രേഖാചിത്രം എന്ന സിനിമ തിയറ്ററുകളിലെത്തുമ്പോൾ അണിയറപ്രവർത്തകർ ആദ്യം മുതലേ ആവർത്തിക്കുന്ന ഒന്നുണ്ട്. മമ്മൂട്ടി എന്ന നടൻ സമ്മതം നൽകിയിരുന്നില്ലായിരുന്നുവെങ്കിൽ ഈ ചിത്രം സംഭവിക്കില്ലായിരുന്നു. കാതോട് കാതോരവും മമ്മൂട്ടിച്ചേട്ടനും സ്ക്രീനിലെത്തിയപ്പോൾ ഈ വർഷം ആദ്യം തന്നെ മലയാള സിനിമയ്ക്ക് ഒരു ഹിറ്റ് ചിത്രം ലഭിച്ചിരിക്കുകയാണ് രേഖാചിത്രത്തിലൂടെ. ചിത്രത്തിലെ മമ്മൂട്ടിച്ചേട്ടനെ എഐ സാങ്കേതിക വിദ്യയോടെയായിരുന്നു അണിയറപ്രവർത്തകർ നിർമിച്ചെടുത്തത്. ഒന്ന് പാളിപ്പോയാൽ സിനിമ തന്നെ വിമർശിക്കപ്പെട്ടേക്കാവുന്ന ചിത്രത്തിലെ വിഎഫ്എക്സ് വർക്കുകൾ ചെയ്തത് മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസാണ്. അരുൺലാൽ എസ് പി ,വിശാഖ് ബാബു ,ആൻഡ്രൂ ഡി ക്രൂസ്, എന്നീ സഹപാഠികളുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വി എഫ് എക്സ് കമ്പനി. 2012ൽ സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ആരംഭിച്ച് ഇന്ന് മിന്നൽ മുരളിയും 2018 ഉം അടക്കം അൻപതോളം ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്.
പത്തേമാരിയിലെ കൊടുംകാറ്റും ,കുമ്പളങ്ങി നൈറ്റ്സിലെ ബയോലുമിനെസെൻസും , നീലവെളിച്ചത്തിലെ ട്രെയിനും കുറുപ്പിലെ 1960 കാലഘട്ടത്തിലെ ബോംബെ തെരുവും ,മിന്നൽ മുരളിയിലെ ക്ലൈമാക്സ് ആക്ഷൻ സിക്വൻസും , 2018ലെ ഡാം സിക്വൻസുകളും , ഇവരുടെ കൈകളിൽ ഭദ്രമായിരുന്നു. 2022 ൽ മിന്നൽ മുരളിക്കും 2024ൽ 2018 നും മികച്ച വി എഫ് എക്സ്സിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസിന്റെ സഹസ്ഥാപകരിൽ ഒരാളായ ആൻഡ്രൂ ഡി ക്രൂസ് രേഖാചിത്രത്തിലെ എ.ഐ മമ്മൂട്ടിയെ നിർമിച്ചതെങ്ങനെയെന്ന് ദ ക്യുവിനോട് സംസാരിക്കുന്നു.
