Film Talks

ഞെട്ടലുണ്ടാക്കുന്നത്, 500 പേരെ ഉള്‍ക്കൊള്ളിച്ചുള്ള സത്യപ്രതിജ്ഞ തെറ്റായ തീരുമാനം; തിരുത്തണമെന്ന് പാര്‍വതി തിരുവോത്ത്

മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തുകയാണ്. ദയവായി പൊതുചടങ്ങ് ഒഴിവാക്കണം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. കൊവിഡ് തീവ്രവ്യാപനം ആശങ്ക സൃഷ്ടിക്കുമ്പോള്‍ തീര്‍ത്തും തെറ്റായ തീരുമാനമാണ് 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞയെന്ന് പാര്‍വതിയുടെ ട്വീറ്റ്. ഒരു മാതൃക തീര്‍ക്കാന്‍ അവസരമുള്ളപ്പോള്‍ ഈ ചെയ്യുന്നത് തെറ്റാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടലുണ്ടാക്കുന്നതും അംഗീകരിക്കാനാകാത്തതും. വെര്‍ച്വലായി ചടങ്ങ് നടത്തണം. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തുകയാണ്. ദയവായി പൊതുചടങ്ങ് ഒഴിവാക്കണം.

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വലായി നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടതുഹാന്‍ഡിലുകളും സത്യപ്രതിജ്ഞ പൊതുചടങ്ങായി നടത്തുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്

അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നത്. അഞ്ഞൂറുപേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാര്‍ലമെന്ററി പാര്‍ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാര്‍ലമെന്ററി പാര്‍ടി അംഗങ്ങളെ, അതായത് എംഎല്‍എമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല.'

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉള്‍പ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സഫലമാകുന്നത് മാധ്യമപ്രവര്‍ത്തകര്‍ വഴിയാണല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ അധികമല്ല എന്നാണ് കാണുന്നത്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുള്‍ക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.”

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT