എടാ തമ്പി മൊതൽ സെറ്റ്പ് താ കഷ്ടം ബാക്കിയെല്ലാം കൊഞ്ചം ഈസിയാ താ ഇറുക്ക്, വിട്ടിഡാത്ങ്കേ എപ്പടിയാവത് പുടിച്ച് വന്തിട് - ആദ്യ ചിത്രം കോമാളിക്ക് മികച്ച നവാഗത സംവിധായകനുള്ള സൈമ പുരസ്കരം ഏറ്റുവാങ്ങുമ്പോൾ തനിക്ക് പിന്നിലായി ഇനി സിനിമ സ്വപ്നം കണ്ട് കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരോട് പ്രദീപ് രംഗനാഥൻ എന്ന ഡയറക്ടർ പറഞ്ഞു വയ്ക്കുന്നത് ഇത്രമാത്രമാണ്. മൂന്ന് സിനിമകൾ. വെറും മൂന്ന് സിനിമകൾ. സംവിധായകനായും നടനായും അയാൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ആ മൂന്ന് സിനിമകളാണ് സ്റ്റാർഡത്തിന്റെ പീക്കിലേക്ക് അയാളെ ഇന്ന് കയ്യിപിടിച്ചുയർത്തിയിരിക്കുന്നത്.
ബോയ് നെക്സ്റ്റ് ഡോർ എന്ന ഇമേജ് എല്ലാകാലത്തും വലിയൊരു പ്രേക്ഷക സമൂഹത്തെ തന്നിലേക്ക് അടുപ്പിച്ച് നിർത്താൻ നടന്മാരെ വല്ലാണ്ട് സഹായിക്കുന്നൊരു ടാഗ് ആണ്. 2002 ൽ ആദ്യമായി തുള്ളുവതോ ഇളമെയ് എന്നൊരു സെൽവരാഘവൻ ചിത്രത്തിലൂടെ മെലിഞ്ഞ് കൊലുന്നനെയുള്ളൊരു പയ്യൻ നായകനായി അരങ്ങേറിയ സമയം നീയാണോ ഒരു നായകൻ എന്ന് പരിഹസിച്ചൊരു സമൂഹമുണ്ടായിരുന്നു ഇവിടെ. ഇന്ന് ആ പയ്യൻ ഹോളിവുഡ് കടന്ന് ധനുഷ് എന്നൊരു ബ്രാന്റ് ആയി മാറിയിട്ടുണ്ട്. പക്ഷേ ഇന്നും എന്താണ് നിങ്ങളുടെ പ്രത്യേകത എന്ന് ധനുഷിനോട് ചോദിച്ചാൽ വേദിയിൽ കൂടി നിൽക്കുന്ന ആയിരം പേരെ ചൂണ്ടിക്കാണിച്ച് ഞാൻ ആ വേദിയിൽ എവിടെയെങ്കിലും പോയി ഇരുന്നാൽ നിങ്ങൾക്കെന്നെ കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് ധനുഷ് ഉത്തരം പറയും. ധനുഷ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെയും മിഡിൽ ക്ലാസ് ചെറുപ്പക്കാരുടെ ജീവിതവും ഫാന്റസികളും ഒടുവിൽ അവർ നേടുന്ന വിജയവും നിറഞ്ഞതായിരുന്നു. പ്രദീപ് രംഗനാഥനിലേക്ക് വരുമ്പോഴും ഇതേ കോമൺമാൻ ഫാക്ടർ എവിടെയൊക്കെയോ വർക്ക് ആവുന്നത് നമുക്ക് കാണാൻ സാധിക്കും. സിനിമയ്ക്ക് പുറത്ത് പ്രദീപ് പങ്കിടുന്ന വേദികളിലടക്കം അയാൾ അഡ്രസ്സ് ചെയ്യുന്നതും ഇതേ കോമൺമാനെ അല്ലെങ്കിൽ മിഡിൽ ക്ലാസ് ചെറുപ്പക്കാരെയാണ്.
ഒരു എഞ്ചിനീയറിംഗ് ബിരുദധാരി, ഐടി കമ്പനിയിലെ സെക്വർ ജോബ് ക്വിറ്റ് ചെയ്ത് സിനിമ എന്ന പാഷനുമായി അയാൾ തമിഴ് സിനിമയിൽ തന്റെ ആദ്യ പടം തുടങ്ങുമ്പോൾ ഫിലിം സ്കൂളുകളുടെയോ ഗോഡ്ഫാദേഴ്സിന്റെയോ ബലമോ നിഴലോ പ്രദീപിന് പിന്നിലുണ്ടായിരുന്നില്ല. ജോലി സ്ഥലത്തെ അവധി ദിവസങ്ങളിലായി അയാൾ നിർമിച്ചു വച്ച ഷോർട്ട് ഫിലിമുകളായിരുന്നു ബലം. ഇന്റർനെറ്റും യുട്യൂബും അയാളെ സിനിമയുടെ ടെക്നിക്കുകളും അറിയാ വശങ്ങളും പഠിപ്പിച്ചു. ബേസിക് എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, വിഎഫ്എക്സ് തുടങ്ങി തന്റെ ഷോർട്ട് ഫിലിമിലേക്ക് വേണ്ട എല്ലാം തന്നെ സ്വയം ചെയ്തു. ഫ്രെയിം കമ്പോസ് ചെയ്ത് ക്യാമറ ഓണാക്കി വച്ച് ഓടി വന്ന് ഫ്രെയിമിലേക്ക് കയറി അഭിനയിക്കും. തിരികെ ഓടിപ്പോയി ക്യാമറ ഓഫാക്കി ഔട്ട്പുട്ട് നോക്കും. വൺമാൻ ഷോ പോലെ താൻ ചെയ്ത ഷോർട്ട് ഫിലിമുകളുടെ ബലവും അതിനും മേല വരുന്ന അയാളുടെ നിശ്ചയദാർഢ്യവും പ്രദീപിന്റെ ആദ്യ സിനിമയായ കോമാളിയുടെ പ്രതികരണത്തിൽ തന്നെ പ്രതിഫലിച്ചു.
രവി മോഹനെ നായകനാക്കി 2019 ൽ അന്നത്തെ ആ ചെറിയ പയ്യൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് അടിച്ചു. സിനിമയിലെ ആദ്യ ശ്രമം തന്നെ കുറിക്ക് കൊണ്ടു. ആദ്യ ചിത്രത്തിൽ തന്നെ സംവിധാനവും അഭിനയും പ്രദീപ് ഒരുപോലെ പരീക്ഷിച്ച് വിജയിപ്പിച്ചു. പിന്നെയും നീണ്ടു അടുത്ത സിനിമയിലേക്കുള്ള ഇടവേള. രണ്ടാമുഴത്തിൽ തന്റെ പഴയ ഷോർട്ട് ഫിലിം തന്നെ അയാൾ സിനിമയാക്കി. 2022 വെറും 5 കോടി രൂപയ്ക്ക് നിർമിച്ച് പുറത്തെത്തിയ ലവ് ടുഡേ തിയറ്ററിൽ നിന്നും 100 കോടിയിലധികമാണ് കളക്ട് ചെയ്തത്. രണ്ടാം വരവിൽ പ്രദീപ് രംഗനാഥൻ എന്ന സംവിധായകനെയും നടനെയും അയാൾ തമിഴ് സിനിമയിൽ ഒന്നുകൂടി ഉറപ്പിച്ച് നിർത്തി.
ഇപ്പോൾ മൂന്നാമത് ചിത്രം ഡ്രാഗണും അയാളുടെ സ്ക്സസ്സ് റേറ്റ് കീപ് ചെയ്യുകയാണ്. ഓഹ് മൈ കടവുളേ എന്ന ചിത്രത്തിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ തിയറ്ററുകളിൽ 100 കോടിയും കടന്ന് മുന്നേറുകയാണ്. ധനുഷിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായ നിലവ്ക്ക് എൻമേൽ എന്നടി കോവം എന്ന ചിത്രത്തിനൊപ്പം ക്ലാഷ് റിലീസിനെത്തിയിട്ടും ഡ്രാഗണന്റെ വിജയത്തിന് ഇളക്കം തട്ടിയിട്ടില്ല. പകരം ഡ്രാഗണുമായുള്ള ഓട്ടത്തിൽ പിടിച്ചു നിൽക്കാനാകാതെ ധനുഷ് ചിത്രം അൺഡർ പെർഫോമിങ് ചെയ്യുന്ന കാഴ്ചയാണ് ഇത് തമിഴകത്തിന്.
ഒരു കമിംഗ് ഓഫ് ഏജ് കോമഡി ഴോണറിലെത്തിയ ചിത്രം തിയറ്ററുകളെ ഇളക്കി മറിക്കുകയാണ്. എന്താണ് സക്സസ് എന്നതിന് പലപ്പോഴും കൃത്യമായ ഒരു ഡെഫനിഷൻ ഉണ്ടാകാറില്ല. നീതിയോടെ ജീവിക്കുന്നതോ അതോ വിജയങ്ങൾ വെട്ടിപ്പിടിക്കുന്നതോ? പലരും പല തരത്തിലുള്ള മറുപടി പറയുമ്പോൾ ഡ്രാഗണും അതിനൊരു ഉത്തരം പറഞ്ഞു വയ്ക്കുന്നുണ്ട്. മിഡിൽ ക്ലാസ് ചെറുപ്പക്കാരുടെ സ്വപ്നവും അവരുടെ വിജയവും എന്നും സിനിമാസ്വാദകർക്ക് ഒരു ഹരമാണ്. അണ്ടർ ഡോഗ്സിന്റെ ഉയർച്ച തിയറ്ററുകളിൽ തീർക്കുന്നൊരോളം വേറെ തന്നെയാണ്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ വമ്പൻ ചിത്രങ്ങളെപ്പോലും കൈവിട്ട പ്രേക്ഷകർ പ്രദീപ് രംഗനാഥൻ അയാളുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുകയാണ്. എങ്ങനെയാണ് കേവലം മൂന്ന് സിനിമകളിലൂടെ പ്രദീപ് രംഗനാഥൻ അയാളുടെ കരിയറിനെ ഇക്കാണുന്ന തരത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നത്? സൈമ അവാർഡ്സിൽ ബെസ്റ്റ് ഡെബ്യൂ ആക്ടർ അവാർഡ് വാങ്ങി പ്രദീപ് രംഗനാഥൻ നടത്തിയ ഒരു പ്രസംഗം തന്നെ മതിയാവും അതിന് ഉത്തരം പറയാൻ. ലവ് ടുഡേ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യാൻ എന്റെ നിർമാതാവിന് വിശ്വാസം നൽകിയത് കോമാളി എന്ന ചിത്രമാണ്. കോമാളി പ്രൊഡ്യൂസ് ചെയ്യാൻ വിശ്വാസം നൽകിയതോ എന്റെ ഷോർട്ട് ഫിലിംസുകളും. എന്നാൽ ആ ഷോർട്ട് ഫിലിംസ് പ്രൊഡ്യൂസ് ചെയ്തതോ ഞാനും. നമ്മുടെ ജീവിതത്തിന്റെ ഒരോ സ്റ്റേജിലും ആരെങ്കിലും ഒരാൾ നമ്മളെ വിശ്വസിക്കണം. പക്ഷേ ഏറ്റവും ആദ്യം ആ വിശ്വസം നമുക്കുണ്ടാവേണ്ടത് നമ്മുടെ മേലാണ്. അയാൾ അത് പറഞ്ഞു നിർത്തുമ്പോൾ ആത്മവിശ്വസത്തിൽ സ്ഫുരിക്കുന്ന പ്രദീപിന്റെ മുഖം പലനാളായി സിനിമയ്ക്ക് പിന്നാലെ അലയുന്ന അനേകം ചെറുപ്പക്കാർക്കുള്ള വെളിച്ചമാണ്. അചഞ്ചലമായ ആഗ്രഹവും നിരന്തരമായ ശ്രമങ്ങളും നിർത്താതെയുള്ള പ്രയത്നങ്ങളും നിങ്ങളെ ആ വേദിയിൽ എത്തിക്കുമെന്ന ഉറപ്പാണ് അത്.