തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും അറിയപ്പെട്ടിരുന്ന സരോജ ദേവി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 200 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1960 കളിൽ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ അഭിനേത്രിയാണ് സരോജ ദേവി. 1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ. എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് എംജിആർ, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍ടി രാമറാവു, രാജ്കുമാര്‍ എന്നിവരുടെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു. അക്കാലത്തെ ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും. ഇരുവരും 26 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.