വായിക്കാനാര്‍ക്കും ബാധ്യതയില്ല. പക്ഷേ നമ്മള്‍ അവരെ വായിപ്പിക്കണം; എം.ടി.വാസുദേവൻ നായർ അഭിമുഖം

എം.ടി.വാസുദേവൻ നായർ അഭിമുഖം
എം.ടി.വാസുദേവൻ നായർ അഭിമുഖംകവർ ചിത്രം - രാജേഷ് മാസ്റ്റർ ഫോട്ടോഗ്രാഫി (Rajesh Master Photography)
Published on

എം.ടി വാസുദേവൻ നായരുമായി 2015ൽ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി കുട്ടികൾ നടത്തിയ അഭിമുഖം. 2014 ചന്ദ്രിക ആഴ്ചപ്പതിപ്പ് ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം പുനപ്രസിദ്ധീകരിച്ചത്

തയ്യാറാക്കിയത്- മാങ്ങാട് രത്നാകരൻ

പകര്‍ത്തിയെഴുത്ത്: കാതറിന്‍ അച്ചുകോശി

എം.ടി വാസുദേവന്‍നായര്‍: നിങ്ങളുമായി സംസാരിക്കാന്‍ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് എന്നോട് ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സാധിച്ചു എന്നു വരില്ല. നിങ്ങളുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ക്കാന്‍ പറ്റിയെന്നും വരില്ല. എന്നും സംശയങ്ങള്‍ ഉണ്ടായിരിക്കണം, പ്രത്യേകിച്ച് സാഹിത്യം, എഴുത്ത് എന്നിവയില്‍ താല്‍പര്യം ഉള്ളവര്‍ക്ക്. നിങ്ങളുടെ കൂടെ കുറേ സമയം കഴിയുക സന്തോഷമുള്ള കാര്യമാണ്. നിങ്ങള്‍ ചിലതൊക്കെ ചോദിച്ചോളൂ. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതരാം. എല്ലാം എനിക്കറിയാം എന്നു ഞാന്‍ അവകാശപ്പെടുകയുമില്ല.

Q

എനിക്ക് ചോദിക്കാനുള്ളത് സാറിന്റെ 'ഓപ്പോള്‍' എന്ന കഥയെക്കുറിച്ചാണ്. ആ കഥയില്‍ അവസാനം പറയുന്നത് മാളു ഒരാളെ വിവാഹം കഴിച്ച് വയനാട്ടിലേക്ക് പോയി എന്നാണ്. അപ്പോള്‍ അമ്മയാണെന്നു തിരിച്ചറിയാത്ത അപ്പു അമ്മയെ കാത്തുനില്‍ക്കുന്നതോടെ കഥ അവസാനിക്കുകയാണ്. പക്ഷേ സാര്‍ അതേ കഥ തിരക്കഥയാക്കി സിനിമയാക്കിയപ്പോള്‍ കഥയില്‍ അത്ര പ്രാധാന്യം ഇല്ലാതിരുന്ന ഭര്‍ത്താവ് ഗോവിന്ദനെ മുഖ്യ കഥാപാത്രമായി അവതരിപ്പിക്കുകയാണല്ലോ.

A

എം.ടി: കഥയവിടെ അവസാനിക്കുന്നു. ഓപ്പോളെ കാണുന്നില്ല. ഈ ഓപ്പോള്‍ക്ക് പ്രാന്താണ് എന്ന് അവന്‍ നിലവിളിക്കുന്നു. കഥ അവസാനിക്കുകയാണ്. സിനിമ അവിടുന്ന് വീണ്ടും മുന്നോട്ട് പോവുകയാണ്. ഓപ്പോളിന്റെ കൂടെ വയനാട്ടിലേക്ക് പോകുന്നതും, അവിടുത്തെ അനുഭവങ്ങളും മറ്റുമായി ഓപ്പോളിന്റെ കഥ വീണ്ടും നീട്ടിക്കൊണ്ടുപോവുകയാണ്. സിനിമ എന്ന നിലയ്ക്ക് അത് വേണ്ടിവരുന്നു. അതല്ലെങ്കില്‍ ഒരു ഷോര്‍ട്ട് ഫിലിം മാത്രം ആകും. 20-25 മിനുട്ട് വരുന്ന ഷോര്‍ട്ട് ഫിലിം. നമ്മള്‍ സാധാരണ ഗതിയില്‍ ഒരു സിനിമ ഉണ്ടാക്കുമ്പോള്‍ ഈ കുട്ടിക്ക് എന്തു സംഭവിച്ചു, ഇവള്‍ക്ക് എന്തു സംഭവിച്ചു, ഈ പുതിയ വിവാഹത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ അറിയാനുള്ള ഒരാകാംക്ഷ ഉണ്ടാകും. അതുകൊണ്ട് ആ കഥയെ കുറേക്കൂടി എക്സ്റ്റന്റ് ചെയ്തു.

keralakaumudi
Q

എല്ലാ കഥകളും സിനിമയാക്കുമ്പോള്‍ അങ്ങനെ നീട്ടേണ്ട ആവശ്യകത ഉണ്ടായിട്ടുണ്ടോ?

A

ഇല്ല. അങ്ങനെ എല്ലാം ഒന്നും ആക്കില്ല, ആയിട്ടുമില്ല. ഈ സിനിമയില്‍ കഥ കുറേക്കൂടി അപ്പുറത്തേയ്ക്ക് കൊണ്ടുപോയാല്‍ ഈ കുട്ടിയുമായിട്ടുള്ള ബന്ധം കുറേക്കൂടി കൊണ്ടുവരാന്‍ സാധിക്കും. ഈ അമ്മക്കെന്തു സംഭവിച്ചു? ഈ പുതുതായിട്ടുള്ള, എക്‌സ് മിലിട്ടറി ആയിട്ടുള്ള വരനെന്തു സംഭവിച്ചു? അതൊക്കെ അറിയാന്‍ സ്വാഭാവികമായിട്ടുള്ള ഒരു ജിജ്ഞാസ ഉണ്ടാവില്ലേ?

Q

സിനിമയ്‌ക്കൊരു പൂര്‍ണ്ണതയ്ക്കുവേണ്ടിയാണോ അങ്ങനെ ചെയ്തത്?

A

അല്ല. സിനിമയില്‍ കുറേക്കൂടി ആവശ്യമുണ്ട്. സാഹിത്യം അതേപടി പൂര്‍ത്തിയായാല്‍ അതു സിനിമയാകില്ല. സാഹിത്യം വേറെ, സിനിമ വേറെ. കുട്ടിയിത് ചോദിച്ചതുകൊണ്ട് ഞാന്‍ പറയുകയാണ്. ഈ കഥ ജീവിതത്തില്‍ ശരിക്കും നടന്ന ഒരു സംഭവമാണ്. അതിലെ ആ കുട്ടി ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്.

Q

അമ്മയോ സാര്‍?

A

അമ്മയില്ല. അമ്മ മരിച്ചുപോയി. ഇത് ജീവിതത്തില്‍ ശരിക്കും സംഭവിച്ചതാണ്. എന്റെ ഗ്രാമത്തില്‍, എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു കഥയാണിത്. അതു ഞാന്‍ തന്നെ വളരെ വൈകിയാണ് അറിയുന്നത്. പിന്നൊന്നുകൂടി പറയാനുള്ളത് അന്നു ഞാനീ കഥ സിനിമയാക്കുമ്പോള്‍ 'ഓപ്പോള്‍' എന്നത് ഞങ്ങടെ ഭാഗത്തുപറയുന്ന വാക്കാണ്. ആങ്ങളമാരെ ഓപ്പ എന്നു വിളിക്കും. ഓപ്പോള്‍ എന്നാല്‍ ഉടപ്പിറന്നവള്‍ എന്നാണ്. ഓപ്പോള്‍ എന്നാല്‍ ജ്യേഷ്ഠത്തി. അന്ന് സിനിമ ചെയ്യുമ്പോള്‍ നിര്‍മാതാവ് പറഞ്ഞു അങ്ങനെ ഒരു പേരിട്ടാല്‍ ബുദ്ധിമുട്ടാണ്. തെക്കുഭാഗത്തെ ആളുകള്‍ക്ക് മനസ്സിലാകില്ല. തകഴി ശിവശങ്കരപ്പിള്ളയുടെ കഥകള്‍ വായിക്കുമ്പോള്‍ അക്കന്‍ എന്നാണ് ജ്യേഷ്ഠത്തിയെ വിളിക്കുന്നത്. നമുക്കാദ്യം മനസ്സിലായിരുന്നില്ല. പിന്നെയാ മനസ്സിലായത്. അവിടെയുള്ള വാക്കുകള്‍ അറിയുന്നതുപോലെ ഇവിടെയുള്ളതും അറിയട്ടെ എന്നു ഞാന്‍ വാശി പിടിച്ചതുകൊണ്ടാണ് ആ പേര് സിനിമയ്ക്കിട്ടത്.

Q

സാറിന്റെ 'കുട്ട്യേടത്തി' എന്ന ചെറുകഥ വായിച്ചിട്ടുണ്ട്. അതില്‍ സ്ത്രീകള്‍ ചെയ്യരുതാത്ത മരംകേറല്‍ ഉള്‍പ്പെടെയുള്ള പല ജോലികളും കുട്ട്യേടത്തി ചെയ്യുന്നുണ്ട്.

A

കുട്ട്യേടത്തി നമ്മുടെ കുടുംബത്തില്‍ ഉണ്ടായതു തന്നെയാണ്. എന്റെ ബന്ധത്തിലുള്ള ആളായിരുന്നു. എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ്. അന്നത്തെ വീട്ടിലെ ചെറിയ കുട്ടിക്ക് ഞാന്‍ ചോറ് കൊടുക്കുകയാണ്. അപ്പോഴാണ് കുന്നിന്‍പുറത്തുനിന്ന് ആള്‍ വന്നിട്ട് മീനാക്ഷിയേടത്തി തൂങ്ങിമരിച്ചു എന്നു പറയുന്നത്. 'കുട്ട്യേടത്തി' അനുഭവത്തില്‍ നിന്നുള്ള ഒരു സംഭവമാണ്. അവരെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. കറുത്ത രൂപം, കാതില്‍ ഒരു മണിയൊക്കെയായിട്ട്, ഭയങ്കരമായിട്ടുള്ള ചിരിയും ബഹളവും; മാവിന്റെ മുകളില്‍ ഒക്കെ കേറും. വീട്ടുകാരൊക്കെ ചീത്തപറയും.

Q

ഉച്ചയ്ക്ക് സമീപത്തുള്ള ഇല്ലങ്ങളില്‍ ചുറ്റിനടക്കുന്ന പരിപാടികളൊക്കെ ഉണ്ടായിരുന്നു?

A

അതെ. അവര്‍ ആത്മഹത്യ ചെയ്തു. അവരുടെ രൂപം അതായിരുന്നു. അതൊക്കെ ശരിയാണ്. കാതില്‍ മണിപോലൊന്നുണ്ടായിരുന്നു. അത് കുറച്ചൊരു ആഭാസമാണ്. എല്ലാവരും കളിയാക്കിയതിനെ തുടര്‍ന്ന് ഒരു ദിവസം അവര്‍ ഒരു പത്രമൊക്കെ വെച്ചിട്ട് എന്നോട് ഒരു കറിക്കത്തി എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. മൂര്‍ച്ചയുള്ളതായിരിക്കണമെന്നും പറഞ്ഞു. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. നീ പോയ്‌ക്കോ എന്ന് എന്നോട് പറഞ്ഞു. പിന്നെയാണ് മനസ്സിലാവുന്നത് അവര്‍ സ്വയം അതങ്ങറുത്തു എന്നിട്ട് ചോര പടുകളിയായിട്ട് ഒഴുകുകയാണ്. അങ്ങനെയാണ് വീട്ടുകാര്‍ അറിയുന്നത്. അങ്ങനെ ഒരു കഥാപാത്രം. മനസ്സില്‍ നിന്ന് മറക്കാന്‍പറ്റാത്ത കഥാപാത്രം. അവരെ പറ്റിയൊരു കഥ എഴുതണം എന്നു തോന്നി, എഴുതി.

Q

സാഹിത്യ ലോകത്തില്‍ കൂടുതല്‍ സ്വാധീനിച്ച വ്യക്തി ആരാണ്?

A

അങ്ങനെ എനിക്ക് ഒരാള്‍ എന്നു പറയാന്‍ പറ്റില്ല. നിങ്ങളുടെ ഒക്കെ പ്രായത്തില്‍ എല്ലാവരുടെയും കൃതികള്‍ വായിച്ചിട്ടുണ്ട്. അന്ന് ഇന്നത്തെ മാതിരിയല്ല പഠിപ്പ്. അന്ന് ക്ലാസിക് പലതും മനപ്പാഠമാക്കണം. വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകള്‍ മനപ്പാഠമാക്കണം. പദ്യങ്ങളൊക്കെ പഠിക്കണം. ശ്ലോകങ്ങളും പഠിക്കണം. അങ്ങനെയൊക്കെ പഠിക്കുമ്പോള്‍ ആശാന്റെയും വള്ളത്തോളിന്റെയും കവിതകള്‍ വായിക്കുമ്പോള്‍ ഒരു കമ്പം തോന്നിയിരുന്നു. പിന്നീട് ആ പുസ്തകങ്ങള്‍ കാണുമ്പോള്‍ അത് വായിക്കാന്‍ ഒരു കമ്പം തോന്നുന്നു. അങ്ങനെ പലതും വായിച്ചു. തകഴി, കേശവദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ഇവരുടെ കഥകള്‍ വായിച്ചപ്പോള്‍ ഇതേപോലെ കഥ എഴുതിയാല്‍ കൊള്ളാം എന്നു തോന്നി. അങ്ങനെ കുറേശ്ശേ കുറേശ്ശെയായി ശ്രമിച്ചു. അവരൊക്കെയാണ് മാതൃകകള്‍. കുറേക്കൂടി മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. മറ്റു നാടുകളിലെ സാഹിത്യകൃതികള്‍ വായിക്കാന്‍ തുടങ്ങി. അപ്പോള്‍ ഇവരെല്ലാവരും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. ഇതേപോലെ എഴുതാന്‍ സാധിക്കണേ എന്നു തോന്നി.

Q

ബഷീറുമായിട്ടുള്ള സൗഹൃദത്തെ എങ്ങനെ ഓര്‍ക്കുന്നു?

A

ബഷീറുമായിട്ട് വളരെ അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട, എനിക്ക് അന്നും എന്നും തോന്നിയിട്ടുള്ള കൃതി 'പാത്തുമ്മയുടെ ആട്' ആണ്. അതു കഴിഞ്ഞാലാണ്, 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്'. പിന്നെ ചെറിയ അനേകം കൊച്ചുകഥകള്‍ എന്നു പറയാവുന്ന, നീണ്ടകഥകള്‍ എന്നു പറയാവുന്ന അനേകം കൃതികള്‍. ബാല്യകാലസഖിയുണ്ട്. എക്കാലത്തും എന്നെ വളരെ ആകര്‍ഷിച്ച ഒരു കൃതിയാണത്. അദ്ദേഹം വളരെ മുതിര്‍ന്ന ശേഷം, അസുഖമൊക്കെ മാറിയ ശേഷം എഴുതിയതാണ് 'പാത്തുമ്മയുടെ ആട്'. അദ്ദേഹത്തിന് അസുഖമായിരുന്നു. ചികിത്സക്ക് ശേഷം നാട്ടില്‍ പോയി താമസിക്കുമ്പോള്‍ ആ വീട്ടില്‍ വെച്ച് പാത്തുമ്മ ആടിനെ അഴിച്ചുകൊണ്ടുവരുന്നതും, ആരും അറിയണ്ടാ എന്നുപറഞ്ഞ് കാശ് ചോദിക്കുന്നതും മറ്റും. ഒരു കുടുംബത്തിന്റെ ചിത്രം, ഗ്രന്ഥകാരന്റെ ചിത്രം, ഈ പരിസരത്തിന്റെ ചിത്രം ഉണ്ടതില്‍. വളരെ ഇഷ്ടപ്പെട്ട ഒരു കൃതിയാണ് പാത്തുമ്മയുടെ ആട്. അദ്ദേഹവുമായിട്ട് വളരെ അടുപ്പമായിരുന്നു. അദ്ദേഹം കോഴിക്കോട് വന്നു താമസിച്ചു. അതിനു മുമ്പെ അദ്ദേഹത്തിന്റെ എറണാകുളത്ത് ബോട്ടുജെട്ടിയില്‍ ഉള്ള ബുക്ക് സ്റ്റാളില്‍ ഞാന്‍ പോയിരുന്നു. അദ്ദേഹത്തെ പരിചയമുള്ള ഒരു എഴുത്തുകാരന്‍ പരിചയപ്പെടുത്താം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു വേണ്ട കണ്ടാല്‍ മതിയെന്ന്. പിന്നീട് കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പരിചയമായി. അദ്ദേഹത്തിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ പോയി. പിന്നീട് ബേപ്പൂരില്‍ താമസമായപ്പോള്‍ എല്ലാ ആഴ്ചയിലും കണ്ടു. അദ്ദേഹം കോഴിക്കോട് നഗരത്തിലേക്ക് വരും. കുടുംബവുമായി നല്ല അടുപ്പമായിരുന്നു.

രാജേഷ് മാസ്റ്റർ ഫോട്ടോഗ്രാഫി  (Rajesh Master Photography)
രാജേഷ് മാസ്റ്റർ ഫോട്ടോഗ്രാഫി (Rajesh Master Photography)
Q

സാറിന്റെ ആത്മകഥാംശം അടങ്ങിയിട്ടുള്ള ഒരുപാട് കൃതികള്‍ ഉണ്ട്. പൂര്‍ണ്ണമായി ആത്മകഥ എന്ന കൃതി ഇതുവരെ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു ആത്മകഥ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?

A

അത് ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്, ആത്മകഥ എഴുതാന്‍ വലിയ പാടാണ്. പ്രത്യേകിച്ച് കഥയെഴുത്തുകാര്‍ക്ക്. അവര്‍ എഴുതിയ കഥകളിലും നോവലുകളിലും അവരുടെ ആത്മകഥയുടെ അംശങ്ങള്‍ വന്നുപോയിട്ടുണ്ടായിരിക്കും. അതൊക്കെ വീണ്ടും ആവര്‍ത്തിക്കാനുള്ള മടി. അതുകൊണ്ടാണ് ആത്മകഥയെഴുതുക എന്നത് പ്രയാസമുള്ള കാര്യമാണ് എന്നു ഞാന്‍ പറഞ്ഞത്. പക്ഷേ അതില്‍ സ്പര്‍ശിക്കാത്തത് ഞാന്‍ എഴുതിയിട്ടുണ്ട്, എഴുതി വരുന്നു. ഒരു നാലഞ്ച് അധ്യായം എഴുതിയിട്ടുണ്ട്. അത് അവിടവിടൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശ്, കഞ്ഞി, കുപ്പായം തുടങ്ങിയ അധ്യായങ്ങള്‍. ഇനിയൊരു നാലഞ്ച് അധ്യായങ്ങള്‍ എഴുതാനുണ്ട്. അപ്പോഴേ അത് തീരുകയുള്ളൂ. അതു മറ്റതിലൊന്നും വരാത്തതാണ്. നോവലുകളിലോ കഥകളിലോ ഒന്നും വരാത്തതാണ്. നോവലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കഥ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആത്മകഥയെഴുതുമ്പോള്‍ പണ്ട് ഉപയോഗിച്ച പലതും വീണ്ടും വരും എന്നുള്ള ഒരുപ്രശ്‌നംണ്ട്. അങ്ങനെ വരണമെന്നുമില്ല. മാര്‍കേസ് ആത്മകഥയെഴുതിയിട്ടുണ്ട്. വലിയ നോവലിസ്റ്റും വലിയ കഥാകാരനുമാണ്. ആത്മകഥ ഞാന്‍ വായിച്ചിട്ടില്ല കേട്ടോ.

Q

സാര്‍, എല്ലാവരും പറഞ്ഞു പരത്തുന്നത് വായന മരിക്കുന്നു എന്നാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ വായന മരിക്കുകയാണോ അതോ വായന മാറുകയാണോ?

