

‘നടന്ന സംഭവം’ സിനിമയുടെ പ്രമോഷനിൽ ബിജു മേനോൻ സഹകരിച്ചില്ലെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ. റിലീസിന് മുന്നേ തന്നെ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് ബിസിനസ് നടന്നിരുന്നു. ആ സമയത്ത് അതുമായി ബന്ധപ്പെട്ട കരാറിലെ എല്ലാ നിബന്ധനകളും ബിജു മേനോനെ അറിയിച്ചിരുന്നു. അപ്പോൾ എല്ലാ കാര്യങ്ങളിലും സഹകരിക്കാമെന്ന് പറഞ്ഞ നടൻ പിന്നീട് നിസ്സഹകരണ മനോഭാവത്തോടെയാണ് പെരുമാറിയതെന്ന് അനൂപ് കണ്ണൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാരണത്താൽ സിനിമയുടെ ബിസിനസുമായി ബന്ധപ്പെട്ട് വലിയ നഷ്ടം സംഭവിച്ചപ്പോഴാണ് താൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയതെന്ന് അനൂപ് കണ്ണൻ വ്യക്തമാക്കി. വിഷയത്തിൽ നടപടി ഉണ്ടാകാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് കണ്ണന്റെ വാക്കുകൾ:
സിനിമയുടെ പ്രമോഷനിൽ ബിജു ചേട്ടനിൽ നിന്ന് നിസ്സഹകരണം ഉണ്ടായി എന്നതാണ് എന്റെ പരാതി. താരങ്ങളെ, അവർ ആവശ്യപ്പെടുന്ന ശമ്പളം നൽകി ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുന്നത് എന്തിനാണ്? ആ താരത്തിനുള്ള സ്വീകാര്യത, സിനിമയുടെ ഇനിഷ്യൽ സ്റ്റേജിൽ തന്നെ ഗുണം ചെയ്യുന്നതിനുവേണ്ടിയാണ്.
ഇദ്ദേഹം ഈ സിനിമയുടെ പ്രമോഷനായി ആകെ വന്നത് മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ്. സമയം ഇല്ലായ്മ കൊണ്ടാണോ, അതോ മറ്റേതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് മൂലമാണോ ഇങ്ങനെ സംഭവിച്ചതെന്ന സംശയം ഉയരാം. എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ എല്ലാം താരങ്ങളുടെ സൗകര്യം മാനിച്ചാണ് കോർഡിനേറ്റ് ചെയ്യുന്നത്. അവർക്ക് പറ്റുന്ന തീയതികളിൽ മാത്രമാണ് അത് സെറ്റ് ചെയ്യാറുള്ളത്.
‘നടന്ന സംഭവം’യുടെ ഒടിടി, സാറ്റലൈറ്റ് ബിസിനസ് എന്നിവ സിനിമയുടെ റിലീസിന് മുൻപേ തന്നെ നടന്നിരുന്നു. ആ സമയത്ത് തന്നെ, സിനിമയുടെ റിലീസ് ടൈമിൽ ചാനലിലെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന് എഗ്രിമെന്റിൽ പറഞ്ഞിരുന്നു. അത് ഇദ്ദേഹത്തെ ധരിപ്പിച്ചതുമാണ്. അന്ന് ബിജു ചേട്ടൻ അത് സമ്മതിച്ചതുമാണ്.
പിന്നീട് രണ്ട് മാസത്തോളം അദ്ദേഹത്തെ കോർഡിനേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടും അദ്ദേഹം പിന്മാറിയതാണ് എന്റെ പരാതി. സിനിമയുടെ മീഡിയ പ്രമോഷനോട് അദ്ദേഹം സഹകരിച്ചില്ല എന്നത് മാത്രമല്ല പരാതി. മീഡിയ പ്രമോഷനായി അദ്ദേഹം മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ് സഹകരിച്ചത്. എന്നാൽ സൗഹൃദത്തിന്റെ പേരിൽ ആ സംഭവം ഞാൻ വിട്ടുകളഞ്ഞു. ഇത്തരത്തിൽ വലിയൊരു സംഖ്യ നഷ്ടമായപ്പോഴാണ് ഞാൻ പരാതി നൽകിയത്.
ഈ പരാതി വന്നതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അദ്ദേഹത്തെ ബന്ധപ്പെട്ടുവെങ്കിലും, അതിനോട് അദ്ദേഹം പ്രതികരിച്ചില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ആ പരാതി ഞാൻ കൃത്യമായി ഫോളോ അപ്പ് ചെയ്തുകൊണ്ടേയിരുന്നു. ഇന്നലെയും സംഘടന എന്നോട് ബന്ധപ്പെട്ടിരുന്നു. ഉടൻ പരിഹാരം കണ്ടെത്താമെന്നാണ് അവർ പറഞ്ഞത്. അത് സാധിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം.