Filmy Features

'ബറോസ് കഴിഞ്ഞപ്പോൾ ഒരു യൂണിവേഴ്‌സിറ്റി കോഴ്സ് കഴിഞ്ഞിറങ്ങുന്ന അനുഭവമായിരുന്നു' സന്തോഷ് രാമൻ അഭിമുഖം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്തുമസ് ചിത്രമായി തിയറ്ററുകളിലെത്തുകയാണ്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം പൂർണ്ണമായും 3 D യിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് തിരശീലയിൽ എത്തുന്നത്. സന്തോഷ് ശിവൻ ഉൾപ്പെടെയുള്ള ലെജെന്റുകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമായി ബറോസ് എത്തുമ്പോൾ ചിത്രത്തിന്റെ കലാസംവിധായകൻ സന്തോഷ് രാമൻ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ബറോസിലെ 3 D യും ആർട്ടും

ബറോസിൽ എത്തുന്നതിനു മുൻപേ അതൊരു വലിയ പ്രൊജക്റ്റ് ആണെന്നുള്ളത് എനിക്കറിയാം. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം 3D യിൽ ചിത്രീകരിക്കുന്ന മലയാള സിനിമ എന്നത് വലിയ പ്രത്യേകതയാണ്. മുഴുവൻ 3D യിൽ ഷൂട്ട് ചെയ്യുന്ന സിനിമ എന്നത് ഒരു ഭീകര വെല്ലുവിളിയായിരുന്നു. സിനിമ കമ്മിറ്റ് ചെയ്യുന്നത് വരെ എന്റെ ധാരണ 3D എന്നത് പ്രേക്ഷകന്റെ കണ്ണിന്റെ മുന്നിലേക്ക് ഒന്ന് കൊണ്ടുവരിക എന്നതായിരുന്നു. അത് മാത്രമായിരുന്നു കരുതിയിരുന്നത്. ഈ സിനിമയിൽ ജോയിൻ ചെയ്തതിന് ശേഷമാണ് 3D എന്ന് പറയുന്നത് ഡെപ്ത് ഓഫ് ഫീൽഡ് ക്രിയേറ്റ് ചെയ്യുന്ന ഒന്നാണെന്ന് തിരിച്ചറിയുന്നത്. അതായത് നമ്മൾ രണ്ടു കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ത്രിമാനതയുണ്ട്. ആ ത്രിമാനത തന്നെ ഒരു വിഷ്വൽ ട്രീറ്റിൽ സൃഷ്ടിച്ചെടുക്കുകയാണ്. രണ്ട് കണ്ണുകൾക്ക് പകരം രണ്ട് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നു. നമ്മൾ എന്താണോ നേരിൽ കാണുന്നത്, അത് തന്നെയായിരിക്കും സിനിമയിലും ഉണ്ടാകുക. അതിൽ എങ്ങനെ ഫീൽ ഉണ്ടാക്കിയെടുക്കാം എന്നതായിരുന്നു പിന്നീടുള്ള ചിന്ത. ആ രീതിയിലായിരുന്നു സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ. സിനിമയിലെ എല്ലാ സ്‌പേസുകളും ത്രിമാനത ഉൾക്കൊന്നുന്ന തരത്തിൽ ടെക്സ്റ്റേണ്ടായിരുന്നു.

40% കാര്യങ്ങളാണ് സിനിമയിലെ സി ജിയ്ക്ക് വേണ്ടി വിട്ടുകൊടുത്തത്. 60% ആർട്ട് തന്നെയായിരുന്നു. ആർട്ടിൽ ചെയ്തിട്ടുള്ള കാര്യങ്ങളെ സിജിയിലൂടെ കൂടുതൽ ഭംഗിയാക്കുകയാണ് ചെയ്തത്. 3D ആയതുകൊണ്ട് സി ജി ചെയ്യാനും പ്രയാസമുണ്ട്. സി ജി ചെയ്യുന്നതിനൊപ്പം ആർട്ട് കുറേക്കൂടെ റിയലായി ചെയ്യണം. 3D യിൽ ഷൂട്ട് ചെയ്യുന്നതുകൊണ്ട് ഫ്രെയിമിൽ ആർട്ടിനെ കുറേക്കൂടെ ബാലൻസ് ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ജോലിയായിരുന്നു.

മാലിക്ക് ഉൾപ്പെടെ മുൻപ് ചെയ്തിട്ടുള്ള സിനിമകളിൽ നിന്ന് ബറോസിലേക്ക് വരുമ്പോഴുള്ള പ്രധാന വ്യത്യാസം 3 D തന്നെയായിരുന്നു. മാജിക്കൽ റിയലിസം അവതരിപ്പിക്കുന്ന ഒരു സിനിമയുടെ ഭാഗമായി എന്നുള്ളതാണ്. ഒരു ഫാന്റസി ലോകം നിർമ്മിച്ചെടുക്കുക എന്നത് മുൻപത്തെ സിനിമകളിൽ ഉണ്ടായിരുന്നില്ല. സിനിമയിൽ വുഡു എന്നൊരു കഥാപാത്രമുണ്ട് . വുഡുവിന്റെ മാനറിസങ്ങൾ, ചലനങ്ങൾ ഉൾപ്പെടെ ഡിസൈൻ ചെയ്യണമായിരുന്നു. വുഡുവിന്റെ ഒരു ഡമ്മി ഉണ്ടാക്കിയതിന് ശേഷം അതിനെക്കൊണ്ട് ട്രെയിലറിൽ കാണുന്ന രീതിയിൽ ആക്റ്റ് ചെയ്യിപ്പിച്ചാണ് ചിത്രീകരിച്ചത്. അതൊരു വലിയ ടാസ്ക് ആയിരുന്നു.

മോഹൻലാൽ എന്ന സംവിധായകൻ

മോഹൻലാൽ എന്ന നടന്റെ ഫാനാണ് ഞാനും. നമ്മൾ കൊതിയോടെ കണ്ടുകൊണ്ടിരുന്ന ഒരാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സംവിധായകരായി മാറിയ രണ്ട് നടന്മാരോടൊപ്പം വർക്ക് ചെയ്യാനുള്ള അവസരം എനിക്കുണ്ടായി. 'പണി' സിനിമയിൽ ജോജുവിനൊപ്പം ജോലി ചെയ്തു. ഡയറക്ടർ എന്ന നിലയിൽ ലാൽ സാറിനൊപ്പവും വർക്ക് ചെയ്യാനായി. അവരുടെ ഭാവന എന്ന് പറയുന്നത് മറ്റൊരു തലത്തിലാണ്. ഷോട്ടുകളായും അവർ പറയുന്ന ഇമേജസുകളായാലും വളരെ പുതിയതാണ്. ആ ഫ്രഷ്‌നെസ്സ് സൃഷ്ടിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്തം ടെൻഷൻ തന്നെയായിരുന്നു. കമാന്റ് ചെയ്യുന്ന രീതിയല്ല ലാൽ സാറിന്. എന്ത് എന്നെക്കൊണ്ട് ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി എന്റെ ക്രിയേറ്റിവിറ്റിയെ പിഴിഞ്ഞെടുക്കുകയായിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു. എന്റെ ഉള്ളിലുള്ള കഴിവിനെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ഒരുപാട് സംവിധായകർ മെരുക്കിയെടുത്ത ഒരു നടനാണ് മോഹൻലാൽ. ഒരുപാട് സംവിധായകരുടെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടിട്ടുള്ള ആളാണ്. ഈ സംവിധായകർക്കെല്ലാം മുകളിൽ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു സംവിധായകൻ ഉണ്ടാകുമല്ലോ. ഇങ്ങനെ ഒരാളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ ഒരനുഭവമായിരുന്നു. നടൻമാർ സംവിധായകനായി എത്തുമ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്; വളരെ സത്യസന്ധമായ ഇമേജുകളാണ് ഇവരിൽ നിന്ന് വരുന്നത്. അവർ പറയുന്ന വിഷ്വലുകൾ അങ്ങനെയാണ്. ഒരുപാട് ക്ലാരിറ്റിയുള്ള ഒരു ക്യാപ്റ്റൻ തന്നെയായിരുന്നു മോഹൻലാൽ. ബറോസിൽ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങൾ ചിന്തിക്കാൻ ലാൽ സാറിനു മാത്രമേ കഴിയൂ. കുട്ടികൾക്ക് വേണ്ടി ഇങ്ങനെയൊരു സിനിമയെടുക്കാനും അദ്ദേഹത്തിന് മാത്രമേ സാധിക്കൂ.

വിഷ്വലുകളിൽ ഒരുപാട് വർക്ക് ചെയ്യുന്ന സംവിധായകനാണ് മോഹൻലാൽ. രസമുള്ള ഒരനുഭവമായിരുന്നു സിനിമയിൽ നിന്നുണ്ടായത്. അത്രയും കാലം ഒരു കോളേജിൽ പഠിച്ചിട്ട് , ഒരു യൂണിവേഴ്‌സിറ്റി കോഴ്സ് കഴിഞ്ഞിറങ്ങുന്ന അനുഭവമായിരുന്നു ബറോസ് കഴിഞ്ഞപ്പോൾ ഉണ്ടായത്.

കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ

കുട്ടികൾക്ക് വേണ്ടി ആലോചിക്കുക എന്നത് നിസാര കാര്യമല്ല. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എടുക്കുക എന്നതും എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. എളുപ്പമുള്ള കാര്യമല്ല അത്. 'ആലീസ് ഇൻ വണ്ടർലാന്റ്' പോലൊരു സിനിമ ആലോചിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ലയൺ കിംഗ് പോലെ ഒരു സിനിമ കുട്ടികളുടേതാണെങ്കിൽ പോലും അതിന് വേണ്ടി ആലോചിക്കുന്നതിൻ്റെ പ്രയാസം എത്രത്തോളമായിരിക്കും. കുട്ടികളെ പോലെ ചിന്തിച്ചാൽ മാത്രമേ നല്ല ചിത്രങ്ങൾ വരയ്ക്കാൻ കഴിയൂ എന്ന് പിക്കാസോ പറഞ്ഞിട്ടുണ്ട്. കാരണം അതിൽ കളങ്കമില്ല. ഒരു പറ്റിക്കൽ പ്രസ്ഥാനമായി അത് മാറില്ല എന്നുള്ളതാണ്.

സിനിമയിലെ കാലഘട്ടവും റെഫെറെൻസുകളും

പഴയ ഒരു കാലഘട്ടം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. അതിനായ് ഒരുപാട് റെഫെറെൻസുകൾ എടുത്തിട്ടുണ്ട്. വരും കാലങ്ങളിൽ ബറോസിനെ റെഫെറെൻസ് ആയി ആളുകൾ എടുക്കണം എന്നൊരു ആഗ്രഹത്തിലാണ് വിവരശേഖരണം നടത്തിയത്. ആ കാലഘട്ടത്തിലെ വസ്തുക്കൾക്ക് വേണ്ടി റെഫെറെൻസ് എടുക്കുന്നവർക്ക് പിന്നീട് ബറോസിനെ മാതൃകയാക്കാൻ കഴിയണം എന്നാഗ്രഹമുണ്ടായിരുന്നു. പോർച്ചുഗീസ് - ഇന്ത്യ പതിനാറാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. അന്നത്തെ ഉപകരണങ്ങളെക്കുറിച്ച് സിനിമയ്ക്ക് വേണ്ടി വളരെ ഡീറ്റെയിലായി പഠിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിലധികം സമയം അതിനായി എടുത്തു. കുറെയധികം സിനിമകൾ റെഫെറെൻസായി വെച്ചിട്ടുണ്ടായിരുന്നു. പോർച്ചുഗീസ് ചിത്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അന്നത്തെ കാലത്തെക്കുറിച്ചുള്ള ആർക്കേവ്സുകളും കളക്ട് ചെയ്തിട്ടുണ്ട്. വലിയ ഒരു റിസർച്ച് അതിനായി നടത്തി. ഒരു ഭിത്തിയിൽ ഇരിക്കുന്ന കല്ലുകളുടെ അളവുകൾ ആയാലും ടെക്സ്റ്ററുകളും ആയാലും റിസർച്ചിന്റെ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയത്. അത്രയും സൂക്ഷ്‌മമായ ട്രീട്മെന്റായിരുന്നു സിനിമയിൽ.

