തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം
Published on: 

ലഹരി മാഫിയക്കെതിരെ പോരാടുന്ന കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതി സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നു. 

ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടികളിൽ മാത്രം ഒതുക്കാതെ ഓരോ വാർഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ തദ്ദേശം നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും പൊലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവരും ലഹരിക്കെതിരായ ദൗത്യത്തിന്റെ ഭാഗമായി തൂഫാൻ വാരിയർമാരായി. ഓരോ വാർഡിലും ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും തുടക്കം. 

സംസ്ഥാനതലത്തിൽ ഉയർന്ന തൂഫാൻ പതാകയുടെ സന്ദേശം കേരളത്തിന്റെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും പടർന്നു. ഇനി തൂഫാൻ പൊലീസിന്റെ മാത്രം പോരാട്ടമല്ല; നാടിന്റെ കാവലാളുകളായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുന്ന ലഹരിവിരുദ്ധ ദൗത്യമാണ് തൂഫാൻ തദ്ദേശം.

logo
The Cue
www.thecue.in