A

വായന മരിക്കുന്നു എന്നുള്ളത് എനിക്ക് തോന്നിയിട്ടില്ല. കാരണം, 1962ല്‍ വന്ന ഒരു പുസ്തകമുണ്ട്. വായനയുടെ ഭാവിയെപ്പറ്റി, നോവലിന്റെ ഭാവിയെ പറ്റിയൊക്കെ അക്കാലത്ത് വലിയ വലിയ നോവലിസ്റ്റുകള്‍ എഴുതിയ അധ്യായങ്ങള്‍ ചേര്‍ത്തൊരു പുസ്തകം. 'ദി ഫ്യൂച്ചര്‍ ഓഫ് ദി നോവല്‍' എന്നാണ് പേര്. അതിലൊരു അധ്യായമുണ്ട്. ഈസ് നോവല്‍ ഡയിംഗ്? ചിലര്‍ അങ്ങനെയില്ല എന്ന് പറയുന്നു. ചിലര്‍ വായന മരിക്കുന്നു എന്നു പറയുന്നു. അതിനെ എതിര്‍ക്കുന്നതിന് കൂടുതല്‍ കൂടുതല്‍ നല്ലതായിട്ട് എഴുതുക; ആളുകളെക്കൊണ്ട് വായിപ്പിക്കുക എന്നുള്ളതാണ് കാര്യം. ഈ സംഭവം കഴിഞ്ഞ് ആറ് കൊല്ലം കഴിഞ്ഞ് 1968ലാണ് മാര്‍കേസ് എന്ന നോവലിസ്റ്റിന്റെ One hundred years of solitude എന്ന നോവല്‍ സ്പാനിഷ് ഭാഷയില്‍ വരുന്നത്. 1970ലാണ് അതിന്റെ ഇംഗ്ലീഷ് വരുന്നത്. സ്പാനിഷ് അറിയാവുന്നവര്‍ പറഞ്ഞു പുതിയ ചലനം ഉണ്ടാകാന്‍ പോകുന്നു എന്ന്. 70-ലാണ് ഇംഗ്ലീഷ് വിവര്‍ത്തനം വരുന്നത്. മറ്റു വിവര്‍ത്തനങ്ങള്‍ വരുന്നത്. അതിനുശേഷം ഇത്രയധികം വായനക്കാരുണ്ടായ ഒരു നോവലിസ്റ്റ് വേറെയില്ല. അദ്ദേഹം എന്തെഴുതിയാലും അതിനുവേണ്ടി കാത്തിരിക്കുന്ന ഒരു അവസ്ഥ. അങ്ങനെ എന്റെ അറിവില്‍ വായന ഇല്ലാതായിട്ടില്ല. ഇവിടെ ബുക്ക് ഫെയര്‍ ഒക്കെ നടത്തുമല്ലോ, കോഴിക്കോട് ടൗണില്‍ നടത്തും. അതില്‍ വില്‍പനയുടെ കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ കൊല്ലത്തിനേക്കാളും വില്‍പന കൂടിയതായി കണ്ടു. വില്‍പന വര്‍ധിച്ചു വരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള Barten & Noble എന്നൊരു വലിയ ബുക്ക് സ്റ്റാള്‍ ഉണ്ട്. ഒരെണ്ണമല്ല, ചെയ്‌നാണ്. അമേരിക്കയില്‍ എല്ലാ നഗരത്തിലുമുണ്ട്. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ പോലെ വലിയത്. നല്ലത് എന്ന് തോന്നിയത് എടുത്തു മറിച്ചുനോക്കാം. അവിടെത്തന്നെ മണിക്കൂറുകളോളം ഇരുന്നു വായിക്കാം. ആരും എണീറ്റ് പോകാന്‍ പറയില്ല. അവിടെ കാശിട്ടാല്‍ കോപ്പി കിട്ടും. ഇവിടെ ഞാന്‍ പലപ്പോഴും പോയിട്ടുണ്ട്. നമ്മള്‍ അവിടുന്ന് ഓരോ പ്രാവശ്യം പോയിട്ട് തിരിച്ചുവരുമ്പോഴും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ ക്യൂ നില്‍ക്കണം പൈസ കൊടുക്കാന്‍. ഈ ക്യൂവില് ഒരു മൂന്ന് മിനിട്ടെങ്കിലും നില്‍ക്കേണ്ടിവരും. അത്രയും ആളുണ്ട്. ഇങ്ങനെ പലയിടത്തുണ്ട്. അതിനര്‍ത്ഥം ആളുകള്‍ പുസ്തകം വാങ്ങുന്നു എന്നാണ്.

പിന്നെ പുസ്തകങ്ങള്‍ക്ക് എതിരായി വരുന്നത് ദൃശ്യമാധ്യമങ്ങളാണ്. അതെത്ര കാണും? പുസ്തകത്തില്‍ നമുക്ക് കഴിഞ്ഞ അധ്യായത്തിലേക്ക് തിരിച്ചുപോകാം. പുസ്തകങ്ങള്‍ക്ക് വേറൊരു പ്രത്യേകതയുണ്ട്. ഈ പുസ്തകം എന്റേതാണ് എന്ന് തോന്നലുണ്ടാവും. ഈ എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി എന്നോടാണ് സംസാരിക്കുന്നത്. എന്നോടാണ്, എനിക്ക് മാത്രമായിട്ടാണ് സംസാരിക്കുന്നത് എന്ന തോന്നല്‍. ഇത് ദൃശ്യ മാധ്യമത്തിലുണ്ടാവില്ല. റിലയന്‍സ് എന്ന വലിയ കമ്പനിയില്‍ നൂറുരൂപയുടെ ഷെയര്‍ ഹോള്‍ഡര്‍ എന്നു പറയുന്നതുപോലെ ഈ ദൃശ്യമാധ്യമത്തിന്റെ ചെറിയ ഷെയര്‍ ഹോള്‍ഡര്‍ ആണ് നമ്മള്‍. നമുക്ക് അതില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ല. പുസ്തകങ്ങള്‍ അങ്ങനെയല്ല. പുസ്തകം നിങ്ങളുമായിട്ട് നേരെ ബന്ധപ്പെടുകയാണ്. നിങ്ങള്‍ക്ക് വേണ്ടിയാണ് ഈ കവി എഴുതുന്നത്. നിങ്ങള്‍ക്ക് വേണ്ടിയാണ് ഈ കലാകാരന്‍ എഴുതുന്നത്. നിങ്ങള്‍ക്കതിലേക്ക് തിരിച്ചുപോകാം. സംശയം തോന്നിയത് വീണ്ടും വായിക്കാം. അതുകൊണ്ട് ഈ രണ്ടു മാധ്യമങ്ങളും നമ്മളെ ബാധിക്കുന്നതില്‍ വ്യത്യാസമുണ്ട്. പബ്ലിഷര്‍മാര്‍ നമ്മളോട് സൂത്രത്തില്‍ പറയും പുസ്തകം ഒന്നും ചെലവാകുന്നില്ല. അത് അവരുടെ സൂത്രമാണ്. ഫോയില്‍സ്, ലണ്ടനിലെ ഏറ്റവും വലിയ ബുക്ക് സ്റ്റാളായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയത്. ഫോയില്‍സ് വിറ്റു എന്നു പറഞ്ഞെങ്കിലും, ഫോയില്‍സ് വലിയ കച്ചവടം ഉള്ള കമ്പനി എന്നറിഞ്ഞുകൊണ്ട് അതിലും വലിയ ഒരു കമ്പനി വാങ്ങിക്കുകയാണ് ചെയ്തത്. അല്ലാതെ പുസ്തകം ചെലവാകാഞ്ഞിട്ടല്ല. വലിയ വ്യാപാരമുള്ള ബാര്‍ട്ടര്‍ നോബിളും വാങ്ങി. മദ്രാസില്‍ കുറേ കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഒരു വലിയ ബുക്ക്‌ഷോപ്പ് വന്നത്. ഞാന്‍ അവിടുന്ന് ധാരാളം പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. അവര്‍ പിന്നീട് കോയമ്പത്തൂരില്‍ ബ്രാഞ്ചിട്ടു. അതു വിറ്റു. ടാറ്റയാണ് അത് വാങ്ങിയത്. പുസ്തകം ചെലവാകാഞ്ഞിട്ടല്ല. നല്ല ബുക്ക് സ്റ്റാള്‍. വലിയ കമ്പനി വന്നു വാങ്ങുന്നതോടെ വലിയ വ്യാപാരം നടക്കുകയാണ്. അല്ലാതെ പുസ്തക വില്‍പന നിന്നുപോവുകയല്ല.

വായനയില്ലാത്ത ഒരവസ്ഥ വരില്ല. ഒരു ഘട്ടത്തില്‍ ഓഡിയോ ബുക്‌സ്. കാസറ്റിട്ട് കേള്‍ക്കുന്ന പുസ്തകങ്ങള്‍. ധാരാളം പ്രചരിക്കാന്‍ തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് നിര്‍ത്തി. ആളുകള്‍ക്ക് താല്പര്യമില്ല. ഞാനും വാങ്ങിയിരുന്നു. അന്ന് ലിറ്ററേച്ചര്‍ പഠിച്ചുകൊണ്ടിരുന്ന എന്റെ മകള്‍ എന്നോട് പറഞ്ഞു അത് ശരിയാവില്ല എന്ന്.

വായിക്കുക പഠിക്കുക എന്നൊക്കെ പറഞ്ഞാല്‍ മുമ്പില്‍ അക്ഷരം, മുമ്പില്‍ വാക്ക്, വാക്കുകള്‍ക്കിടയില്‍ ഉള്ള ചെറിയ വെളുത്ത വിടവ്. ഇതൊക്കെ പ്രധാനമാണ്. വായന മറ്റൊരു രീതിയിലാണ് നമ്മെ ബാധിക്കുന്നത്. വിഷ്വല്‍ കണ്ടതുകൊണ്ട് മാത്രമായില്ല.

ഞാന്‍ പുസ്തകമെഴുതുന്ന ആളായതുകൊണ്ട് പറയുന്നതല്ല, ഞാന്‍ മൊത്തം ഒരു പഠനം നടത്തിയതില്‍ നിന്ന്, ഒരു നിരീക്ഷണം നടത്തിയതില്‍ നിന്ന്, എനിക്ക് തോന്നുന്നത് വായന അങ്ങനെ പോകില്ല എന്നാണ്. പലയിടത്തുനിന്നും കിട്ടിയ വിവരങ്ങള്‍ വെച്ചാണ് ഞാന്‍ സംസാരിക്കുന്നത്. വായന അങ്ങനെ പോകില്ല.

Q

പഴയ തലമുറയില്‍പ്പെട്ട എഴുത്തുകാരെയും പുതിയ തലമുറയില്‍പ്പെട്ട എഴുത്തുകാരെയും ഒരുപോലെ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരു എഴുത്തുകാരനാണ് സാര്‍. അപ്പോള്‍ ഈ രണ്ടു തലമുറകള്‍ തമ്മിലുള്ള വ്യത്യാസത്തെ സര്‍ എങ്ങനെ കാണുന്നു? സിനിമയുടെ കാര്യത്തിലും എഴുത്തിന്റെ കാര്യത്തിലും നല്ല അന്തരമുണ്ട്. ഈ വ്യത്യാസത്തെ താങ്കള്‍ എങ്ങനെ കാണുന്നു?

A

പുസ്തകം വായിക്കുമ്പോള്‍ പഴയ തലമുറ പുതിയ തലമുറ എന്നു വ്യത്യാസമില്ല. വായിക്കാനാര്‍ക്കും ബാധ്യതയില്ല. പക്ഷേ നമ്മള്‍ അവരെ വായിപ്പിക്കണം. ഇന്ന പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ മോശമാണ് എന്നു നമുക്ക് തോന്നണം. ഇന്ന പുസ്തകം വായിക്കണമല്ലോ. അതിന്റെ ഒരു കോപ്പി വേണമല്ലോ. അങ്ങനെയാണ് നമ്മള്‍ പോയി ഒരു പുസ്തകം വായിക്കുന്നത്.

പഴയകാലത്ത് അത് ലൈബ്രറിയില്‍ നിന്നായിരുന്നു. ഇപ്പോള്‍ നമ്മള്‍ തന്നെ വാങ്ങിക്കുന്നു. അപ്പോള്‍ തലമുറകള്‍ തമ്മിലുള്ള വ്യത്യാസം എന്നൊന്നില്ല. വളരെ പഴയ കാലത്തെഴുതിയതാണ് കാരൂറിന്റെ ചെറുകഥകള്‍. ഇപ്പോഴും അദ്ദേഹത്തിന്റെ കഥകളെ അതിശയിക്കാവുന്ന കഥകള്‍ വരുന്നില്ല. അദ്ദേഹം ലോകസാഹിത്യത്തിലെ കഥകളൊക്കെ വായിച്ചിട്ടോ പഠിച്ചിട്ടൊ അല്ല എഴുതിയത്. ബാക്കി പലരോടും പറയാം മോപ്പസാംഗിന്റെ സ്വാധീനമാണ്. ചെക്കോവിന്റെ സ്വാധീനമാണ് എന്നൊക്കെ. പക്ഷേ കാരൂര്‍ സാധാരണ സ്‌കൂള്‍ മാഷായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാഷാ ലാളിത്യം, അദ്ദേഹത്തിന്റെ കഥകളുടെ മനോഹാരിത ഇന്നും നിലനില്‍ക്കുന്നു. ഈ തലമുറയിലും നിലനില്‍ക്കും. അവരുടെ പുസ്തകങ്ങള്‍ അവരുടെ അടുത്ത് എത്തണമെന്നു മാത്രമേയുള്ളൂ. അതിനുള്ള സൗകര്യം വേണം. അറുപതുകളില്‍ പുറത്തുവന്ന ഛില വൗിറൃലറ ്യലമൃ െീള ീെഹശൗേറല ഇന്നും ആളുകള്‍ വായിക്കുന്നു. മാര്‍കേസ് സ്പാനിഷിലെഴുതിയത് ഉടനെതന്നെ ഇംഗ്ലീഷിലേക്കും, പല ഭാഷകളിലേക്കും വരുന്നു. പക്ഷേ പലരുടെ കൃതികളും നമ്മുടെ മുമ്പില്‍ എത്തില്ല. ഇദ്ദേഹത്തിനെക്കാളും കേമനാണെന്നു ഞാന്‍ പറയും, ജോര്‍ജ് അമാറ്റു എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ മരിച്ചു. അദ്ദേഹത്തെ പോലൊരു വലിയ എഴുത്തുകാരന്‍ വേറെയുണ്ടായിട്ടില്ല ഇരുപതാം നൂറ്റാണ്ടില്‍. പക്ഷേ മാര്‍കേസിനെ മനസ്സിലാക്കിയതുപോലെ നാം അദ്ദേഹത്തെ അറിഞ്ഞില്ല.

Q

പഴയ നോവലുകളെപ്പോലെ പുതിയ നോവലുകള്‍ക്ക് സ്വീകാര്യത കിട്ടുന്നില്ലല്ലോ. എന്താണ് കാരണം?

A

അല്ല, വായനക്കാരുണ്ട്. യാതൊരു സംശയവുമില്ല. ബെന്യാമിന്റെ നോവലൊക്കെ അനേകം എഡിഷന്‍ വിറ്റില്ലേ? ഞാന്‍ കുട്ടികള്‍ക്ക് വേണ്ടിയൊരു ലൈബ്രറി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ആരംഭിച്ചു. അവിടുത്തെ സ്ഥാപനത്തിലാണെങ്കിലും കാശുമുടക്കിയത് ഞാനാണ്. ഞാന്‍ തന്നെയാണ് പോയി പുസ്തകങ്ങള്‍ വാങ്ങിയത്. മലയാളവും ഇംഗ്ലീഷും. അപ്പപ്പോള്‍ വേണ്ട പുതിയ പുസ്തകങ്ങളുടെ പേര് ഒരു കുറിപ്പായി എഴുതിയിടാന്‍ അവരോട് പറഞ്ഞു. ആ കുറിപ്പുകള്‍ ഞാന്‍ നോക്കുമ്പോള്‍ പുതിയ പുസ്തകങ്ങളുടെ പേര് വരുന്നുണ്ട്. ബെന്യാമിന്റെ പുസ്തകം വേണമെന്ന് കുട്ടികള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് പുതിയ തലമുറയിലെ പുസ്തകം വായിക്കില്ല എന്നില്ല. വായിക്കാന്‍ നമുക്ക് പ്രേരണ വേണം. ആരെയും നിര്‍ബന്ധിച്ചു ചെയ്യിക്കാവുന്ന ഒരു കാര്യമല്ല വായന. നമുക്ക് സന്തോഷം തോന്നണം. രസിപ്പിക്കണം. സ്പര്‍ശിക്കണം. അതില്ലെങ്കില്‍ ആ പുസ്തകങ്ങള്‍ പിന്നെ മറവിയിലേക്ക് പോകും. കേശവദേവിന്റെ പുസ്തകങ്ങള്‍ ഔട്ട് ഓഫ് പ്രിന്റാണ്. പക്ഷേ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ അന്നും ഇന്നും നിലനില്‍ക്കുന്നതാണ്. ചില ആളുകള്‍ പതിയെ പതിയെ വിസ്മൃതിയിലേക്ക് മായും. അതല്ലാതെ ഓര്‍മയില്‍ കൊണ്ടുപോകുക എന്നുപറഞ്ഞാല്‍ അത് എഴുത്തുകാരന്റെ ശക്തിയാണ്, എഴുത്തിന്റെയൊരു കഴിവാണ്. അതുകൊണ്ട് ഏത് തലമുറയില്‍പ്പെട്ടത് എന്ന പ്രശ്‌നമില്ല. എന്നും പുതിയ പുതിയ കൃതികള്‍ വന്നുകൊണ്ടിരിക്കും.

Q

സാറിന്റെ പുതിയ സിനിമാ സംരംഭം എന്താണ്?

A

സിനിമയില്ലിപ്പോ. ആറേഴു കൊല്ലമായി ഞാന്‍ സിനിമയ്ക്കായി എഴുതിയിട്ട്. പഴയകാലത്ത് കുറേ സിനിമാതിരക്കഥയൊക്കെ എഴുതി. ഇപ്പോള്‍ എഴുത്തുതന്നെ കുറവാണ്. കാരണം എനിക്ക് കണ്ണിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു. ഈ മനുഷ്യ ശരീരം മര്യാദയ്ക്കു പ്രവൃത്തിക്കണ്ടേ. അതുകൊണ്ട് കാഴ്ചയ്ക്ക് പ്രശ്‌നം. പണ്ട് 300 പേജ് വായിക്കുമായിരുന്നു. ഇന്ന് 30 പേജ് വായിക്കാന്‍ പറ്റുന്നില്ല. കണ്ണില്‍ നിന്ന് വെള്ളം വരും. ഞാന്‍ പുതിയ വിദ്യകളൊന്നും പഠിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ സാക്ഷരത എനിക്കില്ല. ഡല്‍ഹിയില്‍ പോകുമ്പോള്‍ അവര്‍ പറയും We had written a letter to you! . ഞാന്‍ പറയും, എനിക്ക് കിട്ടിയില്ല. പിന്നീടാണ് മനസ്സിലായത് അത് കമ്പ്യൂട്ടറിലൂടെയുള്ള ലെറ്ററാണെന്ന്. എനിക്കത് നോക്കാന്‍ അറിയില്ല. ഈ വയസ്സുകാലത്ത് ഇനിയത് പഠിക്കുന്നുമില്ല. ഉള്ളതൊക്കെ മതി. വല്ലതും എഴുതാനുണ്ടെങ്കില്‍ അത് കുത്തിക്കുറിക്കും. കത്ത് അയക്കാനുണ്ടെങ്കില്‍ മര്യാദയ്ക്ക് കത്ത് എഴുതി അയക്കും. മറ്റു വിദ്യകള്‍ മോശമായിട്ടല്ല, എനിക്ക് വയ്യ, അതുകൊണ്ടാണ്.

Q

രണ്ടാമൂഴത്തില്‍ ഭീമനെ കേന്ദ്ര കഥാപാത്രമാക്കാനുള്ള സാഹചര്യം?

A

ഭീമനാണ് മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രം. ഞാന്‍ അങ്ങനെ ആക്കിയതല്ല. മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് മൂത്ത ജ്യേഷ്ഠന്‍ ധര്‍മപുത്രന്‍ പറയുകയാണ് ക്ഷത്രിയരുടെ ആചാരപ്രകാരം ശത്രുക്കളെ കൊന്നയാളാണ് ഭരിക്കേണ്ടത്. ജേതാവായ ആളാണ്. നീയാണ് ശത്രുക്കളെ മുഴുവന്‍ കൊന്നത്. അതുകൊണ്ട് ഈ രാജ്യം നീയാണ് ഭരിക്കേണ്ടത്. രാജ്യമൊന്നുമില്ല. വിധവകളുടെ രാജ്യമായി മാറിയിരിക്കുന്നു. പക്ഷേ നമ്മുടെ നിയമപ്രകാരം നീയാണ് ഭരിക്കേണ്ടത് എന്നു പറയുകയാണ്. വേണോ എന്നൊക്കെ സംശയമുണ്ട് ഭീമന്. അപ്പോള്‍ നിയമവും ജ്യേഷ്ഠനും ഇങ്ങനെ പറഞ്ഞ സാഹചര്യത്തില്‍ രാജാവാകും എന്ന് ഭീമന് തോന്നിട്ടുണ്ടാവണം. പക്ഷേ പുലര്‍ച്ചെ ജ്യേഷ്ഠന്‍ തന്നെ രാജാവാകുകയാണ്. ആ രാത്രിയില്‍ എന്തോ സംഭവിച്ചിരുന്നു. എന്തുകൊണ്ട് എന്നുള്ളത് പുസ്തകം കഴിഞ്ഞുള്ള കുറച്ചു പേജുകളില്‍ 'ആഫ്റ്റര്‍ വേര്‍ഡി'ല്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

ധൃതരാഷ്ട്രര്‍ എന്ന രാജാവ് യുദ്ധം അടുത്തുവന്നപ്പോള്‍ പറയുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ ഭീമനുണ്ടല്ലോ, അതാലോചിക്കുമ്പോള്‍ എനിക്കുറക്കം വരുന്നില്ല. അതാണ് ഭീമന്റെ ശക്തി. പിന്നെ ഞാന്‍ പുസ്തകത്തില്‍ തന്നെ എഴുതിയിട്ടുണ്ട്. അഭിമന്യു മരിച്ചപ്പോള്‍, അര്‍ജുനന്റെ 16 വയസ്സുകാരന്‍ മകന്‍ മരിച്ചപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായിരുന്നു. എന്ത് വലിയ യോദ്ധാവ്. എല്ലാവരും കരയുകയായിരുന്നു. അതു കഴിഞ്ഞാണ്, ഘടോല്‍ക്കചന്‍ മരിക്കുന്നത്. മഹാഭാരതത്തില്‍ ഘടോല്‍ക്കചനെപോലെ യുദ്ധം ചെയ്ത ഒരാളില്ല. നിലത്തും, ഭൂമിയിലും, ആകാശത്തിലും രാത്രിയും പകലും ഒക്കെ. മായാവിയായിരുന്നു. ഘടോല്‍ക്കചന്‍ മരിച്ചു കഴിഞ്ഞപ്പോഴും കരഞ്ഞു എല്ലാവരും. ജ്യേഷ്ഠന്‍ പറയുന്നു ഇങ്ങനെ യുദ്ധം ചെയ്ത ഒരു കുട്ടിയില്ല. പാണ്ഡവര്‍ക്ക് ആദ്യം പിറന്നത്. ഭീമനു പിറന്ന കുട്ടി. അപ്പോഴാണ് സാക്ഷാല്‍ ശ്രീകൃഷ്ണന്‍ വരുന്നത്. എന്താ കരയുന്നത്? ഘടോല്‍ക്കചന്‍ മരിച്ചു. അപ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു. രാക്ഷസന്‍, അല്ലെങ്കിലും ഞാന്‍ അവനെ കൊല്ലാനിരുന്നതാണ്. യാഗം മുടക്കുന്നവന്‍. അതുകേട്ടുനില്‍ക്കുന്ന ഭീമന്‍. ആലോചിച്ചുനോക്കൂ.

അതിനെക്കുറിച്ച് പുസ്തകമെഴുതണമെന്ന് തോന്നി. ആറേഴു കൊല്ലം എടുത്തു. വായിച്ചും പഠിച്ചും. നോട്ട്‌സ് എടുത്തു. എഴുതാന്‍ നാലു മാസമേ എടുത്തുള്ളൂ.

Q

നിര്‍മാല്യം പോലെയൊരു സിനിമ ഈ കാലഘട്ടത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്ന് സാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

A

എനിക്കെടുക്കാന്‍ സാധിക്കില്ല. ഞാനെടുക്കില്ല. എനിക്കിപ്പം ശരീരശക്തിയൊന്നുമില്ല. ഇന്നത്തെ മറ്റാളുകള്‍ക്ക് എടുക്കാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല.

Q

എഴുത്തുകാരന്‍ ഓര്‍മകളിലേക്ക് സ്വപ്നാടനം നടത്തുന്നു. അയാള്‍ക്കതിനുള്ള ഒരു കഴിവുണ്ട്. അതാണ് അയാളുടെ മുതല്‍ക്കൂട്ട്. തന്റെ കുട്ടിക്കാലത്തേക്ക്; അതിന്റെ ഓര്‍മകളിലേക്ക് അയാള്‍ക്ക് യാത്ര നടത്താന്‍ കഴിയുന്നു. വേലായുധേട്ടന്‍ എന്ന കഥാപാത്രംപോലും അങ്ങയുടെ കുട്ടിക്കാലത്തില്‍ നിന്നാണ്.

A

കുട്ടിക്കാലം മാത്രമല്ല. കുട്ടിക്കാലം ഒരു സമ്പാദ്യമാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങളൊക്കെ ഏറ്റവും വിശിഷ്ടമായ സമ്പാദ്യങ്ങളായി തോന്നും. എനിക്കെന്റെ ബാല്യകാലത്തുള്ള കുറേ അനുഭവങ്ങളുണ്ട്. അത് ഞാന്‍ കഥയായി ഉപയോഗിച്ചു. ബാല്യകാലം മാത്രമല്ല, യുവത്വത്തിലും വാര്‍ധക്യത്തിലുമുണ്ടായ അനുഭവങ്ങളും നമ്മള്‍ ഉപയോഗിക്കുന്നു. എല്ലാവരും ബാല്യത്തിലേക്ക് തിരിച്ചുപോകും. ഞാന്‍ മാത്രമല്ല. എഴുത്തിന്റെ കാര്യത്തില്‍. ഈ ലോകമെമ്പാടുമുള്ള കൃതികള്‍ എടുത്ത് വിശകലനം ചെയ്താല്‍ ബാല്യകാല സ്മൃതികള്‍ എല്ലാവരുടേയും വിഷയമായി മാറിയിട്ടുണ്ട്.

മാങ്ങാട് രത്നാകരൻ
മാങ്ങാട് രത്നാകരൻ
Q

കഥാബീജം മനസ്സില്‍ വന്നുകഴിഞ്ഞാല്‍ അതു കഥയാക്കി മാറ്റുന്നതുവരെ ഒരു എഴുത്തുകാരനിലുണ്ടാവുന്ന മാറ്റങ്ങളെന്തെല്ലാം?

A

നമുക്ക് ഒരു കഥയുണ്ടെന്ന് തോന്നും. അപ്പോള്‍ എഴുതണമെന്നില്ല. ഇത് നമ്മള് ചെറിയ കുട്ടികള്‍ നടക്കുമ്പോള്‍ പലതും കാണില്ലേ. നമുക്ക് രസം തോന്നുന്നത് നമ്മള്‍ പെറുക്കിയെടുക്കും. വളപ്പൊട്ട്, അങ്ങനെ ചെറിയ ചെറിയ സാധനങ്ങള്‍. Toys എന്നൊരു കവിത തന്നെയുണ്ട്. വളരെ മനോഹരമായ ഒരു കവിത. കളിപ്പാട്ടങ്ങള്‍ക്കായി വാശിപിടിച്ച മകനെ അച്ഛന്‍ ശാസിച്ചു. കുട്ടി കരഞ്ഞു. അമ്മയില്ലാത്ത കുട്ടിയാണ്. ഭക്ഷണവും കഴിച്ചില്ല. കിടന്നുറങ്ങി. അച്ഛന് ആകെ സങ്കടമായി.

കുട്ടി കിടക്കുന്ന മുറിയില്‍ ചെന്നുനോക്കി. അവന്‍ ഉറങ്ങുകയാണെങ്കിലും തേങ്ങലടങ്ങിയിട്ടില്ല. അവന്റെ അടുത്ത് ഒരു പെട്ടിയുണ്ടായിരുന്നു. അത് തുറന്നുനോക്കിയപ്പോള്‍ അച്ഛന്‍ അത്ഭുതപ്പെട്ടുപോയി. എന്തൊക്കെ ചെറിയ വസ്തുക്കളാണ്. അപ്പോഴാണ് അച്ഛന്‍ മനസ്സിലാക്കുന്നത് തന്റെ ലോകമല്ല ഇവന്റെ ലോകം. തനിക്ക് ഇതിലൊന്നും ഒരു കൗതുകവുമില്ല. പക്ഷേ ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം ഇതിലൊക്കെ താല്‍പര്യമാണ്. അച്ഛന് തോന്നുകയാണ് താന്‍ ശാസിച്ചത് തെറ്റായിപ്പോയി. ഒരു ചെറിയ കാര്യത്തിനാണ്. അപ്പോള്‍ അങ്ങനെ പല ബീജങ്ങളും നമ്മുടെ കഥയ്ക്ക് ചേരുമെന്ന് തോന്നുന്നത് നമ്മള്‍ സൂക്ഷിച്ചുവെക്കും. അപ്പോള്‍ തന്നെ എഴുതിയെന്നുവരില്ല. അത് സൂക്ഷിച്ചുവെക്കുന്നു. പിന്നീട് കഥയാക്കി മാറ്റുന്നു.

Q

പല കഥകളിലും എം.ടി ഇരുട്ടിനെക്കുറിച്ച് പറയുമ്പോള്‍ വാചാലനമായിട്ടുണ്ട്. 'ഇരുട്ടിന്റെ ആത്മാവ്' എന്ന തലക്കെട്ട് തന്നെ ശ്രദ്ധേയം. ഗാര്‍സിയാ മാര്‍കേസിന് ഇരുട്ട് ഭയമായിരുന്നു. താന്‍ കേട്ട കഥകളിലെ വിചിത്ര ജീവികള്‍ തന്നെ തേടിവരുന്നത് അദ്ദേഹം കണ്ടു. അങ്ങനെ വരുമ്പോള്‍ അദ്ദേഹം പേടിച്ചു നിലവിളിക്കും. സാറിന് ഇരുട്ട് എന്താണ്?

A

ജീവിതത്തില്‍ നാം വെളിച്ചവും ഇരുട്ടും കാണും. വെളിച്ചത്തിന്റെ മറുവശമാണ് ഇരുട്ട്. പിന്നെ ടൈറ്റില്‍ ഇടുന്നതില്‍ ഓരോ സമയത്ത് നമ്മള്‍ ഓരോന്നിടുന്നു. അല്ലാതെ ഇരുട്ടിനോട് പ്രത്യേകിച്ചുള്ള അഭിനിവേശം ഇല്ല. 'ഇരുട്ടിന്റെ ആത്മാവി'ല്‍ അയാള്‍ ഇരുട്ടിലാണെന്നാണ് മറ്റുള്ളവര്‍ ധരിക്കുന്നത്. ഒരു ആത്മാവുണ്ട്, ഭ്രാന്തന്‍ എന്ന് മുദ്രകുത്തപ്പെടുന്ന അയാള്‍ക്ക്.

