
ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അടക്കമുള്ളവ രോഗികള്‍ തന്നെ വാങ്ങി നല്‍കേണ്ട ഗതികേട്, അത്യാഹിത വിഭാഗത്തില്‍ തീപ്പിടിത്തം, ഓപ്പറേഷന്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നുവെന്ന് മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വരുന്ന സാഹചര്യം, സിസ്റ്റത്തിന്റെ തകരാറെന്ന ഒഴികഴിവ് പറയുന്ന ആരോഗ്യമന്ത്രി, ഏറ്റവുമൊടുവില്‍ മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ കൊല്ലപ്പെടുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറ്റവും അധികം പഴികളും പരാതികളും കേള്‍ക്കുന്ന വകുപ്പുകളില്‍ ആരോഗ്യവകുപ്പിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ പഴികള്‍ ആരോഗ്യ വകുപ്പിന് കേള്‍ക്കേണ്ടി വരുന്നത്? വികസിത രാജ്യങ്ങള്‍ക്കൊപ്പമെന്ന് പ്രശംസിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ആരോഗ്യ മാതൃക തകര്‍ന്നിരിക്കുകയാണോ? ചില വെളിപ്പെടുത്തലുകള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ കാരണമാകുകയാണോ ചെയ്യുന്നത്?
ആരോഗ്യ മേഖലയിലെ രാഷ്ട്രീയം
സംസ്ഥാനത്തെ ആരോഗ്യമേഖല തകരാറിലാണെന്ന ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി വരുന്ന എല്ലാ സര്‍ക്കാരുകളും കേള്‍ക്കുന്ന പഴിയാണ് അത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമായിരുന്നു പിണറായി സര്‍ക്കാരിനെതിരെ ആദ്യമായി കേട്ടത്. സര്‍ക്കാര്‍ സാഹചര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ആ ആരോപണങ്ങള്‍ ഇപ്പോഴും ഒരു രാഷ്ട്രീയ ചോദ്യമായി നിലനിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നുണ്ട്. അതില്‍ രാഷ്ട്രീയമുണ്ടാവാം. എങ്കിലും അതിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളില്‍, പ്രത്യക്ഷത്തില്‍ ജനങ്ങളെ ബാധിച്ച പ്രശ്‌നങ്ങളായിരുന്നു പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്നത് കാണാതെ പോകരുത്. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം അടക്കമുള്ള വിഷയങ്ങള്‍ പൊതുമണ്ഡലത്തില്‍ എത്തി. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് യുഡിഎഫ് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള ഗുരുതരവും സങ്കീര്‍ണ്ണവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാനുമായി ഹെല്‍ത്ത് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് ശേഷമാണ് സംസ്ഥാന ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പലതും അവയുടെ പരിധിയിലേക്ക് പോയതെന്നത് ഒരു യാദൃച്ഛികതയാകാം.
ഫണ്ട് ഇല്ലായ്മ ആരോഗ്യ മേഖലയ്ക്ക് പ്രതിസന്ധിയോ?
ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആവശ്യത്തിന് ഫണ്ടുകള്‍ ലഭിക്കാത്തത് ആരോഗ്യ മേഖലയെ ബാധിക്കുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നത്. എന്നാല്‍ ഫണ്ടുകള്‍ ഒന്നും വെട്ടിക്കുറച്ചില്ലെന്നും കൂടുതല്‍ തുക അനുവദിക്കുകയാണ് ചെയ്തതെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഈ ആരോപണത്തോട് പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബജറ്റില്‍ അനുവദിച്ചതിലും ഏറെയാണ് തുക നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 9994 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യ വകുപ്പിന് അനുവദിച്ചതായി പിന്നീട് ധനവകുപ്പ് അറിയിച്ചു. ആദ്യം 9667 കോടി അനുവദിക്കുകയും പിന്നീട് അധിക തുക വകയിരുത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പദ്ധതികള്‍ക്ക് വകുപ്പുകള്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ചെലവ് 50 ശതമാനം വരെ വെട്ടിക്കുറക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജുകളുടെ വികസനം അടക്കമുള്ള പദ്ധതികള്‍ക്കായി 590 കോടി നിര്‍ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് 447 കോടിയായി കുറച്ചിരുന്നു. അത്തരത്തില്‍ വിവിധ പദ്ധതികളിലുണ്ടായ വെട്ടിക്കുറക്കലുകള്‍ മൊത്തം പ്രതിസന്ധിയുടെ ആക്കം കൂട്ടിയോ എന്നതാണ് വിശദീകരണം ഇല്ലാതെ പോകുന്ന ചോദ്യം.
മന്ത്രി തന്നെ സമ്മതിക്കുന്ന സിസ്റ്റത്തിന്റെ തകരാറ്
ഡോ.ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിനോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത് പ്രശ്‌നങ്ങള്‍ക്ക് കാരണം സിസ്റ്റത്തിന്റെ തകരാറാണ് എന്നായിരുന്നു. ഈ സിസ്റ്റം എന്നത് ഭരണ സംവിധാനം തന്നെയാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ തിരിച്ചറിയുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഗവേര്‍ണന്‍സ് ഒരു പ്രത്യേക ശാഖയാണെന്നും അതിനായി പരിശീലനം നേടേണ്ടതുണ്ടെന്നും പൊതുജനാരോഗ്യ വിദഗ്ദ്ധനും ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രൊഫസറുമായിരുന്ന ഡോ.വി.രാമന്‍കുട്ടി ദ ക്യുവിനോട് പറഞ്ഞു. സിസ്റ്റത്തിന് പോരായ്മയുണ്ട് എന്ന് തന്നെയാണ് പറയാന്‍ കഴിയുകയെന്ന് ഡോ.വി.രാമന്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു.
തകരാറുണ്ടെന്ന് മനസിലാക്കിയെങ്കില്‍ നന്നായി. പക്ഷേ അത് എങ്ങനെ പരിഹരിക്കും എന്നതാണ് നോക്കേണ്ടത്. കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടുകളായി ആരോഗ്യ മേഖലയുടെ ഘടനയില്‍ കൊണ്ടുവന്ന ഏക മാറ്റം വികേന്ദ്രീകരണമാണ്. അടിസ്ഥാന വികസനത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചു. പക്ഷേ അതിന്റെ ഒരു ഗവേര്‍ണന്‍സ് ഇഷ്യൂ, എങ്ങനെ ഒരു ആധുനിക ആരോഗ്യ സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാകും എന്ന ഒരു ചിന്ത വരുന്നില്ല. വിദഗ്ദ്ധര്‍ ഏറെയുണ്ടെങ്കിലും അത്തരമൊരു ചിന്തയുണ്ടാകുന്നില്ല. ഡല്‍ഹിയില്‍ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസര്‍ച്ച് സെന്റര്‍ എന്ന ഒരു സ്ഥാപനമുണ്ട്. സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പരിശീലനം അടക്കം നല്‍കുന്ന സ്ഥാപനമാണ് അത്. അവര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡോക്ടര്‍മാരെ പണം മുടക്കി ഡെപ്യൂട്ടേഷനില്‍ മുംബൈയിലെ ടിസ്സില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പരിശീലനത്തിന് അയക്കും. കേരളമാണ് അവിടേക്ക് ആരെയും പരിശീലനത്തിന് അയക്കാത്ത സംസ്ഥാനം. ഈ സമീപനം മാറാതെ നമ്മുടെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓപ്പറേഷന്‍ മുടങ്ങിയെന്ന് വകുപ്പ് തലവന്‍ ഡോ.ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തുന്നത് ജൂണ്‍ 28നാണ്. ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ പല തവണ പോകേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ സിസ്റ്റത്തിന്റെ തകരാര്‍ എന്നാണ് ആരോഗ്യമന്ത്രി വിശേഷിപ്പിച്ചത്. ആ സിസ്റ്റം എന്നത് ബ്യുറോക്രസിയാണെന്നും ആ ഭരണ സംവിധാനങ്ങള്‍ പരാജയമാണെന്നും ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്.
തകരുന്ന അടിസ്ഥാന സൗകര്യങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം ഈ പ്രശ്‌നങ്ങളെ അടുത്ത ഒരു ഘട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ വി.എന്‍.വാസവനും നടത്തിയ പ്രതികരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. അടച്ചിട്ട കെട്ടിടമാണ് തകര്‍ന്നതെന്ന് മന്ത്രിമാരും ആശുപത്രി അധികൃതരും ആവര്‍ത്തിച്ചെങ്കിലും അവിടെ ആളുകള്‍ എങ്ങനെയെത്തി എന്ന ചോദ്യം മറുപടിയില്ലാതെ ശേഷിച്ചു. പൊതുജനത്തിന് ആവശ്യം രാഷ്ട്രീയ മറുപടിയായിരുന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപ്പിടിത്തമായിരുന്നു അടുത്തിടെ ആരോഗ്യ മേഖലയിലുണ്ടായ മറ്റൊരു വലിയ അത്യാഹിതം. മെയ് 2നായിരുന്നു തീപ്പിടിത്തം. അന്ന് അടച്ചിട്ട അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. രണ്ട് മാസങ്ങള്‍ പിന്നിട്ട ശേഷവും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയാത്തതിന് കാരണം വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ പുരോഗമിക്കുന്നതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിശോധനകള്‍ക്കുണ്ടാകുന്ന കാലതാമസത്തിന് കാരണവും ഇതേ സിസ്റ്റം തന്നെയാണെന്ന് മനസിലാക്കാന്‍ ലളിതയുക്തി മതിയാകും. പിഴവുകളുടെ പീക്കില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഡോ.ഹാരിസിന്റെ പരാമര്‍ശം കാരണമായെന്നാണ് മുഖ്യമന്ത്രിയുടെ വിശകലനം. എന്നാല്‍ സിസ്റ്റത്തിന്റെ തകരാര്‍ എന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയുന്നതാണോ നിലവിലെ പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ എന്നത് വലിയൊരു ചോദ്യമാണ്.
സംസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ നില മോശമാണെന്ന് ആരോഗ്യ വിദഗ്ദ്ധന്‍ ഡോ.അരുണ്‍ എന്‍.എം. ദ ക്യുവിനോട് പ്രതികരിച്ചു.
സംസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ അവസ്ഥ മോശമാണ്. വേണ്ടത്ര സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. സംസ്ഥാനത്തെ വൃദ്ധ ജനസംഖ്യ കൂടി വരികയാണ്. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അവര്‍ക്കുണ്ട്. പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങളും കൂടും. എന്നാല്‍ അതിന് തക്ക ചികിത്സ നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളില്ല. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നില്ല. സിസ്റ്റത്തിന് പ്രശ്‌നമുണ്ട്. എന്നാല്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് വിഷയം. എന്നാല്‍ പ്രൈമറി ഹെല്‍ത്ത് സെക്ടര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മാത്രമാണ് കേരളം ഒന്നാം സ്ഥാനത്ത്.
ചികിത്സാ ചെലവിലെ വര്‍ദ്ധന
ചികിത്സാ ചെലവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറെപ്പേര്‍ പോകുന്നുണ്ടെങ്കിലും വളരെ പാവപ്പെട്ടവര്‍ മാത്രം പോകുന്ന ഇടങ്ങളായി അവ മാറിയിട്ടുണ്ട്. എതിര്‍ വാദങ്ങളുണ്ടെങ്കിലും അതിന്റെ ഒരു വിരോധാഭാസം എന്ന രീതിയില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചികിത്സക്കായി വിദേശത്ത് പോകുന്നുവെന്നും ഡോ.രാമന്‍കുട്ടി കൂട്ടിച്ചേര്‍ക്കുന്നു.
പഴയതുപോലെ സര്‍ക്കാര്‍ ആശുപത്രികളിലോ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ പോയി കിടക്കാന്‍ മനസുള്ളവരുടെ എണ്ണം കുറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടക്കമുണ്ടായ പ്രശ്‌നങ്ങളില്‍ ഇരകളായവര്‍ വളരെ പാവപ്പെട്ട ആളുകളാണ്. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് അവര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വന്നത്. വേറെ വല്ലവരുമാണെങ്കില്‍ പ്രൈവറ്റ് ആശുപത്രിയില്‍ പോയേനെ. ഗവണ്‍മെന്റ് ആശുപത്രികളില്‍ ഏറെപ്പേര്‍ പോകുന്നുണ്ടെങ്കിലും വളരെ പാവപ്പെട്ടവര്‍ മാത്രം പോകുന്ന ആശുപത്രികളായ സര്‍ക്കാര്‍ ആശുപത്രികള്‍ മാറിക്കൊണ്ടിരിക്കുന്നു. എതിര്‍ വാദങ്ങളുണ്ടെങ്കിലും അതിന്റെ ഒരു വിരോധാഭാസം എന്ന രീതിയില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചികിത്സക്കായി വിദേശത്ത് പോകുന്നു.
ആരോഗ്യ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സമൂലമായ പൊളിച്ചെഴുതലുകളാണ് ആവശ്യം. നിലവിലുള്ള സംവിധാനങ്ങള്‍ ഒരു സമയപരിധി നിശ്ചയിച്ച് മാറ്റിക്കൊണ്ട് പ്രൊഫഷണലായ ഗവേര്‍ണന്‍സ് നടപ്പിലാക്കേണ്ടതുണ്ട്. വിവിധ ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതുകൊണ്ടാണ് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല ഒന്നാം സ്ഥാനത്താണെന്ന് ആവര്‍ത്തിക്കാന്‍ കഴിയുന്നത്. അതില്‍ സര്‍ക്കാരുകളുടെ സംഭാവനക്കൊപ്പം തന്നെ ജനങ്ങളുടെ അവബോധവും വിദ്യാഭ്യാസവും കാരണമാണ്. ആദ്യഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമുണ്ടായ രണ്ടാം തലമുറ പ്രതിസന്ധികളാണ് ഇപ്പോഴത്തേത്. അവ പരിഹരിക്കണമെങ്കില്‍ പഠനം വേണം, പ്രൊഫഷണല്‍ സമീപനം വേണം, മാനദണ്ഡങ്ങള്‍ പഴയതാവുകയും അരുത്.