ബറോസിലെ ഉത്തരവാദിത്തം

എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവരെല്ലാം കാണാൻ സാധ്യതയുള്ള ഒരു സിനിമയാണ് ഇതെന്ന് ബോധ്യമുണ്ടായിരുന്നു. അതുപോലെ മോഹൻലാൽ ആരാധകർ എല്ലാവരും സിനിമ കാണും. ബറോസിനുള്ള പ്രേക്ഷക സമൂഹം ഭീകരമായിരിക്കും എന്ന് പറയുന്നത് പോലെ തന്നെ വിമർശനങ്ങൾക്കുള്ള സാധ്യതയും വലുതായിരിക്കും. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ളവ തുറന്നു വിമർശനം പറയുന്ന ഇടങ്ങളാണ്. അങ്ങനെയൊരു ഉൾഭയം വെച്ചുകൊണ്ട് തന്നെയാണ് സിനിമ ചെയ്തത്. എന്നാൽ ഇപ്പോൾ ഞാൻ ഒരുപാട് ഹാപ്പിയാണ്. പോസ്റ്ററുകളിലെ ക്രെഡിറ്റ് ലിസ്റ്റിൽ ലെജെന്ററി പേരുകളോടൊപ്പം സ്വന്തം പേര് കാണുന്നതിൽ സന്തോഷമുണ്ട്. സിനിമ ഇറങ്ങുന്നതിന് മുൻപേ തന്നെ അഭിമാനം തോന്നുന്നുണ്ട്.

നഷ്ടപ്പെട്ടാലും നേട്ടമുണ്ടായാലും എനിക്ക് മാത്രമായിരിക്കും എന്ന മനോഭാവത്തോടെയാണ് ബറോസിൽ ആർട്ട് ചെയ്തത്. കാരണം, സംവിധാനം ചെയ്ത സിനിമ ആളുകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്തുക എന്നതിലുപരി മോഹൻലാൽ എന്ന ക്രിയേറ്റർക്ക് കൂടുതലായി ഒന്നും സംഭവിക്കാനില്ല. ക്യാമറ ചെയ്തിരിക്കുന്ന സന്തോഷ് ശിവൻ ആയാലും ലെജന്ററിയായി കാര്യങ്ങൾ ചെയ്തു തെളിയിച്ച ആളാണ്. രാജീവാണു സിനിമയുടെ ക്രിയേറ്റിവ് ഹെഡ്. ജിജോ പൊന്നൂസിന്റെതാണ് കഥ. ഇതെല്ലാം ഒരു വശത്ത് സംഭവിക്കുമ്പോൾ ഈ സിനിമയിൽ സന്തോഷ് രാമൻ എന്ന വ്യക്തി എന്ത് ചെയ്തു എന്ന നിലയിൽ ഒരു സ്വയം വിലയിരുത്തൽ നടത്താനാണ് ഞാൻ ശ്രമിച്ചത്. സിനിമ കണ്ടതിന് ശേഷം സന്തോഷിന് പകരം വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആരെങ്കിലും പറയുമോ എന്ന് എനിക്ക് ടെൻഷനാണ്. അങ്ങനെ സംഭവിച്ചാൽ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ മാറി നിൽക്കേണ്ടി വരും. നന്നായി ചെയ്തു എന്ന് പറഞ്ഞാൽ ഗുണവുമാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT