ഹാലിൽ നിർദേശിച്ചത് പത്തിന് മുകളിൽ മാറ്റങ്ങൾ, എല്ലാം കമ്മ്യൂണൽ ഇഷ്യൂസ് ചൂണ്ടിക്കാട്ടി: നിഷാദ് കോയ

ഹാലിൽ നിർദേശിച്ചത് പത്തിന് മുകളിൽ മാറ്റങ്ങൾ, എല്ലാം കമ്മ്യൂണൽ ഇഷ്യൂസ് ചൂണ്ടിക്കാട്ടി: നിഷാദ് കോയ
Published on

ഷെയിൻ നിഗം നായകനാകുന്ന ഹാൽ എന്ന സിനിമയിലെ പത്തിലധികം രംഗങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ്. സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്ന ഒരു രംഗവും, നായിക പർദ ധരിക്കുന്ന രംഗവും, അതുകൂടാതെ ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ ഡയലോഗുകളും ഒഴിവാക്കണം എന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി സിനിമയുടെ തിരക്കഥാകൃത്ത് നിഷാദ് കോയ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഇതിനെ തുടർന്ന് തങ്ങൾ ഹൈക്കോടതിയെ സമീപിച്ചതായും കോടതി കേസെടുത്തതായും അദ്ദേഹം അറിയിച്ചു.

'സിനിമയ്ക്ക് 10 ന് മുകളിൽ കട്ടുകളാണ് വന്നിരിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ആദ്യം സെൻസറിങ്ങിന് അയച്ചത്. അവിടെ നിന്നും മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയയ്ക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. A certificate with modification എന്നതാണ് റിവൈസിംഗ് കമ്മിറ്റിയുടെ നിർദേശം. ന്യൂഡിറ്റിയോ വയലൻസോ ഇല്ലാത്ത സിനിമയ്ക്ക് എന്തുകൊണ്ട് എ സർട്ടിഫിക്കറ്റ് നൽകുന്നു എന്ന് ചോദിച്ചപ്പോൾ കമ്മ്യൂണൽ ഇഷ്യൂസ് ഉണ്ട് എന്നായിരുന്നു മറുപടി. അതിനെ തുടർന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. കോടതി കേസെടുത്തിട്ടുണ്ട്. അടുത്ത ദിവസം ഹിയറിങ്ങിനായി കോടതി വിളിപ്പിച്ചിട്ടുണ്ട്,' നിഷാദ് കോയ പറഞ്ഞു.

'സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്ന ഒരു രംഗമുണ്ട്. അത് ഒഴിവാക്കണം എന്നും ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം എന്നുമാണ് സെൻസർ ബോർഡ് നിർദേശിച്ചത്. കേരളത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു ഭക്ഷണം ഒരു മലയാളം സിനിമയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. സിനിമയിലെ ഒരു രംഗത്തില്‍ അന്യമതത്തിലുള്ള നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികൾ ഒപ്പനയും മുസ്ലിം കുട്ടികൾ തിരുവാതിരകളിയും മാർഗ്ഗംകളിയും ഒക്കെ കളിക്കുന്ന നാടാണല്ലോ നമ്മുടേത്. അങ്ങനെയുള്ള അവസ്ഥയിൽ ഇത്തരം നിർദേശങ്ങൾ തീർത്തും ബാലിശമായാണ് തോന്നുന്നത്,'

'സിനിമയിൽ ഒരു ബിഷപ് കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അത് ചെയ്യുന്നതിന് ബിഷപ്പിന്റെ അനുമതിപത്രം ഉണ്ടോ എന്നും സെൻസർ ബോർഡ് ചോദിച്ചിട്ടുണ്ട്. നാളെ ഭരത് ചന്ദ്രൻ ഐപിഎസ് പോലൊരു സിനിമ ചെയ്യുന്നതിന് കമ്മീഷ്ണറുടെ അനുമതി വാങ്ങേണ്ട അവസ്ഥ വരുമല്ലോ? ഇത്തരം ബുദ്ധിശൂന്യമായ നിർദേശങ്ങൾ വന്നത് കൊണ്ടാണ് കോടതിയെ സമീപിച്ചത്,' നിഷാദ് കോയ പറഞ്ഞു.

'മലയാളം സിനിമയിൽ ഇത്തരം കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നില്ല. പഞ്ചവടിപ്പാലവും സന്ദേശവു പോലുള്ള സറ്റയറുകൾ വന്നിട്ടുള്ള ഇന്ഡസ്ട്രിയാണ് ഇത്. മാത്രമല്ല പല ആക്ഷൻ സിനിമകളിലും അതാത് കാലഘട്ടത്തിലെ രാഷ്ട്രീയ പാർട്ടികളെ പ്രതീകാത്മകമായി കാണിച്ചിട്ടുണ്ട്. അത് കണ്ടു കയ്യടിച്ച പ്രേക്ഷകർക്ക് മുന്നിൽനാണ് നമ്മൾ സിനിമ അവതരിപ്പിക്കുന്നത്. അപ്പോൾ ആ സിനിമയ്‌ക്കെതിരെ ഇത്തരം നിർദേശം വന്നത് ബാലിശമായി തന്നെ തോന്നുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in