കരിയറിലെ ആദ്യ ചിത്രമായ 'എന്റെ വീട് അപ്പൂന്റേം' സിനിമയുടെ സെറ്റിൽ സിബി മലയിൽ അനുമോദിച്ച ഓർമ്മ പങ്കിട്ട് നടൻ വിഷ്ണു ഉണ്ണികൃഷ്‌ണൻ. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായ നിഷാദ് ഖാനാണ് ചിത്രത്തിലേക്ക് തന്നെ കൊണ്ടുവരുന്നത്. താൻ അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രത്തിന് മറ്റൊരാളെ നേരത്തെ ഉറപ്പിച്ചിരുന്നു. പിന്നീട് ആരെങ്കിലും ഒരാൾ പറയേണ്ട ഡയലോഗ് വന്നപ്പോളാണ് അഭിനയിക്കാൻ അവസരം കിട്ടിയത്. ആദ്യ സീൻ ഒറ്റ ടേക്കിൽ ഓക്കേ ആയപ്പോൾ സിബി മലയിൽ സാർ തനിക്ക് കൈ തന്നു. അപ്പോൾ സെറ്റിലെ എല്ലാവരും കയ്യടിച്ചു. ഒരുപാട് നാഷണൽ അവാർഡുകൾ മലയാളത്തിലെത്തിച്ച സിബി മലയിൽ സാറിന്റെ ഷേക്ക് ഹാൻഡ് തനിക്ക് നാഷണൽ അവാർഡായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്:
'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിൽ നിഷാദ് ഖാനാണ് എന്നെ എത്തിക്കുന്നത്. ആ സമയത്ത് ഞാൻ മിമിക്രി ചെയ്യുമായിരുന്നു. സിബി സാറിന്റെ സിനിമയിൽ അസിസ്റ്റന്റ് ആവുന്ന സമയത്താണ് നിഷാദ് ഖാൻ വിളിപ്പിക്കുന്നത്. ഞാൻ സെറ്റിൽ എത്തിയപ്പോൾ എനിക്ക് വെച്ചിരുന്ന കഥാപാത്രം മറ്റൊരാൾക്ക് ഫിക്സ് ചെയ്തിരുന്നു. അവിടെ കൂട്ടത്തിൽ നിന്നോളാൻ നിഷാദിക്ക പറഞ്ഞു. ബാക്കിയുള്ള കുട്ടികളുടെ കൂട്ടത്തിൽ എന്നെയും മുടി പറ്റെ വെട്ടിച്ചു. ജുവനൈൽ ഹോമിലെ സീനായിരുന്നു അവിടെ. എന്റെ ലുക്കും അതിനു യോജിക്കുന്നതായി. ഇടയ്ക്ക് ആരോ ഒരാൾ പറയേണ്ട ഒരു ഡയലോഗ് വന്നപ്പോൾ ആര് പറയുമെന്ന് ചോദിച്ചു. നിഷാദിക്ക ഓടി വന്ന് എന്നോട് പറയില്ലേ എന്ന് ചോദിച്ചു. നിഷാദിക്കയാണ് ആദ്യമായി എനിക്ക് സംഭവം പറഞ്ഞു തരുന്നത്. ടി എസ് രാജുവിന്റെ കഥാപാത്രം ഒരു കുട്ടിയെ തല്ലുന്നതായിരുന്നു സീൻ. റിഹേഴ്‌സൽ കഴിഞ്ഞപ്പോൾ തന്നെ സാറിന് ഇഷ്ടമായി. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ഫസ്റ്റ് ടേക്ക് ഓക്കേ ആക്കുന്നത് വലിയ കാര്യമാണ്. അങ്ങനെ ടേക്ക് എടുത്തപ്പോൾ ഞാൻ കരഞ്ഞ് ടേക്ക് ഓക്കേ ആയി. അപ്പോൾ സിബി മലയിൽ സാർ എണീറ്റ് വന്ന് എനിക്കൊരു കൈ തന്നു. അപ്പോൾ തന്നെ സെറ്റിലെ എല്ലാവരും കൈ അടിച്ചു. ഒരുപാട് നാഷണൽ അവാർഡുകൾ മലയാളത്തിൽ കൊണ്ടുവന്നിട്ടുള്ള ആളാണ് സിബി സാർ. അദ്ദേഹത്തിന്റെ ഷേക്ക് ഹാൻഡ് കിട്ടിയപ്പോൾ എനിക്കും നാഷണൽ അവാർഡ് കിട്ടിയതുപോലെയായി.