പൊലീസ് കുറ്റാന്വേഷണ സിനിമകൾക്ക് മറ്റൊരു മുഖം തന്ന സിനിമകളായിരുന്നു ഷാഹി കബീർ എന്ന എഴുത്തുകാരന്റെ തൂലികയിൽ നിന്നും പിറന്നിട്ടുള്ളത്. ജോസഫ് മുതൽ റോന്ത് വരെ എടുത്ത് നോക്കിയാൽ വ്യത്യസ്ത രീതിയിലുള്ള പൊലീസുകാരെ ഷാഹി കബീർ നമുക്ക് മുന്നിലേക്ക് വച്ച് നീട്ടിയിട്ടുണ്ട്. എന്നാൽ, ഇനിയൊരു കുറ്റാന്വേഷണ സിനിമ ചെയ്യാൻ താൽപര്യമില്ലെന്നും ഇമോഷണൽ കോമഡി ഴോണറിലുള്ള സിനിമയാണ് ഇനി ചെയ്യാൻ താൽപര്യപ്പെടുന്നതെന്നും ഷാഹി കബീർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷാഹി കബീറിന്‍റെ വാക്കുകള്‍
നേരത്തെ മറ്റേതെങ്കിലും ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്തിട്ടുള്ള ഒരാൾ സംവിധാനത്തിലേക്ക് വരുമ്പോൾ, ആ ഡിപ്പാർട്ട്മെന്റായിരിക്കും ആ സംവിധായകന്റെ സ്ട്രോങ് പോയിന്റ്. അതുകൊണ്ടുതന്നെ, എന്റെ സ്ട്രോങ് പോയിന്റ് റൈറ്റിങ് തന്നെയാണ്. ആ കഥ, അതിലെ ഡയലോഗുകൾ, സന്ദർഭങ്ങൾ, അതിൽ ഞാൻ കൂടുതൽ പണിയെടുക്കും. ഇനിയൊരു കുറ്റാന്വേഷണ സിനിമയോട് എനിക്ക് താൽപര്യമില്ല. കുറ്റാന്വേഷണം നമുക്ക് തന്നെ സ്വയം ബോർ അടിക്കാൻ തുടങ്ങി. അതിൽ നിന്നും മാറി കുറച്ച് ഇമോഷണലായ, തമാശയൊക്കെയുള്ള സിനിമകൾ മനസിലുണ്ട്.
പൊലീസ് ജോലിയിൽ നിൽക്കുമ്പോൾ തന്നെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അസിസ്റ്റന്റ് ആവുന്നത്. ലീവെടുത്ത്, സിനിമയിൽ ജോലി ചെയ്ത്, വീണ്ടും തിരിച്ച് കയറുകയായിരുന്നു. പിന്നീട് ജോസഫ് എഴുതുന്നു. അപ്പോഴേക്കും നായാട്ട് ഓക്കെ ആകുന്നു. അതുകൊണ്ട് ജോസഫ് സിനിമയുടെ സമയത്ത് മാത്രമാണ് ഡ്യൂട്ടിയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകേണ്ടി വന്നത്. അതിന് ശേഷം അഞ്ച് വർഷത്തെ ലീവിന് പോയി.
ഞാൻ ഒരിക്കലും വലിയ എക്സ്പീരിയൻസ്ഡായിട്ടുള്ള ഒരു പൊലീസുകാരനല്ല. ലോക്കൽ സ്റ്റേഷനിലൊക്കെ വളരെ കുറച്ച് കാലം മാത്രമാണ് ഞാൻ ജോലി ചെയ്തിട്ടുള്ളത്. ബാക്കിയുള്ള സമയം ക്യാമ്പിലായിരുന്നു. പൊതുസമൂഹവുമായി അധികം ബന്ധപ്പെട്ടിട്ടില്ല. ലോക്കൽ സ്റ്റേഷനിൽ നിന്ന രണ്ട് വർഷ കാലയളവിൽ ലീവുകളും നിരവധിയാണ്. പിന്നെ അഞ്ച് വർഷം ലീവിൽ പ്രവേശിക്കുന്നു. അതിന് ശേഷം അവിടേക്ക് പോയില്ല, വിളിപ്പിക്കുകയാണ് ഉണ്ടായത്. ഒന്നില്ലെങ്കിൽ ജോയിൻ ചെയ്യണം, അല്ലെങ്കിൽ റിസൈൻ ചെയ്യണം എന്നൊരു സ്റ്റേജിൽ എത്തി. അങ്ങനെ റിസൈൻ ചെയ്തു. ചെയ്ത് കഴിഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ, എന്തോ ഒരു സങ്കടം തോന്നിയിരുന്നു. ഷാഹി കബീർ പറയുന്നു.