പത്മരാജൻ എവിടെയും പോയിട്ടില്ല

പത്മരാജൻ എവിടെയും പോയിട്ടില്ല
Published on

പത്മരാജൻ കഥകളുടെ ഉറവിടങ്ങൾ തേടിപ്പോയിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം. കണ്ണ് തുറന്ന് കടലിനടിയിൽ കൂടെ നീന്താൻ കഴിയുമെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ആ അനുഭൂതിയെന്തെന്ന് അറിയാൻ സാധിക്കും. 'ഉദകപ്പോള' തൂവാനത്തുമ്പികളായത് എങ്ങനെയെന്ന് അറിയാമോ? , 'അവർ അപ്പോഴും' ദേശാടനക്കിളി കരയാറില്ല ആയത്, കോവളത്ത് മുങ്ങി മരിച്ച ഒരു ചെറുപ്പക്കാരനും കൂട്ടുകാരും കൊണ്ട് കൊടുത്ത വേദനയിൽ നിന്ന് മൂന്നാം പക്കം ഉറപൊട്ടി വന്നത്..? കള്ളൻ പവിത്രനിലും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലും എല്ലാം പത്മരാജൻ കണ്ട മനുഷ്യരുണ്ട്. ആലങ്കാരികതയ്ക്ക് വേണ്ടി പറയുന്നതല്ല, സത്യത്തിൽ പത്മരാജൻ കൃതികളുടെയും, സിനിമകളുടെയും അമരത്വത്തിന് കാരണം അവ ജീവിതഗന്ധിയാണ് എന്നതാണ്. എവിടെയൊക്കെയോ, എപ്പോഴൊക്കെയോ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കഥകളെയാണ് ആ കാഥികൻ കഥകളാക്കിയത്. ഏച്ചു കെട്ടലുകളുണ്ടാകും തീർച്ച, പക്ഷേ സത്യത്തിന്റെ ഒരംശം ചേരുമ്പോൾ അതിന്റെ മണം മാറും. കഥയ്ക്ക് ജീവൻ വയ്ക്കും.

എങ്ങനെ കഥ പറയും? എന്തിന് കഥ പറയും? എത്ര ഭംഗിയിൽ വായനക്കാരോടും പ്രേക്ഷരോടും സംവദിക്കും? പത്മരാജൻ എന്ന മാസ്റ്റർ സ്റ്റോറി ടെല്ലർ ചലച്ചിത്രകാരനാകുമ്പോഴും കഥാകൃത്താകുമ്പോഴും നോവലിസ്റ്റാകുമ്പോഴും ആ കലാരൂപത്തിന്റെ ശൈലിയിലേക്ക് രൂപാന്തരപ്പെടും, എന്നിട്ടും അവിടെ തന്റേതായ ശൈലി കണ്ടെത്തും. 'താമരയുടെ രാജാവെന്ന പേരോ' എന്നതിൽ തുടങ്ങി 'ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക' എന്നതിൽ അവസാനിക്കുന്ന ലോല നോക്കൂ. സ്വത്വം അറിയാതെ ഉത്തരങ്ങൾ നൽകാതെ നിലനിൽക്കുന്ന ഇന്നലെയിലെ മായയെ നോക്കൂ. മായ എന്ന പേരിൽ തന്നെ എല്ലാമുണ്ട്. പത്മരാജനിലെ ചെറുകഥാകൃത്തും ചലച്ചിത്രകാരനും പരസ്പരപൂരിതങ്ങളായി ഓരോ ആർട്ട് വർക്കിലും നിലകൊള്ളും എന്നതാണ് ഇതിലെ അത്ഭുതവും ഭംഗിയും. ഉദാഹരണത്തിന് ഉദകപ്പോളയിൽ നിന്ന് തൂവാനത്തുമ്പികളിലേക്കും, തിരിച്ചുമുള്ള ദൂരം. നോവലിസ്റ്റും ജയകൃഷ്ണനും ചേർന്ന് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനായി മാറുമ്പോഴും നോവലിലെ കാല്പനികത അവസാനിപ്പിക്കാതിരിക്കാൻ എന്ന പോലെ ആരും കാണാത്ത ഒരു ഭ്രാന്തനെയും അയാളുടെ കാലിലെ വ്രണത്തോട് ചേർന്ന് കിടക്കുന്ന ഒരു ഒരൊറ്റ ചങ്ങലക്കണ്ണിയെയും സിനിമയിലും ബാക്കി വച്ചു. ദേശാടനക്കിളി കരയാറില്ല ലെസ്ബിയൻ ലവ് സ്റ്റോറി ആണോ, നിമ്മിയും സാലിയും കമിതാക്കളാണോ എന്നത് ഇന്നും ആരായുന്ന, തർക്കവിഷയമാക്കുന്ന കൂട്ടരിൽ പലരോടും, പത്മരാജൻ ജീവിച്ചിരിക്കെ പ്രസിദ്ധീകരിക്കാതെ പോയ 'അവർ അപ്പോഴും' എന്നൊരു കഥയുണ്ട് എന്നത് ആരും പറഞ്ഞു കാണില്ല. അതിലുമുണ്ട് ചെറുകഥയിൽ നിന്ന് ചിത്രത്തിലേക്കുള്ള ദൂരം. രണ്ട് മീഡിയത്തിലും ആ കലാകാരനുണ്ടായിരുന്ന അസാമാന്യ വഴക്കമാണ് ഈ മാറ്റങ്ങൾക്ക് കാരണം. പുസ്തകം സിനിമയാകുമ്പോൾ വായനക്കാരും പ്രേക്ഷകരും കലഹിക്കുന്ന കാലമാണ് ഇന്നും, അവിടെ പത്മരാജൻ ഒരു പാഠപുസ്തകമാണ്.

വിഷ്വൽ സ്റ്റോറി ടെല്ലർ. സാഹിത്യം സിനിമയാകുമ്പോൾ സിനിമ എന്ന ഓഡിയോ വിഷ്വൽ മീഡിയത്തെ അതിന്റെ ഭംഗിയോടെ ഉപയോഗിച്ച ആളാണ് പത്മരാജൻ. മഴയത്ത് കാണുന്ന ക്ലാരയാകട്ടെ, തോറ്റ് മടങ്ങുന്ന നരേന്ദ്രന്റെ കാറ് ഒരു ചെറുതരിപ്പോലെ നീങ്ങിപോകുന്നതാകട്ടെ, ഒരു മെന്റൽ ഹോസ്പിറ്റലിലെ പതിനൊന്നാം നമ്പർ സെല്ലിൽ തൂങ്ങിമരിച്ച മീരയാകട്ടെ, ഇനിയൊരിക്കലും തനിക്ക് ലഭിക്കാതെയാകുന്ന ഗന്ധർവനെ വിധിക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന ഭാമയാകട്ടെ എല്ലാവരും അവശേഷിപ്പിച്ചു പോകുന്ന ഒരു ഫ്രെയിം ഉണ്ടാകും ഒരു പത്മരാജൻ സിനിമയിൽ തീർച്ചയായും. പത്മരാജൻ കാണിച്ചു തന്ന ഇടങ്ങൾ പിന്നീട് കാണുമ്പോൾ പത്മരാജനെ ഓർക്കാൻ തക്കവണ്ണം പ്രേക്ഷകരുടെ ഉള്ളിൽ ഏതെങ്കിലും ഒരു ഫ്രെയ്മെങ്കിലും ഉണ്ടാകില്ലേ? ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഇന്നും വലിയ പുരോഗമനങ്ങളൊന്നും എത്താത്ത ഒരിടമാണ്. പത്മരാജൻ ബാക്കി വച്ചതെന്ന പോലെ ആ സ്റ്റേഷൻ അതേ ഛായയിൽ ആരെയോ കാത്ത് കിടക്കുന്നുണ്ട്. കോവളം ബീച്ചിൽ നടന്നു നീങ്ങുന്നവരിൽ ആ പൂച്ചക്കണ്ണൻ ഫാബിയനെ തിരഞ്ഞവരില്ലേ? സോളമന്റെ മുന്തിരിത്തോപ്പുകൾ, ആലീസിന്റെ ഊട്ടിയിലെ ആ സ്കൂൾ, ഫയൽവാന്റെ നാടും, തയ്യൽക്കാരന്റെ തയ്യൽക്കടയും, അങ്ങനെ ആ കഥാകാരൻ കാണിച്ചു തന്ന എത്രയിടങ്ങൾ? കാണിക്കാതെ കാണിച്ച എത്ര ഭൂമികകൾ? കൊടും വേനലിൽ വായിച്ചാൽ ഉള്ള് കുളിരുന്ന 'മഞ്ഞുകാലം നോറ്റ കുതിര'യും, എവിടെത്തുടങ്ങി എവിടെയവസാനിക്കുന്നു എന്ന് വായനക്കാർ സ്വയം കണ്ടെത്തേണ്ട 'അവകാശങ്ങളുടെ പ്രശ്ന'വും, ശങ്കരനാരായണപ്പിള്ളയ്ക്കൊപ്പം പ്രേക്ഷകർക്കും നഷ്ടപ്പെടുന്ന 'ഓർമ്മ'യും തുടങ്ങി കഥയോ കടങ്കഥയോ എന്ന് സംശയം വന്നേക്കാവുന്ന കഥകളും കഥാപാത്രങ്ങളും ബാക്കിയായ സാഹിത്യ കൃതികൾ.

ഒന്നുകിൽ ഉത്തരങ്ങൾ നൽകാതിരിക്കുക, അല്ലെങ്കിൽ വലിയ ചോദ്യങ്ങൾ ചോദിക്കുക, അതുമല്ലെങ്കിൽ കഥാപാത്രങ്ങളുടെ ഭൂതകാലമോ, നിസ്സഹായവസ്ഥയോ, നഷ്ടങ്ങളോ, കൊടും വേദനയോ അവസാനിപ്പിച്ച് പ്രേക്ഷകരെയും വായനക്കാരെയും കഥയിലേക്ക് വലിച്ചിട്ട് മുങ്ങിക്കളയുക. പത്മരാജൻ അവസാനവാക്കിലും അവസാന ഫ്രെയിമിലും കൊളുത്തിയിട്ട് പോയ എത്രയോ മനുഷ്യരുണ്ടിവിടെ?

കല കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുക എന്നതിനപ്പുറത്തേക്ക് ആളുകൾക്കുള്ളിൽ ജീവിക്കുക എന്നത് കലയെ കാലാനുവർത്തിയാക്കും. പത്മരാജൻ എഴുതിയതും എടുത്തതും ചോദ്യം ചെയ്യപ്പെടുക വഴിയെങ്കിലും നിലനിൽക്കുന്നവയാണ്. തെറ്റോ ശരിയോ എന്നത് കാലത്തിന് നൽകാവുന്ന ഉത്തരങ്ങളാക്കി വച്ച് കല ഇവിടെ സ്ഥാപിച്ചു പോയതാണ് താമരയുടെ രാജാവ്. പത്മരാജൻ ജീവിച്ചിരിക്കെ ജനിക്കാത്തവർ പോലും പപ്പേട്ടൻ എന്ന് അഭിസംബോധന ചെയ്യാറില്ലേ? ഓരോ ജനുവരിയിലും, ജനുവരിയുടെ നഷ്ടമെന്ന് ഓർക്കുന്നില്ലേ? കഥയുടെ ക്രക്സ് ഒരു വരിയിൽ കഥാപാത്രത്തിന്റെ ഒരു ഫുൾ സ്റ്റോപ്പ് മാത്രം വരുന്ന സംഭാഷണങ്ങളിൽ എഴുതാൻ പഠിപ്പിച്ചതാരാണ്? കല കാലാതീതമാണ് എന്ന് പറഞ്ഞത് ഇങ്ങനെയാണ്, “ ഒരു കലാരൂപത്തിന്റെ അന്തിമവിധി കല്പിക്കപ്പെടുന്നത് ഒരുപക്ഷേ നൂറ്റാണ്ടുകൾ കഴിഞ്ഞായിരിക്കാം, അതിന് ഒരുപക്ഷേ മറ്റൊരു തലമുറ വേണ്ടി വന്നേക്കാം”. ഓരോ തവണയും ഇതാവർത്തിക്കുമ്പോൾ ഉള്ളിൽ ഇങ്ങനെയൊരു പരിഭാഷയുണ്ട്, “ ഒരു തലമുറയ്ക്കപ്പുറം കൂടെ നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ, ഒരു പതിറ്റാണ്ട് കൂടെയെങ്കിലും നിങ്ങൾ കാത്തിരുന്നുവെങ്കിൽ നിങ്ങളെ ആഘോഷിക്കുന്ന, പഠിക്കുന്ന, നിങ്ങൾ തന്നിട്ട് പോയ മനുഷ്യരെക്കുറിച്ച് സംശയങ്ങൾ ചോദിക്കുന്ന, പോട്ടെ വെറുതെയെങ്കിലും നിങ്ങളെ കാണാൻ കൊതിക്കുന്ന ഒരു തലമുറയെ നിങ്ങൾക്ക് കാണിച്ചു തരാമായിരുന്നു. അർഹിക്കും വിധം നിങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അറിയിക്കാമായിരുന്നു. പത്മരാജനില്ലാത്ത ഭൂമിയിൽ ജനിച്ചവരാണ് ഞങ്ങളിൽ ഭൂരിപക്ഷവും, that is our tragedy, both yours and ours….

Related Stories

No stories found.
logo
The Cue
www.thecue.in