Filmy Features

മുരളി; കലയോളം കലഹിച്ചൊരാൾ

"സിനിമാഭിനയത്തിന് ഒരു കാര്യമേയുള്ളൂ, റിയലിസം, ബിഹേവിയർ. അത്രമാത്രം ശ്രദ്ധയോടെ ഒരു കഥാപാത്രം ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ട്.. അത് ഞാൻ ഇതുവരെ ചെയ്തിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്". മരണം വരെയും മുരളി എന്ന അഭിനേതാവ് വിശ്വസിച്ചു പോന്നിരുന്നത് അങ്ങനെത്തന്നെയാണ്. അദ്ദേഹം ആഗ്രഹിച്ചിരുന്നിന്നത്ര ശ്രദ്ധ ചെലുത്തി ഒരു കഥാപാത്രം ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന്. അത് കൂടുതൽ നന്നാക്കാനുള്ള ഒരു കലാകാരന്റെ അഭിവാഞ്ഛയാകാനേ വഴിയുള്ളൂ. ഒരു ഡികെ ആന്റണിയും, ജോണിയും, ചന്ദ്രദാസും, ഗോപിനാഥൻ നായരും, എസ്‌തപ്പാനാശാനും, ബാപ്പൂട്ടിയും, കൊച്ചു രാമനും നമുക്ക് മുന്നില്ലുള്ളപ്പോൾ മുരളി ചെയ്ത് വച്ചതിലും കൂടുതലായി എന്തെങ്കിലും ലഭിച്ചാൽ അത് ബോണസാണ്. നായകനായും, വില്ലനായും, സ്വഭാവനടനായും മുരളി അനശ്വരരാക്കിയ മനുഷ്യർ ഇന്നും തിരശീലയിൽ ജീവിക്കുന്നു. നാടകങ്ങളിലും, സിനിമയിലും, സാഹിത്യത്തിലും തുടങ്ങി മുരളി തന്റെ മനുഷ്യായുസ്സിൽ നൽകിയ സംഭാവനകൾ ചെറുതല്ല. മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ നിന്ന് അവരോളം ഓറയിൽ മത്സരിച്ച് അഭിനയിക്കാൻ അന്ന് മുരളിയുണ്ടായിരുന്നു. ഏത് പാത്രത്തിലൊഴിച്ചാലും, ആ പാത്രത്തിന്റെ ആകാരത്തിലേക്കും, ഭാവത്തിലേക്കും ഒഴുകിയൊതുങ്ങുന്ന ദി ഹോളി ആക്റ്റർ.

MURALI IN NJATTADI

ഭരത് ഗോപിയുടെ ആദ്യ സംവിധാന ചിത്രം ഞാറ്റടിയിലൂടെയാണ് മുരളി സിനിമാഭിനയം തുടങ്ങിയത്. എന്നാൽ ആ ചിത്രം പുറത്തിറങ്ങുകയുണ്ടായില്ല. സിനിമ തനിക്കുള്ളതല്ല എന്ന തോന്നലിൽ മടങ്ങി പോയ മുരളിയെ തിരശീലയിലേക്ക് മടക്കി വിളിച്ചതും ഭരത് ഗോപി തന്നെ. ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ മീനമാസത്തിലെ സൂര്യനിലൂടെ മുരളിയുടെ രണ്ടാം വരവ്. പഞ്ചാഗ്നിയിലെ രാജൻ വഴിത്തിരിവായി. അഭിനയത്തോടായിരുന്നു മുരളിക്ക് ഹരമെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും സാക്ഷ്യം പറയുന്നുണ്ട്. അഭിനയസാധ്യതകൾ ഉണ്ടെന്നറിഞ്ഞാൽ ഏത് കഥാപാത്രമായാലും, എത്ര ചെറിയ വേഷമാണെങ്കിലും മുരളി വരുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. രണ്ടാമതൊന്ന് കാണാൻ രണ്ടാമതൊന്ന് ചിന്തിക്കുന്ന ആകാശദൂതിൽ മുരളി ജോണി ആയെത്തുമ്പോൾ, ദശരഥത്തിൽ ചന്ദ്രദാസ് ആകുമ്പോൾ, കമലദളത്തിൽ കഥകളിയധ്യാപകൻ മാധവനുണ്ണിയാകുമ്പോഴും എല്ലാം ആ നടൻ വരുമെന്ന വിശ്വാസം സംവിധായകൻ സിബി മലയിലിന് ഉണ്ടായിരുന്നു. സിബി മലയിലിന്റെയും ലോഹിതദാസിന്റെയും സിനിമകളിൽ ഒരു കഥാപാത്രമെന്നത് മുരളിയുടെ അവകാശം ആയി മാറി.

AADHARAM 141TH DAY POSTER

ആധാരം മുതൽ തുടങ്ങിയ ലോഹിതദാസ് മുരളി കൂട്ടുകെട്ട് ഇങ്ങോളം തുടർന്ന് പോന്നു. ആ ആത്മബന്ധത്തിന്റെ ബലമെന്നോണം ലോഹിതദാസിന്റെ എഴുത്തിൽ മുരളി വരുമ്പോഴെല്ലാം പ്രേക്ഷകർക്ക് ലഭിച്ചത് അമൂല്യങ്ങളായ പ്രകടനങ്ങളാണ്. ആനിയുടെ പങ്കാളിയായ ചന്ദ്രദാസ് നൂൽപ്പാലത്തിൽ നടക്കുംവണ്ണം സങ്കീർണ്ണമാണ്. പ്രേക്ഷകർ രാജീവ് മേനോനും ആനിയ്ക്കും ഇടയിൽ കുടുങ്ങി നിൽക്കുമ്പോൾ ഒരറ്റത്ത് നിസ്സഹായനായി നിൽക്കുന്ന ചന്ദ്രദാസ് അർഹിക്കും വിധം ചർച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. മറ്റൊന്ന് കാരുണ്യത്തിലെ ഗോപിനാഥൻ നായരാണ്. നിന്റെയമ്മ എവിടെ പോയി ചത്ത് കിടക്കുകയാണ് എന്ന് ഉച്ഛരിച്ചത് പൂർത്തിയാകും മുൻപ് കരയുന്ന മകനെ കാണുമ്പോൾ അയാളുടെ കൈ വിട്ട് പോകുന്നുണ്ട്. അയാൾക്ക് തങ്ങളെ ഇട്ടിട്ട് പോയ ഭാര്യയോട് ദേഷ്യമാണ് എന്നാണ് അയാൾ പറയുന്നത്. അധികമാകാതെയും, കുറഞ്ഞ് പോകാതെയും മുരളിയും ജയറാമും ആ ഫ്രയ്മിൽ അച്ഛനും മകനുമായി ജീവിക്കുന്നുണ്ട്. അയാളുടെ തൊണ്ടയിടറുന്നതും, കൈകൾ വിറയ്ക്കുന്നതും വരെ വേദനാജനകമാണ്.

ലോകം ആവശ്യപ്പെട്ട ആകാരഭംഗിയിലോ, ശബ്ദത്തിലോ ഒതുങ്ങുന്നതായിരുന്നോ മുരളി എന്നത് അറിഞ്ഞുകൂടാ, പക്ഷെ ആ മനുഷ്യന് ഒരു ചാം ഉണ്ടയിരുന്നു എന്നത് തീർച്ച. ഗ്രാമഫോണിലെ എന്തെ ഇന്നും വന്നീലാ എന്ന പാട്ടിന്റെ വിഷ്വൽ മാത്രം എടുത്തു നോക്കൂ. അങ്ങനെയൊരു ഗായകൻ ഉണ്ടായിരുന്നുവെന്നും, അയാളുടെ കഥ ആ പറയുന്നതിൽ നിന്നെല്ലാം മാറി മറ്റൊരു കഥ അയാൾക്കും സാറക്കും ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ മാത്രം അയാളുടെ പ്രസൻസ് ഉണ്ട്. മഞ്ചാടിക്കുരുവിലെ സന്യാസി മാമനും, വിനോദയാത്രയിലെ അച്ഛനും, നീയെത്ര ധന്യയിലെ ഹാഫിസും മുരളി എന്ന മനുഷ്യന്റെ ചാം നഷ്ടപ്പെടുത്താതെ കൊത്തിയെടുത്ത കഥാപാത്രങ്ങളാണ്. യാത്രയുടെ അന്ത്യത്തിലെ വികെവി ആ ഭാവത്തിന്റെ പാരമ്യമാണ്. മോണോലോഗ് പോലെ തുടങ്ങുന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ഠപ്പ് എന്ന് പറഞ്ഞ് കൈപിടിച്ച് കയറ്റുന്നത് ആ കരകര ശബ്ദത്തിലൂന്നിയ ധ്വനിയാണ്. വളരെ മൊണോടണസ് ആകാവുന്ന ആ നീണ്ട കാർ യാത്രയെ കൗതുകം ജനിപ്പിക്കുന്ന ഒന്നാക്കി തീർക്കുന്നത് ആ ശബ്ദമാണ്.

എന്നാൽ വില്ലനായി വന്നാൽ ഈ പറയുന്നതൊന്നും ബാധകമല്ലാത്ത അയാളെ വെറുക്കുകയും ചെയ്യും. ഏത് നായകനടന് മുൻപിലും അടിപതറാതെയും, ശബ്ദം താഴ്ത്താതെയും ഒരെതിരിയായി നിൽക്കാൻ ആ നടന് അനായാസം സാധിക്കുമായിരുന്നു. മറ്റ് വിശേഷണങ്ങളൊന്നുമില്ലാതെ വെറുതെ വന്ന് നിന്ന് ഡയലോഗ് പറഞ്ഞാൽ വരെ അയാൾക്ക് വില്ലനാകാം. പ്രോസ്തെറ്റിക്സോ, മേക്കപ്പോ, വേണ്ട ആ ശബ്ദത്തിലും, പറയുന്നതിന്റെ താളത്തിലും വരെ അത് വാർത്ത് വയ്ക്കാൻ അദ്ദേഹത്തിനാകുമായിരുന്നു. ദി കിങിൽ ശോഭ ചൊരിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയ്ക്കും മറ്റ് അഭിനേതാക്കൾക്കും മുന്നിലേക്ക്, ഉയർന്നു വരുന്ന ഒരു ചിരിയായി സിഎം ഓഫീസിലേക്ക് കയറി വരുന്ന ജയകൃഷ്ണൻ ഉദാഹരണം. ശബ്ദത്തിലും ശരീരഭാഷയിലും ഡയലോഗിന്റെ ത്രോയിലുമാണ് അഹന്തയും വെല്ലുവിളിയും അയാൾ കൊണ്ട് നടക്കുന്നത്. 'ഞാനും മുരളിയും അഭിനയിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണൽ ലോക്കുണ്ട് ഞങ്ങൾ തമ്മിൽ, സുഹൃത്തുക്കളായാലും ശരി, ശത്രുക്കളായാലും ശരി'. പറഞ്ഞത് മമ്മൂട്ടി. അച്ചൂട്ടിയും കൊച്ചു രാമനും. കൊച്ചു രാമൻ തന്റെ എല്ലാമെന്ന് വിശ്വസിക്കുന്ന മകനെ നഷ്ടപ്പെട്ടുവെന്ന തോന്നലിൽ, നഷ്ടപ്പെടുത്തിയത് അച്ചൂട്ടിയാണ് എന്ന തെറ്റിദ്ധാരണയിൽ അയാളോട് മല്ലിടുന്നുണ്ട്. പക്ഷെ സത്യം തിരിച്ചറിയുന്ന പക്ഷം കുറ്റബോധവും പാപഭാരവും പേറി അയാൾ അച്ചൂട്ടിയെന്ന് നീട്ടി വിളിക്കുന്നത് തൊണ്ടയിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് തോന്നും. മകനെ തിരിച്ചു കിട്ടിയ അച്ഛന്റെ നിർവൃതി ഒരു നിമിഷത്തിന്റെ ഏറ്റവും ചെറിയൊരു അംശത്തിൽ അത് കുറ്റബോധത്തിലേക്ക് മാറുന്നു.

ലാലിനോടൊപ്പം തലപ്പൊക്കത്തിൽ അഭിനയിക്കാനുള്ള ആളെന്ന നിലയിലാണ് മുരളിയെ ധനത്തിലെ അബു എന്ന കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നത് എന്ന് സിബി മലയിൽ എടുത്ത് പറയുന്നുണ്ട്. നിമി നേരം കൊണ്ട് കഥാപാത്രമായി മാറി, ഷോട്ട് കഴിയുന്ന പക്ഷം തിരിച്ച് മുരളിയാകുന്ന ട്രാൻസിനെ പറ്റി പറയുന്നത് ദിവ്യ ഉണ്ണിയാണ്. അഭിനയത്തിന്റെ രസതന്ത്രം എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയ മുരളി അതൊന്നും പ്രാവർത്തകമാക്കിയിട്ടില്ലെന്നാണ് സ്വയം അവകാശപ്പെടുന്നത്. ദിവ്യ ഉണ്ണി ഓർത്തെടുത്ത ആ അനുഭവത്തെ, അതോട് ചേർന്ന് നിൽക്കുന്ന പോലെ മുരളി എഴുതിയത് 'അഭിനയത്തിന്റെ രസതന്ത്രം' എന്ന പുസ്തകത്തിൽ 'മഴ' എന്ന നാടകത്തിന്റെ ആദ്യ പെർഫോമൻസ് ഓർമ്മയെഴുതുമ്പോഴാണ്.

''നാടകം തുടങ്ങി മൂന്ന് നാല് മിനുറ്റ് കഴിഞ്ഞപ്പോഴേക്ക് ഞാൻ എന്നെത്തന്നെ മറന്നു തുടങ്ങി എന്നാണ് ഓർമ്മ. നാടകത്തിന്റെ ലക്ഷണരേഖകൾ പറയുന്നു, നടൻ സ്വയം മറക്കാറില്ലെന്ന്. പൂർണ്ണമായും സ്വന്തം ബോധമണ്ഡലത്തിലാണെന്ന് പറയുമോ? പറ്റില്ല. പൂർവ്വനിശ്ചിതങ്ങളായ ചില മുഹൂർത്തങ്ങളിലൊഴികെ തന്റെ വ്യക്തിസത്തയെ നടൻ കുറെയൊക്കെ മറന്നു പോകുന്നു എന്നാണ് എന്റെ അനുഭവം. നാടകത്തിന്റെ പ്രവൃത്തിയെ ചിട്ടയിൽ അടുക്കിയിരിക്കുന്ന നടന്റെ ഉപബോധമനസ്സാണ് പ്രവൃത്തിക്കുന്നത്."

