Filmy Features

കാലത്തിന്റെ ദയയ്ക്ക് നന്ദി | MT Vasudevan Nair

അനഘ

കാഥികരിൽ കാഥികൻ. കഥയുടെ ചുറ്റയിഴുഞ്ഞു വരുന്നത് വാക്കുകളുടെ പിരിയൻ ഗോവണി ഇറങ്ങി വരുന്ന പോലെ. വാക്കുകളുടെ അർഥവ്യാപ്തി അറിയുന്തോറും കഥ കലങ്ങി മറിയും. ആഴം കൂടി ആഴം കൂടി താഴോട്ട്. എന്ത് കഥ പറയന്നുവെന്നതിന് അപ്പുറത്തേക്ക് എങ്ങനെ കഥ പറയുന്നു എന്നതിലും കാര്യമുണ്ട്, ഭാഷയുടെ താളം, ക്യാമറയുടെ ചലനം, എല്ലാം ഏച്ചു കൂട്ടി ഏച്ചു കൂട്ടി പറയുന്ന കഥാശകലം. സാഹിത്യകാരാനെന്നോ, ചലച്ചിത്രകാരനെന്നോ വേർ തിരിച്ചു പറയേണ്ട കാര്യമില്ല. കഥ പറഞ്ഞു തരുന്നയാൾ. കാഥികൻ. എംടി വാസുദേവൻ നായർ.

മലയാളിക്കും മലയാള സാഹിത്യത്തിനും സിനിമക്കും എംടി എന്നതിന് പര്യായപദമില്ല. ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന, പറഞ്ഞു മറന്ന കഥകളുടെ കാണാപ്പുറങ്ങൾ കാണിച്ചു തരുന്ന എഴുത്തുകാരൻ. മനുഷ്യരെയും അവരുടെ അങ്കലാപ്പുകളെയും മാറ്റി നിർത്തി, പുസ്തകങ്ങൾ കൊണ്ട് കാട് കേറി, പൊട്ടിപ്പൊളിഞ്ഞ അമ്പലത്തിന്റെ അവശിഷ്ടങ്ങളിൽ താവളം കണ്ടെത്തുന്ന, അയക്കാത്ത കത്തുകൾ എഴുതുന്ന, സാഹിത്യത്തിനോടും സമൂഹത്തിനോടും കലഹിക്കുന്ന അമ്മിണി, കുഞ്ഞാത്തോലിൽ കൂട്ടുകാരിയെ കണ്ടെത്തുന്ന, മറ്റാർക്കും കാണാൻ കഴിയാത്ത സങ്കൽപ്പലോകത്ത് ജീവിക്കുന്ന ജാനകിക്കുട്ടി, അതീവബുദ്ധിമതിയായ ആരെയും എന്തിനെയും ബുദ്ധികൊണ്ട് തോൽപ്പിക്കുന്ന ദയ തുടങ്ങി എംടി എന്ന ചലച്ചിത്രകാരൻ മുന്നിൽ കൊണ്ട് വന്നു നിർത്തിയ എത്രയോ പെൺകുട്ടികൾ. അമ്മാളുവും കൃഷ്ണക്കുറുപ്പും സ്നേഹിക്കുന്നതും സല്ലപിക്കുന്നതും കാണിച്ചു തന്ന, ഒരു ചെറു പുഞ്ചിരി നൽകിയ കഥപറച്ചിൽ. കഥാന്ത്യത്തിൽ സദയം കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി, അയാളുടെ വിഭ്രാന്തിയുടെ പാരമ്യത്തിൽ അവരെ കൊന്ന് കളയുന്ന സത്യനാഥൻ. തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരം ലഭിക്കാതെ പോകുന്ന മാത്തുക്കുട്ടിയും, അയാൾക്ക് ഉത്തരം നൽകാതിരുന്ന ബാലുവും, രാമുവിന്റെ ഒരേ പോലെ നഷ്ടപ്പെടുന്ന ഗൗരിയും ലക്ഷ്മിയും. പറഞ്ഞു തുടങ്ങിയാൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളേയും കഥകളേയും തിരശ്ശീലയിലെത്തിച്ചയാൾ. ദുരന്തപര്യവസായിയായ കഥകളിൽ എംടി എന്നും മുന്നിലാണ്. ഞെട്ടലോ, നടുക്കമോ, മരവിപ്പോ ബാക്കി വച്ച് അകലാൻ മടിക്കുന്ന, സിനിമ അവസാനിക്കുമ്പോൾ അവസാനിക്കാത്ത കഥാപാത്രങ്ങളാണ് എംടിയുടേത്.

വിഗ്രഹത്തിലേക്ക് തുപ്പിയിട്ട്, തല തല്ലി ചാവുന്ന വെളിച്ചപ്പാടിനെ സമകാലീന ഇന്ത്യയിൽ പറയാൻ ആർക്കും സാധിക്കപ്പോലുമില്ല. അരനൂറ്റാണ്ട് മുൻപ് നിർമ്മാല്യം മുന്നോട്ട് വച്ചത് പറഞ്ഞ് തുടങ്ങാൻ പോലും ഇവിടെ സാധ്യതകളില്ല. അതും അന്ന് അദ്ദേഹം പറഞ്ഞു വച്ചു. വടക്കൻ വീരഗാഥയും, പഴശ്ശിരാജയും പോലുള്ള വലിയ ചിത്രങ്ങളടക്കം അവിടെ നിന്നാണ് ഉറ പൊട്ടി വന്നത്.

സാഹിത്യത്തിലാകട്ടെ ഭാഷയുടെ കേളി. ഒരു വാക്കിൽ നിന്ന് അടുത്ത വാക്കിലേക്ക് നീങ്ങുമ്പോളുള്ള താളം പ്രധാനമാണ്. നീട്ടിയും കുറിക്കിയുമുള്ള വായനക്കാർക്ക് അപ്രതീക്ഷിത പദങ്ങൾ സമ്മാനിച്ചുകൊണ്ടുള്ള എഴുത്ത്. രണ്ടാമൂഴം തുടങ്ങുന്നത് ഇങ്ങനെയാണ്, "കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തല തല്ലിക്കൊണ്ടലറി". നോക്കൂ, രണ്ട് വരികൾക്കപ്പുറത്ത് ഇങ്ങനെ, "അകലെ പഴയ കൊട്ടാരത്തിന്റെ ജയമണ്ഡപത്തിന്റെ മുകളിലാവണം, കുറച്ചു സ്ഥലത്ത് ജലം നിശ്‌ചലമായിരുന്നു. ഉത്സവക്രീഡകൾ കഴിഞ്ഞ് കാലം വിശ്രമിക്കുന്ന കളിക്കളം പോലെ". ഉത്സവക്രീഡകൾ കഴിഞ്ഞ് കാത്തിരിക്കുന്നത് കാലമാണ്, മനുഷ്യരല്ല. ഉപമകൾക്ക് പഞ്ഞമില്ല. ഇളം മഞ്ഞ സാരി എവിടെ കാണുമ്പോഴും വിമലയെ ഓർക്കും. ഉരുകാതെ കിടക്കുന്ന മഞ്ഞാണ് വിമല. വായനയുടെ ഓരോ ആവർത്തിയിലും മുഴുവനായി പിടി തരാതെ കൈവിട്ട് പോകുന്നവൾ. ഇരുട്ടിന്റെ ആത്മാവും, വാനപ്രസ്ഥവും, കാലവും, അസുരവിത്തും എങ്ങനെ പറയും, പറയാതിരിക്കും? അറിഞ്ഞുകൂടാ.

ഒരാൾ വായന വേണ്ട എന്ന് വച്ചാൽ പോലും എംടിയുടെ പേര് കേൾക്കാതെ പത്താം ക്ലാസ് പാസ്സ് ആകാൻ സാധിക്കില്ല. കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് നേരാകണം എന്നൊരു ചൊല്ലുണ്ട്. കുട്ടികൾ പഠിച്ചു വളരുക എന്നത് കൊണ്ട് വലിയ സാമൂഹ്യതലമുണ്ട് എഴുത്തുകാർക്കും, എഴുത്തുകൾക്കും. എംടിയെ പഠിച്ചു വളരുന്നത് തലമുറകളാണ്. അവരെ പാകപ്പെടുത്തുന്നത് എംടിയുടെ കൂടെ എഴുത്തുകളാണ്. Dead poets society-യിലെ ഫെയ്‌മസ് quote ഉണ്ട്, We read and write poetry because we are members of the human race. And the human race is filled with passion. And medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for. സാഹിത്യം പഠിക്കുന്നത് നമ്മൾ മനുഷ്യരാകുന്നത് കൊണ്ടാണ്. മൃദുലവികാരങ്ങളെ അറിയാനാണ്. എംടിയെ പഠിക്കുന്നിടത്തോളം കാലം എംടി ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ വിടപറച്ചിലുകളില്ല.

മരണം മൂക്കോട് തൊട്ട് നിൽക്കെ നീട്ടി കിട്ടിയ രണ്ടാമൂഴത്തിന് അതേ പേര് നൽകി, കൂടെയെഴുതി, സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയക്ക് നന്ദി. കാലത്തിന്റെ ദയ അവസാനിച്ചിരിക്കുന്നു. മരണമെന്നത് നൈമിഷികമല്ലെന്നും. ആ നിമിഷത്തിന് മുൻപിലേക്കും പിന്നിലേക്കും നീളുള്ള സമയത്തിന്റെ വലിയൊരു പാതയാണെന്നും പറഞ്ഞത് മേതിലാണ്. യാത്ര പറയുകയെന്നത് വായനക്കാർക്കും കാഴ്ച്ചക്കാർക്കും എളുപ്പമല്ല. അമ്മിണിയും, ജാനകികുട്ടിയും മുതൽ ഞാൻ വരെ ജനലഴികളിൽ നിന്ന് നടന്നകലുന്ന ഉടയോനെ നോക്കി നിൽക്കും. യാത്രാമൊഴിയില്ലാതെ, നിശബ്ദമായ് മാത്രം. അവസാന വാക്കിൽ അവസാനിക്കാത്ത കഥ പോലെ, അവസാന ഷോട്ടിൽ അവസാനിക്കാത്ത കഥാപാത്രങ്ങൾ പോലെ നിങ്ങൾ ഞങ്ങളിൽ തുടരും. വേദനകളുടെ, നീറ്റലിന്റെ, കുഞ്ഞു സന്തോഷങ്ങളുടെയും, ചെറു പുഞ്ചിരികളുടെയും കഥാകാരാ, നന്ദി. വീണ്ടും വീണ്ടും നിങ്ങൾ ആവർത്തിച്ചു, "കാലം എനിക്ക് വേണ്ടി കുറച്ച് സമയം നീക്കി വച്ചു, അതിന് ഞാൻ ആരോടോ കടപ്പെട്ടിരിക്കുന്നു", ഇനി മുതൽ ഞാൻ അത് ആവർത്തിക്കാം, കാലം എംടിക്ക് വേണ്ടി കുറച്ച് സമയം നീക്കി വച്ചു, അതിന് ഞാൻ ആരോടോ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT