ഞാൻ കുറച്ച് സൂപ്പർബോയ്സിനെക്കുറിച്ചാണ് പറയുന്നത്. അങ്ങ് ദൂരെ മഹാരാഷ്ട്രിയിലെ നാസികിലെ മലേഗാവ് എന്നൊരു ചെറിയ ഗ്രാമത്തിലെ ഒരു സൂപ്പർമാനെക്കുറിച്ച്, ആ സൂപ്പർമാനെ സൃഷ്ടിച്ച കുറേ ചെറുപ്പക്കാരെക്കുറിച്ച് അവരുടെ അധികം ആരും അറിയാതെ പോയ ഇതിഹാസ തുല്യമായ ഒരു ചരിത്രത്തെക്കുറിച്ച്.
ഫായിസ് അഹമ്മദ് ഖാൻ സംവിധാനം ചെയ്ത സൂപ്പർമാൻ ഓഫ് മലേഗാവ് എന്ന ഡോക്യമെന്ററി ഫിലിമിനെ ആസ്പദമാക്കി റീമ കാഗ്ട്ടി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർബോയ്സ് ഓഫ് മലേഗാവ്. നാസിക്കിലെ മലേഗാവ് എന്ന ഗ്രാമത്തിലെ നാസിർ, ഫറോഖ്, ഷഫീഖ്, അക്രം, ഇർഫാൻ, അലീം എന്നിങ്ങനെയുള്ള കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. നാസിറിന്റെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. നാസിറിന്റെ കാഴ്ചകൾ പരീക്ഷണങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാം മലേഗാവിലെ ആ ആറ് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. അവർ സിനിമ കാണുന്നവരാണ്, ആസ്വദിക്കുന്നവരാണ്, സ്ക്രീനിൽ നായകനെക്കാണുമ്പോൾ തിയറ്ററിൽ ആർത്തു വിളിക്കുന്നവരാണ്.
പോൺ വീഡിയോ കാസറ്റുകൾ വിൽക്കുന്ന കടക്കാരനിൽ നിന്ന് അപ്രതീക്ഷിതമായി ഒരിക്കൽ നാസിർ വിസിആർ ടു വിസിആർ എഡിറ്റിംഗ് പഠിക്കാനിടെയാകുന്നു. അയാൾ അയാളുടെ നാടിന് വേണ്ടി മലേഗാവിലെ ജനങ്ങൾക്ക് വേണ്ടി ഒരു സിനിമയുണ്ടാക്കാനായി ഇറങ്ങിപ്പുറപ്പെടുന്നു. അവർ നിർമിക്കുന്ന സിനിമയോ ഇതിഹാസ ചിത്രമായ ഷോലെ. വെറും ഷോലെ അല്ല മാലേഗാവ് കെ ഷോലെ. ജയ്യും, വീരുവും, ഗബ്ബർ സിങ്ങും അവരുടെ ആ ചെറിയ ഗ്രാമത്തിൽ പിറവികൊള്ളുന്നു. ആ പാരടി ചിത്രത്തെ ആ ഗ്രാമത്തിലെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പേടിക്കണ്ട, ബാക്കി കഥ ഞാൻ പറയുന്നില്ല. പക്ഷേ ഒന്ന് പറയാം. നമ്മൾ സ്ഥിരം കാണുന്ന സിനിമയെടുക്കാൻ സ്ട്രഗിൽ ചെയ്യുന്ന കുറച്ച് സ്മാൾ ടൗൺ ചെറുപ്പക്കാരുടെ കഥയല്ല ഇത്. അതിനുമപ്പുറം ഏക്കാലവും നിലനിൽക്കുന്ന സിനിമയാക്കിയാൽ നമുക്ക് ക്ലാസിക്ക് എന്നു വിളിക്കാവുന്നൊരു ജീവിതം ജീവിക്കുകയാണ് അവർ അവിടെ. അവർക്കൊപ്പം നമ്മളും.
