
2024 തന്നെ സംബന്ധിച്ചെടുത്തോളം വളരെ മോശം വർഷമായിരുന്നുവെന്നും നാല് തവണയാണ് തനിക്ക് സൈനസ് രോഗത്തെ തുടർന്ന് അണുബാധയുണ്ടായത് എന്നും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ചൈതന്യ പ്രകാശ്. പ്രീ-ഓറിക്കുലർ സൈനസ് എന്ന രോഗാവസ്ഥയിലൂടെയായിരുന്നു താൻ കടന്നു പോയിക്കൊണ്ടിരുന്നതെന്നും 2024 ഡിസംബറിൽ ചെയ്ത സർജറിക്ക് ശേഷമാണ് എല്ലാം ഭേദമായതെന്നും ചൈതന്യ പ്രകാശ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ചൈതന്യ പ്രകാശിന്റെ വാക്കുകൾ
സൈനസ് ഒരു വലിയ രോഗമൊന്നുമല്ല. തുടക്കത്തിലേ കണ്ടുപിടിച്ച് വേണ്ട ചികിത്സ ചെയ്തിരുന്നെങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് അത് പോകില്ലായിരുന്നു. 2021ലായിരുന്നു എനിക്ക് ഇത് ആദ്യമായി ഇൻഫെക്ടഡാകുന്നത്. ജനിച്ചപ്പോൾ തന്നെ ചെവിയുടെ മുകളിലായി ഒരു ചെറിയ മറുകുണ്ടായിരുന്നു. അതാണ് പിന്നീട് ഇൻഫെക്ടഡായത്. ആദ്യം അത് പിംപിളാണെന്നാണ് കരുതിയത്. പിന്നീട് വേദന കൂടിയപ്പോൾ ഡോക്ടറെ കാണുകയും പ്രീ-ഓറിക്കുലർ സൈനസാണ് എന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് വേണ്ട മെഡിക്കേഷന്‍ ചെയ്ത് എല്ലാം ശരിയാക്കി. പക്ഷെ, അപ്പോൾ തന്നെ ഡോക്ടർ പറഞ്ഞിരുന്നു, ഇത് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. പൂർണമായും ഭേദമാകണമെങ്കിൽ സർജറി ചെയ്യണമെന്ന്. പക്ഷെ, അത് വരില്ല എന്ന് കരുതി സർജറി ചെയ്യാതെ മുന്നോട്ട് പോയി.
പക്ഷെ, മോശം സമയം എന്നൊരു കാലഘട്ടം എല്ലാവർക്കും ഉണ്ടാകുമല്ലോ. 2024 എന്നെ സംബന്ധിച്ചെടുത്തോളം അത്തരത്തിലായിരുന്നു. കാരണം അത്രമാത്രം ബുദ്ധിമുട്ടുകൾ എനിക്ക് നേരിടേണ്ടി വന്നു. നാല് തവണയാണ് എനിക്ക് വീണ്ടും ഇൻഫെക്ഷൻ വന്നത്. ഇൻഫെക്ഷൻ പൂർണമായും മാറാതെ സർജറി ചെയ്യാനും സാധിക്കില്ലായിരുന്നു. അത്രമാത്രം വേദനകൾ സഹിച്ചു. ആന്റി ബയോട്ടിക്സ് കഴിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു. പിന്നെ, 2024 ഡിസംബറിൽ പെട്ടന്ന് ഒരു സർജറിക്ക് വിധേയയായി. അങ്ങനെ സൈനസിന്റെ പ്രശ്നം അവസാനിപ്പിച്ചു. 2025 തുടങ്ങിയത് തന്നെ സർജറിയിലൂടെയാണ് എന്ന് പറയാം. ചൈതന്യ പ്രകാശ് പറഞ്ഞു.