“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ
Published on: 

ഇന്ത്യൻ സംവിധായകൻ എസ് എസ്സ് രാജമൗലി ഒക്ടോബർ 2ന് റിലീസാവുന്ന പുതിയ ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ’ കേരളത്തിലെ പ്രീ റിലീസ് ഇവന്റിന് കൊച്ചി ലുലു മാളിൽ എത്തി. കേരളത്തിലെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്ക് വയ്ക്കുകയും ഒപ്പം ഡോണ്ട് ട്രബിൾ ചിത്രത്തിന്റെ ട്രെയ്‌ലറിനായി ശ്രീ മോഹൻലാൽ നൽകിയ സപ്പോർട്ടിനും നന്ദി പറഞ്ഞു.

"എന്റേതായ ഒരു ചിത്രം മറ്റു ഭാഷയിലേക്ക് നൽകാൻ ഈ ചിത്രത്തിലൂടെ എനിക്ക് സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂട്ടിച്ചേർത്ത് സിനിമാജീവിതം എണ്ണിയാൽ ഞാനും 25 വർഷങ്ങളായി സിനിമയിലുണ്ട്. എന്റെ 25 വർഷങ്ങളും 66ൽ പരം ചിത്രങ്ങളും കൂടെ ചേർത്ത് നിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. ഡോണ്ട് ട്രബിൾ ദി ട്രബിൾ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ പൂർണ്ണമായും ഒരു മലയാള ഫാമിലി ചിത്രമായാണ് എത്തുന്നത്." ചിത്രത്തിന്റെ നായകനായ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു. സംവിധായകൻ രാജമൗലിയുടെയും സിനിമ ലോകത്ത് എത്തിയിട്ട് 25 വർഷം തികയുന്നതിനോടൊപ്പമാണ് ഫഹദും ഇത് പറഞ്ഞത്. 

സിനിമയെ ഏറ്റവും നല്ല രീതിയിൽ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ കേരളത്തിലുള്ളതുകൊണ്ടും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ഡോണ്ട് ട്രബിൾ ദി ട്രബിൾ നിങ്ങൾ ഏറ്റെടുക്കുമെന്നുറപ്പുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ എസ് എസ് കാർത്തികേയ പറഞ്ഞു. ചിത്രത്തിലെ ബാല താരമായ സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരം കൊണ്ട് വേദിയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്ന കാഴ്ച ആണ് ഇന്നലെ കണ്ടത്. പ്രമുഖ തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ " ഡോണ്ട് ട്രബിൾ ദി ട്രബിൾ" എന്ന ചിത്രം കാണാൻ സാധിച്ചെന്നും ഫാമിലിക്ക് കുട്ടികളോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുമെന്നും അഭിപ്രായപ്പെട്ടു. ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ മുന്നൂറു കോടി തിളക്കത്തിൽ സംവിധായകൻ ഗിരീഷ് എ ഡി യെ വേദിയിലേക്ക് വിളിച്ചപ്പോൾ അവതാരകയുടെ ചോദ്യത്തിന് തനിക്കു രാജമൗലി സാറിനെ പേടിയാണെന്നും അദ്ദേഹം സെറ്റിൽ കൂളാണ്‌ പക്ഷെ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനോട് സംസാരിക്കാൻ ചെറിയ പേടി ഉണ്ടെന്നും , ഡോണ്ട് ട്രബിൾ ദി ട്രബിൾ കുട്ടികൾക്കും ഫാമിലിക്കും തിയേറ്ററിൽ സന്തോഷിക്കാൻ പറ്റുന്ന നല്ല ഒരു ചിത്രമായിരിക്കുമെന്നും പറഞ്ഞു. 

ചിത്രം ഒക്ടോബർ 2ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു.നേരത്തെ റിലീസായ ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഫാന്റസി ഫാമിലി എന്റെർറ്റൈനെർ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിളിൽ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും.കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻകൺട്രോളറുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ. 

logo
The Cue
www.thecue.in