ഈയിടെ ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തില്‍ നോബേല്‍ സമ്മാനജേത്രിയായ ഡോറിസ് ലെസ്സിങ് പറഞ്ഞതായി എഴുതുകയുണ്ടായി. അസന്തുഷ്ടമായ കുട്ടിക്കാലവും ചെറുപ്പത്തിലെ വായനാനുഭവവുമാണ് ഒരു നല്ല എഴുത്തുകാരനെ സൃഷ്ടിക്കുന്നത് എന്ന്. അതുപോലെ സാറിന്റെ ജീവിതത്തിലും അസന്തുഷ്ടമായ കുട്ടിക്കാലവും ചെറുപ്പത്തിലെ വായനാനുഭവവും ആണോ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്?

അസന്തുഷ്ടമായ കുട്ടിക്കാലം മാത്രമല്ല. ജീവിതത്തിലെ അസന്തുഷ്ടികള്‍ പലതും പിന്നീട് എഴുതാന്‍ പ്രേരണയാവും. എല്ലാ കുട്ടികള്‍ക്കും അസന്തുഷ്ടമായ കുട്ടിക്കാലം ഉണ്ടാവണമെന്നില്ല. ചിലരൊക്കെ വളരെ സൗകര്യത്തില്‍ ആവശ്യപ്പെടുന്നതൊക്കെ കിട്ടുന്ന കാലങ്ങളുണ്ടാവും. അവര്‍ക്കും ചില അസന്തുഷ്ടികള്‍ ഉണ്ടാവും. അവരൊക്കെ പില്‍ക്കാലത്ത് അത് ഉപയോഗിച്ചു എന്നു വന്നേക്കാം. അപ്പോള്‍ അസന്തുഷ്ടമായ കുട്ടിക്കാലം എന്നുമാത്രം പറഞ്ഞുകൂടാ. ഈ അസന്തുഷ്ടിക്കും ചിലപ്പോള്‍ മറുവശമുണ്ടാകും. മുതിര്‍ന്നവര്‍ അസന്തുഷ്ടി എന്നു കാണുന്നത് ആയിരിക്കില്ല കുട്ടികള്‍ക്ക്. വേറെ ചില അസന്തുഷ്ടികളും ഈ കുട്ടികള്‍ക്കുണ്ടാവാം. ബാല്യത്തിലെ അനുഭവങ്ങള്‍ പിന്നീട് എഴുത്തുകാരന്റെ മനസ്സിലേക്ക് കടന്നുവരും. അയാളത് ചിലപ്പോള്‍ ഉപയോഗിക്കും. ഒരു കുട്ടി ചെറിയ ചെറിയ സാധനങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്നപോലെ അയാളും മനസ്സില്‍ സൂക്ഷിക്കും.

Q

ബ്ലോഗ് എഴുത്തുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. അപ്പോള്‍ പുതിയ കാലഘട്ടത്തിന്റെ എഴുത്ത് ബ്ലോഗ് എഴുത്ത് ആകും എന്നു തോന്നുന്നുണ്ടോ?

A

എനിക്കറിയില്ല. ബ്ലോഗ് എഴുത്ത് എന്ന സംഭവമേ എനിക്കറിയില്ല. എനിക്ക് കമ്പ്യൂട്ടററിയില്ല. സൈക്കിളോടിക്കാന്‍ അറിയില്ല. കാറോടിക്കാന്‍ അറിയില്ല. എനിക്ക് പലതും അറിയില്ല. അത് ഇപ്പോള്‍ മാറ്റിയെടുക്കാനും പറ്റില്ല. ബ്ലോഗ് എഴുത്ത് എന്നു കേട്ടിട്ടുണ്ട്. പല സൗകര്യങ്ങള്‍ ഉണ്ട്. പുസ്തകങ്ങള്‍ ലഭിക്കാനുമൊക്കെ. പുസ്തകങ്ങളൊക്കെ ലോഡ് ചെയ്തുവെക്കാനൊക്കെ. എനിക്ക് മെനക്കെട്ട് പഠിക്കാന്‍ വയ്യ. അതിലും നല്ലതാണ് പുസ്തകം വരുത്തിയിട്ട് മര്യാദക്കിരുന്ന് വായിക്കുന്നത്. പക്ഷേ നിങ്ങള്‍ പഠിക്കണം, ഞാന്‍ എന്റെ പരാധീനത പറഞ്ഞെന്നേയുള്ളൂ. എന്റെ വീട്ടില്‍ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുണ്ട്. അവന്‍ കമ്പ്യൂട്ടറിന്റെ എന്തുവിദ്യകളും ചെയ്യും. എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ അവനോട് ചോദിക്കും. കമ്പ്യൂട്ടറല്ല, ടി.വി തന്നെ. അതിലെന്തെങ്കിലും തകരാറൊക്കെ പറ്റിയാല്‍ അവനോട് ശരിയാക്കാന്‍ പറയും. അവനതറിയാം. എനിക്കതറിയാനുള്ള അവസരം ഉണ്ടായിട്ടില്ല. എനിക്കറിയില്ല പലതും. പല യന്ത്രങ്ങളും എനിക്ക് വഴങ്ങില്ല. ഞാന്‍ തനിയൊരു ഗ്രാമീണനായി വളര്‍ന്ന ഒരാളാണ്. നഗരം ഞാന്‍ അന്നു കണ്ടിട്ടില്ല. കോളജില്‍ പഠിക്കുന്ന കാലത്ത് കുറച്ചു ദിവസം സൈക്കിള്‍ പഠിക്കാന്‍ ശ്രമിച്ചു. രണ്ടുമൂന്ന് ദിവസം ശ്രമിച്ചു. പിന്നീട് എവിടെയോ കൊണ്ട് ഇടിച്ചുവീണ് അതവസാനിപ്പിച്ചു. അതേപോലെ തന്നെ കാറോടിക്കാന്‍ പഠിക്കാന്‍ ആദ്യം കാറുവാങ്ങിയ സമയത്ത്, അപ്പോഴങ്ങ് ആകപ്പാടെ വിഷമമായി. ഒരാള്‍ എന്നോട് ഓരോന്നിന്റെയൊക്കെ മന:ശാസ്ത്രം മനസ്സിലാക്കണം എന്നു പറഞ്ഞു. എരുമ അങ്ങോട്ട് തിരിയുമോ ഇങ്ങോട്ട് തിരിയുമോ? അപ്പോള്‍, നമ്മള്‍ എതിരെ വരുന്നവരുടെ മന:ശാസ്ത്രം ഒക്കെ പഠിക്കണം. ഇത് ചെറുപ്പത്തില്‍ പഠിച്ചിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഞാന്‍ 25-ാം വയസ്സിലാണ് ഡ്രൈവിംഗ് പഠിക്കാന്‍ പോയത്. അത് ശരിയാവില്ല. അതുകൊണ്ട് വേണ്ട. അതിലും ഭേദം ഡ്രൈവറെ വെക്കുന്നതാണ്.

ശരി, നിങ്ങളോടൊപ്പം ഇരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നിങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഉത്തരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഓണപ്പതിപ്പ്, 2014

കവർ ചിത്രം - രാജേഷ് മാസ്റ്റർ ഫോട്ടോഗ്രാഫി (Rajesh Master Photography)

Related Stories

No stories found.
logo
The Cue
www.thecue.in