എഐ വഴി മമ്മൂക്ക
ജോഫിൻ വിളിച്ചു കഥ പറഞ്ഞപ്പോൾ തന്നെ രേഖാചിത്രത്തിന്റെ ഐഡിയ വളരെ ഇഷ്ടപ്പെട്ടിരുന്നു. മലയാള സിനിമയിൽ വളരെ ഫ്രഷായി തോന്നിയ കൺസെപ്റ്റ് ആയിരുന്നു സിനിമയുടേത്. ഇങ്ങനെ ഒരു സീൻ ആവശ്യമാണെന്ന് പറഞ്ഞപ്പോൾ പല ഓപ്ഷൻസിനെയും പറ്റി ആലോചിച്ചു. അങ്ങനെയാണ് എ ഐ ഫേസ് റീപ്ലേസ്‌മെന്റ് എന്നതിലേക്ക് എത്തിയത്. സിനിമയുടെ ആദ്യ ഡിസ്കഷനുകളിൽ സീൻ വർക്ക്ഔട്ട് ആകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പിന്നീട് ടെസ്റ്റ് ചെയ്‍തു നോക്കിയപ്പോൾ ഞങ്ങൾക്ക് വർക്കിൽ പൂർണ വിശ്വാസമുണ്ടായി. മമ്മൂക്കയുടെ സീനുകൾ നന്നാക്കിയാൽ അത് സിനിമയുടെ ആസ്വാദന നിലവാരം ഉയർത്തുമെന്ന കാര്യത്തിൽ സംശയം ഇല്ലാത്തതിനാൽ സിനിമയിൽ വർക്ക് ചെയ്യാൻ ഞങ്ങൾ എല്ലാവരും തന്നെ എക്സ്ഐറ്റഡ് ആയിരുന്നു.
മുഖം ക്രിയേറ്റ് ചെയ്തത് അഞ്ച് മാസം കൊണ്ട്
ഒരു സ്പെസിഫിക് സിനിമയിലെ സ്പെസിഫിക് ലുക്ക് റീക്രീയേറ്റ് ചെയ്യുക എന്നത് ചലഞ്ചിങ് തന്നെ ആയിരുന്നു. കാതോട് കാതോരം സിനിമയുടെ ലൈറ്റിംഗ് സ്റ്റൈൽസും മറ്റും ഇപ്പോഴത്തെ സിനിമയുടേത് പോലെ അല്ലാത്തതുകൊണ്ട് തന്നെ നമ്മൾ പ്രതീക്ഷിച്ചിരുന്ന ഔട്പുട്ട് ആദ്യമൊക്കെ കിട്ടിയിരുന്നില്ല. നാലഞ്ചു മാസത്തോളം എടുത്തിട്ടാണ് മമ്മൂക്കയുടെ മുഖം റീക്രീയേറ്റ് ചെയ്തത്. എ.ഐ ഡിഏജിങ് സൂപ്പർവൈസറായ ജോയൽ റോബെർട്ടും 3ഡി സൂപ്പർവൈസർ ആൽബർട്ട് തോമസുമാണ് ദൗത്യത്തിന് മേൽനോട്ടം വഹിച്ചത്.എ ഐ യിൽ നിന്ന് ഓരോ തവണ വരുന്ന ഔട്ട്പുട്ടും വ്യത്യാസമായതുകൊണ്ട് തന്നെ ഓരോ ഷോട്ടിനും മമ്മുക്കയുടെ ഫേസിന്റെ നാലോളം വേർഷൻസ് ഉണ്ടാക്കിയിരുന്നു. കാതോട് കാതോരം കൂടാതെ കൂടാതെ മനു അങ്കിളും റെഫെറെൻസിങ്ങിനായി ഉപയോഗിച്ചിരുന്നു. രണ്ടും സമാന കാലഘട്ടത്തിലെ സിനിമ ആയതുകൊണ്ട് തന്നെ മമ്മൂക്കയുടെ ഫേസിനു അധികം വ്യത്യാസം ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു . മനു അങ്കിൾ ട്രെയിനിങ് ഡേറ്റ സെറ്റായി ഉപയോഗിച്ചത് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട് .
