Film News

ടർബോ ജോസിനെയും കടത്തി വെട്ടി അല്ലുവിന്റെ പുഷ്പ രാജ്; ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം പുഷ്പ 2 നേടിയത്

മമ്മൂട്ടി ചിത്രം ടർബോയുടെ റെക്കോർ‌ഡ് തകർത്ത് അല്ലു അർജുന്റെ പുഷ്പ 2. 6.35 കോടിയാണ് ആദ്യ ദിനം തന്നെ പുഷ്പ 2 കേരളത്തിൽ നിന്നും നേടിയത്. ഇതോടെ കേരളത്തിൽ ഈ വർഷം ആദ്യദിനം ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 6.15 കോടി രൂപയായിരുന്നു ടർബോയുടെ ആദ്യ ദിന കളക്ഷൻ. മുമ്പ് വിജയ് ചിത്രമായ ഗോട്ടിനും സൂര്യ ചിത്രം കങ്കുവയ്ക്കും ടർബോയുടെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിരുന്നില്ല. 5.80 കോടിയായിരുന്നു വിജയ്‌യുടെ ഗോട്ട് ആദ്യദിനം കേരളത്തിൽ നിന്നും നേടിയത്. അതേ സമയം ഇന്ത്യയിലെയും ഏക്കാലത്തെയും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായും പുഷ്പ മാറി. ട്രാക്കിങ് സൈറ്റായ സാക്നിൽകോമിന്റെ റിപ്പോർട്ട് പ്രകാരം 175 കോടിയോളം രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം നേടിയത്.

കേരള ബോക്സ് ഓഫീസിലെ ഏറ്റവും വലിയ 10 ഓപ്പണിം​ഗ് ഡേ കളക്ഷൻ ലിസ്റ്റ് എടുത്താൽ അതിൽ ഉൾപ്പെടുന്ന ഏക തെലുങ്ക് താരവും അല്ലു അർജുൻ ആണ്. വിജയ് ചിത്രം ലിയോ ആണ് കേരള ബോക്സ് ഓഫീസിൽ ഏറ്റവും വലിയ ഓപ്പണിം​ഗ് നേടിയ ചിത്രം. 12 കോടിയാണ് ലിയോ ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും നേടിയത്. ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്ക്രീനുകളിലാണ് എത്തിയത്. തെലുങ്കിലെ മറ്റൊരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ് കളക്ഷനാണ് അല്ലു അർജുന് പുഷ്പയിലൂടെ ലഭിക്കുന്നത്. ഹിന്ദിയിലും പുഷ്പ 2 ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഷാരൂഖ് ഖാന്റെ ചിത്രം ജവാന്റെ റെക്കോർഡും മറി കടന്ന് 72 കോടി രൂപയാണ് ആദ്യ ദിനം പുഷ്പ 2 ഹിന്ദിയിൽ നേടിയത്. 65 കോടിയായിരുന്നു ജവാന്റെ കലക്‌ഷൻ.

അതേസമയം പുഷ്പ 2വിന്റെ ആഗോള കലക്‌ഷൻ 270 കോടി പിന്നിട്ടേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ 95.1 കോടി രൂപയാണ് ആദ്യ ദിനത്തിൽ കളക്ട് ചെയ്തിരിക്കുന്നത്. ഹിന്ദി വേർഷൻ 67 കോടിയും തമിഴ് 7 കോടിയും കന്നഡ വേർഷൻ 1 കോടിയും ആദ്യ ദിനത്തിൽ നേടി. അഡ്വാൻസ് പ്രീ ബുക്കിങ്ങിൽ 3 മില്യണിൽ അധികം ടിക്കറ്റുകൾ വിറ്റുകൊണ്ട് ചിത്രം നേരത്തെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. പ്രഭാസിൻ്റെ കൽക്കി 2898 എഡിക്ക് ശേഷം ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗ് ഗ്രോസിൽ 100 ​​കോടി കവിയുന്ന 2024 ലെ രണ്ടാമത്തെ ചിത്രമായി പുഷ്പ 2 മാറിയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററിൽ നിന്ന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ പ്രതികരണം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. സുകുമാറാണ് ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT