Entertainment

ഉടലോളം ഉയിരോളം; കെ.വി.വിജേഷിനെ കുറിച്ച്

'നിങ്ങള് നിങ്ങളെമാത്രം ഇഷ്ടപ്പെടല്ലപ്പാ'

കെ.വി.വിജേഷ്

ബ്ലൂ ഡയമണ്ട് തിയറ്ററിനടുത്തായി മാവൂര്‍ റോഡ് മുറിച്ചുകടന്ന് പുതിയ സ്റ്റാന്റിലേക്ക് കയറാന്‍ ഒരു സീബ്രാലൈനുണ്ട്. സ്റ്റാന്റിന്റെ കവാടത്തില്‍ നിന്നിരുന്ന പിച്ചക്കാരിയെ നോക്കി സീബ്രാലൈന്‍ ചവിട്ടി പകുതി എത്തിയപ്പോള്‍ പിറകില്‍നിന്ന് ആരോ കോളറിന് പിടിച്ച് 'ഡാ ആരുണെ' എന്ന് വിളിച്ചു. ഞാനെന്റെ കഴുത്ത് പെട്ടെന്ന് പുറകിലോട്ട് തിരിച്ചതും മുമ്പില്‍ ഒരു ഓട്ടോ ബ്രേക്കിട്ടതും ഒരുമിച്ചായിരുന്നു. കോളറില്‍ പിടിച്ച് ചിരിച്ച് നില്‍ക്കുകയാണ് വിജേഷ്. ഞാന്‍ അന്ധാളിപ്പ് കുടഞ്ഞു കളഞ്ഞ് ഇടതുകൈയെടുത്ത് അവന്റെ തോളത്തിട്ടു. ഓട്ടോക്കാരന്‍ തുറിച്ചുനോക്കി ചില വാക്കുകള്‍ കടിച്ചമര്‍ത്തി കടന്നുപോയി. 'നീ എങ്ങോട്ടാ' അവന്‍ ചോദിച്ചു. തീരുമാനമായില്ലെന്ന് ഞാന്‍ മറുപടിപറഞ്ഞു. പേരിലെ പുതുമയൊക്കെ പഴമയായിക്കൊണ്ടിരിക്കുന്ന പുതിയ സ്റ്റാന്റിന്റെ അകത്തേക്ക് ഞങ്ങള്‍ ഒരുമിച്ചുകയറി. ഒന്നാംനിലയില്‍ ചുമട്ടുതൊഴിലാളികളും വഴിയോരക്കച്ചവടക്കാരും ബസ് ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കുന്ന ചെറിയൊരു കഫ്തീരിയ ഉണ്ട്. പൂളയും മീനും ബീഫും പൊറാട്ടയും കഞ്ഞിയും കടലയും മറ്റുമാണ് അവിടുത്തെ ഭക്ഷണം. ഗുരുവായൂരപ്പന്‍ കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് വീട്ടിലേക്ക് ബസ് കയറുന്നതിന് തൊട്ടുമുമ്പ് ചായ കുടിക്കാന്‍ കൂട്ടുകാരോടൊത്ത് അവിടെ പോയിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിന്റെ മുമ്പിലുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നും മാവൂര്‍ റോഡിലേക്ക് നോക്കി സിഗരറ്റ് വലിച്ചുവിട്ടു.

കസേരയില്‍ ഇരുന്നു പിന്നെയും അവന്‍ പാട്ടുകള്‍ പാടി, തമാശയും ദുഃഖവും അഭിനയിച്ചുകൊണ്ട് മേശയില്‍ താളംപിടിച്ചു. വെയിറ്റര്‍ അടുത്തേക്കു വന്നു. 'ചായ കുടിച്ചു കഴിഞ്ഞല്ലോ!' അര്‍ത്ഥശങ്ക നിലനിര്‍ത്തിക്കൊണ്ട് ചോദിച്ചു. അര്‍ത്ഥം ഏകദേശം പിടികിട്ടിയ ഞങ്ങള്‍ ബില്ല് കൊടുത്ത് പുറത്തിറങ്ങി

ഞാനും വിജേഷും അവിടെ കയറി. ഉച്ചകഴിഞ്ഞുകാണും. ചായകുടിച്ചുകൊണ്ട് വര്‍ത്തമാനത്തിലേക്ക് കടന്നു. 'കോമാളികളുടെ ജീവിതം പ്രമേയമാക്കി ഒരു നാടകം ചെയ്യണം. തമാശകളിലൂടെ നമ്മളെ ചിരിപ്പിക്കുകയും സ്വന്തം കണ്ണീര്‍ ചിരിയില്‍ ഒളിപ്പിച്ച് ജീവിക്കുന്നവരെക്കുറിച്ച്.' അത് പറഞ്ഞവന്‍ 'കണ്ണീര്‍ മഴയത്ത് ഞാന്‍ ചിരിയുടെ കുട ചൂടി.' എന്ന പാട്ടുപാടി അഭിനയിക്കാന്‍ തുടങ്ങി. ബഹദൂറിനെ നടിച്ചുകാട്ടി, ജോക്കര്‍ സിനിമയിലേതുപോലുള്ള റോള്‍ തനിക്കു ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു. ബഹദൂറിന്റെ ഭാവങ്ങള്‍ മുഖത്ത് തെളിയിച്ച് കസേരയില്‍ നിന്നെഴുന്നേറ്റ് ഒന്നുരണ്ട് ചുവടുകള്‍ വെച്ചു. കാര്യമായ കസ്റ്റമേഴ്സില്ലാത്തതുകൊണ്ട് കാഷ്യറും വെയിറ്ററും ചിരിച്ചുകൊണ്ട് ഒരു നോട്ടമയച്ചതേയുള്ളൂ. ക്ലീനിങ്ങ് ജോലി ചെയ്യുന്ന പയ്യന്‍ തുടച്ച മേശ പിന്നെയും പിന്നെയും തുടച്ചുകൊണ്ട് വിജേഷിനെത്തന്നെ നോക്കിനിന്നു. കസേരയില്‍ ഇരുന്നു പിന്നെയും അവന്‍ പാട്ടുകള്‍ പാടി, തമാശയും ദുഃഖവും അഭിനയിച്ചുകൊണ്ട് മേശയില്‍ താളംപിടിച്ചു. വെയിറ്റര്‍ അടുത്തേക്കു വന്നു. 'ചായ കുടിച്ചു കഴിഞ്ഞല്ലോ!' അര്‍ത്ഥശങ്ക നിലനിര്‍ത്തിക്കൊണ്ട് ചോദിച്ചു. അര്‍ത്ഥം ഏകദേശം പിടികിട്ടിയ ഞങ്ങള്‍ ബില്ല് കൊടുത്ത് പുറത്തിറങ്ങി.

ദൂതഭാഷണം

കഫ്തീരിയക്ക് പുറത്തെ ഒഴിഞ്ഞ സ്ഥലത്ത് അരച്ചുമരില്‍ ചാരി സംസാരം തുടര്‍ന്നു. മാവൂര്‍ റോഡില്‍ വാഹനങ്ങള്‍ ഇഴയുന്നതും വഴിയാത്രക്കാര്‍ എന്തിനെന്നില്ലാതെ തിരക്കിടുന്നതും കാണാം. 'ലോകം ഒരു ഡാര്‍ക്ക് ഹ്യൂമറാണ്. നമ്മള്‍ അനുഭവിക്കുമ്പോഴും അഭിനയിച്ചുകാട്ടാന്‍ പ്രയാസമായ ഭാവം. മലയാള സിനിമ ഡാര്‍ക്ക് ഹ്യൂമര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ മികച്ചവ ശ്രീനിവാസന്റെ പടങ്ങളാണ്. തിരക്കഥയും സംവിധാനവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശ്രീനിവാസനെപ്പോലൊരാള്‍ ഇതുവരെ മലയാളസിനിമയിലുണ്ടായിട്ടില്ല. നമ്മുടെ നാടകങ്ങള്‍ക്ക് ശ്രീനിവാസനില്‍നിന്ന് പലതും പഠിക്കാനുണ്ട്.' എന്നീ കാര്യങ്ങള്‍ അവന്‍ ഇടതടവില്ലാതെ പറഞ്ഞു നിര്‍ത്തി.

കഥ കേട്ടുകൊണ്ടിരുന്ന വിജേഷ് ശങ്കുണ്ണിയുടെ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച് 'ഇത് എന്തൊരു കഥയാണ്, ഇത് ഒരു കഥാനാടകമാണ് ഞാനിത് നാടകമാക്കും. എനിക്കിത് നാടകമാക്കണം' എന്നുപറഞ്ഞു. പ്രേതഭാഷണം എന്ന കഥകൂടി ഞാനവനു മുമ്പില്‍ അവതരിപ്പിച്ചു. അതും അവന് അസാധാരണമായ രീതിയില്‍ ഇഷ്ടപ്പെട്ടു.

ചിതയിലെരിയുന്ന മാംസത്തിന്റെ രൂക്ഷഗന്ധം അതിനിടയില്‍ ഞങ്ങളിലേക്ക് അടിച്ചുകയറി വന്നു. മാവൂര്‍ റോഡിലെ കോര്‍പ്പറേഷന്‍ ശ്മശാനമായിരുന്നു അതിന്റെ പ്രഭവകേന്ദ്രം. നമ്മുടെ ജാതിജീവിതത്തിന്റെ അസാധ്യതകളും മരണത്തിന്റെ രാഷ്ട്രീയവും ഭ്രമാത്മകമായ പ്രേതഭാഷണത്തിലൂടെ ആവിഷ്‌ക്കരിച്ച സി.അയ്യപ്പന്റെ കഥകളിലെ സന്ദര്‍ഭങ്ങളാണ് അപ്പോള്‍ അനുഭവപ്പെട്ടത്. സി.അയ്യപ്പനും ശ്രീനിവാസനും കീഴാളരും മേലാളരും തമ്മിലുള്ള സാമൂഹ്യജീവിതബന്ധങ്ങളെ പ്രമേയമാക്കിയവരാണ്. ശ്രീനിവാസന്‍ കീഴാളരെ നിത്യമായ കുറവുകളുടെ ഉടലടയാളങ്ങളാക്കുമ്പോള്‍ കേവലം ഹാസ്യം മാത്രമല്ല ജനിക്കുന്നത്. മറിച്ച് ശാശ്വതമായി സമ്പത്തും സൗന്ദര്യവും പദവിയുമെല്ലാം തികഞ്ഞുകൂടിയ തിരു'മേനി'കളായി മേലാളരെ നിര്‍മ്മിച്ചെടുക്കുക കൂടിയാണ്.

സി.അയ്യപ്പന്റെ കഥാലോകം കീഴാളരുടെ കുറവുകളും മേലാളരുടെ അധികങ്ങളും എങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നും ജാതീയമായ കുറവുകളിലെ ധാര്‍മികമായ കൂടുതലെന്ത്? ജാതീയമായ അധികത്തിന്റെ ധാര്‍മിക അഭാവമെന്ത്? എന്നീ സമസ്യകളും നമുക്കുമുമ്പില്‍ അനാവരണം ചെയ്യുന്നു. അയ്യപ്പന്റെ കാവല്‍ഭൂതമെന്ന കഥ വിജേഷിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഞാനീക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

അച്ഛന്‍ മകനിലാരോപിച്ച അമ്മയുമായുള്ള അഗമ്യഗമനത്തിന്റെ അപമാനഭാരം സഹിക്കവയ്യാതെ കയറില്‍ തൂങ്ങുന്ന ബിഎക്കാരനായ മകന്‍ ശങ്കുണ്ണി. കയര്‍ അറുത്ത് മകനെ വീണ്ടും അപഹാസ്യ ജീവിതത്തിലേക്ക് വീഴ്ത്തുന്ന അച്ഛന്‍. ആ കയര്‍ അറുക്കാനായി അച്ഛന്‍ ഉപയോഗിച്ച കത്തികൊണ്ടുതന്നെ അച്ഛനെ അച്ചാലും മുച്ചാലും വെട്ടി മരണത്തിലേക്ക് പറഞ്ഞയക്കേണ്ടിവരുന്ന മകന്‍. ജീവപര്യന്തം ശിക്ഷകഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന ശങ്കുണ്ണി കാണുന്ന സവര്‍ണ്ണ ക്രിസ്ത്യാനിയായ ഐസക്കിന്റെ കുഞ്ഞിനെ ചാപിള്ളപെറ്റ് വീട്ടില്‍ കിടന്നു നരകിക്കുന്ന അയാളുടെ ഇളയ പെങ്ങള്‍. ഇതിന് പ്രതികാരമായി കവലയില്‍വെച്ച് ഐസക്കിനെ മര്‍ദ്ദിക്കുകയും പെങ്ങളെ കെട്ടിക്കൊള്ളാമെന്നേറ്റുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഐസക്കിനെക്കൊണ്ട് പെങ്ങളുടെ കാലുകഴുകിപ്പിച്ച വെള്ളം കുടിപ്പിക്കുകയും ചെയ്യുന്ന രംഗം.

ശങ്കുണ്ണിക്ക് ഇഷ്ടമുണ്ടായിരുന്ന ദേവിയുമായി അവളുടെ ഭര്‍ത്താവ് വാസു അറിയാതെ രഹസ്യബന്ധത്തിലേര്‍പ്പെടുന്ന ഐസക്കിന്റെ അനിയന്‍ ബേബി. ഇത് അറിയാനിടയായ വാസുവിന്റെ ആത്മഹത്യ. സുഹൃത്തായ വാസുവിനെ തേടി ദേവിയുടെ വീട്ടില്‍ ചെല്ലുന്ന ശങ്കുണ്ണിക്ക് ദേവിയില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന അപമാനം. അതില്‍ സമനിലതെറ്റി അവളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അപ്പോള്‍ കുറ്റബോധം അയാളെ ഷണ്ഡനാക്കി തീര്‍ക്കുകയും ചെയ്യുന്ന അവസ്ഥ. വാസുവിനെ തേടി ഇഹലോകവാസം വെടിഞ്ഞ് പരലോകത്തെത്തുന്ന ശങ്കുണ്ണിയെ നേരിടുന്ന ബേബിയുടെ അപ്പൂപ്പന്റെ മുഖച്ഛായയുളള ദൈവം. തുടങ്ങിയ കഥാപാത്രങ്ങളിലൂടെയു കഥാരംഗങ്ങളിലൂടെയും ഞാനാ കഥ പറഞ്ഞു. അത് അവസാനിപ്പിച്ചത് കഥയുടെ അവസാനം ശങ്കുണ്ണി ഉയര്‍ത്തുന്ന കല്ല് പിളര്‍ക്കുന്ന ചോദ്യത്തിലൂടെയായിരുന്നു. 'ദേവീ, നമ്മുടെ ജീവിതം കല്ലേലിട്ട കലംപോലെ തകര്‍ന്നുപോകാനുള്ള കാരണമെന്താണ്?'

കഥ കേട്ടുകൊണ്ടിരുന്ന വിജേഷ് ശങ്കുണ്ണിയുടെ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച് 'ഇത് എന്തൊരു കഥയാണ്, ഇത് ഒരു കഥാനാടകമാണ് ഞാനിത് നാടകമാക്കും. എനിക്കിത് നാടകമാക്കണം' എന്നുപറഞ്ഞു. പ്രേതഭാഷണം എന്ന കഥകൂടി ഞാനവനു മുമ്പില്‍ അവതരിപ്പിച്ചു. അതും അവന് അസാധാരണമായ രീതിയില്‍ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അവിടെനിന്നും താഴെയിറങ്ങി പുതിയ ബസ് സ്റ്റാന്റിലെ തിരക്കിലൂടെ ഊളിയിട്ട് വീണ്ടും മാവൂര്‍ റോഡിലെത്തി. അതിനിടയില്‍ മധുമാഷിന്റെ വീട്ടില്‍ ഒരു സ്‌ക്രിപ്റ്റ് വായനയുണ്ടെന്നും സുവീരേട്ടന്‍ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നതും വിജേഷ് എന്നോട് പറഞ്ഞു. എന്നാല്‍ നമുക്കങ്ങോട്ടു പോവാം എന്നുപറഞ്ഞ് ഞങ്ങള്‍ അങ്ങോട്ടു നടന്നു. കുറച്ചു ദൂരമുണ്ട്. അവിടെ ചെന്നപ്പോള്‍ വായനയെല്ലാം കഴിഞ്ഞ് വെള്ളാട്ട് തുടങ്ങിയിട്ടുണ്ട്. മധുമാഷ് സാധനമൊഴിച്ച് വിജേഷിന്റെ നേരെ നീട്ടി. വിജേഷ് ഗ്ലാസിനായി കൈ ഉയര്‍ത്തിയപ്പോള്‍ അത് പിന്‍വലിച്ച് നീയും ഇവനുമൊന്നും കുടിച്ച് കൂമ്പ് വാട്ടേണ്ട, നിങ്ങള്‍ ചെറുപ്പമല്ലേ എന്നുപറഞ്ഞ് മൂപ്പര് തന്നെ അത് വലിച്ചുകുടിച്ചു. നാടകത്തിന്റെ സ്‌ക്രിപ്റ്റ് അവര്‍ വിജേഷിന് നല്‍കി. 'നീ വായിച്ചിട്ട് കൊണ്ടോന്നാ മതി' എന്നുപറഞ്ഞു. അവിടെ നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ പെട്ടെന്ന് തന്നെ കളംകാലിയാക്കി, ബീച്ച് ഹോട്ടലിലേക്ക് നീങ്ങി.

രണ്ടെണ്ണം വിട്ട് പാടിയും നടിച്ചുംകൊണ്ട് അവിടെ കുറച്ചധികം നേരമിരുന്നു. പിന്നെ മെല്ലെനടന്ന് കോഴിക്കോട് ടൗണ്‍ഹാളിന് പിറകിലുള്ള ആര്‍ട്ട് ഗാലറി പരിസരത്തും അവിടുന്ന് രാത്രിയായപ്പോള്‍ രാധാ തിയറ്റര്‍ കോമ്പൗണ്ടിലുള്ള ആരോ എടുത്ത ഒരു ലോഡ്ജ് മുറിയിലും ചെന്നടിഞ്ഞു. അര്‍ദ്ധരാത്രിയായപ്പോള്‍ ഞാന്‍ വിജേഷിനോട് യാത്ര പറഞ്ഞ് കോട്ടയത്തേക്ക് ട്രെയിന്‍ കയറി. കോട്ടയത്തെത്തിയതിന്റെ പിറ്റേന്നുതന്നെ സി.അയ്യപ്പന്റെ കാവല്‍ഭൂതം, പ്രേതഭാഷണം എന്നീ കഥകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിജീഷിന്റെ വിലാസത്തില്‍ അയച്ചുകൊടുത്തു. 2005ലോ മറ്റോ ആണ് ഇതെല്ലാം നടക്കുന്നത്. 2004ല്‍ വിജേഷ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴും കുന്നംകുളത്ത് ജോലി ചെയ്തിരുന്ന ഞാന്‍ കറങ്ങിത്തിരിഞ്ഞ് അവനെ കണ്ടുമുട്ടാറുണ്ടായിരുന്നു.

