തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. നടന്റെ മകനാണ് മരണവിവരം സ്ഥിരീകരിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധികർത്താവുമായിരുന്നു.
തമിഴില്‍ രജനികാന്ത്, കമല്‍ഹാസന്‍, അജിത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കെ ബാലചന്ദർ സംവിധാനം ചെയ്ത 'വാനമേ എല്ലൈ' (1992) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തേവർ മകൻ (1992), സതി ലീലാവതി (1995), ചന്ദ്രമുഖി (2005), എതിർ നീച്ചൽ (2013) എന്നിവയാണ് മറ്റ് പ്രധാന തമിഴ് സിനിമകൾ.
മലയാളത്തിൽ സെല്ലുലോയിഡ് ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. യമൻ കട്ടലൈ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സംഗീത മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കീ ബോര്‍ഡ് വായനയിലായിരുന്നു താല്‍പര്യം. സുശീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.