റീക്രിയേഷൻ പ്രോസസ്
മമ്മൂട്ടിയുടെ ബോഡി മാച്ച് ചെയ്യുന്ന ആളെ കണ്ടു പിടിക്കുക എന്നതായിരുന്നു മറ്റൊരു കാര്യം. അങ്ങനൊരാളെ കണ്ടെത്തി അദ്ദേഹത്തെ വെച്ചു കുറച്ച് ടെസ്റ്റുകൾ ചെയ്ത് കൺവിൻസ്ഡ് ആയതിനു ശേഷമാണു ബാക്കി കാര്യങ്ങളുമായി മുന്നോട്ട് പോയത്. ഷൂട്ട് ചെയ്ത സീനുകളിലെ ഫ്രെയിമുകളിലെ മുഖം എഐക്ക് ഡിറ്റക്ട് ചെയ്യാൻ പറ്റുകയും വേണം. അത് വേറെ ഒബ്ജക്ട് കൊണ്ട് മാസ്കായി പോകരുത് എന്നിങ്ങനെ കുറച്ച് ലിമിറ്റേഷൻസും ഉണ്ടായിരുന്നു. മമ്മൂക്കയുടെ ഷോട്ടുകൾ എങ്ങനെ വേണമെന്ന് ഡയറക്ടർക്ക് നല്ല ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് ആ വെല്ലുവിളികളെ നേരിടാൻ എളുപ്പമായി.
ഇന്ന് സംവിധായകർക്ക് വിഎഫ്എക്സിന്റെ പ്രാധാന്യം അറിയാം.
പണ്ടൊക്കെ ഓൺ സെറ്റുകളിൽ ആയിരിക്കും എന്ത് വി എഫ് എക്സാണ് വേണ്ടതെന്നു തീരുമാനിക്കുന്നത്. ഓൺ സെറ്റുകളിൽ തീരുമാനിക്കുന്നത് കൊണ്ടുതന്നെ വി എഫ് എക്സുകൾക്ക് ഒരുപാട് ലിമിറ്റേഷൻ ഉണ്ടാകും. പക്ഷെ ഇന്നത്തെ സംവിധായകർക്ക് സിനിമകളിൽ വി എഫ് എക്സിന്റെ പ്രാധാന്യം അറിയാം. അത് കൊണ്ട് തന്നെ സിനിമയുടെ പ്രീപ്രൊഡക്ഷൻ സ്റ്റേജിൽ തന്നെ വി എഫ് എക്സിനെ ഉൾപെടുത്താൻ അവർ ശ്രമിക്കാറുണ്ട്. എഡിറ്ററിന്റെയും ഡിഒപി യുടെയും ആർട് വർക്ക് ടീമന്റെയുമൊപ്പമുള്ള പ്രവർത്തനംങ്ങൾ നല്ല വി എഫ് എക്സ് ഉണ്ടാക്കുന്നതിൽ ആവശ്യമാണ്. പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ തന്നെ രേഖാചിത്രത്തിന്റെ വി എഫ് എക്സ് ഡിസ്‌കഷൻസ് നടന്നിരുന്നു. അത്കൊണ്ട് തന്നെ റിസർച്ച് ചെയ്യാൻ സമയം ലഭിച്ചിരുന്നു. സംവിധായകന്റെ വിഷൻ അച്ചീവ് ചെയ്യാൻ പല വഴികളും കാണും അതിൽ ഫീസിബിൾ ആയിട്ടുള്ള വഴി കണ്ടുപിടിച്ചു ലക്ഷ്യത്തിലേക്ക് എത്തിക്കുന്നിടത്താണ് വി എഫ് എക്സ് ആർട്ടിസ്റ്റിന്റെ ക്രീയേറ്റിവ് ഫ്രീഡം. അത് ഒരിക്കലും ലിമിറ്റഡ് അല്ല.
വിഎഫ്എക്സ് നന്നാകണമെങ്കിൽ ഇൻവസ്റ്റ് ചെയ്യണം
സംവിധായകൻ വന്ന് ആവശ്യം പറയുന്നതാണല്ലോ ആദ്യത്തെ സ്റ്റെപ്പ്. കോംപ്ലക്സ് ആയിട്ടുള്ള റീക്വയർമെന്റ് ആണെങ്കിൽ ടീമുമായി ചർച്ച നടത്തിയതിനു ശേഷമായിരിക്കും സംവിധായകന് സൊല്യൂഷൻ കൊടുക്കുന്നത്. നമ്മൾ കൊടുക്കുന്ന സൊല്യൂഷനുകളിൽ ചിലവ് മാക്സിമം കുറക്കാനാണു ശ്രമിക്കുന്നത്. പക്ഷെ ചില സിനിമകളിലെ വി എഫ് എക്സ് മികച്ചതാകണമെങ്കിൽ അവക്ക് പിന്നിൽ കുറച്ചധികം ഇൻവെസ്റ്റ് ചെയ്യണം. ഉദാഹരണത്തിന് 2018 ലെ വലിയ ടാങ്കും , ബ്ലൂ സ്ക്രീൻസും ഒക്കെ വി എഫ് എക്സിന്റെ ചിലവ് കൂടാതെയുള്ളവയാണ്. വളരെ അണ്ടർ സ്റ്റാന്റിംഗ് ആയിട്ടുള്ള സംവിധായകരും നിർമാതാക്കളും ആയതു തന്നെ ഐഡിയ അവരെ പറഞ്ഞു കൺവിൻസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല.
സിനിമകളിലെ വിഎഫ്എക്സ് ട്രോളുകൾ
ഒരു വി എഫ് എക്സ് ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം കിട്ടുന്ന ഏതു പ്രയാസമേറിയ വർക്കുകളും നന്നാക്കാനാണു ശ്രമിക്കുന്നത്. ഒരു വി എഫ് എക്സ് സീൻ വർക്ക് ആവുന്നതിനു പിന്നിൽ ടാലന്റും, ടെക്നോളോജിയും, സമയപരിമിതിയും, ബഡ്ജറ്റിന്റെയുമൊക്കെ വലിയ റോളുണ്ട്. ഹോളിവുഡിൽ ത്രീ ഡിയിൽ ചെയ്യുന്ന വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ഡി ഏജിങ് മെതേഡ് വരെ പോരെന്ന് പറയുന്ന ആളുകളുണ്ട്. ട്രോൾ ചെയ്യപ്പെടുന്ന സിനിമകളിൽ വി എഫ് എക്സ് ആർട്ടിസ്റ്റുകൾ ഒരുപാട് എഫേർട്ട് ഇട്ടിട്ടുണ്ടെന്നു ആ വർക്ക് കണ്ടാൽ അറിയാൻ പറ്റും. പ്രേക്ഷകർ വി എഫ് എക്സിനെ കുറച്ചു കൂടി ലിബറൽ ആയി കാണണം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് .
മൈൻഡ് സ്റ്റെയിൻ എന്ന സ്വന്തം കമ്പനി
മൈൻഡ് സ്റ്റെയിനിന്റെ കോ ഫൗണ്ടേഴ്സ് എല്ലാവരും ഒരുമിച്ച് ചെന്നൈയിൽ വി എഫ് എക്സ് പഠിച്ചവരാണ്. സിനിമയിൽ സെക്കന്റ് ഷോയിൽ നിന്നായിരുന്നു തുടക്കം. ഇതുവരെ അൻപതോളം സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് . വളരെ ചെറിയ ഒരു ടീമാണ് മൈൻഡ് സ്റ്റെയിനിന്റേത്. 9-12 ആർട്ടിസ്റ്റ് ആണ് ഇൻ ഹൗസ്സിൽ ഉള്ളത്. ക്വാളിറ്റി കൺട്രോൾ ആവശ്യമായതു കൊണ്ട് തന്നെ ഒരേ സമയം രണ്ടു സിനിമയിൽ കൂടുതൽ ചെയ്യാറില്ല
പുതിയ പ്രോജെക്ടുകൾ ?
നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ഡിയർ സ്റ്റുഡന്റസ് ,മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആടിന്റെ മൂന്നാം ഭാഗവുമാണ് വരാനിരിക്കുന്ന അടുത്ത സിനിമകൾ. തമിഴിലും ഒരു പ്രൊജക്റ്റ് ചെയ്യുന്നുണ്ട്.