നമുക്ക് ബേസിൽ ജോസഫിന്റെ ഒരു കുറുക്കൻമൂലയും മിന്നൽ മുരളിയും ഉണ്ടാകും മുമ്പ്, ഹൃത്വിക് റോഷന്റെ ക്രിഷിന് മുമ്പ്, ഇവിടെയൊരു സൂപ്പർമാൻ ഉണ്ടായിരുന്നു. സിനിമ ഒരു ഉത്തരവാദിത്തമാകുന്നത് എപ്പോഴാണെന്ന് അറിയുമോ, നമ്മുടെ മൂന്ന് തലമുറകൾക്കും അപ്പുറം ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ഒരാൾ ഇന്റർനെറ്റിൽ നിങ്ങളുടെ സിനിമ ബ്രൗസ് ചെയ്യും. തുറന്നു വരുന്ന അയാളുടെ ഇന്റർഫേസിൽ ചലിച്ച് തുടങ്ങുന്ന ആ ചിത്രം കണ്ട് തലമുറകൾക്കപ്പുറത്ത് നിന്നും നിങ്ങൾക്കൊരു കയ്യടി കിട്ടിയാൽ, അവർ പൊട്ടിച്ചിരിച്ചാൽ അല്ലെങ്കിൽ ഒന്ന് പൊട്ടിക്കരഞ്ഞാൽ ആ നിമിഷം നിങ്ങൾക്ക് മരണമില്ലാതെയാകും. ആ നിമിഷം നിങ്ങളൊരു കാലത്തിന്റെ കഥയാവും പറഞ്ഞിട്ടുണ്ടാവുക. ആ കാലത്തിൽ ജീവിച്ചിരുന്ന അനേകം പേരുടെ പരിശ്രമത്തിന്റെ കഥ, സ്വപ്നങ്ങളുടെ കഥ,
സൂപ്പർബോസ് ഓഫ് മാലേഗാവിൽ നാസിറിന്റെ കാമുകി ബ്രൂസിലിയുടെ Game of Death എന്ന ചിത്രം കണ്ട് എത്ര പെട്ടെന്നാണ് ഇയാൾ മരിച്ചു പോയതെന്ന് പരിതപിക്കുന്നുണ്ട്. പക്ഷേ അവളെ നോക്കി നാസിർ പറയുന്ന മറുപടി ബ്രൂസ്ലി എന്ന വ്യക്തി മരിച്ചു പോയിരിക്കാം. പക്ഷേ നമ്മൾ ഈ കാണുന്ന നിമിഷത്തിലും അയാൾ സ്ക്രീൽ അപാരമായി മറ്റൊരാളെ കിക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്. അതാണ് സിനിമ മനുഷ്യ കുലത്തിനോട് ചെയ്യുന്നത്. നിങ്ങൾ ഒരു കൂട്ടം മനുഷ്യർക്ക്, അവർ ജീവിച്ച് കടന്നു പോയൊരു കാലത്തിന് ഓരോ തവണയും സ്ക്രീനിൽ പുനർജന്മം നൽകുകയാണ്.
ആദ്യമായി ഞാൻ അമേരിക്ക കാണുന്നത് പ്രിയദർശന്റെ അക്കരെ അക്കരെ അക്കരെ സിനിമയിലാണ്. താജ്മഹൽ കണ്ടത് ജീൻസിലാണ്. ഊട്ടി കണ്ടത് കിലുക്കത്തിലാണ്. ഒരു നാടിനെ ഓർത്തെടുക്കുമ്പോൾ ഓർമ്മിക്കപ്പെടുന്നത് എത്രയെത്ര ചിത്രങ്ങളാണ് അല്ലേ? നാസിക്കിൽ മലേഗാവ് എന്നൊരു ഗ്രാമമുണ്ടെന്ന് അങ്ങനെ ഞാൻ ഇന്ന് അറിഞ്ഞിരിക്കുന്നു. സിനിമ എന്താണ് മനുഷ്യരിൽ ചെയ്യുന്നതെന്ന് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലേ, വയലൻസ് സ്വാധീനിക്കുന്നു, അക്രമവാസന സൃഷ്ടിക്കുന്നു എന്നെല്ലാം. സിനിമയ്ക്ക് അങ്ങനെയൊരു മാന്ത്രിക ശക്തിയുണ്ടെങ്കിൽ ഈ സിനിമ നിങ്ങളെ ജീവിതത്തിൽ എവിടെയെങ്കിലും സ്വാധീനിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരും അറിയാതെ പോകുമായിരുന്ന അനേകം മനുഷ്യർ ഒരു ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. സിനിമയുണ്ടാക്കാൻ നമ്മൾ ബോംബൈയിലേക്ക് പോകുന്നില്ല ബോംബെ നമ്മളെ തേടി ഇങ്ങോട്ടേക്ക് വരുമെന്ന് നാസിർ സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട്. ഇതാ.. അവസാനം അവരെ തേടി മുംബൈ ഇവിടെ വരെ എത്തിയിരിക്കുന്നു. ടൊറന്റോ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ അവരുടെ കഥ പ്രീമിയർ ചെയ്യപ്പെട്ടിരിക്കുന്നു. തിയറ്ററിൽ അനേകം പേർ അവരുടെ അവരുടെ ഇതിഹാസ ജീവിതത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഒടുവിൽ സ്ക്രീനിൽ ഷെഫിഖ് പറക്കുമ്പോൾ അവർക്കൊപ്പം നിങ്ങളും കരയുന്നു.