അതേ പുസ്തകത്തിൽ ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ റിഹേഴ്‌സൽ സമയത്തൊന്നും തന്നെ വരാതിരുന്ന കരച്ചിൽ, ആ നേരം താൻ പോലും അറിയാതെ വന്നതിനെ പറ്റിയും എഴുതുന്നുണ്ട്. സിനിമാഭിനയത്തെ പറ്റിയും നാടകാഭിനയത്തെ പറ്റിയും കൃത്യമായ വ്യതാസങ്ങളോടെയും അതിന്റെ ശാസ്ത്ര തലങ്ങളെ പറ്റി പഠിച്ചു, എഴുതി. സ്വയമേ ഒരു പാഠപുസ്തകമായി. പക്ഷെ ആദ്യമേ പറഞ്ഞ പോലെ മരണം വരെയും ഇനിയും താൻ ആഗ്രഹിക്കുന്ന പോലെ അഭിനയിക്കാൻ സാധിച്ചില്ലെന്ന് വിശ്വസിച്ചു. അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും അതിലുമെത്രയോ വിലപിടിപ്പുള്ള പ്രേക്ഷകപ്രശംസകളും നേടിയ ഒരാളാണ്.

തന്റെ പ്രായവുമായി യാതൊരു ബന്ധവുമില്ലാത്ത, തന്റെ ദേശവുമായി ഒരു ബന്ധവുമില്ലാത്ത അപ്പു മേസ്ത്രിയായി മുരളി പരിണമിച്ചപ്പോൾ അദ്ദേഹത്തെ തേടിയെത്തിയത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണ്. അപ്പു മേസ്ത്രിയുടെ കൂനിക്കൂടിയുള്ള ഇരിപ്പും, വിറയ്ക്കുന്ന കൈവിരലുകളും, വിചാരിക്കുന്ന വേഗത്തിൽ നീങ്ങാത്ത ശരീരവും, തൊണ്ടയിൽ നിന്നും പുറത്ത് വരാൻ മടിക്കുന്ന ശബ്ദവും മുരളി അത് വരേയ്ക്കും ചെയ്ത ആരെ പോലെയും ആയിരുന്നില്ല. ആക്ടിങ് ഈസ് ബിഹേവിങ് എന്ന തന്റെ തത്വം ജീവിക്കുന്ന പോലെ.

സിനിമയിലെത്തിയില്ലെങ്കിൽ മുരളി സാഹിത്യകാരനാകുമായിരുന്നു എന്നെഴുതിയത് കെആർ മീരയാണ്. അഭിനയത്തിന്റെ രസതന്ത്രം, അഭിനേതാവും ആശാൻകവിതയും, മുരളി മുതൽ മുരളി വരെ, അരങ്ങേറ്റം, വ്യാഴപ്പൊരുൾ എന്നീ അഞ്ചു പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കവിതകൾ മനഃപാഠമാക്കുക സന്ദർഭോചിതമായി അവ ചൊല്ലുക. സാഹിത്യത്തോട് അത്രമാത്രം ചേർന്ന് പോയിരുന്ന ഒരാളായിരുന്നു അദ്ദേഹം. നാടകങ്ങളാകട്ടെ എല്ലാ കാലത്തും കൊണ്ട് നടന്നു.

സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായിരിക്കെ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള- തുടങ്ങി വച്ചു. കഴിഞ്ഞ വർഷം വരെയും ITFOK തുടർന്ന് പോന്നിരുന്നു. ഒരു സിനിമാസംവിധാനം എന്ന മോഹം ബാക്കിയാക്കിയാണ് മുരളി അസ്തമിച്ചത്. ജോൺ പോൾ പറഞ്ഞത് ഏറ്റെടുത്താൽ, അഭിനയം മുരളിക്ക് ആരാധനയായിരുന്നു, നാടകം മുരളിക്കൊരു മതമായിരുന്നു, കലാപരമായ പ്രകാശനം എന്ന് പറയുന്നത് മുരളിക്ക് ജീവിതം തന്നെയായിരുന്നു. അതിനപ്പുറം ഒരു വരിയെഴുതാനില്ല. മുരളി സ്വയമേ ഒരു കലയായിരുന്നു.

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

SCROLL FOR NEXT