
മനുഷ്യരാശിയുടെ ചരിത്രത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി വളര്‍ന്നുവന്നിട്ടുള്ള ഒന്നാണ് ലഹരി വസ്തുക്കളുടെ ഉപയോഗം. കാലഘട്ടത്തിനനുസരിച്ചുള്ള സാംസ്‌കാരിക ചുറ്റുപാടുകളില്‍ അതിന്റെ രീതികളും ശൈലികളും വ്യത്യസ്തമായിരുന്നു. പുരാതന കാലത്ത് ചികിത്സാ ആവശ്യങ്ങള്‍ക്കും വിനോദ ഉപാധിയായും മതപരമായ കാര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു മദ്യവും, കറുപ്പ് (opium), കഞ്ചാവ് (cannabis) എന്നിവയും ഉപയോഗിച്ചിരുന്നെങ്കില്‍, ഇന്ന് സിന്തറ്റിക് ഡ്രഗ്ഗുകളും പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളും ഉള്‍പ്പെടെയുള്ള സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ വിപുലമായ ഒരു ലോകത്തെയാണ് നാം അഭിമുഖീകരിക്കുന്നത്.
ഓരോ തലമുറയിലും ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രായം, താല്‍പര്യങ്ങള്‍, മുന്‍ഗണന, ഡ്രഗ് പ്രിഫറന്‍സ്, സാമൂഹിക മനോഭാവങ്ങള്‍ എന്നിവ വ്യത്യസ്തമായിരിക്കും. ഇതില്‍ പ്രകടമായ മാറ്റങ്ങളും കാണാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ പ്രധാനമായും പുകയില, മദ്യം തുടങ്ങിയ പരമ്പരാഗത വസ്തുക്കളാണ് കൂടുതലായും ഉപയോഗിക്കപ്പെട്ടിരുന്നത്, എന്നാല്‍ ഇന്ന്
നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ (Illicit drug) ഉപയോഗം വര്‍ദ്ധിച്ചതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സിന്തറ്റിക് ഒപിയോയിഡ് ഉപയോക്താക്കളില്‍ 68% പേര്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ അനുഭവിക്കുന്നുവെന്നാണ് 2022ല്‍ JAMA Psychiatry എന്ന ജേണലില്‍ പബ്ലിഷ് ചെയ്യപ്പെട്ട Association Between Synthetic Opioid Use and Depression Among U.S. Adults എന്ന പഠനം സൂചിപ്പിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികള്‍, അടിസ്ഥാന മാനസിക സാമൂഹിക ഘടകങ്ങള്‍, വിശാലമായ ചരിത്ര പശ്ചാത്തലം എന്നിവ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ലഹരി ഉപയോഗം: ചരിത്രപരമായ വീക്ഷണം
മനുഷ്യന്റെ ലഹരി ഉപയോഗത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മനുഷ്യ സമൂഹവും ലഹരിയുടെ രാഷ്ട്രീയവും തമ്മിലുള്ള ചലനാത്മകമായ ബന്ധം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പുരാതന സംസ്‌കാരങ്ങളില്‍ കഞ്ചാവ്, കറുപ്പ്, മദ്യം തുടങ്ങിയ വസ്തുക്കള്‍ ആചാരങ്ങളിലും വൈദ്യത്തിലും ധാരാളമായി ഉപയോഗിച്ചിരുന്നു. മെസപ്പൊട്ടേമിയയിലും ഈജിപ്തിലും കറുപ്പ് വ്യാപകമായിരുന്നതായും കൊക്കോ ഇലകള്‍ പരമ്പരാഗതമായി തദ്ദേശീയ ദക്ഷിണ അമേരിക്കന്‍ സമൂഹങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നതായും രേഖകള്‍ ലഭ്യമാണ്.
വ്യാവസായിക വിപ്ലവവും ആധുനികവല്‍ക്കരണവും:
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മോര്‍ഫിന്‍, ഹെറോയിന്‍, കൊക്കെയ്ന്‍ തുടങ്ങിയ വസ്തുക്കളുടെ വാണിജ്യ ഉല്‍പാദനവും വ്യാപകമായ ലഭ്യതയുമുണ്ടായിരുന്നു. ചികിത്സാ ആവശ്യാര്‍ത്ഥമുള്ള ഉപയോഗം ആസക്തിയിലേക്ക് വഴിതിരിയുന്നത് ഈ കാലത്ത് ശ്രദ്ധേയമായി അടയാളപ്പെടുത്താം.
യുദ്ധാനന്തര കാലവും കൗണ്ടര്‍ കള്‍ച്ചറല്‍ മൂവ്‌മെന്റുകളും:
1960കളിലും 1970കളിലും വിനോദത്തിന് വേണ്ടി (പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍) മയക്കുമരുന്നുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചു. പാശ്ചാത്യ സമൂഹങ്ങളിലെ കൗണ്ടര്‍ കള്‍ച്ചറല്‍ പ്രസ്ഥാനങ്ങള്‍ ഹാലൂസിനോജനുകളും ആംഫറ്റാമൈന്‍ തുടങ്ങിയ ലഹരി വസ്തുക്കളുംപ്രചരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെയും സിന്തറ്റിക് ഡ്രഗ്‌സിന്റെയും വളര്‍ച്ച:
20-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍, പ്രിസ്‌ക്രിപ്ഷന്‍ ഒപിയോയിഡുകള്‍, ബെന്‍സോഡയസെപ്പൈന്‍ തുടങ്ങിയവയുടെയും മെത്ത് ആംഫറ്റാമൈന്‍, ഫെന്റനൈല്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളുടെയും ദുരുപയോഗം കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ യുഗം ശക്തി പ്രാപിച്ചതോടെ സൈക്കോ ആക്ടീവ് സബ്സ്റ്റന്‍സുകളുടെ ലഭ്യതയും കൈമാറ്റവും ഡിമാന്റും കൂടിയതായും കാണാം.
MDMA യുടെ കാലത്ത്! മനസ്സിലാക്കാം സിന്തറ്റിക് ഡ്രഗ്ഗുകളെ
ഇന്ന് ഒരു കാലത്തെ തന്നെ അടയാളപ്പെടുത്തുന്നത് ചില ലഹരികളുടെ പേരുകളാണ്. Ecstasy അല്ലെങ്കില്‍ molly എന്ന് അറിയപ്പെടുന്ന MDM (Methylenedioxy methamphetamine) സാധാരണക്കാര്‍ക്കും പേരുകൊണ്ടെങ്കിലും സുപരിചിതമാണ്. 1912ല്‍ ആദ്യമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട്, പിന്നീട് 1970കളില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീണ്ടും ഉത്പാദിപ്പിക്കപ്പെട്ട ഇതിന്റെ കടന്നുവരവ് സിന്തറ്റിക് ഡ്രഗ് സംസ്‌കാരത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. 1980കളിലും 1990കളിലുംക്ലബുകളില്‍ വ്യാപകമായി പ്രചാരം നേടിയ MDMA, സന്തോഷം, വൈകാരിക ബന്ധം, ഉയര്‍ന്ന ഇന്ദ്രിയാനുഭൂതി എന്നിവ ഉണര്‍ത്താനുള്ള കഴിവിനാല്‍ പെട്ടെന്ന് ഒരു റിക്രിയേഷണല്‍ എസ്‌കേപ്പിന്റെ പ്രതീകമായി മാറി.
സിന്തറ്റിക് മയക്കുമരുന്നുകള്‍ (Synthetic drugs) എന്നത് ലബോറട്ടറികളില്‍ കൃത്രിമമായി നിര്‍മ്മിച്ച രാസപദാര്‍ത്ഥങ്ങളാണ്. ഇവ പ്രകൃതിയില്‍ കാണപ്പെടുന്ന മയക്കുമരുന്നുകളുടെ (ഉദാ: കഞ്ചാവ്, കൊക്കെയിന്‍, ഹെറോയിന്‍) ഫലങ്ങള്‍ അനുകരിക്കുന്നു. MDMAക്ക് പുറമെ സ്‌പൈസ്, ഫെന്റനൈല്‍, ബാത്ത് സാള്‍ട്ട്‌സ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. പരമ്പരാഗത ഡ്രഗ്‌സുകളേക്കാള്‍ ശക്തവും അപ്രതീക്ഷിതവുമായ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. നിയമത്തിന്റെ കണ്ണില്‍ പെടാതിരിക്കാനായി ഇവ പലപ്പോഴും 'ലീഗല്‍ ഹൈസ്' അല്ലെങ്കില്‍ 'ഹെര്‍ബല്‍ ഇന്‍സെന്‍സ്' എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പേരുകളില്‍ വില്‍ക്കപ്പെടുന്നു. തലച്ചോറിലെ രാസപ്രക്രിയകളെ തടസ്സപ്പെടുത്തി ഈ മരുന്നുകള്‍ ഉപയോക്താവിനെ ഡിപ്പന്റന്‍സിലാക്കുകയോ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു.