ആദ്യത്തെ ചുവടുകള്‍

രണ്ടായിരത്തിലോ മറ്റോ ഒരു ദിവസം വൈകുന്നേരം ഞാന്‍ ബിഎയ്ക്ക് പഠിച്ചിരുന്ന ഗുരുവായൂരപ്പന്‍ കോളേജിലെ ഓപ്പണ്‍ സ്റ്റേജില്‍ കടമ്മനിട്ടയുടെ കുറത്തിയുടെ ദൃശ്യാവിഷ്‌ക്കാരമുണ്ടായി. തീര്‍ത്തും നൂതനമായ ദൃശ്യ-ശ്രവ്യാനുഭവമായിരുന്നു കുറത്തി ഞങ്ങള്‍ക്ക് നല്‍കിയത്. ഈ പരിപാടി കഴിഞ്ഞ് കുറച്ച് ദിവസമായിക്കാണും, സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ കോളേജിലെ ബോധിവൃക്ഷ ചുവട്ടിലിരിക്കുകയാണ്. ഉറ്റസുഹൃത്ത് വിനീഷിന്റെ കൂടെ ഒരാള്‍ ഞങ്ങളിരിക്കുന്നിടത്തേക്കു വന്നു. 'എടാ ഇത് കുറത്തി ചെയ്ത വിജേഷ്' എന്നുപറഞ്ഞ് വിനീഷ് വിജേഷിനെ എനിക്ക് പരിചയപ്പെടുത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വിനീഷ് പോയി. നാടകസങ്കേതത്തെക്കുറിച്ചും അഭിനയരീതിയെ പറ്റിയും ആവിഷ്‌ക്കാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും പറഞ്ഞും പാടിയും ഞാനും വിജേഷും അവിടെ തന്നെയിരുന്നു. അതിനിടയില്‍ അവന്‍ ഏകലോചനം അഭിനയിച്ചുകാട്ടി.

ഞാന്‍ കോണികയറി മുകളില്‍ ചെന്നുനോക്കുമ്പോള്‍ വിജേഷ് പുഷ്അപ്പ് എടുക്കുകയാണ്. അതു കഴിഞ്ഞപ്പോള്‍, 'നടന് അവന്റെ ശരീരമാണ് യാഥാര്‍ത്ഥ മാധ്യമം' എന്നുപറഞ്ഞ് ഒരു ഇരുമ്പ് കമ്പിക്ക് ഇരുവശങ്ങളിലായി സിമന്റ് കട്ട വാര്‍ത്ത് ഉണ്ടാക്കിയ ഡംബെലെടുത്ത് മസിലുകള്‍ ശക്തമാക്കുന്ന കസര്‍ത്തുകള്‍ ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ കാഴ്ചയിലേക്ക് ഇരുട്ട് കയറിവന്നു. കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങി. കാമ്പസില്‍ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ നടന്ന് കുന്നിറങ്ങി മാങ്കാവ് -പന്തീരാങ്കാവ് റോഡിലുള്ള പൊക്കുന്ന് ജംഗ്ഷനില്‍ വന്നുനിന്നു. 'നേരം കുറേ വൈകിയില്ലേ! ഇനി ബാലുശ്ശേരിക്ക് പോണ്ടാ നീ എന്റെ കൂടെ വീട്ടിലേക്ക് പോന്നോ' എന്ന് വിജേഷ് എന്നോട് പറഞ്ഞു. ഞാന്‍ 'ആ' എന്ന് പറഞ്ഞു. ഞങ്ങള്‍ ബസ് കയറി പുതിയറയിലെ അവന്റെ വീട്ടില്‍ ചെന്നു. വിജേഷിന് രണ്ടാനമ്മയായിരുന്നു ഉണ്ടായിരുന്നത്. അവന്റെ അമ്മ മരിച്ചുപോയിരുന്നു. ഞങ്ങള്‍ ചോറുകഴിച്ച് കിടന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ കുറച്ചുവൈകി. ഞാന്‍ മുറിക്ക് പുറത്തുകടന്ന് അടുക്കളയില്‍ ചെന്ന് അവനെ തിരക്കി. 'ഓന്‍ അപ്പുറത്ത് പണിയുന്ന ഞങ്ങളെ പുതിയ വീടിന്റെ മേലെ ഉണ്ടാവും മോനെ' എന്ന് അമ്മ പറഞ്ഞു.

ഞാന്‍ കോണികയറി മുകളില്‍ ചെന്നുനോക്കുമ്പോള്‍ വിജേഷ് പുഷ്അപ്പ് എടുക്കുകയാണ്. അതു കഴിഞ്ഞപ്പോള്‍, 'നടന് അവന്റെ ശരീരമാണ് യാഥാര്‍ത്ഥ മാധ്യമം' എന്നുപറഞ്ഞ് ഒരു ഇരുമ്പ് കമ്പിക്ക് ഇരുവശങ്ങളിലായി സിമന്റ് കട്ട വാര്‍ത്ത് ഉണ്ടാക്കിയ ഡംബെലെടുത്ത് മസിലുകള്‍ ശക്തമാക്കുന്ന കസര്‍ത്തുകള്‍ ചെയ്തു. ഞാന്‍ അവിടെയിരുന്ന് പുറത്തേക്ക് നോക്കി. അപ്പുറത്തെ പറമ്പില്‍ ഉറങ്ങിക്കിടന്നിരുന്ന നായ പതിയെ എഴുന്നേറ്റ് നീണ്ടുനിവര്‍ന്ന് എനിക്കുനേരെ കുരച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അവനും ഞാനും അമ്മ തന്ന പുട്ടും മാന്തളിന്റെ കറിയും കഴിച്ചു. ഞാന്‍ യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി. പിന്നീട് വിജേഷ് ഗുരുവായൂരപ്പന്‍ കോളേജിലെ സന്ദര്‍ശകനും ഞങ്ങളുടെ ഉറ്റസുഹൃത്തുമായി. രാജീവനും വിനീഷും ഞാനും സതീശ് കെ.സതീശിന്റെ ജാലകം എന്ന നാടകം കോളേജില്‍ കളിച്ചപ്പോള്‍ അവന്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.

കാല്‍പ്പെരുമാറ്റങ്ങള്‍

രണ്ടായിരത്തി ഏഴില്‍ ഹൈദരാബാദില്‍നിന്ന് നാട്ടില്‍ വന്നപ്പോള്‍ കോഴിക്കോട് വെച്ച് വിജേഷിനെ വീണ്ടും കണ്ടു. കണ്ടപാടെ 'ഈ പെരുത്തഭൂമിന്റെ ഉള്ളിന്റെയുള്ളില് ഒരു ചെറിയ ഭൂമീണ്ട്' എന്ന പാട്ടുപാടി താളം പിടിച്ചു. 'ഡാ തകരച്ചെണ്ട സിനിമേല് എന്റെ പാട്ട്ണ്ട് ഡ്രാ! ഞാന്‍ കുറച്ച് പാട്ട് അയില് എഴുതീട്ടുണ്ട്. ഹിറ്റാകുമെന്നാ തോന്നുന്നെ. എന്താണ്ഡ്രാ വിശേഷം! നീ നാടകം വിട്ട് വെറും എഴുത്തായോ? നമുക്ക് രണ്ടെണ്ണം വിട്ടാലോ.' എന്നുപറഞ്ഞ് മലബാര്‍ പാലസിന്റെ ഉള്ളിലേക്ക് കയറി. ഒഴിഞ്ഞ മൂലയില്‍ ഒരു ചെങ്ങായി ഒന്നടിച്ച് ഒന്നുമാവാതെ മിച്ചറില്‍ ഹരിശ്രീ എഴുതിക്കൊണ്ടിരിക്കുകയാണ്. വിജേഷിനെയും എന്നെയും കണ്ടപ്പോള്‍ കൈകാട്ടി വിളിച്ചു. വിജേഷിന്റെ സുഹൃത്താണ്. ഞങ്ങള്‍ അവന്റെ അടുത്തിരുന്നു. 'ബാറിലെ സപ്ലയറെ ലാര്‍ജ്ജ് നല്‍കാമോ' എന്ന വി.ഡി. രാജപ്പന്‍ ചേട്ടന്റെ പാട്ട് പാടിയാണ് വിജേഷ് വെയ്റ്ററെ വരവേറ്റത്. ആക്ഷേപഹാസ്യത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ ഞങ്ങള്‍ നാടകത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് കടന്നു. കാഴ്ചക്കാരനെ അഭിനയം അനുഭവിപ്പിക്കാന്‍ കഴിയുമോ എന്നല്ല കാഴ്ചക്കാരനെ നടികരാക്കി നമുക്കൊപ്പം അഭിനയിപ്പിക്കാന്‍ കഴിയുമോ എന്നതാണ് നാടകത്തിന്റെ പ്രാഥമികമായ വെല്ലുവിളി എന്നതായിരുന്നു വിജേഷിന്റെ മതം. അത് നാടകത്തിന്റെ സംവാദ സ്വഭാവത്തെക്കുറിച്ചും സംവേദനത്തിന്റെ പരിമിതികളിലേക്കും വഴിതിരിഞ്ഞു. വിജേഷ് അതിനിടയില്‍ ചാടി എഴുന്നേറ്റു. 'എനിക്ക് മലപ്പുറത്തൊരു സ്‌കൂളില്‍ നാടകം ചെയ്തതിന്റെ പൈസ കിട്ടാനുണ്ട്. അവരത് ബസ്സില്‍ കൊടുത്തയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പുതിയ ബസ് സ്റ്റാന്റില്‍ പോയി അത് വാങ്ങീട്ട് തിരിച്ചുവരാം' എന്നുപറഞ്ഞ് എന്റെ കൈപിടിച്ചുവലിച്ചു. ബില്ലടക്കാനുള്ള പൈസ വെയ്റ്ററിന് നല്‍കി പുറത്തേക്കിറങ്ങിയ ഞങ്ങള്‍ മുതലക്കുളത്തെ ഇടവഴിയിലൂടെ കോര്‍ണേഷന്‍ തിയ്യേറ്ററിന് മുന്‍പിലെത്തി. അവിടന്ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്തുകൂടി പുതിയ സ്റ്റാന്റിലേക്കുള്ള വഴിയിലൂടെ ഗംഗാ തിയറ്ററിനടുത്തെത്തിയപ്പോള്‍ അവിടൊരു ആണ്‍കൂട്ടം കണ്ടു.

മുഖ്യനാടകുത്തുകാരന്‍ ആളുകളുടെ കാലുകള്‍ക്കിടയിലൂടെ പുറംലോകത്തിന്റെ ചലനങ്ങളും പാദംതൊട്ട് മുഖം വരെയുള്ള ഉഴിഞ്ഞുനോട്ടത്തിലൂടെ അവരുടെ അത്യാഗ്രഹങ്ങളും ചികഞ്ഞെടുത്തു. നാടകുത്ത്, പുള്ളിവെട്ട്, ആനമയില്‍ ഒട്ടകം തുടങ്ങിയ ചെറുചൂതാട്ടങ്ങള്‍ ജീവിത പ്രലോഭനങ്ങള്‍ മാത്രമല്ല നാടകജീവിതം കൂടിയല്ലേ എന്ന ചോദ്യം എന്നിലുദിച്ചു.

ഞാനും അവനും നുഴഞ്ഞ് അതിനുള്ളിലേക്ക് കടന്നു. നാടകുത്താണ്. വാക്കുകള്‍ക്കൊണ്ട് കൊരുത്ത വ്യാമോഹങ്ങള്‍ നാടകുത്തുകാര്‍ ഞങ്ങള്‍ക്ക് നേരെ എറിഞ്ഞു. വിജേഷ് കീശയില്‍നിന്ന് ഒരു നൂറു രൂപാ നോട്ടെടുത്ത് നാടകുത്തുകാരന് നേരെ നീട്ടി. പകരമായി നാടകുത്തുകാരന്‍ കൊടുത്ത പെന്‍സില്‍ വാങ്ങി നാടച്ചുരുളുകള്‍ക്കുള്ളില്‍ കുത്തി. അവന്റെ കുത്തില്‍ കുരുങ്ങാതെ നാട ഒഴിഞ്ഞുമാറി. നൂറു പോയപ്പോള്‍ അടുത്തതിനായി കീശയില്‍ പരതി, എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ കൈയിലുള്ളത് കൊടുത്തു. അതിനിടയില്‍, ഒന്നുരണ്ട് പേരെയൊഴിച്ചാല്‍ കുത്തിയവരുടെയെല്ലാം പൈസപോയി. മുഖ്യനാടകുത്തുകാരന്‍ ആളുകളുടെ കാലുകള്‍ക്കിടയിലൂടെ പുറംലോകത്തിന്റെ ചലനങ്ങളും പാദംതൊട്ട് മുഖം വരെയുള്ള ഉഴിഞ്ഞുനോട്ടത്തിലൂടെ അവരുടെ അത്യാഗ്രഹങ്ങളും ചികഞ്ഞെടുത്തു. നാടകുത്ത്, പുള്ളിവെട്ട്, ആനമയില്‍ ഒട്ടകം തുടങ്ങിയ ചെറുചൂതാട്ടങ്ങള്‍ ജീവിത പ്രലോഭനങ്ങള്‍ മാത്രമല്ല നാടകജീവിതം കൂടിയല്ലേ എന്ന ചോദ്യം എന്നിലുദിച്ചു.

അപ്പോള്‍ പോലീസ് പോലീസ് എന്ന് ആരോ ഒച്ചവെച്ചു. ആളുകള്‍ ചിതറിയോടി. എന്റെ കൈ മുറുകെ പിടിച്ച് വിജേഷ് നന്നേ നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളെപ്പോലെ മുടന്തി മുടന്തി പുതിയ ബസ്സ്റ്റാന്റ് ലക്ഷ്യം വെച്ച് നീങ്ങി. കുറച്ച് മുന്നിലായി അടച്ചിട്ടൊരു പീടികയുടെ ഷട്ടര്‍ ചാരി ഒരു ചേച്ചി നില്‍ക്കുന്നുണ്ടായിരുന്നു. 'വിജേഷേ! അഞ്ച്ള് (പോലീസുകാര്‍) ഒന്നും ഇല്ലഡോ!' എന്നുപറഞ്ഞ് അവര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. 'തങ്കേച്ചിയേ പാളയത്ത് ഇപ്പോ ഡ്യൂട്ടിയില്ലേ?' എന്ന് വിജേഷ് അവരോട് ചോദിച്ചു. അവിടെ കസ്റ്റമേഴ്സ് കുറവാണെന്ന് അവര്‍ മറുപടി പറഞ്ഞു. നാടകാഭിമുഖ്യമുള്ള ഒരു സെക്സ് വര്‍ക്കറായിരുന്നു അവര്‍. ഞങ്ങള്‍ പുതിയ ബസ്സ്റ്റാന്റിലെത്തി. മലപ്പുറത്തുനിന്ന് വന്ന ബസ്സുകളില്‍ കയറി അന്വേഷിച്ചു. പണം കൊടുത്തയച്ച ബസ്സ് എത്തിയിരുന്നില്ല.

അപ്പോഴാണ് ബസ്സ്റ്റാന്റിന്റെ പ്രധാന കവാടത്തില്‍ ഇരിക്കുന്ന ഒരു ചെരുപ്പുകുത്തി ആളുകളുടെ കാല്‍നോട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. സസൂക്ഷ്മമായ അയാളുടെ കീഴ്നോട്ടത്തില്‍ ഞങ്ങളുടെ കാലുകളും അകപ്പെട്ടിരിക്കാം. ആളുകളുടെ ചെരുപ്പുകളും 'കാല്‍പ്പെരുമാറ്റവും' നിരീക്ഷിച്ചുകൊണ്ട് അവരുടെ ശരീരഭാഷ, സൗന്ദര്യാഭിമുഖ്യം, സാമൂഹിക അഭിരുചി, മതപരത, സാമ്പത്തിക സമീപനം എന്നിവ വിലയിരുത്താന്‍ അയാള്‍ക്കു കഴിഞ്ഞേക്കാം. താഴെനിന്ന് മുകളിലേക്കുയരുന്ന കാഴ്ച. മേല്‍നോട്ടമല്ല കീഴ്നോട്ടം. അയാളുടെ ജാതി തൊഴില്‍ രൂപപ്പെടുത്തിയ മറുകാഴ്ച. കാഴ്ചയിലെ പാട്, കാഴ്ചപ്പാട്. 'അയാള്‍ നമ്മളെ എങ്ങിനെയാണ് വിലയിരുത്തിയിട്ടുണ്ടാവുക? മുഖഭാവങ്ങള്‍ പോലെ നമ്മുടെ കാല്‍ഭാവങ്ങള്‍ അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ?' എന്ന് ഞാന്‍ വിജേഷിനോട് ചോദിച്ചു. 'മൂപ്പരോട് ചോദിച്ചുനോക്കണം. അല്ലെങ്കില്‍ നമ്മള്‍ ചെരുപ്പുകുത്തിയാവണം.' എന്നായിരുന്നു അവന്‍ പറഞ്ഞ മറുപടി. കുറച്ചുകഴിഞ്ഞപ്പോള്‍ പൈസ കൊടുത്തയച്ച ബസ്സ് വന്നു. ഞാനും വിജേഷും അവിടെനിന്ന് പിരിയാതെ പിരിഞ്ഞു.

''കോഴിക്കോട് ടൗണ്‍ഹാളില്‍ നമ്മുടെ കാവല്‍ഭൂതം എന്റെ സംവിധാനത്തില്‍ കളിക്കുന്നുണ്ട് നീ കാണാന്‍ വരണം'' എന്നുപറഞ്ഞ് അവന്‍ ഒരുദിവസം എന്നെ ഫോണില്‍ വിളിച്ചു. എനിക്ക് പോകാന്‍ കഴിഞ്ഞില്ല. അതിനിടയിലെപ്പോഴോ ഗുരുവായൂരപ്പന്‍ കോളേജിലേയും മഹാരാജാസിലേയും കുട്ടികള്‍ യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ വിജേഷിന്റെ ഡയറക്ഷനില്‍ കാവല്‍ഭൂതം കളിച്ചിരുന്നു. ഈ നാടകം എ.കെ.വാസുവും സന്തോഷ് ഒ.കെ.യും മറ്റ് സുഹൃത്തുക്കളും കണ്ടിരുന്നു. അവതരണരീതികൊണ്ടും രാഷ്ട്രീയഹാസ്യം കൊണ്ടും ഈ നാടകാവതരണം വ്യത്യസ്തമായിരുന്നെന്ന് അവരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.

നടിപ്പ് നടപ്പുകള്‍

ഒരു വൈകുന്നേരം പ്രകാശേട്ടനും വിനീഷും ഞാനും കോഴിക്കോട് ടൗണ്‍ഹാളിന് മുമ്പില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്നു. എവിടുന്നോ വിജേഷ് അങ്ങോട്ട് വന്നെത്തി. 2014ലാണ്. ''ഫിലിപ്പ് ഏന്റ് മങ്കിപെന്‍'' എന്ന സിനിമയിലെ ബാലതാരത്തെ പരിശീലിപ്പിച്ചത് അവനായിരുന്നു. കുട്ടികളുടെ അഭിനയത്തെ ഒരു കാമറയുടെ ചതുരത്തിലേക്ക് പകര്‍ത്തുമ്പോള്‍ അവരുടെ ശരീരചലനങ്ങളുടെയും ഭാവഭേദങ്ങളുടെയും ഏങ്കോണിപ്പുകള്‍ മുറിഞ്ഞു പോവുന്നതെങ്ങനെയാണെന്നും അത് പരിഹരിക്കാനായി അവന്‍ കണ്ടെത്തിയ പുതിയ പരിശീലന രീതിയെക്കുറിച്ചും വാചാലനായി. അതിനിടയില്‍ പ്രകാശേട്ടനും വിനീഷും മറ്റെന്തോ ആവശ്യത്തിനായി പോയി. സാമാന്യമായി നാടകങ്ങളും സ്റ്റേജിന്റെ ത്രിമാന ചതുരത്തിനകത്തല്ലെ നടക്കുന്നത്? ഇവിടെയും ഉടലിന്റെ ആട്ടങ്ങളെ ക്രമീകരിക്കുന്നത് ചതുര ഘടനകൂടിയല്ലേ എന്നായിരുന്നു എന്റെ ഉള്ളിലുദിച്ച ചോദ്യം. ഈ ചോദ്യം ചോദിച്ചുകൊണ്ട് ഇതിനുള്ള ഉത്തരമായി ഞാന്‍ പറഞ്ഞു. ''സിനിമയും നാടകവും കാഴ്ചക്കാരന്റെ കണ്ണിനെ ക്രമീകരിക്കുന്നതില്‍ വ്യത്യസ്തമായ രീതിയാണ് പിന്‍തുടരുന്നത്. സിനിമയെ സംബന്ധിച്ച് ആദ്യ കാഴ്ചക്കാരന്‍ ക്യാമറയാണ്. ക്യാമറ അതിന്റെ ചതുരവടിവുകളിലേക്ക് ക്രമീകരിച്ച നടന്റെ ശരീരഭാഷയും ഭാവഭേദങ്ങളുമാണ് നമ്മള്‍ കാണുന്നത്. നാടകം അങ്ങനെയല്ല. അതിലെ അഭിനയവും വേദിയുടെ ചതുരഘടനക്കുള്ളിലാണ് സാധാരണയായി സംഭവിക്കുന്നതെങ്കിലും. കാരണം വേദിക്ക് പുറത്തേക്ക് തന്റെ നോട്ടത്തെയും കേള്‍വിയേയും അയയ്ക്കാന്‍ ഒരു നാടകകാണിക്കുകഴിയും, അതിലൂടെ വേദി വേദിക്കുപുറത്തേക്ക് നീട്ടാനും. ഇതുകൊണ്ട് നടികരുടെ അഭിനയത്തെ വേദിയുടെ പുറത്തേക്ക് നയിക്കാനുള്ള ഒരു സാധ്യത നാടകം നല്‍കുന്നു. ഇത് കാഴ്ചക്കാരന്റെ കണ്ണിനെയും ചെവിയേയും കെട്ടഴിച്ചുവിടുകയും അഭിനേതാവിന്റെ നയം വിപുലമാക്കുകയും ചെയ്യുന്നു.' സിനിമാനുഭവത്തിന് നാടകാനുഭവത്തില്‍ നിന്നുള്ള വ്യത്യാസത്തെക്കുറിച്ച് വിപുലമായി ആലോചിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വിലയിരുത്തലാണിതെന്ന് വിജേഷ് പറഞ്ഞു.

'സൈഗാള്‍ പാടുകയാണ് എന്ന സിബി മലയിലിന്റെ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട്ട് നടക്കുന്നുണ്ട്. നമ്മുടെ മുരുകേഷേട്ടനും (മുരുകേഷ് കാക്കൂര്‍) അതില്‍ അഭിനയിക്കുന്നുണ്ട്. അവര്‍ മഹാറാണിയിലാണ് താമസം. നമുക്ക് അങ്ങോട്ട് പോവാം' എന്നു പറഞ്ഞ് വിജേഷ് ഒരു ഓട്ടോ കൈകാട്ടി വിളിച്ചു. ഞങ്ങള്‍ ആ ഓട്ടോയില്‍ കയറി. ഓട്ടോക്കാരന്‍ ചിരപരിചിതനായ ഓരാളോട് സംസാരിക്കുന്ന മട്ടില്‍ വിജേഷിനോട് പറഞ്ഞു: 'ഇന്നാള് ടൗണ്‍ഹാളില്‍ കളിച്ച നാടകം ഗംഭീരമായിരുന്നു. സിനിമയിലേക്ക് കയറാന്‍ നോക്കണം. എന്നാലെ കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ.' വിജേഷ് അയാളോട് മങ്കിപെന്നിനെക്കുറിച്ചു പറഞ്ഞു. ഞങ്ങള്‍ മഹാറാണിയില്‍ ചെന്നിറങ്ങി. റിസപ്ഷനിസ്റ്റ് മുരുകേഷേട്ടന്റെ റൂംനമ്പര്‍ പറഞ്ഞുതന്നു. അത് ഒരു വിശാലമായ റൂമായിരുന്നു. മുരുകേഷേട്ടന്‍ ഒരു അസാമാന്യ നാടകനടനാണ്. 2013ല്‍ കേരള സംഗീത നാടക അക്കാദമി നടത്തിയ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. ആ വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ സന്ധ്യ ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. കുറിയേടത്ത് താത്രി എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു രണ്ടുപേര്‍ക്കും അവാര്‍ഡ് ലഭിച്ചിരുന്നത്.

അനന്തമായ സര്‍ഗ്ഗാത്മകസാധ്യതകളുടെ മനോനിലയാണ് കുട്ടിത്തം എന്ന പക്ഷക്കാരനായിരുന്നു അവന്‍. ചായക്കട, കുടുംബജീവിതം, പോലീസ് സ്റ്റേഷന്‍, കോടതി, ബസ് എന്നിവയെ അനുകരിച്ചു കൊണ്ടുള്ള കുട്ടികളുടെ കളികള്‍ അഭിനയിച്ചു കാട്ടിക്കൊണ്ട് നാടകത്തിന്റെ ആദ്യ അരങ്ങാണ് കുട്ടിക്കളികള്‍ എന്ന വാദം അവന്‍ ഉറപ്പിച്ചു.

