരുടെ ഒഴുക്ക്. വായനയും അറിവും സൗഹൃദങ്ങളും ഒത്തുചേരുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ സന്ദർശകരുടെ തിരക്കേറുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽനിന്നായി കുടുംബങ്ങളടക്കം നിരവധി പേരാണ് ഷാർജ എക്സ്പോ സെന്‍ററിലെ പുസ്തകോത്സവത്തിനെത്തിയത്. പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാനും എഴുത്തുകാരെ നേരിൽ കാണാനും വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരമാണ് മേള സന്ദർശകർക്ക് ഒരുക്കുന്നത്.

പുസ്തകപ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ചർച്ചകൾ, കുട്ടികൾക്കായുള്ള സർഗാത്മക പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സജീവമാണ് മേള. 'ഇറ്റ് സ്റ്റാർട്സ് വിത്ത് എ സ്റ്റോറി' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകമേള. ഒമാൻ അതിഥിരാജ്യമായ മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരുടെയും എഴുത്തുകാരുടെയും സാന്നിധ്യവുമുണ്ട്. പുസ്തകവിൽപനയ്ക്കപ്പുറം ഭാഷയും സാഹിത്യവും സംസ്കാരവും ആശയങ്ങളും പങ്കുവയ്ക്കുന്ന വലിയൊരു വേദിയായി മേള മാറുന്നു.

കുട്ടികൾക്കായി ഒരുക്കിയ ക്രിയേറ്റീവ് മേഖലയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഈ മേഖലയിൽ മുതിർന്നവർക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതോടെ കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രമായും സൗകര്യപ്രദമായും വിവിധ സെഷനുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കുന്നുണ്ട്. വായനയോടൊപ്പം സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്ന ഇത്തരം പരിപാടികൾ കുടുംബങ്ങളെയും ആകർഷിക്കുന്നു.

അജ്മാനിൽനിന്ന് മക്കളായ നൂഹ് മുഹമ്മദിനും നൈസയ്ക്കുമൊപ്പമാണ് അനസ് അബൂബക്കർ പുസ്തകോത്സവത്തിനെത്തിയത്. കുടുംബത്തിൽ പുസ്തകങ്ങളോട് കൂടുതൽ താൽപര്യം ഭാര്യ റാനിക്കാണെന്ന് അനസ് പറയുന്നു. പുസ്തകങ്ങൾ വാങ്ങാനും വായിക്കാനുമാണ് നൂഹും നൈസയും എത്തിയത്. പുസ്തകങ്ങൾ പരിചയപ്പെടുന്നതിനൊപ്പം വിവിധ സെഷനുകളിൽ പങ്കെടുക്കാനും ഇരുവർക്കും താൽപര്യമുണ്ട്. കുട്ടികളിൽ ചെറുപ്പം മുതലേ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും ഇത്തരം മേളകൾ സഹായിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ അനുഭവം.

അനസും മക്കളായ നൂഹും നൈസയും
അനസും മക്കളായ നൂഹും നൈസയും

മലയാളികളുടെ പുസ്തകങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിക്കുന്നതാണ് ഷാർജ പുസ്തകോത്സവമെന്ന് അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. ആഷിക്ക് തൈക്കണ്ടി പറഞ്ഞു. 45 വർഷം പിന്നിട്ടിട്ടും മേളയുടെ പുതുമയ്ക്ക് ഒട്ടും കുറവുണ്ടായിട്ടില്ല. പുസ്തകപ്രേമികൾ ഇന്നും ഇവിടേക്ക് ഒഴുകിയെത്തുന്നു. സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ മേളയിലെത്തുമ്പോൾ അവരെ ഒരുപോലെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിക്കുന്നത്.

എഴുത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും മേള വലിയ പ്രചോദനമാണ്. പലരും ഇവിടെനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിത്തുടങ്ങുന്നു. പുതിയ എഴുത്തുകാരും വായനക്കാരും രൂപപ്പെടുന്നു. വായന മരിക്കുന്നില്ലെന്നും പുതിയ തലമുറയിലേക്കും അത് പകർന്നുനൽകപ്പെടുന്നുവെന്നുമുള്ളതിന്‍റെ തെളിവാണ് ഷാർജ പുസ്തകോത്സവത്തിലെ മലയാളി സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും വെല്ലുവിളികളെ അതിജീവിച്ച് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വിലയിരുത്തി.

അഡ്വ. ആഷിക്ക് തൈക്കണ്ടി
അഡ്വ. ആഷിക്ക് തൈക്കണ്ടി

ഷാർജ അബുഷഗാരയിൽ താമസിക്കുന്ന ചെങ്ങന്നൂർ വെണ്മണി സ്വദേശിനി ബിനു ബർദുബായിലെ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജനിച്ചതും വളർന്നതുമെല്ലാം യുഎഇയിൽ. ഓരോ വർഷവും കാത്തിരിക്കുന്ന ഉത്സവദിനങ്ങളാണ് തങ്ങളെപ്പോലുള്ളവർക്ക് ഷാർജ പുസ്തകോത്സവമെന്ന് ബിനു പറയുന്നു. കുട്ടിക്കാലം മുതൽ പുസ്തകമേളയുടെ സ്ഥിരം സന്ദർശകയാണ്. വർഷങ്ങളായി തുടരുന്ന ഈ സന്ദർശനം ഇപ്പോഴും മുടക്കാറില്ല.

ബിനു
ബിനു

ഷാർജയിൽ റോഡ് നിർമാണം നടക്കുന്നതിനാൽ ഇത്തവണ സന്ദർശകരുടെ തിരക്ക് കുറയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പതിവുപോലെ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ബിനു പറഞ്ഞു. എല്ലാ വർഷവും പുസ്തകങ്ങൾ വാങ്ങാറുണ്ട്. വായനയുടെ മാത്രമല്ല, സൗഹൃദങ്ങളുടെ കൂടെ ഉത്സവമാണ് ഷാർജ പുസ്തകോത്സവം. വർഷത്തിലൊരിക്കൽ കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ വീണ്ടും കാണാനും പുതിയ പരിചയങ്ങൾ തുടങ്ങാനും മേള അവസരമൊരുക്കുന്നുവെന്നും അവർ പറഞ്ഞു.

ഷാർജയിൽ താമസിക്കുന്ന ശീതളും പുസ്തകോത്സവത്തിന്‍റെ സ്ഥിരം സന്ദർശകയാണ്. മേള ആരംഭിച്ചാൽ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഇവിടെയെത്തും. പുസ്തകങ്ങൾ വാങ്ങാനും വായിക്കാനുമുള്ള അവസരത്തിനൊപ്പം സൗഹൃദങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ ആരംഭിക്കാനുമുള്ള വേദി കൂടിയാണ് പുസ്തകോത്സവമെന്ന് ശീതൾ പറയുന്നു.

ശീതൾ
ശീതൾ

ഓരോ വർഷവും പുതിയ പുസ്തകങ്ങളും എഴുത്തുകാരും വായനാനുഭവങ്ങളുമായി മേള തിരിച്ചെത്തുമ്പോൾ മലയാളികൾക്കും അതൊരു കാത്തിരിപ്പാണ്. പുസ്തകങ്ങൾ തേടിയെത്തുന്നവർക്കൊപ്പം കുടുംബങ്ങളും കുട്ടികളും സുഹൃത്തുക്കളും ഒരുമിക്കുന്ന ഈ വേദി പ്രവാസലോകത്തെ മലയാളികളുടെ വായനാസ്നേഹത്തിന്‍റെയും സാംസ്കാരിക ബന്ധങ്ങളുടെയും ആഘോഷമായി മാറുകയാണ്.