എന്തുകൊണ്ട് സിന്തറ്റിക് മയക്കുമരുന്നുകള്‍ അപകടകാരികളാകുന്നു?
സിന്തറ്റിക് മയക്കുമരുന്നുകള്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനും അപകടകാരികളായി മാറുന്നതിനും പല കാരണങ്ങളുണ്ട്. ലബോറട്ടറിയില്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന ഈ മരുന്നുകള്‍ പലപ്പോഴും അജ്ഞാത രാസഘടകങ്ങള്‍ കലര്‍ന്നതാണ്. പരമ്പരാഗത മയക്കുമരുന്നുകളേക്കാള്‍ ഇവയുടെ ഫലം നൂറുമടങ്ങ് ശക്തമായിരിക്കും (ഉദാ: ഫെന്റനൈല്‍). മാത്രമല്ല, നിയമത്തിന്റെ നിയന്ത്രണങ്ങളെ മറികടക്കാനായി ഇവയുടെ ഘടനയില്‍ തുടര്‍ച്ചയായ മാറ്റവും വരുത്തുന്നുണ്ട്. ആയതിനാല്‍ ഇവയുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ഒരേ ബാച്ചില്‍ ഉണ്ടാക്കിയ മരുന്നിലെ വ്യത്യസ്ത ഡോസുകള്‍ വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കാം. ഇവ ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്ന് ഓവര്‍ഡോസ്, ഹൃദയാഘാതം, മാനസിക ബുദ്ധിമുട്ടുകള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ഏറ്റവും ഭയാനകമായ വസ്തുത എന്തെന്നാല്‍, ഇവയുടെ ആസക്തി വളരെ വേഗത്തില്‍ വികസിക്കുകയും ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
ആസക്തി: ഒരു സമഗ്ര വിശകലനം
സിന്തറ്റിക് മയക്കുമരുന്നുകളുടെ ആസക്തി ഒരു സങ്കീര്‍ണ്ണവും വിനാശകരവുമായ ബയോ- സൈക്കോ സോഷ്യല്‍ പ്രക്രിയയാണ്. ഇത് തലച്ചോറിന്റെ രാസഘടന മുതല്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ വരെ ബാധിക്കുന്നു. ന്യൂറോകെമിക്കല്‍ പ്രക്രിയയില്‍ സിന്തറ്റിക് മരുന്നുകള്‍ (ഫെന്റനൈല്‍, മെത്താംഫെറ്റമൈന്‍, സിന്തറ്റിക് കാനബിനോയിഡുകള്‍ തുടങ്ങിയവ) തലച്ചോറിന്റെ ഡോപാമിന്‍, സെറോടോണിന്‍, നോര്‍എപിനെഫ്രിന്‍ എന്നീ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ സ്വാഭാവിക പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഫെന്റനൈല്‍ മ്യൂ-ഒപിയോയിഡ് റിസപ്റ്ററുകളെ 100 മടങ്ങ് ശക്തിയോടെ സജീവമാക്കി, സാധാരണയായുള്ള വേദനശമന സംവിധാനത്തെ തകര്‍ക്കുന്നു. മെത്ത് ആംഫറ്റമൈന്‍ ആകട്ടെ ഡോപാമിന്‍ ഉദ്പാദനം 10 മടങ്ങ് വര്‍ദ്ധിപ്പിച്ച് മനുഷ്യന്റെ സന്തോഷം, തൃപ്തി, പ്രചോദനം തുടങ്ങിയ അനുഭവങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹമായ റിവാര്‍ഡ് പാത്ത് വേയെ സ്ഥിരമായി മാറ്റുന്നു. ഇത്തരം വസ്തുക്കള്‍ തലച്ചോറിന്റെ പുതിയ നാഡീബന്ധങ്ങള്‍ സൃഷ്ടിക്കാനും പഴയതിനെ പുതുക്കാനുമുള്ള കഴിവിനെ നഷ്ടപ്പെടുത്തി, ന്യൂറോണുകള്‍ കേന്ദ്രീകരിച്ച ഭാഗങ്ങളുടെ സാന്ദ്രത കുറയ്ക്കുകയും തലച്ചോറിന്റെ മുന്‍ഭാഗം അഥവാ ഫ്രണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും അത് വഴി വൈകാരിക നിയന്ത്രണം മുതല്‍ ശരീരഭാഗങ്ങളുടെ ചലനത്തിന്റെ നിയന്ത്രണം, ചിന്ത - യുക്തി- തീരുമാനമെടുക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു.
മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ് ഇവ. ഇത് ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും ജീവിതത്തിന്റെ സ്വാഭാവിക നിയന്ത്രണവും സന്തുലിതാവസ്ഥയും നഷ്ടപ്പെടുകയും അത് വ്യക്തി ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കും. ജോലി നഷ്ടപ്പെടുകയോ പഠനത്തില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുകയോ പുറത്താക്കപ്പെടുകയോ നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നു. സിന്തറ്റിക് മരുന്നുകളുടെ അസ്ഥിരമായ ഘടന (ഉദാ: സ്‌പൈസ്-ല്‍ JWH-018 എന്ന കന്നബിനോയിഡ്) മാനസികാരോഗ്യത്തെ കൂടുതല്‍ തകര്‍ക്കുന്നു. 2022ലെ ഒരു പഠനം കാണിക്കുന്നത്, സിന്തറ്റിക് ഒപിയോയിഡ് ഉപയോക്താക്കളില്‍ 68% പേര്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ അനുഭവിക്കുന്നുവെന്നാണ്. ചിന്ത, ഓര്‍മ, ശ്രദ്ധ, തുടങ്ങിയ ഉന്നത മാനസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍, ആക്രമണ സ്വഭാവം, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവ സാധാരണമാണ്.മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യാ പ്രവണത അഞ്ചിരട്ടി കൂടുതലുമാണ്. കൂടാതെ ദീര്‍ഘകാല പരിണതഫലങ്ങള്‍ വളരെ ഭീകരവുമാണ്. 2023ലെ WHO റിപ്പോര്‍ട്ട് എടുത്തുപറയുന്നത്, സിന്തറ്റിക് മരുന്നുകള്‍ മൂലമുള്ള മരണങ്ങള്‍ 2015 മുതല്‍ 76% വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്.
വേണം പരിഹാരങ്ങള്‍
സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രചാരം ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.ഈ പ്രതിസന്ധിയെ നേരിടാന്‍ സമഗ്രമായ പരിഹാര സമീപനങ്ങള്‍ ആവശ്യമാണ്. ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂള്‍-അടിസ്ഥാനമായ ഡ്രഗ് എഡ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍, യുവാക്കളെ ലക്ഷ്യമിടുന്നബോധവല്‍ക്കരണം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി early warning signs തിരിച്ചറിയാനുള്ള പരിശീലനം എന്നിവ സഹായിക്കും. സിന്തറ്റിക് മരുന്നുകളുടെ രാസഘടന പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന സംവിധാനങ്ങള്‍ (dynamic drug scheduling) ഏര്‍പ്പെടുത്തുന്നതും ഓണ്‍ലൈന്‍ ഡ്രഗ് ട്രാഫിക്കിംഗ് നിയന്ത്രിക്കാന്‍ സൈബര്‍ സെക്യൂരിറ്റി ബലപ്പെടുത്തുന്നതും നിയന്ത്രണം എന്ന മേഖലയില്‍ നടത്താനാകുന്ന ഇടപെടലുകളാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചികിത്സാ മേഖലയില്‍മെഡിക്കേഷന്‍-അസിസ്റ്റഡ് തെറാപ്പി (MAT), സൈക്കോളജിക്കല്‍ സപ്പോര്‍ട്ട്, കമ്യൂണിറ്റി അധിഷ്ഠിത പുനരധിവാസ പ്രോഗ്രാമുകള്‍ (പിയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, വൊക്കേഷണല്‍ ട്രെയിനിംഗ്, ഫാമിലി ഇന്റഗ്രേഷന്‍) എന്നിവ സംയോജിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വിവിധ മേഖലകളുടെ സംയോജനത്തിലൂടെ (intersectoral collaboration) മാത്രമേ ഈ ആഗോള പ്രതിസന്ധിയെ ഫലപ്രദമായി നിയന്ത്രിക്കാനാകൂ.
ഇതിനെല്ലാം പുറമെ പ്രാഥമികമായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ ഏത് തന്നെയായാലും അമിതമായ ഉപയോഗം, ആസക്തി എന്നത് ചികിത്സിക്കപ്പെടേണ്ട അസുഖമാണ് എന്ന അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.