Film News

റിഷബ് ഷെട്ടിയാണ് 'കാന്താര'യുടെ നട്ടെല്ല്, ഈ വിജയത്തിന് പ്രധാന കാരണം ആ മനുഷ്യന്റെ പ്രയത്‌നം: ബംഗ്ലാൻ അഭിമുഖം

'കണ്ണെടുക്കാൻ തോന്നാത്ത ദൃശ്യ വിസ്മയം' എന്ന് തന്നെ വിശേഷിപ്പിക്കാം കാന്താരയുടെ ലോകത്തെ. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ 1 ഇന്ത്യയൊട്ടാകെ വമ്പൻ വിജയം നേടുമ്പോൾ നമ്മൾ മലയാളികൾക്കും ഏറെ അഭിമാനിക്കാം. കാരണം ആ സിനിമയുടെ മുന്നണിയിലും പിന്നണിയിലും അതിശക്തമായ മലയാളി സാന്നിധ്യങ്ങൾ ഉണ്ട് എന്നതാണ്. കാന്താരയുടെ ബ്രഹ്മാണ്ഡ ലോകം സൃഷ്ടിച്ച പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ ആ ചിത്രത്തിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു.

'കാന്താര'യിലേക്ക്

കാന്താരയുടെ ലോകത്തേക്ക് കുറച്ച് വൈകിയായിരിക്കും ഞാൻ എത്തിയത്. ഛായാഗ്രാഹകൻ അരവിന്ദ് കശ്യപാണ് എന്നെ റിഷബ് ഷെട്ടിയെ പരിചയപ്പെടുത്തിയത്. കഥ കേട്ടപ്പോൾ തന്നെ ഇത് ഗംഭീരമായിരിക്കും എന്ന് തോന്നിയിരുന്നു. വളരെ രസകരമായ രീതിയിലാണ് റിഷബ് ഷെട്ടി ഈ കഥ എനിക്ക് നറേറ്റ് ചെയ്തത്. കുറച്ചധികം സമയം എടുത്ത്, ഓരോ കാര്യങ്ങളിലെയും വിശദാംശങ്ങൾ നൽകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നറേഷൻ.

'കാന്താര'യുടെ ലോകം ഒരുക്കിയതിന് പിന്നിൽ

പ്രകൃതിയെ അറിഞ്ഞിരിക്കുക എന്നതാണ് ഇത്തരം സിനിമകൾ ഒരുക്കുന്നതിന്റെ പ്രധാന ഘടകം. ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പുള്ള ലോകമാണ് നമ്മൾ ഒരുക്കേണ്ടത്. ആ ലോകത്തെക്കുറിച്ച് വലിയ റഫറൻസുകൾ നമുക്ക് ലഭിക്കാൻ വഴിയില്ല. വസ്ത്രങ്ങളുടെ ടോൺ മുതൽ എല്ലാ കാര്യങ്ങളും പ്രകൃതിയോട് ചേർന്നതാകണം. അതിനായി ഏറെ സമയമെടുത്തു. ഈ സിനിമയുടെ ഒട്ടുമിക്ക പ്രോപ്പർട്ടീസും സ്‌ക്രാച്ചിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനായി അവിടുത്തെ പ്രാദേശിക കൗശലപ്പണിക്കാരുടെ സഹായം തേടിയിരുന്നു. സംവിധായകനും ഛായാഗ്രാഹകനും പ്രൊഡക്ഷൻ ഡിസൈൻ ടീമും ചേർന്നാണ് കാന്താരയുടെ ലോകം ഒരുക്കിയത്.

കാന്താരയിലെ ജനങ്ങളുടെ ആയുധങ്ങൾ

മനുഷ്യൻ ഏറ്റവും എളുപ്പത്തിൽ ലഭ്യമായതും ആദ്യം ഉപയോഗിച്ചതുമായ ആയുധം കല്ലുകളായിരിക്കും. അതാണ് കാന്താരയിലെ ജനങ്ങളുടെ കൈകളിലും ഞങ്ങൾ നൽകിയത്. നേരത്തെ പറഞ്ഞത് പോലെ, പ്രകൃതിയെ അറിയുക, അതനുസരിച്ച് വർക്ക് ചെയ്യുക എന്നതാണ് ഇവിടെ ഞങ്ങൾ ചെയ്തത്.

അതിഗംഭീര ക്ലൈമാക്സ്

സിനിമയുടെ അവസാന രംഗങ്ങൾ ഒരുക്കുക വളരെ ചലഞ്ചിങ്ങായിരുന്നു. വലിയൊരു കൂട്ടം ജനങ്ങളെ ആവശ്യമായ രംഗങ്ങളായിരുന്നു അത്. ആ രംഗങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും റിഷബിന് അവകാശപ്പെട്ടതാണ്. ആ മനുഷ്യന്റെ പ്രയത്‌നം തന്നെയാണ് ഈ സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകം.

റിഷബ് ഷെട്ടി എന്ന സിനിമാക്കാരൻ

അസാധാരണ മനുഷ്യനാണ് റിഷബ് ഷെട്ടി. കാന്താര എന്ന സിനിമയുടെ എല്ലാ മേഖലകളെയും കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ വിഷൻ ഉണ്ടായിരുന്നു. ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയേണ്ടത് റിഷബ് ഷെട്ടിയെയാണ്. കേരളത്തിലെ പ്രസ് മീറ്റിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു — താൻ ഉറങ്ങിയിട്ട് നാളുകൾ ആയി എന്ന്. അത് അതിശയോക്തിയല്ല, അദ്ദേഹം അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് ഈ സിനിമയ്ക്കായി. അദ്ദേഹം എപ്പോഴും സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത്, മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല.

എങ്കിലും ഇത്ര വലിയ സിനിമയുടെ സംവിധായകനും നടനുമാണ് താൻ എന്നൊരു ഭാവം പോലും അദ്ദേഹത്തിനില്ല. വളരെ സിംപിൾ ആയ മനുഷ്യനാണ് റിഷബ് ഷെട്ടി. സെറ്റിൽ ആരോടും ദേഷ്യപ്പെടുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യുന്നത് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. അത്രത്തോളം സാദാ മനുഷ്യൻ.

ബജറ്റിൽ അല്ല കാര്യം

ആവശ്യമായ കാര്യങ്ങൾക്ക് കൃത്യമായി പണം മുടക്കുക, അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുക — അങ്ങനെ ചെയ്‌താൽ പ്രേക്ഷകർ അത് ഏറ്റെടുക്കും. പലരും ചെയ്യുന്നത് ബ്രഹ്മാണ്ഡ സിനിമകൾ എന്ന ബ്രാൻഡിൽ സിനിമ ചെയ്യുന്നതിനായി പണം മുടക്കുക എന്നതാണ്. അതിന്റെ ആവശ്യമില്ല, സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങൾക്കായി മാത്രം പണം മുടക്കിയാൽ മതി. അവിടെയാണ് കാന്താര വിജയിച്ചത്.

അടുത്ത സിനിമകൾ

ഇപ്പോൾ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, അതുപോലെ ത്രിവിക്രം ചിത്രം — അങ്ങനെ ചില സിനിമകളിൽ വർക്ക് ചെയ്യുന്നുണ്ട്. മലയാളത്തിൽ വിലായത്ത് ബുദ്ധയിൽ വർക്ക് ചെയ്തിരുന്നു. കാളിയൻ എന്ന സിനിമയാണ് ഇനി ചെയ്യാൻ പോകുന്നത്.

സൂര്യ 46 ന്റെ അപ്ഡേറ്റുകൾ?

ലക്കി ഭാസ്കറിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമായിരിക്കും സൂര്യ 46. എല്ലാ ഇമോഷൻസും ചേർന്ന ഒരു പക്കാ കുടുംബചിത്രം എന്ന് തന്നെ പറയാം. അത്രമാത്രമേ നിലവിൽ ആ സിനിമയെക്കുറിച്ച് പറയാൻ കഴിയൂ.

ഹാലിൽ നിർദേശിച്ചത് പത്തിന് മുകളിൽ മാറ്റങ്ങൾ, എല്ലാം കമ്മ്യൂണൽ ഇഷ്യൂസ് ചൂണ്ടിക്കാട്ടി: നിഷാദ് കോയ

ഏത് മൂഡ്, പൊളി മൂഡ്... 'സാഹസം' കാണാം ആമസോൺ പ്രൈമിൽ

Lokah is a definite step forward, ലോകയുടെ വിജയത്തിൽ ഏറെ സന്തോഷം തോന്നുന്നുണ്ട്: റിമ കല്ലിങ്കൽ

'പുഴു' പോലെയല്ല, എന്നാൽ 'പാതിരാത്രി'യിലും രാഷ്ട്രീയമുണ്ട്: നവ്യ നായർ

കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കാമോ? കഫ് സിറപ്പ് കഴിച്ചാല്‍ കുട്ടികളില്‍ സംഭവിക്കുന്നത് എന്ത്? ഡോ.ആര്‍.രമേശ് കുമാര്‍ അഭിമുഖം

SCROLL FOR NEXT