മുരുകേഷേട്ടന്‍ ആ നാടകത്തില്‍ നാല് വ്യത്യസ്ത റോളുകള്‍ അഭിനയിച്ചു. ഇദ്ദേഹത്തെക്കുറിച്ചുള്ള പല വിവരങ്ങളും ഞാന്‍ ആദ്യമറിഞ്ഞത് എന്റെ പങ്കാളി സിമി കോറോട്ടില്‍ നിന്നായിരുന്നു. രണ്ടുപേരുടെയും അഭിനയം അവാര്‍ഡിന് പുറമേ നല്ലനിലയില്‍ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുകയുണ്ടായി. വിജേഷ് എന്നെ മുരുകേഷേട്ടന് പരിചയപ്പെടുത്തി. നാടകത്തെക്കുറിച്ചു തുടങ്ങിയ ഞങ്ങളുടെ സംസാരം മങ്കിപെന്നിലേക്കും മലയാളത്തില്‍ കുട്ടികളുടെ സിനിമക്കുള്ള കച്ചവടസാധ്യതകളിലേക്കും തെന്നിനീങ്ങി. കുട്ടികളുടെ സിനിമ ഒരുതരത്തില്‍ ലക്ഷ്യം വെക്കുന്നത് മുതിര്‍ന്നവരിലെ കുട്ടിത്താഭിമുഖ്യത്തെയാണെന്നും രക്ഷിതാക്കളാണ് കുട്ടികള്‍ ഏത് സിനിമയാണ് കാണണമെന്ന് തീരുമാനിക്കുന്നതെന്നും ഞാന്‍ പറഞ്ഞു. ചിലപ്പോള്‍ കുട്ടികളുടെ സമ്മര്‍ദ്ദം രക്ഷിതാക്കളുടെ സിനിമാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അപ്പോള്‍ വിജേഷ് കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവരുടെ മുതിര്‍ന്ന ഭാവം അവരെ ഏകവേഷധാരികളാക്കുമ്പോള്‍ കുട്ടികളുടെ കുട്ടിത്തം ബഹുവിധമായ സര്‍ഗ്ഗാത്മക ഭാവനകള്‍ക്ക് സാധ്യത നല്‍കുന്നതാണെന്നും യഥാര്‍ത്ഥ ജീവിതത്തിലെ അച്ഛന്‍, അമ്മ, അമ്മാവന്‍, അമ്മായി, ചേച്ചി, ചേട്ടന്‍ തുടങ്ങിയ പക്വമായ ഉറച്ച റോളുകള്‍ ഏകവേഷ നിഷ്‌കര്‍ഷയായിത്തീര്‍ന്ന് വേഷപ്പകര്‍ച്ചകളെ നിയന്ത്രിക്കുന്ന സംവിധാനമാകുന്നെന്നുമുള്ള എന്റെ അഭിപ്രായം കുറച്ചുകൂടി വികസിപ്പിച്ച് കുട്ടികളെപ്പോലെ പകര്‍ന്നാട്ടങ്ങള്‍ മുതിര്‍ന്നവര്‍ക്കും സാധ്യമാണ്. കാരണം, പക്വത ഏകതാനമല്ല മറിച്ച് ബഹുവിധമാണെന്ന മറുവാദത്തില്‍ ഞാനെത്തിച്ചേര്‍ന്നു.

അനന്തമായ സര്‍ഗ്ഗാത്മകസാധ്യതകളുടെ മനോനിലയാണ് കുട്ടിത്തം എന്ന പക്ഷക്കാരനായിരുന്നു അവന്‍. ചായക്കട, കുടുംബജീവിതം, പോലീസ് സ്റ്റേഷന്‍, കോടതി, ബസ് എന്നിവയെ അനുകരിച്ചു കൊണ്ടുള്ള കുട്ടികളുടെ കളികള്‍ അഭിനയിച്ചു കാട്ടിക്കൊണ്ട് നാടകത്തിന്റെ ആദ്യ അരങ്ങാണ് കുട്ടിക്കളികള്‍ എന്ന വാദം അവന്‍ ഉറപ്പിച്ചു. മുതിരുകയെന്നാല്‍ കെട്ടിയ വേഷം അഴിക്കാതെ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന എന്റെ പക്ഷത്തോട് അങ്ങനെയെങ്കില്‍ മനുഷ്യന്‍ നടിപ്പു നടപ്പാക്കിയവരും കിടപ്പാക്കിയവരും കുടിപ്പാക്കിയവരുമാണെന്ന് മുരുകേഷേട്ടന്‍ തമാശമട്ടില്‍ കൂട്ടിച്ചേര്‍ത്തു. അന്ന് രാത്രി ഞങ്ങള്‍ അവിടെ താമസിച്ചു. രാവിലെ എഴുന്നേറ്റപ്പോള്‍ മുരുകേഷേട്ടന്‍ വീട്ടില്‍ പോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെനിന്ന് പിരിഞ്ഞു.

അടുത്തവര്‍ഷം മുരുകേഷേട്ടന്‍ എന്നന്നേക്കുമായി വിട പറഞ്ഞു. പിന്നീട് വിജേഷിനെ കാണാനുള്ള അവസരം അധികമുണ്ടായില്ല. സ്വിറ്റ്സര്‍ലാന്റില്‍നിന്നും വന്നതിനുശേഷം ഒരുദിവസം മാനാഞ്ചിറക്കടുത്തുള്ള പബ്ലിക് ലൈബ്രറി ബില്‍ഡിങ്ങിന് താഴെ വച്ചുകണ്ടു. ലോഹ്യം പറഞ്ഞു എന്നല്ലാതെ തിരക്കുകാരണം അധികനേരം ചിലവഴിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് പോകുമ്പോള്‍ പലപ്പോഴും കാണണമെന്ന് വിചാരിച്ചെങ്കിലും പലതുകൊണ്ടും പറ്റിയില്ല. ഉയിരോളം നാടകമായിരുന്ന അവന്‍ നാടകം ആരുടെയും ഉടലോളമാക്കാന്‍ ശേഷിയുള്ള അസാമാന്യ പ്രതിഭയായിരുന്നു. അങ്ങനെ ഒരുവന്‍ നമ്മുടെ കരുണാര്‍ദ്രമായ 'ഭാവിയുടെ വര്‍ത്തമാനവും' 'കാവല്‍ഭൂത'വും ആകാതിരിക്കുന്നതെങ്ങനെ?

'അതിരടി' പെർഫോമൻസുമായി ബേസിലും ടൊവിനോയും; പക്കാ എന്റർടെയ്നിങ് ട്രെയ്‌ലർ എത്തി

സോനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ എത്തുന്ന ചിത്രം ‘സിസ്റ്റം’ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ശ്രദ്ധനേടുന്നു

26 വയസ്സിൽ എസ്.ഐ ആകുന്ന പോലീസുകാരുടെ ജീവിതമാണ് 'ദൃഢം': തിരക്കഥാകൃത്തുക്കള്‍

ഹോം ഗ്രൗണ്ടിൽ ‘എൽ ക്ലാസിക്കോ’ പോരാട്ടം;റയല്‍ - ബാഴ്‌സ കിക്കോഫിനൊപ്പം ടൈറ്റിൽ ലോഞ്ച് ചെയ്ത് ടൊവിനോയും നസ്രിയയും

SCROLL FOR NEXT