Filmy Features

മോക്ഷവും മുക്തിയും സിനിമയെന്ന് കരുതിയൊരാള്‍

മലയാളിക്ക് മുന്നില്‍ നരണിപ്പുഴ ഷാനവാസ് എന്ന ചലച്ചിത്രകാരന്റെ മികച്ച സൃഷ്ടികള്‍ വരാനിരിക്കുകയായിരുന്നു. കരിയും സൂഫിയും സുജാതയും അയാളുടെ വരവറിയിക്കലായിരുന്നു. ഷാനവാസിന്റെ ആദ്യ സിനിമ തന്നെ ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു. നവോത്ഥാന കേരളമെന്നത് ചുവരെഴുത്തിലെ പൊള്ളത്തരമായി ചുരുങ്ങുന്ന കാലത്തെ ആധി കൂടിയായിരുന്നു കരി എന്ന സ്വതന്ത്ര സിനിമ. സൈദ്ധാന്തിക കാപട്യങ്ങള്‍ക്കപ്പുറത്തും സമാന്തര സിനിമയ്ക്ക് ഉയിര്‍പ്പുണ്ടാകുമെന്നതിന്റെ ഉറപ്പ് കൂടിയായിരുന്നു തിയറ്ററുകളും ചലച്ചിത്രമേളകളും പുരസ്‌കാര കമ്മിറ്റികളും ഒരുപോലെ ആട്ടിപ്പുറത്താക്കിയ കരി എന്ന ചിത്രം. കേരളീയ സമൂഹത്തിലും മലയാളിയുടെ ഉപബോധത്തില്‍ വാലറ്റും, വേരറ്റും പോകാത്ത ജാതിചിന്തയുടെ ദൃശ്യരേഖ.

കറുത്ത ഹാസ്യത്തിലൂന്നി ചിരി ചിന്തയാക്കുന്ന അവതരണവും, പാത്രസൃഷ്ടിയിലും പ്രകടനങ്ങളിലും നിലനിര്‍ത്തിയ സ്വാഭാവികതയും കരിയെ മികച്ച അനുഭവമാക്കുന്നു. പല അടരുകളിലായി ഉള്‍ച്ചേര്‍ത്ത സൂക്ഷ്മരാഷ്ട്രീയത്തിന്റെ കരുത്തും കരിക്കുണ്ടായിരുന്നു. പരിമിതമായ ബജറ്റും സാങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ച് ഒരു ചലച്ചിത്രകാരന് അതില്‍ എത്രമാത്രം സാധ്യത കണ്ടെത്താനാകുമെന്നതിന്റെ ഉദാഹരണവുമായിരുന്നു കരി. വ്യക്തിപരമായ മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായാണ് ഞാന്‍ കരിയെ കാണുന്നത്. കരിക്ക് ശേഷം കൂടുതല്‍ പ്രേക്ഷകരിലേക്ക്, തിയറ്ററുകളിലേക്ക് കാഴ്ച സാധ്യമാക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ഷാനവാസ് ഒരുക്കിയത്. റൂഹ് എന്നായിരുന്നു ഷാനവാസ് ആ സിനിമക്ക് ആദ്യം നല്‍കിയിരുന്ന പേര്. റൂഹ് സൂഫിയും സുജാതയും എന്ന സിനിമയായി പൂര്‍ത്തിയാക്കാനും ഷാനവാസിന് നാല് വര്‍ഷത്തിലേറെ വേണ്ടി വന്നു.

റൂഹില്‍ നിന്ന് പുറത്തുകടക്കാതെ മറ്റൊരു സിനിമയോ കഥയോ ആലോചിക്കാനാകാത്ത വിധം അബൂബിലും സൂഫിയിലും സുജാതയിലും ജിന്ന് പള്ളിയിലും മൈലാഞ്ചിക്കാടുകളിലെ ഖബറിടത്തിലുമായി കുരുങ്ങിനില്‍ക്കുന്നൊരു ഷാനവാസിനെ ഓര്‍ക്കുന്നു. ജാതിയും മതവും നിറവും ദേശവും വിശ്വാസവും വിശ്വാസ തീവ്രതയും സൂഫിസവും വിദ്വേഷവുമൊക്കെ പല നിലങ്ങളിലാക്കിയ മനുഷ്യരെക്കുറിച്ചുള്ള ആധികളായിരുന്നു ഷാനവാസിന്റെ സിനിമകള്‍. അത്തരം സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കാനും ആ കലഹങ്ങളിലെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താനുമാണ് ഷാനവാസ് ശ്രമിച്ചത്. ഹൃദയം കൊണ്ട് സംവദിക്കുന്ന സിനിമകളുമായി ചലച്ചിത്രമെന്ന മാധ്യമത്തില്‍ നടപ്പാക്കാനാകുന്ന പരീക്ഷണങ്ങളെക്കുറിച്ചാണ് അയാള്‍ നിരന്തരം ആലോചിച്ചിരുന്നത്.

ചേര്‍ത്തലയില്‍ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട വാഹനത്തില്‍ നിന്നാണ് ഷാനവാസിന്റെ ആദ്യ പടം കരി തുടങ്ങുന്നത്. ദിനേശന്റെ വീട് തേടിയാണ് ചേര്‍ത്തലക്കാരനായ ഗോപു കേശവമേനോന്റെയും തൃശൂരുകാരന്‍ ബിലാലിന്റെയും വരവ്. ഗോപുവിന്റെ ഗള്‍ഫിലെ സ്ഥാപനത്തിലെ ജോലിക്കാരനാണ് ദിനേശന്‍.
താല്‍ക്കാലിക വിസയില്‍ ഗള്‍ഫിലുള്ള ദിനേശന് ജോലി സ്ഥിരപ്പെടുന്നതിനായി വീട്ടുകാര്‍ കരിങ്കാളി വഴിപാട് നടത്തുന്നുണ്ട്. ആ വഴിപാടിനുള്ള പണവുമായാണ് തൊഴിലുടമയും കൂട്ടുകാരനുമെത്തുന്നത്. കരിങ്കാളി വഴിപാട് മുടങ്ങുമ്പോള്‍ അത് ഏറ്റെടുത്ത് നടത്താനുള്ള ബാധ്യത ഇവരുടേതാകുന്നു.

അവര്‍ണ്ണര്‍ക്ക് പ്രവേശനം സാധ്യമായതിന് ശേഷവും ക്ഷേത്രാനുഷ്ഠാനങ്ങളില്‍ കീഴ്ജാതിക്കാര്‍ പുറത്താണ്. പൂരക്കാലത്തെ തെയ്യങ്ങളും നടയിലാട്ടുമെല്ലാം കീഴാളരുടേതാണ്. പക്ഷേ എല്ലാം ക്ഷേത്രമതിലിന് പുറത്താണ്. മലബാറിലെ കരിങ്കാളി കീഴ്ജാതിക്കാരന്‍ കെട്ടുന്ന കോലമാണ്. മതില്‍ക്കെട്ടിന് പുറത്ത് തുള്ളിത്തീര്‍ക്കേണ്ട ദൈവരൂപം. നടപ്പുകാലത്തും സമൂഹം തൊട്ടുകൂടാത്തവരാക്കി നിര്‍ത്തുന്നവരുടെ പ്രതിരോധവും പ്രതിഷേധവുമായി കരിയുടെ കറുപ്പ്. നിസ്സഹായതയില്‍ കരിങ്കാളിയായി ഉറഞ്ഞുതുള്ളി കരിഞ്ഞടങ്ങാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ.

ദിനേശന്റെ വീട്ടിലേക്കുള്ള വഴിയന്വേഷണം ജാതിവിത്തുകള്‍ വില്‍പ്പനയ്ക്ക് എന്ന പോസ്റ്റര്‍ ഒട്ടിക്കുന്ന ആളിലാണ് തുടങ്ങുന്നത്. ജാതി വിത്തുകള്‍ വ്യാപകമായി വില്‍ക്കുകയും, രാഷ്ട്രീയ വിളവെടുപ്പും മുതലെടുപ്പും നടത്തുകയും ചെയ്യുന്നിടത്തേക്ക് വഴിചൂണ്ടിയാണ് തുടര്‍ന്നങ്ങോട്ട് കരി കനലായ് കത്തുന്നത്. ലളിതവും സരളവുമായ അവതരണത്തിന്റെ ആസ്വാദനവുമായിരുന്നു കരി. ഇത്രമേല്‍ വിശ്വസനീയവും സ്വാഭാവികമായ കഥാപാത്രസൃഷ്ടിയും പരിചരണവും ആ സമയത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ലായിരുന്നു.

കേരളത്തിന്റെ സാമൂഹ്യഘടനയിലും മനോഘടനയിലുമുള്ള ജാതിരാഷ്ട്രീയത്തിന്റെ ആഴമേറിയ വായനയായിരുന്നു ഷാനവാസ് നരണിപ്പുഴയുടെ കരി. ക്ഷേത്രമതിലിന് പുറത്തായ കരിങ്കാളിയും,സമൂഹത്തില്‍ താഴ്ത്തപ്പെടുന്ന കീഴാളരും കരിയില്‍ ഒന്ന് തന്നെയാണ്. ജാതീയമായ അസഹിഷ്ണുതയുടെ സംഘടിത കേന്ദ്രങ്ങളായി പൊതുമണ്ഡലവും,തൊഴിലിടവും,സൗഹൃദവും,രാഷ്ട്രീയവുമെല്ലാം മാറുന്നതിലെ ആശങ്ക സിനിമയില്‍ കാണാം. ജാതീയ വേര്‍തിരിവിനെ മനുഷ്യപക്ഷത്ത് നിന്ന് സമീപിക്കാനാണ് സംവിധായകന്‍.

കലയ്ക്ക് വേണ്ടിയല്ല പണത്തിനായി വേണമെങ്കില്‍ കരിങ്കാളി കെട്ടാമെന്ന് സമ്മതിക്കുകയാണ് അയ്യപ്പന്‍. സവര്‍ണ്ണബോധവും മുതലാളിത്തമനസ്സുമായി നീങ്ങുന്ന ഗോപു കേശവന്‍ ഗത്യന്തരമില്ലാതെ അയ്യപ്പന് പിന്നാലെ കൂടുന്നു. ഭക്ഷണത്തിനും തൊഴിലിനും വിശ്വാസത്തിനും മതിലുയര്‍ത്തുന്ന ജാതീയത ലഹരിക്ക് മുന്നില്‍ ഒരുമപ്പെടുന്നതിനെ കരി തുറന്നുകാട്ടുന്നുണ്ട്. അയ്യപ്പന്റെ കീഴാളബോധവും നിസ്സഹായതയും പ്രതിരോധവും പ്രതിഷേധവുമെല്ലാം പൊട്ടിപ്പുറപ്പെടുന്നത് ലഹരിമൂര്‍ച്ഛയിലാണ്. മസ്ദൂരെന്ന് പറയുമ്പോ ലൈന്‍മാനുമല്ല തെങ്ങേറ്റക്കാരനുമല്ല കരിങ്കാളിയുമല്ല,മനുഷ്യനാണെന്ന് തോന്നും, ഒരു പടപ്പ് ഗോപുവിനും ബിലാലിനും മുന്നിലെ അയ്യപ്പനിലെ നിസ്സഹായനായ മനുഷ്യന്‍ വെളിപ്പെടുന്നത് ഇങ്ങനെയാണ്. കീഴാളന്റെ കല ഉപരിവര്‍ഗ്ഗത്തിന് ആസ്വാദന ഉരുപ്പടി മാത്രമാകുന്നതിനെയും അയാള്‍ ചോദ്യം ചെയ്യുന്നു.

മലപ്പുറത്താണ് കഥാപ്രദേശമെങ്കിലും ആലപ്പുഴയെയും പാലക്കാടിനെയും തൃശൂരിനെയും പരാമര്‍ശിച്ച് ജാതിവിളയുന്ന കേരളത്തിലുടനീളം സഞ്ചരിക്കുന്നുണ്ട് സിനിമ. ജാതീയത എത് നിമിഷവും തല പൊക്കി വിഷം തീണ്ടുന്ന ഇടമാണ് കേരളമെന്നതിന്റെ വിശദീകരണമാകുന്ന നിരവധി രംഗങ്ങളും കരിയിലുണ്ട്. ഉടലിന്റെ നിറം പ്രണയത്തെയും ജീവിതത്തെയും പരിമിതപ്പെടുന്നതിലെ നിസ്സഹായതയും നിലവിളിയും കരിങ്കാളിയുടെ ഉറഞ്ഞുതുള്ളലിലുണ്ട്. കരിയുടെ വലിയ ചിരി കണ്ണീരായി മാറുന്നത് അതുകൊണ്ടാണ്. നീ വെളുത്തത് കൊണ്ടല്ലേ നമ്മള്‍ രണ്ടിടത്തായത് എന്ന് കാമുകിയോട് അയ്യപ്പന്‍ പറയുന്നിടത്തും മകന്‍ തടിച്ചില്ലെങ്കിലും വെളുത്താല്‍ മതിയെന്ന അമ്മയുടെ ആഗ്രഹത്തിലും ചിരിക്കപ്പുറത്തുള്ള നോവും, നിസ്സഹായതയുമുണ്ട്.

നാഗരിക ആകുലതകളും, ഉപരിപ്ലവ രാഷ്ട്രീയവും ആവര്‍ത്തിക്കുന്ന സിനിമകളും കേവലനന്മയിലൂന്നിയ സന്ദേശകാവ്യങ്ങളും വാഴുന്ന സിനിമാപരിസരം യാഥാര്‍ത്ഥ്യബോധവും മൗലികതയുമുള്ള കരിയെ സ്വീകരിച്ചിരുന്നില്ല. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പുറത്തായിരുന്നു കരി. ഉത്തമമെന്നും അധമമെന്നും നിറംകെട്ടിത്തിരിച്ച് കരിങ്കാളിയെ ക്ഷേത്രത്തിന് പുറത്താക്കുന്ന ആചാരപ്പഴമ പോലെയാണ് ചലച്ചിത്രോത്സവം കാലികമൂര്‍ച്ചയും മൗലികതയുടെ തീവ്രതയുമുള്ള ഈ ചിത്രത്തിനും പടിയടച്ചത്. ജാതീയമായി വേര്‍തിരിവില്‍ നിന്നും ഭരണകൂടത്തിന്റെ ഭീഷണിയില്‍ നിന്നും അയ്യപ്പന്‍ കുതറി രക്ഷപ്പെടുന്നത് നാട്ടില്‍ നിന്ന് കാട്ടിലേക്കാണ്. പണ്ടെങ്ങോ പുഴയായിരുന്ന മണല്‍പ്പരപ്പില്‍ നിന്നാണ് അയാള്‍ തൊട്ടുമുമ്പ് സ്വത്വം വീണ്ടെടുക്കുന്നത്.


റൂഹ് എന്ന തിരക്കഥയില്‍ നിന്ന് സൂഫിയും സുജാതയും എന്ന സിനിമയിലെത്തിയപ്പോള്‍ ആ സൃഷ്ടിയോട് വിയോജിപ്പുകളുണ്ടായിരുന്നു. ആ വിയോജിപ്പുകളെ മറന്ന് കാണാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ സൂഫിയിലുണ്ടായിരുന്നു. മിണ്ടാതെ മിണ്ടിക്കൊണ്ടേയിരിക്കുന്ന സുജാതയും സൂഫിയുടെ പ്രണയവും ആത്മീയതയും നിറയുന്ന വാങ്കില്‍, മൈലാഞ്ചിക്കാട്ടിലെ ഖബറില്‍, ജിന്നുപള്ളിയുടെ ചുറ്റുപാടില്‍ മനുഷ്യര്‍ക്ക് മാത്രമായുള്ള ലോകത്തെക്കുറിച്ച് ദൃശ്യാത്മകമായി വാചാലമാകുന്നുണ്ടായിരുന്നു സൂഫിയും സുജാതയും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT