
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപനത്തിൽ ഏറെ പുരസ്‌കാരങ്ങൾ നേടുമെന്ന് പ്രതീക്ഷിച്ച ചിതമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. എന്നാൽ ഒരു വിഭാഗത്തിലും സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിച്ചില്ല എന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയ്ക്ക് ഇടവെച്ചിരിക്കുകയാണ്. ഈ വേളയിൽ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാതിരുന്നതിൽ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസി.
താൻ അഭിപ്രായം പറയേണ്ട വിഷയമല്ല ഇതെന്നും പ്രേക്ഷകരാണ് ഇതേക്കുറിച്ച് സംസാരിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. 'ചർച്ചകൾ നടക്കട്ടെ. ഇത് എന്റെ മാത്രം വിഷയമല്ല, സമൂഹം ചർച്ച ചെയ്യേണ്ട കാര്യമാണ്. ഞാൻ അല്ല ഓരോ പ്രേക്ഷകരുമാണ് ഇതേക്കുറിച്ച് സംസാരിക്കേണ്ടത്,' ബ്ലെസി പറഞ്ഞു.
അതേസമയം ആടുജീവിതം ഒരു വിഭാഗത്തിലും പരിഗണിക്കപ്പെടാതിരുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല.
പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. 'ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങനെയാണ്?,' എന്നാണ് വി.ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.